Image

വിദേശ സംഭാവനകള്‍ ഇനി (ഉയരുന്ന ശബ്ദം-11: ജോളി അടിമത്ര)

Published on 09 October, 2020
വിദേശ സംഭാവനകള്‍ ഇനി (ഉയരുന്ന ശബ്ദം-11: ജോളി അടിമത്ര)
വിദേശ സംഭാവന (നിയന്ത്രണം)നിയമഭേദഗതി ബില്ല് പാസ്സാക്കി ഭാരത സര്‍ക്കാര്‍.. കടുത്ത വിമര്‍ശനങ്ങള്‍ പലകോണുകളില്‍നിന്നായി ഉയരുമെന്നു കരുതിയ ഭേദഗതി ബില്ലിനെതിരെ വലിയ ശബ്ദമൊന്നും ഉയര്‍ന്നില്ലെന്നത് അതിശയിപ്പിക്കുന്നു.ഇതുവരെ ആര്‍ക്കും ഏതുനേരത്തും എത്ര വേണമെങ്കിലും വിദേശ സംഭാവനകള്‍ വാങ്ങി കീശ വീര്‍പ്പിക്കാമായിരുന്നു.ഇനി ആ വിളച്ചിലൊന്നും നടപ്പാവില്ലെന്ന അവസ്ഥ.പല പേരുകളില്‍ കോടികളാണ് പലരും ഇന്ത്യയിലേക്ക് കടത്തിയിരുന്നത്.രാജ്യത്തെ സന്നദ്ധസംഘടനകളെ വരുതിയിലാക്കാനാണ് കര്‍ശന നിയന്ത്രണങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു വന്നതെന്ന ആരോപണങ്ങളുന്നയിക്കുന്നവര്‍ കുറവല്ല.
നിയമഭേദഗതി പാവപ്പെട്ടവന് ജീവിക്കാനുള്ള അവകാശം നിഷേധിക്കലാണെന്ന് ഒരു എംപി ബില്ലിന്റെ ചര്‍ച്ചയില്‍  പ്രതികരിച്ചതു കണ്ടു.അദ്ദേഹം തന്നെ ചൂണ്ടിക്കാണിച്ച കണക്ക് നമ്മളെ ഞെട്ടിക്കും.മൂന്നു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ 6,600 എന്‍ ജി ഒ കളുടെ എഫ് സി ആര്‍ എ(Foreign Contribution [Regulation] Amendment bill )   ലൈസന്‍സ് റദ്ദ് ചെയ്തത്രേ.എല്ലാം മതന്യൂനപക്ഷങ്ങളുടെ  ട്രസ്റ്റുകളായതുകൊണ്ടാണേ്രത !.കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടന പ്രതിവര്‍ഷം നല്‍കിയിരുന്നത് 300 കോടിയായിരുന്നന്നെന്നും എംപി വ്യക്തമാക്കി.1,45,000 കുട്ടികളുടെ വിദ്യാഭ്യസത്തിനും ചികിത്സയ്ക്കുമാണ് ഈ തുക.അങ്ങനെ എത്രയെത്ര സന്നദ്ധ സംഘടനകള്‍ ഭാരതത്തിലേക്കൊഴുക്കിയ കോടികളെവിടെപ്പോയി.എന്നിട്ടും ഇന്ത്യയിലെ താഴെത്തട്ടിലുള്ള  കുഞ്ഞുങ്ങളുടെ ഗതി ഇന്നും പരഗതിയായി തുടരുന്നതെന്തുകൊണ്ടാണ ?.അതേപ്പറ്റി ഉത്തരം തരാനാരുമില്ല.തുക കൈപ്പറ്റിയവര്‍ കാണിക്കുന്ന കണക്കുകള്‍ കൃത്യമാണോ എന്നറിയാന്‍ എന്തു നടപടിയുണ്ട്.അവര്‍ കൊടുക്കുന്ന റിട്ടേണ്‍േ മാത്രമാണ് രേഖ.ഏറ്റവും കുറഞ്ഞത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെയെങ്കിലും വരവുചെലവകളും ആ കുഞ്ഞുങ്ങള്‍ക്കു കിട്ടിയതും കണക്കെടുക്കണം.300 കോടിയുടെ സഹായം  നിര്‍ത്തലാക്കിയ സര്‍ക്കാര്‍ അത്രയും കുട്ടികള്‍ക്കായി പിന്നീട് ഒന്നും ചെയ്തില്ലെന്നും വിമര്‍ശനം ഉയരുന്നു.മോദിയുടെ സര്‍ക്കാര്‍ അത്ര കണ്ണില്‍ചോരയില്ലാത്ത നടപടിക്കു മുതിരുമെന്ന തോന്നലൊന്നും ഇവിടുത്തെ ജനങ്ങള്‍ക്കില്ല.രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍ മാത്രമാണവ എന്നു വിശ്വസിക്കുന്നവരാണേറെയും.

പുതിയ ഭേദഗതി പ്രകാരം ഇനി കടമ്പകളേറെയാണ്.ഏതെങ്കിലും ഷെഡ്യൂള്‍ഡ് ബാങ്കിന്റെ ശാഖയിലൂടെ പണം സ്വീകരിച്ചു വരുന്നരീതിയും പണം ഉപയോഗത്തിനായി മറ്റു ബാങ്കുകളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാമെന്ന സിഥിതിയും ഇനി പറ്റില്ല.എസ് ബി െഎയുടെ ഡല്‍ഹി ഏതെങ്കിലും ശാഖയില്‍ തുറക്കുന്ന അക്കൗണ്ടിലൂടെ മാത്രമേ ഇനി വിദേശ സംഭാവനകള്‍ സ്വീകരിക്കാനാവൂ.ഈ ശാഖ ഏതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ  അറിയിക്കും.വിദേശ സംഭാവന സ്വീകരിച്ചവര്‍ അത് ആര്‍ക്കും കൈമാറാന്‍ പാടില്ല.കണക്കുകള്‍ കൃത്യമായി പാലിച്ചേ പറ്റൂ,അവ സുതാര്യമായിരിക്കണം എന്നു സാരം.

 കഴിഞ്ഞ 20 വര്‍ഷത്തെ കണക്കെടുത്താലറിയാം വിദേശ സംഭാവനകള്‍ നന്നായി മുതലാക്കിയ വ്യക്തികളെപ്പറ്റിയും സ്ഥാപനങ്ങളെപ്പറ്റിയും.കോടിക്കണക്കിനു രൂപ സ്വന്തം അക്കൗണ്ടിലേക്ക് അടിച്ചുമാറ്റിയ മലയാളികള്‍ തന്നെ എത്ര വേണമെങ്കിലുമുണ്ട്.അനാഥ ശാലകളുടെ പേരിലാണ് മലയാളികളിലേറെപ്പേരും ഇത്തരം സംഭാവനകള്‍ വാങ്ങിയത്.കൈയ്യില്‍ പ്‌ളേറ്റുമായി കണ്ണടച്ചു പ്രാര്‍ത്ഥിക്കാന്‍ കുഞ്ഞുങ്ങളെ നിരയായി നിര്‍ത്തിയിട്ട് ഫോട്ടോയെടുത്ത് വിദേശത്തേക്കയച്ച് ,സായ്പിന്റെ ദയാവായിപിനെ ചൂഷണം ചെയ്ത കഥകള്‍ പറഞ്ഞു കേട്ടിട്ടണ്ട്.അന്ധരായ കുഞ്ഞുങ്ങളെന്ന  പേരിലായിരുന്നേ്രത പിരിവ്, സത്യമാണോ എന്നറിയില്ല.ആയിരിക്കാം, സൂത്രങ്ങള്‍ക്ക്  മലയാളിയെ കഴിഞ്ഞിട്ടേ ആരുമുള്ളല്ലോ..അനാഥ ശാല തുടങ്ങി പെരുവഴിയിലായവര്‍ എത്രപേരുണ്ട് ?ആരെയും നമ്മള്‍ കണ്ടിട്ടില്ല.എല്ലാവരും നന്നായിട്ടേയുള്ളൂ.
വന്‍തുക സംഭാവന ലഭിച്ചുകഴിഞ്ഞാല്‍ ,സ്ഥിരം സ്‌പോണ്‍സര്‍മാരെ കിട്ടിക്കഴിഞ്ഞാല്‍ സ്ഥാപന മേധാവി ആളു മാറുകയായി.അനാഥക്കുട്ടികള്‍ക്കായി സുമനസ്സുകള്‍ അയ്ക്കുന്ന പണം മുഴുവനും സ്വന്തം മക്കളുടെ പേരില്‍ നിക്ഷേപിക്കുന്നു,തോട്ടങ്ങള്‍ വാങ്ങിക്കൂട്ടുന്നു.മുന്തിയ വാഹനങ്ങള്‍ വാങ്ങിച്ച് അടിച്ചുപൊളിച്ച് ..ആരോരും ശബ്ദിക്കാനില്ലല്ലോ.പലപ്പോഴും കുഞ്ഞുങ്ങളുടെ പ്‌ളേറ്റില്‍  കഞ്ഞിയും കണ്ണീരുപ്പും മാത്രം.അതിനു പുറമേ പലര്‍ക്കും ശാരീരിക -മാനസ്സിക പീഡനങ്ങളും അരങ്ങേറുന്നു.കുട്ടികള്‍ പീഡനമേറ്റ പേരില്‍ അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങളും ധാരാളമുണ്ട്.  പോകാനിടമില്ലാത്തവര്‍ക്ക്  സഹിച്ചു ജീവിക്കയല്ലേ നിവര്‍ത്തിയുള്ളൂ.

മതപരിവര്‍ത്തനത്തിനും വിദേശഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന ആരോപണമുണ്ട്.അതും ഉറപ്പു വരുത്തട്ടെ.യഥാര്‍ത്ഥത്തില്‍ മതപരിവര്‍ത്തനമല്ല ,മനപരിവര്‍ത്തനമല്ലേ വേണ്ടത്.മനസ്സിനു പരിവര്‍ത്തനം വന്നാല്‍ ആ വ്യക്തി ആള്‍ മാറുന്നു,അതു വഴി കുടുംബവും സമൂഹവും ആകെ മാറുന്നു.ഒരാളെ മതം മാറ്റാന്‍ ലക്ഷങ്ങല്‍ വാരിയെറിയാന്‍ ആര്‍ക്കു കഴിയും,എത്രപേരെ അങ്ങനെ മാറ്റാനാവും.കേവലം ചില്ലറക്കാശിന് ആരെങ്കിലും സ്വന്തം വിശ്വാസത്തെ തള്ളിപ്പറയുമോ..അതും തെളിയിക്കപ്പെടട്ടെ.

അതേ സമയം ഇന്ത്യയിലേക്കോഴുക്കിയ കോടികള്‍ ,വിധ്വംസനപ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.ദുബായി ഭരണാധികാരി കേരളത്തിലെ അനാഥശാലകളിലെയും സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും കുഞ്ഞുങ്ങള്‍ക്കായി കരുണയോടെ കയറ്റിയയച്ച 17,000കിലോ ഈന്തപ്പഴം എത്രകിലോ വിതരണം ചെയ്‌തെന്ന് ഇനിയും പുറത്തു വന്നിട്ടില്ല.എത്ര അനാഥ കുഞ്ഞുങ്ങള്‍ അതു കഴിച്ചെന്ന് നമ്മള്‍ അറിയാനിരിക്കുന്നതേയുള്ളു..പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരാന്‍ മനസാക്ഷിക്കുത്തില്ലാത്ത മലയാളി.അതിന്റെ മറവില്‍ നടന്നെന്നു പറയപ്പെടുന്ന പല അഴിമതികളും പുറത്തുവരാനുണ്ട്.നമ്മില്‍ പലരും,പ്രത്യേകിച്ച് വിദേശമലയാളികള്‍ ,അന്യനാട്ടില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്നതിന്റെ ഒരു പങ്ക് അനാഥകുഞ്ഞുങ്ങള്‍ക്കായി നല്‍കാറുണ്ട്. തട്ടിപ്പുകളേറെയുണ്ട്,ശരിക്കും ഉറപ്പു വരുത്തി മാത്രം പണം നല്‍കുക.

അതേ സമയം കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ഇങ്ങനെ തട്ടിപ്പു നടത്തുന്നുകയാണെന്നല്ല. വളരെ സ്തുത്യര്‍ഹമായി നടത്തുന്ന സ്ഥാപനങ്ങള്‍ ധാരാളമുണ്ട്.ഒന്നുമില്ലായ്മയിലും കരുണയോടെ അശരണബാല്യങ്ങളെ ചേര്‍ത്തു പിടിക്കുന്നവര്‍.അതിന് ജാതിമത വ്യത്യാസമില്ല.ഏതു സര്‍ക്കാര്‍ എന്തു നിയമം പാസ്സാക്കിയാലും അത്തരക്കാരെ തോല്‍പ്പിക്കാനാവില്ല.കാരണം അവരുടെ ഫണ്ടിംഗ് ഈശ്വരന്റെ ബാങ്കില്‍നിന്നാണ്.
വിദേശ സംഭാവനകള്‍ ഇനി (ഉയരുന്ന ശബ്ദം-11: ജോളി അടിമത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക