Image

ബാബ്‌റി മസ്ജിദ് തകര്‍ത്തത് ആള്‍ക്കൂട്ടമെന്ന് കോടതി, അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെ കുറ്റവിമുക്തരാക്കി

Published on 30 September, 2020
ബാബ്‌റി മസ്ജിദ് തകര്‍ത്തത് ആള്‍ക്കൂട്ടമെന്ന് കോടതി, അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെ കുറ്റവിമുക്തരാക്കി

ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനക്കേസില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പെടെ 32 പ്രതികളെയും കോടതി വെറുതെവിട്ടു.


മസ്‌ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തിട്ടല്ലെന്നും ഗൂഢാലോചനയ്‌ക്കു തെളിവില്ലെന്നും സിബിഐ പ്രത്യേക കോടതി ജഡ്‌ജി എസ്‌കെ യാദവ് വിധിച്ചു. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മസ്ജിദ് തകര്‍ത്തത് സമൂഹ വിരുദ്ധരാണ്. ഇവരെ തടയാനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചതെന്നും കോടതി പറഞ്ഞു.


പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പള്ളി തകര്‍ത്തതിന്റെ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.

എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു പ്രതികള്‍. 


32ല്‍ 26 പേരും കോടതിയില്‍ ഹാജരായിരുന്നു. മുരളി മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍സിങ്, മഹന്ത് നിത് ഗോപാല്‍ ദാസ് തുടങ്ങി അഞ്ച് പേര്‍ അനാരോഗ്യം മൂലം എത്താന്‍ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മൊത്തം 48 പ്രതികളില്‍ 16 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു.


11മണിക്കാണ് വിധി പ്രസ്താവം ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും ഒഴികെ മറ്റാരെയും കോടതിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ രാമജന്മഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.


1992 ഡിസംബര്‍ 6ന് പള്ളി തകര്‍ത്ത് ഒരു വര്‍ഷത്തിനകം സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് 1997ല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെയാണ് സാങ്കേതിക പിഴവുകളുടെ പേരില്‍ കേസ് നിയമക്കുരുക്കിലാകുന്നത്. വിചാരണ വൈകിക്കാന്‍ യു.പി സര്‍ക്കാര്‍ ബോധപൂര്‍വം ഇടപെട്ടുവെന്ന ആരോപണവും ഉയര്‍ന്നിയിരുന്നു.


 ഒടുവില്‍ പരമോന്നത കോടതിയുടെ ഇടപെടലാണ് കാല്‍നൂറ്റാണ്ടിന് ശേഷമെങ്കിലും വിചാരണ തുടങ്ങുന്നതിലേക്ക് നയിച്ചത്. ബാബ്‌റി പള്ളിയുടെ മിനാരങ്ങള്‍ നിലംപൊത്തിയപ്പോള്‍ അതിനൊപ്പം മണ്ണിലമര്‍ന്നത് ഇന്ത്യയുടെ മഹത്തായ മതേതതര പാരമ്ബര്യം കൂടിയാണെന്ന് പറഞ്ഞവരില്‍ പരമോന്നത നീതിപീഠം വരെയുണ്ട്. പക്ഷെ, ആ മഹാപാതകത്തിന്റെ ഉത്തരവാദികളുടെ വിധി പറയാന്‍ മൂപ്പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു.

1992 ഡിസംബര്‍ ആറിനാണ് ഉത്തര്‍പ്രദേശിലെ സരയൂനദിക്കരയില്‍ അയോധ്യയില്‍ ബാബ്റി മസ്ജിദ് എന്ന മുസ്ലിം ദേവാലയം ഹിന്ദുത്വ തീവ്രവാദികളായ കര്‍സേവകര്‍ തകര്‍ത്തത്. അക്രമികളെ നയിച്ചത് എല്‍ കെ അദ്വാനി ഉള്‍പ്പെട്ട സംഘപരിവാര്‍ നേതാക്കള്‍ ആയിരുന്നു.


ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. 

 തുടര്‍ന്ന് രാജ്യത്താകമാനമുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 


1990 സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് എല്‍ കെ അദ്വാനി ആരംഭിച്ച രഥയാത്രയാണ് ഒടുക്കം മസ്ജിദിന്റെ തകര്‍ക്കലിലേക്ക് നയിച്ചത്. കര്‍സേവകര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്നും അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പോലീസിനെ വിലക്കിയെന്നാണ് ആരോപണം.

റായ്ബറേലി കോടതി പരിഗണിച്ചിരുന്ന ഗൂഢാലോചനക്കേസ്, മസ്ജിദ് കേസിനൊപ്പം ചേര്‍ത്ത് ലക്‌നൗ സിബിഐ കോടതിയിലേക്ക് മാറ്റിയതും 2017 ഏപ്രില്‍ 19ന് സുപ്രിംകോടതിയാണ്. ബാബരി മസ്ജിദ് പൊളിച്ചത് നിയമവാഴ്ചയുടെ കടുത്ത ലംഘനമാണെന്നാണ് കഴിഞ്ഞ വര്‍ഷം അയോധ്യ ഭൂമി തര്‍ക്കകേസില്‍ അന്തിമ വിധി പറയുന്നതിനിടയില്‍ സുപ്രിംകോടതി പറഞ്ഞത്. 


വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ പലതവണ സുപ്രിംകോടതിയോട് സമയം നീട്ടിവാങ്ങിയ സിബിഐ സ്‌പെഷല്‍ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിന്റെ വിധി പ്രസ്താവനത്തിനായി രാജ്യം കാതോര്‍ത്തിരിക്കുകയായിരുന്നു. 


ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, ദേശീയോദ്ഗ്രഥനത്തിന് എതിരായ പ്രസ്താവനകള്‍ നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സംഘപരിവാര്‍ നേതാക്കള്‍ക്ക്‌മേല്‍ ചുമത്തിയിരുന്നത്‌. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന് 2017ല്‍ സുപ്രീംകോടതി ഉത്തരവുണ്ട്. വര്‍ഷങ്ങളായി തുടരുന്ന കേസില്‍ 2 വര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രില്‍ 19ന് ഉത്തരവിട്ടിരുന്നു. 


പിന്നീട് ആദ്യം ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയും തുടര്‍ന്ന് സെപ്തംബര്‍ 30വരെയും തീയതി നീട്ടിക്കൊടുത്തു. 32 പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരായത് കെ കെ മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകന്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു.


ബാബ്റി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയമിച്ച എം എസ് ലിബര്‍ഹാന്‍ കമീഷന്‍ കണ്ടെത്തിയത് പള്ളി തകര്‍ക്കല്‍ യാദൃച്ഛികമോ മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്തതോ ആയ ഒരു സംഭവം അല്ലെന്നാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക