Image

കോവിഡ്-ലോക്ഡൗണ്‍ ചലച്ചിത്രമേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 'മറുപടി' മികച്ച ചിത്രം

Published on 19 October, 2020
കോവിഡ്-ലോക്ഡൗണ്‍ ചലച്ചിത്രമേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 'മറുപടി' മികച്ച ചിത്രം
ജിദ്ദ: സൗദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ അരീന എന്ന സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച കോവിഡ്-ലോക്ക്ഡൗണ്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

അറേബ്യന്‍ അരീനാ ലൈവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍- ലോക്ക്ഡൗണ്‍ എഡിഷനിലെ മികച്ച ചിത്രമായി കുവൈറ്റില്‍ നിന്ന് മുഹമ്മദ് സാലി സംവിധാനം ചെയ്ത 'മറുപടി' തിരഞ്ഞെടുക്കപ്പെട്ടു. ദുബായില്‍ നിന്ന് 'ഫോര്‍വേഡ്' എന്ന ചിത്രം സംവിധാനം ചെയ്ത സാജിര്‍ വലിയേടത്ത് ആണ് മികച്ച സംവിധായകന്‍. മികച്ച നടനായി ദുബായില്‍ നിന്നുള്ള ഐസൊലേഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നൗഷാദ് കാബു തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് സീതാമണിയും ദുബായില്‍ നിന്ന് ധന്യ ഞാട്യാലയുമാണ് മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സാമൂഹ്യപ്രതിബദ്ധചിത്രമായി കേരളത്തില്‍ നിന്ന് പ്രേമന്‍ മുച്ചുകുന്ന് സംവിധാനം ചെയ്ത 'ദി വീല്‍', മികച്ച പരീക്ഷണാത്മക ചിത്രമായി സൗദി അറേബ്യയില്‍ നിന്ന് സാഹിദ ഷാര്‍ജിമോന്‍ സംവിധാനം ചെയ്ത 'ശവങ്ങള്‍' എന്ന ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കാമറാമാന്‍ കേരളത്തില്‍ നിന്ന് നിതീഷ് സാരംഗിയും മികച്ച എഡിറ്റര്‍ ഒമാനില്‍ നിന്ന് എം.വി. നിഷാദുമാണ്. ഫെസ്റ്റിവലിലെ വ്യക്തിഗത പ്രകടനത്തിനുള്ള പുരസ്‌കാരമായ അറേബ്യന്‍ അരീനാ ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡ് കുവൈറ്റില്‍ നിന്നുള്ള മുഹമ്മദ് സാലി കരസ്ഥമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും മുഹമ്മദ് സാലിക്കാണ്.

വര്‍ഷങ്ങള്‍ക്ക് മുന്പ് മരണപ്പെട്ടുപോയ അമ്മയുടെ സ്നേഹത്തിന്റെ ആര്‍ദ്രത കോവിഡിന്റെ ഏകാന്തദിനങ്ങളില്‍ തിരിച്ചറിയുന്ന മകന്റെ മാനസികസംഘര്‍ഷങ്ങള്‍ ഒരു മറുപടിക്കത്തിലൂടെ ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിച്ചതിനാണ് മറുപടിക്ക് മികച്ച ചിത്രത്തിന്റെ പുരസ്‌കാരമെന്ന് ജൂറി വിലയിരുത്തി. സൈബര്‍ ലോകത്ത് ക്രൂശിക്കപ്പെടുന്ന നിരപരാധികളായ പെണ്‍കുട്ടികളുടെ ആത്മഹത്യാമുമ്പിലെ ജീവിതം കൈയടക്കത്തോടെ ആവിഷ്‌കരിച്ച സംവിധാനമികവിനാണ് സാജിര്‍ വലിയേടത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങള്‍. പ്രത്യേക ജൂറി അവാര്‍ഡ്: ശരത് ചന്ദ്രന്‍(സ്റ്റേ സെയിന്‍, ദുബായ്), മികച്ച ബാലതാരം: അഭിരാം പ്രേം ക്രിഷ്ണ(ദി വീല്‍-കേരളം),പശ്ചാത്തല സംഗീതം: സലാം വീരോളി (ദി വീല്‍-കേരളം), പ്രത്യേക പരാമര്‍ശങ്ങള്‍- സംവിധാനം: പ്രേമന്‍ മുച്ചുകുന്ന് (ജിനു വൈക്കത്ത്), മികച്ച നടന്‍- ജിനു വൈക്കത്ത്(കുവൈറ്റ്), രാഘവന്‍ മുച്ചുകുന്ന്(കേരളം), മികച്ച നടി: ഗീതികാ സുരേഷ്(കേരളം), ദീപ്തി ഹരീന്ദ്രന്‍(ദുബായ്),ഷീനാ ഹിരണ്‍(ഒമാന്‍).

മികച്ച ജനപ്രിയ ചിത്രമായി ഒമാനില്‍ നിന്ന് റോബിന്‍ മേട്ടയില്‍ സംവിധാനം ചെയ്ത 'അലേ' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ സംവിധായകന്‍ ഒമാനില്‍ നിന്ന് പ്രകാശ് നായര്‍(കൊറോണയും നാല് പെണ്ണുങ്ങളും), മികച്ച ജനപ്രിയ നടന്‍:രഞ്ജിത്ത് എളയത്(ദുബായ്),ജനപ്രിയനടി: ഷീനാ ഹിരണ്‍(ഒമാന്‍). അറേബ്യന്‍ അരീനാ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ നടത്തിയ പോളിംഗിലൂടെയാണ് ജനപ്രിയപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

സംവിധായകനും ജൂറി ചെയര്‍മനാനുമായ എം.എ. നിഷാദാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകന്‍ സലാം ബാപ്പു, നടന്‍ അനില്‍ നെടുമങ്ങാട്, കാമറാമാന്‍ അന്‍സര്‍ഷാ എന്നിവരടങ്ങിയ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ ഫിറോസ് സാലി മുഹമ്മദ് നേതൃത്വം നല്‍കിയ ചലച്ചിത്രമേളയില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള ലോക്ക്ഡൗണ്‍ കാല ചിത്രങ്ങളാണ് മത്സരിച്ചത്.

അറേബ്യന്‍ അരീനയും പ്രവാസി മലയാളി ഫെഡറേഷനും കേരളത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ റാഫി പാങ്ങോട് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക