Image

എഴുതുന്നവൾ (കവിത: നിത്യ എസ്)

Published on 30 September, 2020
എഴുതുന്നവൾ (കവിത: നിത്യ എസ്)
നിനക്ക് വേണ്ടി എഴുതുന്നവളെ
ഒരിക്കലും നഷ്ടപ്പെടുത്തരുത്.
വരികൾ കൊണ്ടവൾ പ്രതികാരം
ചെയ്തു കൊണ്ടേയിരിക്കും.

അക്ഷരങ്ങളെ ആയുധങ്ങളാക്കി
യുദ്ധം ചെയ്തു കൊണ്ടേയിരിക്കും.
കവിതകളുടെ പൊള്ളലിൽ ഒടുവിൽ
നീ മരണപ്പെടേണ്ടി വരും

കറുത്ത കടല് പോലെ അവൾ നിന്നെ
വലിഞ്ഞുമുറുക്കും
മോചനം അസാധ്യമാം വിധം
നിന്നെ ഊരാക്കുടുക്കിലാക്കും.

ഒടുവിൽ ,കുരുങ്ങി നീ സ്വയം ആത്മഹത്യ
ചെയ്യേണ്ടി വരും.

അവളപ്പോഴുമെഴുതും....

മരണച്ചിതയ്ക്കൊപ്പം 
നിന്നെ എഴുതി
തീയെ തോൽപ്പിക്കും.

നിന്നോടൊപ്പം ചേർന്ന് 
ആളിക്കത്താൻ തുടങ്ങും
ഒടുവിൽ ചാരമായൊരാകാശം 
തന്നെ അവൾ കെട്ടിപ്പൊക്കും.

അതിലവളുടെ ഗന്ധത്തിന് പകരം
തലക്കെട്ട് പോലുമില്ലാതെ 
ജീർണിച്ചൊടുങ്ങിയ
നിശാശലഭങ്ങളുണ്ടാവും 
കത്തിയമർന്ന സൂര്യകാന്തിപ്പൂക്കളുടെ ജഡങ്ങളുണ്ടാവും.

വഴി തെറ്റി ഒടുവിൽ 
അവയെല്ലാം കവിതച്ചിതയിൽ 
മരണം വരിക്കും.

ഒരു മഴയ്ക്കു ശേഷം 
മനസ്സിടിഞ്ഞ കാർമേഘത്തെപ്പോലെ...
തിരയുടെ പ്രണയത്താൽ മുറിവേറ്റ
കരയെപ്പോലെ...

പിന്നെയും അവൾ പുനർജനിക്കും...!

എഴുതിയെഴുതി കൊതിതീരാതെ 
വീണ്ടും മരണപ്പെടാൻ.... !
Join WhatsApp News
വിദ്യാധരൻ 2020-10-01 03:32:32
കവിതയ്ക്ക് മരണമില്ല നീ മരിച്ചാലും അത് ജീവിക്കും ഒരുകുരുക്കിനും അതിനെ ശ്വാസം മുട്ടിക്കാനാവില്ല ഒരു ചിതയിലും അത് ഭസ്മീകരിക്കപ്പെടില്ല ഒരഗ്നിക്കും അതിനെ ദഹിപ്പിക്കാനാവില്ല ശരിയാണ് കവിതയ്ക്ക് മരിച്ചവരെ ഉയർത്താൻ കഴിയും ഉറക്കമില്ലാത്തവർക്ക് തലോടി ഉറക്കാൻ കഴിയും നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ കഴിയും അടിച്ചമർത്തപ്പെട്ടവരെയും പീഡിതരെയും അവരുടെ ചങ്ങലകൾപൊട്ടിച്ചു സാതന്ത്രമാക്കാൻ കഴിയും "ചോരചുവക്കും ഞങ്ങടെ നാട്ടിലെ നീരാവിക്കും മണലിനും കറുകകൂമ്പിൻ മഞ്ഞണിമുത്തിലു മൊരുത്തുള്ളിച്ചുടു നിണമില്ലേ ഇവിടെകായലിലൊഴുകിപോകും കവിതയ്‌ക്കൊണ്ടൊരു കഥപറയാൻ " (സംസ്കാരത്തിന്റ തീനാളങ്ങൾ -വയലാർ )- വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക