Image

സല്ലീലം സൗഹൃദം (കവിത - സിന്ധു തോമസ് )

Published on 12 October, 2020
സല്ലീലം സൗഹൃദം  (കവിത - സിന്ധു തോമസ് )
സൗഹൃദമെത്ര സല്ലീലം, സൗഭഗം
സന്തതമീസ്വർഗ്ഗസൗരഭധാരയിൽ
സല്ലാപലോലരായ് സായൂജ്യമടയേ
സഞ്ജനിച്ചൂ സാന്ദ്രസൗഹൃദം നമ്മിൽ

സമതയിലാണു സൗഖ്യമെന്നറിഞ്ഞും
സ്വർഗ്ഗസൃഷ്ടിക്കായ് നാമത്സരിച്ചു
സസ്മിതമേവം സരസം നാം സ്വപ്ന-
സുസുധാ സരിത്തിൽ നീരാടിയല്ലോ

സമസ്വച്ഛം സാമോദം സന്തതമിങ്ങനെ 
സുവർണ്ണാഭമീ സ്വർഗ്ഗേ മേവുക നാം
സൗരസ്പർശമായ് സ്മൃതിയിലേവം
സരസത താവി സ്നേഹ പൂനിലാവേ!

സൗഹൃദമാകുമാചേണെഴും സമ്മാന-
മെത്രസമ്മോഹനമെത്ര സൗഭാഗ്യം
സമതയിൽ സത്വരമൊരുസുരലോകം
സാനന്ദം സാധിതമാക്കാം പാരിൽ

സർവസന്നാഹമൊരുക്കി സാക്ഷാൽ
സുരഭിലമീ സംഗമതിന്നായ് മോദാൽ 
അതാഴമ്പൂ സൗരഭം വീശിയടിക്കേ
ഇന്നുമറ്റൊരുസൂര്യകാന്തിയായ് ഞാൻ!
വൃന്ദാവനസാരംഗ രാഗമായ് ഞാൻ!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക