Image

വനാന്തരവിനോദസഞ്ചാരവും പരിതഃസ്ഥിതിയും (ദേവി)

Published on 03 October, 2020
വനാന്തരവിനോദസഞ്ചാരവും പരിതഃസ്ഥിതിയും (ദേവി)
അതിവൃഷ്ടി, അനാവൃഷ്ടി, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവ വിനാശകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കു ഇന്നു നമ്മെ  കൊണ്ടെത്തിച്ചിരിക്കുകയാണെന്നു നിസ്സംശയം പറയാം.

വനനശീകരണം പരിതഃസ്ഥിതിയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. നാള്‍ക്കുനാള്‍ നമ്മുടെ വനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞു വരികയാണ്.

സാമൂഹിക -സാമ്പത്തിക - സാങ്കേതിക   മാറ്റങ്ങള്‍ക്കനുസൃതമായി വളര്‍ന്നുപന്തലിച്ച ഉപഭോക്തൃ സംസ്കാരത്തിന്റെ ഭാഗഭാക്കായ വിനോദസഞ്ചാരമേഖല  ഇന്ന് അതിദ്രുതം വളരുകയാണ്. നായാട്ടും വനപര്യവേക്ഷണവുമൊക്കെ പണ്ടുമുതല്‍ക്കേ മനുഷ്യരില്‍ പ്രകടമായിരുന്നുവെങ്കിലും വനാന്തരവിനോദസഞ്ചാരം എന്ന ആശയം ഉടലെടുത്തതു സമീപകാലത്താണ്. കുടിയേറ്റ കര്‍ഷകരോടും കഞ്ചാവുകൃഷിക്കാരോടും മല്ലിട്ടു തളര്‍ന്നുതുടങ്ങിയ  വനങ്ങളും വന്യജീവികളും വനാന്തരടൂറിസംമൂലം അതിജീവനത്തിന്റെ പാതയില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുകയാണ്.
കടുവാസംരക്ഷണകേന്ദ്രങ്ങളില്‍ നടത്തുന്ന വനാന്തരവിനോദസഞ്ചാരം അടിയന്തിരമായി  നിറുത്തിവക്കണമെന്ന്  ജസ്റ്റിസ്  ഇബ്രാഹിം കലീഫുള്ളയും ജസ്റ്റിസ്  സ്വത്നേര്‍കുമാറും അടങ്ങിയ  ഡിവിഷന്‍ ബഞ്ച് താല്ക്കാലിക ഉത്തരവ്  പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ -ടൂറിസം മേഖലകളില്‍  ഇതു വളരെയധികം  ചര്‍ച്ചക്കിടയാക്കി.

കേരളത്തെപ്പോലെയുള്ള ഉപഭോക്തൃസംസ്ഥാനങ്ങളില്‍ വിനോദസഞ്ചാരം  പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നുതന്നെയാണ്.  വിനോദസഞ്ചാരമേഖലയിലുണ്ടാകാവുന്ന പാളിച്ചകള്‍മൂലം വരുമാനത്തില്‍ ഗണ്യമായ കുറവു സംഭവിക്കുമെന്നും തന്മൂലം സാമൂഹിക -- സാമ്പത്തിക  മേഖലകളില്‍ പ്രശ്നങ്ങള്‍  ഉണ്ടാകുമെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കേ അതിന്റെ മറുവശം കൂടി നാം സശ്രദ്ധം പരിശോധിക്കേണ്ടതുണ്ട്.

വനാന്തരടൂറിസത്തില്‍ നിലനില്‍ക്കുന്ന  വസ്തുതാപരമായ ഒട്ടനവധി പ്രശ്നങ്ങള്‍  നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതാണ്. സാമ്പത്തികനേട്ടങ്ങളെ മാത്രം മുന്‍നിറുത്തി ഈ പ്രശ്നങ്ങളെ തള്ളിക്കളയുമ്പോള്‍ ഭയാനകങ്ങളായ വിനാശങ്ങളെയാണു  നാം നേരിടേണ്ടി വരുന്നതെന്നുള്ളത്  നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്.

വിവിധങ്ങളായ ആവാസവ്യവസ്ഥകളുടെ വിളനിലങ്ങളായ വനങ്ങള്‍ നിലനില്‍ക്കേണ്ടത് മനുഷ്യരുടെതന്നെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നത് എല്ലാവര്‍ക്കും  അറിയാവുന്നതും എന്നാല്‍ സൗകര്യപൂര്‍വ്വം മറക്കുന്നതുമായ ചിരസത്യം. കടുവകള്‍, സിംഹങ്ങള്‍ തുടങ്ങിയ ഏതാനും മൃഗങ്ങളെ  സംരക്ഷിക്കുകയോ  കുറച്ചു മരങ്ങള്‍ നട്ടുപിടിപ്പിച്ചു പച്ചപ്പുണ്ടാക്കലോ അല്ല  യഥാര്‍ത്ഥ വനസംരക്ഷണം.  വിവിധ ആവാസവ്യവസ്ഥകളുടെ  സംതുലിതമായ നിലനില്‍പ്പിനെ പരിപോഷിപ്പിക്കുകയും തദ്വാരാ പാരിസ്ഥിതിക ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവുമാണ് ശരിയായ വനസംരക്ഷണം. അതിസങ്കീര്‍ണ്ണവും പരസ്പരബന്ധത്തിലും ആശ്രയത്തിലും ജീവിക്കുന്ന വലുതും ചെറുതും ദൃശ്യവും അദൃശ്യവുമായ ഒട്ടനവധി ജീവജാലങ്ങളുടെ വാസസ്ഥലവും പ്രത്യേക ജീവിതസാഹചര്യങ്ങളില്‍ നിലനില്‍ക്കുന്നതുമായ ഭൗമമണ്ഡല മേഖലകളെയാണ് ആവാസവ്യവസ്ഥ  എന്നു വിവക്ഷിക്കുന്നത് . മനുഷ്യനു കൃത്രിമമായി നിര്‍മ്മിക്കാന്‍  സാധിക്കുന്ന ഒന്നല്ലത്. കുളവും  തോടും കായലും നദിയും കടലും  മരുഭൂമിയും, മലകളും വനങ്ങളും എല്ലാം വിവിധതരം ആവാസവ്യവസ്ഥകളാണ്. ഇവയ്ക്കുണ്ടാകുന്ന ചെറിയൊരു മാറ്റംപോലും ആവാസവ്യവസ്ഥയുടെ നിലനില്പിനെ സാരമായി ബാധിക്കും.
വന്യജീവികളെ അവയുടെ  സ്വാഭാവികമായ വാസസ്ഥലത്തുവച്ചുതന്നെ കാണണമെന്ന മനുഷ്യന്റെ  കൗതുകമാണ്( ദുരാഗ്രഹമെന്നു പറഞ്ഞാല്‍  അധികമാവില്ല) വനാന്തരവിനോദസഞ്ചാരത്തിന്റെ ഉറവിടം . 1960 കള്‍ക്കു ശേഷം ടൂറിസം വികസനമെന്നപേരില്‍ പ്രകൃതിയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഗ്രീന്‍ ടൂറിസം ,ആള്‍ട്ടര്‍നേറ്റീവ് ടൂറിസം , ജിയോ ടൂറിസം  ഇങ്ങനെ വിവധയിനം ടൂറിസങ്ങള്‍ ഇന്നു നിലവിലുണ്ട്. ഇവയെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പ്രകൃതിയുടെ സംതുലനാവസ്ഥയില്‍ ഗണ്യമായ നാശം വിതച്ചുകൊണ്ടിരിക്കുന്നു. നശീകരണത്തിന്റെ മാര്‍ഗ്ഗങ്ങളും ചെയ്യുന്ന സംഘടനകളും വ്യത്യസ്തങ്ങളാണെന്നു മാത്രം. മാര്‍ഗ്ഗമേതായാലും പ്രകൃതിയുടെ കൊല ഉറപ്പാണെന്നുള്ളത് നിഷേധിക്കാനാവില്ല.

താരതമ്യേന മനുഷ്യസ്പര്‍ശം ഏറ്റിട്ടില്ലാത്ത പ്രാകൃതികമേഖലകളില്‍ നടത്തുന്ന  ടൂറിസമാണ് ഇക്കോടൂറിസം.   ഇതിന്റെ വ്യവസ്ഥകള്‍ താഴെപ്പറയും പ്രകാരമാണ്.

1.വിനോദസഞ്ചാരികളെക്കൊണ്ട് ആവാസവ്യവസ്ഥയില്‍ കോട്ടമുണ്ടാവാന്‍ പാടില്ല
2. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും തദ്ദേശ്ശീയര്‍ക്കു ലഭിക്കണം.
3.  പ്രകൃതിയെക്കുറിച്ചുള്ള പഠനവും പ്രകൃതിസംരക്ഷണവും ഇതിന്റെ ഭാഗമാകണം.
4.എല്ലാവിഭാഗക്കാരുടേയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടുമാത്രമേ ഇതു നടപ്പാക്കാവൂ.
5.വളരെക്കുറച്ചുപേര്‍മാത്രമേ ഒരുസമയം ഇതില്‍ പങ്കെടുക്കാവൂ  .
ഒറ്റനോട്ടത്തില്‍ വളരെ നല്ലകാര്യങ്ങള്‍തന്നെ. പക്ഷേ ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ. ഇവയില്‍ ഒന്നുപോലും ശരിയായ രീതിയില്‍  നടക്കുന്നില്ലെന്നുമാത്രമല്ല  ഇവയൊക്കെയാണിതിന്റെ  വ്യവസ്ഥകളെന്നു പലര്‍ക്കുമറിയുകപോലുമില്ല എന്നതാണ് ഖേദകരം .

ഇന്ന് എല്ലാ മേഖലകളിലും,   ഒരു പ്രത്യേക സീസണില്‍ പരമാവധി  വിനോദസഞ്ചാരികളെ ഒന്നിച്ചു ഉള്‍ക്കൊള്ളുന്ന മാസ് ടൂറിസമാണ് നിലവിലുള്ളത്.
കാലാകാലങ്ങളായി മാറിമാറി വരുന്ന ഭരണാധിപന്മാര്‍ തത്വദീക്ഷകള്‍ക്കു വിപരീതമായി ഏതുവിധേനയും കാലാവധിക്കുള്ളില്‍ പരമാവധി ധനം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും  അവര്‍ കയ്യേറിയ വനഭൂമികള്‍ക്കു പട്ടയം നല്‍കിയും  റിസോട്ടുകളെന്ന കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്നു.  ഇതിലൂടെ  അവര്‍ അളവറ്റ ധനം  സമ്പാദിക്കുമ്പോള്‍  തദ്ദേശ്ശീയര്‍ നിഷ്ക്കരുണം തഴയപ്പെടുന്നു.  വനങ്ങളുടേയും മലകളുടേയും  നദികളുടേയും സ്വാഭാവികത  പാടേ നശിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാരമാണിന്നു നടക്കുന്നതെന്നതിനു സംശയമില്ല.
വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടി സഞ്ചാരികളുടെ  സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍  എല്ലാത്തരംമലിനീകരണങ്ങളും ഉടലെടുക്കുകയാണ്. പ്ലാസ്റ്റിക് എന്ന ഭീകരന്‍  ഉണ്ടാക്കുന്ന പരിതഃസ്ഥിതി പ്രശ്നങ്ങള്‍  ഏവര്‍ക്കുമറിയാം. വനത്തിന്റെ സ്വാഭാവികമായ  ശബ്ദങ്ങളില്‍നിന്നും വ്യതിചലിച്ചു നിത്യേന നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടേയും സഞ്ചാരികള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടേയും യന്ത്രസാമഗ്രികളുടേയും ശബ്ദം കാനനത്തില്‍ വന്‍തോതിലുള്ള  ശബ്ദമലിനീകരണത്തിനു കാരണമാകുന്നു.ഇതു  വന്യജീവികളെ സാരമായി ബാധിക്കും. വനഭൂമി കയ്യേറി സുഖവാസകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ , സുഖലോലുപതയുടെ പര്യായങ്ങളായ AC , റെഫ്രിജറേറ്റര്‍, തുടങ്ങിയവയും സ്ഥാപിക്കപ്പെടും. ഇവയില്‍നിന്നും പുറംതള്ളപ്പെടുന്ന CFC  തടയേണ്ട  വൃക്ഷങ്ങളാകട്ടെ ആദ്യമേതന്നെ പരലോകം പൂകിയിരിക്കും. സുഖവാസകേന്ദ്രങ്ങളുടെ ആത്യന്തികമായ വികസനം മാത്രം ലക്ഷ്യമാകുമ്പോള്‍ വനഭൂമി വന്‍തോതില്‍ കയ്യേറപ്പെടുന്നു. നദികളുടേയും അരുവികളുടേയും ഉത്ഭവസ്ഥാനം മലിനീകരിക്കപ്പെടുകയോ ഇല്ലാതാകുകയോ ചെയ്യുന്നു.  ഇവയെല്ലാം  ദൃശ്യമോ  അദൃശ്യമോ ആയ പല ജീവജാലങ്ങളുടേയും പലായനത്തിനോ വംശനാശത്തിനോ കാരണമാകുന്നു.

വനാന്തരടൂറിസം  തദ്ദേശീയര്‍ക്കും വരുമാനമാര്‍ഗ്ഗമാകുന്നുണ്ട്. വനസമ്പത്തുക്കള്‍ ശേഖരിച്ചു സഞ്ചാരികള്‍ക്കു വില്‍ക്കുക എന്നതാണ് അവരുടെ പ്രധാന വരുമാനമാര്‍ഗ്ഗം. കാട്ടുതേന്‍, മെഴുക് പോലയുള്ളവയേക്കാള്‍ മൃഗങ്ങളുടെ  തോല്‍, കൊമ്പ്, പല്ല്, നഖം , സ്റ്റഫ്ചെയ്ത ജീവികള്‍ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ. തരക്കേടില്ലാത്ത വരുമാനം  ലഭിക്കുമെന്നതിനാല്‍  മൃഗങ്ങളെ കൊന്നും ഇവ സംഘടിപ്പിക്കുവാന്‍ ഇവര്‍ തയ്യാറാവുന്നു. തന്മൂലം വംശനാശഭീഷണി നേരിടേണ്ടി വരുന്ന അവസ്ഥയാണ്  പല ജീവജാലങ്ങള്‍ക്കും. ക്യാമ്പ്ഫയര്‍, അലസമായി വലിച്ചെറിയുന്ന സിഗററ്റുകുറ്റികള്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് തുടങ്ങിയവ കാട്ടുതീ പടര്‍ന്നു  വന്‍ദുരന്തമുണ്ടാകാനും ഇടയാകുന്നു.

നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടു നടത്തുന്ന വനാന്തരവിനോദസഞ്ചാരം പ്രത്യക്ഷമായും പരോക്ഷമായു  മനുഷ്യരാശിയെ എത്രമാത്രം  അപകടത്തിലാക്കുമെന്ന് അക്കമിട്ടു നിരത്താവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയുമുണ്ടനവധി. വനരോദനമാണെന്നറിയാമെങ്കിലും പ്രകൃതിയെ അനുസരിച്ചുജീവിക്കാന്‍  ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെന്ന നിലയില്‍  അവയും ഞാന്‍  തുടര്‍ന്നു പറയുകതന്നെ ചെയ്യും. 

ഈ ഭൂമിയും അതിലെ സമ്പത്തുക്കളും നമ്മുടെ  പൂര്‍വ്വികസ്വത്തല്ല. വരും തലമുറയില്‍ നിന്നും കടമെടുത്തവയാണ് . യഥാവിധി അതവര്‍ക്കു തിരിച്ചുകൊടുക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക