Image

ചിതയെരിയും മുമ്പ് ഇത്രയും - കവിത : സുഷമ നെടൂളി

Published on 17 October, 2020
ചിതയെരിയും മുമ്പ് ഇത്രയും - കവിത : സുഷമ നെടൂളി
ചിതയെരിയും മുമ്പ് ഇത്രയും...
അതുവരെ കാണാനാഗ്രഹിയ്ക്കാത്ത
ആരും അന്നെന്നെ വന്നു കാണരുത്
ഒരിയ്ക്കൽ.. അല്ലെങ്കിൽ
ഒരിയ്ക്കൽ കൂടിയെങ്കിലും ഞാൻ
കാണാൻ കൊതിച്ച 
ചിലരുണ്ടീ ഭൂമിയിൽ
അവരൊന്ന് വന്നെങ്കിലെന്ന്
ആ കിടപ്പിലും ഞാനേറെ തപിക്കും...

ഒരു നോക്കുകാണാനേറെ
ആശയെങ്കിലും
വന്നെത്തിടാനാവാത്ത
പ്രിയരുണ്ടെന്നറിയാം
നിങ്ങൾ വിഷമിക്കേണ്ടതില്ല
നിങ്ങളിൽ നിന്നും ഞാൻ
മായുന്നതില്ലല്ലോ..

നിലവിളക്കും ചന്ദനത്തിരിയും
എരിയട്ടെ...എനിക്കാ മണവും
വെളിച്ചവുമേറെ ഇഷ്ടം...
ഇത് ആചാരവിശ്വാസ
കണക്കിൽ എഴുതരുതേ..

ഒരുപാടാളുകൾ കൂടേണ്ടതില്ല
എന്തെന്നാൽ എനിക്കുചുറ്റും
ഇതുപോലാളുകൾ കൂടിയ
മറ്റൊരു മുഹൂർത്തമെന്നെ
ഓർമ്മപ്പെടുത്തുമത്...

പൂമണം എനിക്കിഷ്ടമെങ്കിലും
എൻ്റെ മേൽ പൂക്കൾവിതറരുത്
വിടർന്നപൂക്കളിറുക്കുന്നത്
എനിക്കിഷ്ടല്ലെന്ന് അറിയുമല്ലോ...

എന്നെയേറെ കരയിപ്പിച്ചൊരാൾ
നിർബ്ബന്ധമായും എന്നെ
ഇപ്പോൾ വന്നു കാണണം
നീ കാണാതിരുന്ന 
എൻ്റെ ചങ്കിലെ ചോര
തണുത്തുറയുവാൻ തുടങ്ങീ..
നോക്കൂ..
വേലിക്കരികിലെ
ചെമ്പരത്തിപ്പൂവിപ്പഴും
അവിടെ ചുവന്നിരിപ്പുണ്ട്..
ശാന്തമായ എൻ്റെ കിടപ്പുകണ്ടും
ഇനിയൊരിക്കലും 
കരയിപ്പിക്കാനാവില്ലയെന്ന
സത്യമറിഞ്ഞും 
ഉള്ള
നിൻ്റെയാ നില്പു കണ്ട്
എനിക്കൊന്നൂറി ചിരിക്കണം...

അന്യർക്കു മുന്നിൽ
അനാവൃതമാകാതിരുന്ന 
എൻ ദേഹമിപ്പോൾ
കേവലചടങ്ങുകൾക്കായ്
അങ്ങനെ ചെയ്യേണ്ടതില്ല....

എനിക്ക് ശയിക്കാനായൊരു
മുഴുനീള വാഴയില
വെട്ടി മാറ്റാതിരിക്കൂ..
അതിന്മേൽ കുരുവികൾ
താപമിയറ്റി ഇരുന്നിടട്ടേ....

പഴയ പ്രതാപം പറഞ്ഞ്
മാവിനേയും കൊല്ലരുത്
മാംഗോഫ്രൂട്ടി നുണയും
തലമുറയ്ക്കായ്
മാമ്പൂ വിരിയാൻ വിടൂ....

കൈകാലുകളിലെ
കാണാക്കെട്ടുകളറുക്കൂ
ഇനിയെൻ സ്വാതന്ത്ര്യം
എനിക്കായ് തരൂ...

ആരുമിന്നേവരെ ചോദിച്ചറിഞ്ഞിട്ടില്ലാത്ത
എൻ്റെ ഇഷ്ടനിറം ചുവപ്പായിരുന്നൂ ...
ഇനിയെനിക്കിപ്പോൾ 
കോടി വേണ്ടതില്ല
പകരം ഒരു തീനാളമായ്
പ്രിയർ എനിക്കേകട്ടെയത്...

ഫ്ലാറ്റുകളുടെ കാലം..
ആറടിമണ്ണ് എനിക്കായ്
നീക്കിവെക്കാതിരിക്കൂ.. 
അല്പം
വൈദ്യുതിയിൽ  
എരിഞ്ഞൊടുങ്ങട്ടേ...

ഉടനേ പിരിയുന്നവർക്കായ് നല്ല 
കടുപ്പവും സ്വാദുമുള്ള
ചായയും 'മരണബിസ്ക്കറ്റ'ല്ലാത്ത
നല്ലതെന്തെങ്കിലും നല്കണേ..

ദശലേശമില്ലാത്ത എൻ്റെ 
അസ്ഥികൾ കടൽ
മീനുകൾക്ക് കളിപ്പാട്ടമായ്
നല്കേണ്ടതില്ലാ...

എൻ്റെ ശേഷധൂളികളലിഞ്ഞ്
വിശുദ്ധി കൈവെടിയാതെ
നിള കടലിനെ പുണരട്ടെ...

ജീവിതാനുഭവങ്ങൾ 
കരുത്തേകിയ മക്കളോട്
ഇനിയൊന്നു കരഞ്ഞ്
ദു:ഖമൊഴുക്കി വിടാൻ പറയൂ.. 

മുളകിട്ട മീൻകറിയും ചോറും
പിന്നെ നല്ല പഴങ്ങളുമായിരുന്നു
കഴിക്കാനിഷ്ടമെന്ന്
ആർക്കുമറിയില്ലായിരുന്നു
ഇനിയുള്ള നാളുകളിൽ സ്വയം
വച്ചുവിളമ്പി എന്നെയോർക്കാതെ
ഉണ്ണാനുള്ള കരുത്ത് പുറത്തെടുക്കൂ..
ആരും കാണാനില്ലല്ലോ...

മരവിച്ച മനസ്സിനെ മറ്റുള്ളവരിൽ നിന്നു മറച്ചിരുന്നൊരീ ദേഹത്തെ
ഇനിയും മരവിപ്പിച്ചു 
ആരെയും കാത്ത് വെക്കേണ്ടതില്ല
എത്രയും വേഗം ചിതയുടെ ചൂടേറ്റ് 
മരവിപ്പിൽ നിന്നുണർന്ന് ഒന്ന് പുഞ്ചിരിക്കട്ടെ ഞാൻ.....
ചിതയെരിയും മുമ്പ് ഇത്രയും - കവിത : സുഷമ നെടൂളി
Join WhatsApp News
Babu karayi 2020-10-17 08:07:12
കവയിത്രിക്ക് ആശംസകൾ
Prajith 2020-10-17 08:21:37
ഹൃദയസ്പർശിയായ മികവുറ്റ വരികൾ....
Hazeena 2020-10-17 09:16:53
മുറ്റത്തെ മുല്ലയുടെ സൗരഭ്യം ഇനിയും ഏറെ പടർന്നു വളരട്ടെ
സുരേന്ദ്രൻ 2020-10-17 13:17:55
Super......
Arun Kumar 2020-10-17 13:04:50
ഹൃദയത്തിൽ നിന്നും വിരിഞ്ഞ കവിത. അകക്കണ്ണുകൾ വീണ്ടും തുറക്കട്ടെ. പുതിയ സൃഷ്ടികൾ ഉദിക്കട്ടെ
സിന്ധു 2020-10-17 17:08:55
മലയാള പദ്യ സാഹിത്യത്തിൽ നാഴികകല്ലാവട്ടെ, ആശംസകൾ
Sangeetha 2020-10-18 05:13:37
Heart touching 💕
Elcy Yohannan Sankarathil 2020-10-19 00:37:05
Such a touching poem, came from the heart, really wonderful!keep it up!
Sushama 2021-01-13 17:34:12
കവിത വായിച്ച എല്ലാവർക്കും എൻ്റെ സ്നേഹം..🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക