Image

മലയാള ചിത്രം 'ഇഷ്‌കി'ന്റെ റീമേക്ക് വരുന്നു; ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആമിര്‍ ഖാന്റെ മകന്‍ ജുനൈദ്

Published on 18 October, 2020
മലയാള ചിത്രം 'ഇഷ്‌കി'ന്റെ റീമേക്ക് വരുന്നു; ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആമിര്‍ ഖാന്റെ മകന്‍ ജുനൈദ്

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ആമിര്‍ഖാന്റെ മകന്‍ ജുനൈദ്. കഴിഞ്ഞ മൂന്നു വര്‍ഷമായി നാടക രംഗത്ത് സജീവമാണ് ജുനൈദ് . ജര്‍മ്മന്‍ നാടകകൃത്ത് ബെര്‍ട്ടോള്‍ട്ട് ബ്രെക്റ്റിന്റെ നാടകമായ 'മദര്‍ കറേജ് ആന്റ് ചില്‍ഡ്രന്‍' എന്ന നാടകത്തിലൂടെ ക്വാസര്‍ താക്കൂര്‍ പദംസിയുടെ നാടകവേദിയില്‍ അരങ്ങേറ്റം കുറിച്ച ജുനൈദ്, മലയാള ചിത്രത്തിന്റെ റീമേക്കിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ലോസ് ഏഞ്ചല്‍സിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സില്‍ പഠനം പൂര്‍ത്തിയാക്കിയ ജുനൈദ്, നായകനാകുന്നത് ഇഷ്‌ക് എന്ന മലയാള ചിത്രത്തിന്റെ റീമേക്കിലാണ്. ഷെയ്ന്‍ നിഗം നായകനായ ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹര്‍ ആയിരുന്നു. ബോളിവുഡില്‍ നീരജ് പാണ്ഡെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്ന ജുനൈദിന്റെ സിനിമാ ഇഷ്ടങ്ങളെക്കുറിച്ച് ആമിര്‍ ഖാന്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. അഭിനയത്തിനോടും സംവിധാനത്തോടും ഒരുപോലെ ഇഷ്ടം കാത്തുസൂക്ഷിക്കുന്നയാളാണ് ജുനൈദ്. ആമിറിന്റെ മൂത്തമകനായ ജുനൈദ്, രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത 'പികെ'യില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ ആയിരുന്നു ' പി കെ'യില്‍ നായകനായത്.

ഷെയ്ന്‍ നിഗമും ആന്‍ ശീതളും അഭിനയിച്ച ചിത്രമാണ് 'ഇഷ്‌ക്'. മലയാളത്തില്‍ ഹിറ്റായ 'ഇഷ്‌ക്' തമിഴിലേക്കും റീമേക്കിന് തയ്യാറെടുക്കുകയാണ്. നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് 'ഇഷ്‌ക്' തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും 'ഇഷ്‌കി'ല്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക