Image

അവൾ അജിത (കഥ : രമണി അമ്മാൾ)

Published on 21 October, 2020
അവൾ അജിത (കഥ : രമണി അമ്മാൾ)
അജിത ഇപ്പോൾ എവിടെയായിരിക്കും..? 
ഉറക്കത്തിനും ഉണർവ്വിനുമിടയിലെ ആലസ്യത്തിൽ ഏതോ സ്വപ്നത്തിന്റെ ബാക്കിയെന്നപോലെ
അജിത കടന്നു വന്നു....
പ്രത്യേകിച്ചൊരു കാരണവുമില്ലാതെ...

നാട്ടിൽ, ജോലികഴിഞ്ഞുവരുന്ന വൈകുന്നേരങ്ങളിൽ
ജംഗ്ഷനിൽ ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോഴാണ്
അജിതയെ കാണാറ്..
അരമണിക്കൂറിലധികം നടക്കണം.. റബ്ബർതോട്ടങ്ങളുടെ നടുവിലൂടെയുളള വിതികുറഞ്ഞ റോഡേകൂടി.. .
ഒരു മലമ്പ്രദേശമാണ്..
പ്രദേശവാസികളിൽ മിക്കവരും കുടിയേറ്റക്കാരാണ്. 
വൈകിട്ട് അഞ്ചിനും ആറിനുമിടയിൽ അങ്ങോട്ടു ബസ്സൊന്നുമില്ല...
ട്രിപ്പടിക്കുന്ന ജീപ്പുകളുണ്ട്.
ബസ്സുകൂലിയേക്കാൾ അല്പം കൂടി കൊടുത്താൽ മതി..  
ആളുകൂടുന്നതനുസരിച്ച് ചാർജ്ജു കുറയുകയും ചെയ്യും.
പക്ഷേ, ആളു തികയാൻ കാത്തുനിൽക്കേണ്ടിവരും..

ബസ്സൽനിന്നിറങ്ങുമ്പോൾ ജീപ്പൊന്നും
സവാരിക്ക് കിടപ്പില്ലെങ്കിൽ 
ഞാനങ്ങു നടക്കും...
മിക്കപ്പോഴും ഒപ്പം നടക്കാൻ
ആരെങ്കിലുമൊക്കെ
യുണ്ടാവാറുണ്ട്..
അജിതയേയും അങ്ങിനെ പല വൈകുന്നേരങ്ങളിലും
കൂട്ടുകിട്ടിയതാണ്..
പ്ളസ്ടു
കഴിഞ്ഞിട്ടേയുളളു..
നല്ല പ്രസരിപ്പും ചുറുചുറുക്കുളള കുട്ടി...
പ്രായത്തിനേക്കാളും പക്വതയുണ്ടെന്നും തോന്നിക്കും... 
പത്താംതരത്തിൽ C M S  സ്ക്കൂളിലെ ടോപ്പറായിരുന്നു അവൾ.
കാതിൽ കമ്മലില്ല...
ഇഷ്ടമല്ലപോലും..
കഴുത്തിലോരു കറുത്ത  മുത്തുമാല മാത്രം.. അലസമായ വേഷം..
പൊന്നുംകുടത്തിനെന്തിനാ പൊട്ട്..! ആർക്കും തോന്നിപ്പോവും..

എന്റെ വീടും കഴിഞ്ഞു പിന്നെയും പോകണം അജിതയ്ക്ക്...
രാഷ്ട്രീയവും, സാംസ്ക്കാരികവും, സാമൂഹികപരവുമായ പല വിഷയങ്ങളും
അര, മുക്കാൽ മണിക്കൂറിനുളളിലെ ഞങ്ങളുടെ സംഭാഷണത്തിൽ വന്നുപെടും..
ഒച്ചയിൽ സംസാരിച്ച്, ഫലിതങ്ങൾ പറഞ്ഞ് ആർത്തുചിരിച്ച്
ദൂരം അറിയാതെ പിന്നിടും..
അത്യാവശ്യം വായനയുളള കൂട്ടത്തിലായിരുന്നു അജിത..

ഇടയ്ക്കു കൂറേനാൾ അജിതയുടെ പൊടിപോലും കാണാൻ കിട്ടിയില്ല...
ആരോടു  
ചോദിക്കാനാ അവളേപ്പറ്റി..?
മിക്ക ദിവസങ്ങളിലും ഞാൻ ഒറ്റയ്ക്കു നടന്നുപോരുമ്പോൾ
എതിരേ വരുന്നവരിൽ ചിലരു
ചോദിക്കും...
" ഇന്ന് കൂട്ടുകാരിയില്ലേ..?എവിടെപ്പോയി..?
നേരത്തെ പോയോ.?
വല്ലപ്പോഴും കൂട്ടു നടക്കാൻ കിട്ടുന്നവരിൽ
പലരും പറഞ്ഞിട്ടുണ്ട്,
"അജിത..
ആളത്ര.. ശരിയല്ലെന്ന്...,
ജീപ്പുഡ്രൈവർമാരോടൊക്കെ ഭയങ്കര കമ്പനിയാണെന്ന്... 
പലയിടത്തുവച്ചും, പലരുടെ കൂടെയും അവളെ സംശയാസ്പദമായി കാണാറുണ്ടെന്ന്..
എന്റെ കണ്ണിൽ ഞാനൊന്നും കണ്ടിട്ടില്ല.. 
അവരു പറയുന്നതൊക്കെ, അതുകൊണ്ടുതന്നെ 
ഞാനൊട്ടു വിശ്വസിച്ചുമില്ല..
ആർക്കും ആരേപ്പറ്റിയും എന്തുവേണമെങ്കിലും പറഞ്ഞുണ്ടാക്കാമല്ലോ..

      ഏക്കറു കണക്കിനു റബ്ബർതോട്ടങ്ങൾക്കു നടുവിലാണു പല വീടുകളും..... വിളിച്ചാൽ വിളി കേൾക്കാൻ പറ്റാത്ത ദൂരത്തിലാണ്  അയൽപക്കങ്ങൾ....

      അന്നും ഞാൻ ഒറ്റയ്ക്കായിരുന്നു.. 
ഓരോന്ന് ആലോചിച്ചുകൊണ്ടങ്ങനെ നടക്കവേ, ഇടതുവശത്തെ തോട്ടത്തിന്റെ നടുവിലുളള പഴയ ഓടിട്ട കെട്ടിടത്തിൽ നിന്ന് അജിതയേപ്പോലെ തോന്നിച്ച ഒരു പെൺകുട്ടി ഇറങ്ങി വരുന്നു....
ആ വീട്ടിൽ  തോട്ടം തൊഴിലാളികൾ, കുറച്ചു ചെറുപ്പക്കാരായ ആണുങ്ങളാണു  താമസിക്കുന്നതെന്നു തോന്നിയിട്ടുണ്ട്..
പെണ്ണുങ്ങളാരേലും, താഴെ റോഡിൽക്കൂടിപ്പോകുമ്പോൾ
ശ്രദ്ധ ക്ഷണിക്കാൻ
മുരടനക്കങ്ങളും, ഏമ്പക്കം വിടലുമൊക്കെ അവിടുന്നു പതിവാണ്....അറിയാതെപോലും അങ്ങോട്ടൊരു നോട്ടം പായിക്കാതിരിക്കാൻ ശ്രദ്ധിക്കും....

അത്  
അജിതതന്നെയായിരുന്നു ..
"ചേച്ചീ..."  
അവൾ അടുത്തു വന്നെന്റെ കയ്യുകൾ കവർന്നെടുത്തു..
തമ്മിൽ കണ്ട സന്തോഷം ആ കണ്ണകളിൽ തിളങ്ങുന്നുണ്ടായിരുന്നു..

"നീയിപ്പോൾ എവിടെയാ..? എന്തുചെയ്യുന്നു.?.
കുറച്ചായല്ലോ എങ്ങും കാണാതായിട്ട്.  ജോലിവല്ലതുമായോ.?."

"പ്ളസ്ടു പോലും കഴിയാത്ത 
എനിക്ക് എന്തു ജോലി കിട്ടാനാ ചേച്ചീ.."
"അച്ഛൻ മരിച്ചുപോയി....
കൻസറായിരുന്നുവെന്നറിഞ്ഞത് ഒത്തിരി വൈകിയാട്ടാ....ഒരുപാടു കിടന്നു നരകിക്കാതെ അങ്ങുപോയി...
അമ്മ മാത്രമല്ലേയുളളൂ...
എന്റെ പഠിത്തോം അതോടെ നിന്നു..."

"നീ മുകളീന്നിറങ്ങിവരുന്നതു കണ്ടല്ലോ ...
അവിടെയാരാ..നിന്റെ?"
അതൊക്കയൊരു 
കഥയാണു ചേച്ചീ...അതൊന്നും ഒറ്റയടിക്ക്  പറഞ്ഞാൽ  തീരത്തില്ല......ചേച്ചി കഥയൊക്കെ എഴുതുന്ന ആളല്ലേ.. ഉപകരിക്കും..."

"      ആ വീട്ടിൽ താമസമുണ്ടായിരുന്ന ഓരാളെ 
എനിക്കിഷ്ടമായിരുന്നു.. അച്ഛൻ മരിക്കുന്നതിനു
മുന്നേയുളള അടുപ്പം.. 
എന്നെ കല്യാണം
കഴിക്കാമെന്നൊക്കെ
വാക്കു പറഞ്ഞതാ....
അവനെന്നെ ചതിക്കുകയായിരുന്നു ചേച്ചി..
എന്നെ കെണിയിലാക്കുകയായിരുന്നുആദ്യം അവനും, പിന്നെ അവന്റെ  കൂട്ടുകാരും. അവരു വിളിച്ചുവരുത്തിയ  പിന്നെയും ആൾക്കാരും ..എന്നെ പലപ്പോഴായി ഇല്ലാണ്ടാക്കി ചേച്ചി..
രംഗങ്ങൾ  ഫോണിലും പകർത്തി..
അതു മറ്റുള്ളവരെ കാണിക്കും എന്നു ഭീഷണിപ്പെടുത്തി..വീണ്ടും വീണ്ടും....
അവിടെയായിരുന്നു
തുടക്കം....മൂക്കോളം മുങ്ങിക്കഴിഞ്ഞു....ഇനി ആഴമറിഞ്ഞിട്ടെന്തു കാര്യം..
ഇപ്പോൾ ഞാൻ മനസ്സോടെയാ ചേച്ചീ ഓരോരുത്തരുടേം  കൂടെ പോകുന്നത്..
ഏനിക്കും   ജീവിക്കണ്ടേ..
നല്ല വരുമാനമുളള തൊഴിലാണു ചേച്ചീ.."
വേദനയൂറുന്ന ചിരിയോടെ 
വെട്ടിത്തുറന്നുളള അവളുടെ പറച്ചിൽ...
.
അനക്കമറ്റതുപോലെ ഞാൻ  നിന്നുപോയി...
പത്രങ്ങളിലും മറ്റും വാർത്തയായി വരുന്ന പെൺവാണിഭങ്ങളുടേയും
പീഢനങ്ങളുടേയുമൊക്കെ കഥകൾ കേൾക്കുമ്പോൾ, 
അറിയുമ്പോൾ,...അതിവിടെയെങ്ങുമല്ലല്ലോ.....എന്ന് സമാധാനിക്കാൻ ശ്രമിക്കാറുണ്ട്...
പക്ഷേ കൺമുന്നിൽ
വാർത്തയാവാത്ത അനുഭവങ്ങളുടെ  നേർക്കാഴ്ച...!
അജിത, 
ജീവിക്കാൻ ഒരു മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു...

സന്ധ്യയുടെ ചുവപ്പുരാശി
പാറക്കൂട്ടങ്ങൾക്കപ്പുറമുളള
റബ്ബർ മരങ്ങൾക്കിടയിലൂടെ
റോഡിലേക്കിറങ്ങിവരുന്നുണ്ടായിരുന്നു...
അജിത, ഒരു ഭാരം ഇറക്കിവെച്ച  ആശ്വാസത്തോടെ ഒപ്പം നടന്നു....

ഒരു കാറ് സാവധാനം ഞങ്ങളെ ചേർന്നു ചേർന്നില്ലെന്ന മട്ടിൽ വേഗതകുറച്ചു കടന്നുപോയി..
അല്പസമയത്തിനിടെ അതു തിരികെവന്ന്  അടുത്തു നിർത്തി ഡോർ തുറന്നു..
"കയറ്..." 
അജിതയോട്
കാറിനുളളിൽ നിന്നും ഒരു ആജ്ഞാപനം.. 
പിന്നിലെ ഡോറു തുറന്ന് സീറ്
ഒരു മടിയുമില്ലാതെ അനുസരണയുളള കുട്ടിരേപ്പോൽ അവൾ കയറിയിരുന്നു....
.എന്നോടൊരു വാക്കുപോലും പറയാതെ...

കാറിനുളളിൽ ആണുങ്ങൾ മാത്രമേയുള്ളു...
അജിതയുടെ അവസ്ഥയേക്കുറിച്ചുളള
 ഏകദേശ ചിത്രം എനിക്കു വ്യക്തമായിക്കഴിഞ്ഞു..
പടുകുഴിയിൽ വീണു കഴിഞ്ഞ സ്ത്രീജന്മങ്ങൾ..
ഗതികേടുകളുടെ പര്യായങ്ങൾ.. ..
അവരിൽ ഒരിളായി അവളും..
നാളുകൾക്കുശേഷം അജിതയെ വീണ്ടും ഞാൻ  കാണ്ടു..  വളരെ 
യാദൃശ്ചികമായി..
മ്യൂസിയത്തിനുളളിൽ വച്ച്...

നാട്ടിൽ നിന്നുവന്ന കുട്ടിളടങ്ങുന്ന ബന്ധു സംഘത്തെ 
തിരുവനന്തപുരം ചറ്റിനടന്നുകാണിക്കാനിറങ്ങിയതായിരുന്നു....
PMG യിലുളള  പ്ളാനറ്റോറിയവും കണ്ട്
പ്രധാന ആകർഷണമായ മ്യുസിയത്തിലെത്തി.
ഉച്ചവെയിലിനു ചൂടുപിടിച്ചു തുടങ്ങുന്ന സമയം..
സന്ദർശകർ സാധാരണയായി കുറവുളള സമയമാണിത്.... 

സിമന്റ് ബഞ്ചിൽ  അജിത....!.
ഇവിടെയോ..?
അജിത തന്നെയോ....?
പെട്ടെന്നാരുടേയും നോട്ടം ചെന്നെത്താത്ത മൂലയ്ക്ക് മൂന്നാലു ചെറുപ്പക്കാരോടൊപ്പം..
അവൾ എന്നെ കണ്ടു....
ഒന്നു  ചിരിക്കാൻ തോന്നിയപോലെ..
"ഞാൻ അജിതയല്ല".
എന്ന് എന്നോടവൾ പറയുന്നതുപോലെ... അവളുടെ തോളത്ത് ചാഞ്ഞും, ..മുട്ടിയും ഉരുമ്മിയുമൊക്കെ മൂന്നു നാലു ചെറുപ്പക്കാർ..
ക്ഷേത്രങ്ങളിലെ
ചുമർചിത്രങ്ങളെ  ഓർമ്മിച്ചുപോയി......
സെക്യൂരിറ്റിയോ...പോലീസോ.ഇതൊന്നും കാണുന്നില്ലേ...
ഒപ്പമുളളവരുടെ ശ്രദ്ധ അങ്ങോട്ടു പാളിവീഴുംമുന്നേ
ധൃതിയിൽ അവിടുന്നു നടന്നു നീങ്ങുകയായിരുന്നു....
എന്റെ നാടിനുപോലും നാണക്കേടുണ്ടാക്കുന്നവൾ...
അന്നുമുഴുവനും എന്റെ മനസ്സ് 
അസ്വസ്ഥമായിരുന്നു..

അജിതയെ അവസാനമായി കണ്ടത് ഈ അടുത്ത സമയത്താണ്..

രാവിലെ ഞങ്ങൾ ക്ഷേത്രത്തിൽ പോയിട്ടു വരുമ്പോൾ,  അന്നൊരു വിശേഷദിവസമായിരുന്നെന്നു തോന്നുന്നു...
വിശേഷ ദിവസങ്ങളിൽ 
ചുറ്റുവട്ടത്തുളള എല്ലാ ക്ഷേത്രങ്ങളിലും ദർശനം നടത്തുക പതിവാണ്..
ഒരറ്റത്തു നിന്നു തുടങ്ങും..
പഴവങ്ങാടി ഗണപതി,  പദ്മനാഭസ്വാമിക്ഷേത്രം..
പിന്നെ ആറ്റുകാൽ...
അവിടുന്നു നേരെ...ഹനുമാൻ ക്ഷേത്രം..
ദർശനങ്ങൾ മുഴുവനാക്കിട്ട് ഏതെങ്കിലും ഹോട്ടലിൽ നിന്ന് കാപ്പികുടിയും കഴിഞ്ഞ് വീട്ടിലേക്ക്..അതാണു പതിവ്...
Hotel "വൃന്ദാവനം.."
മുകളിലത്തെ നിലകൾ ലോഡ്ജായി പ്രവർത്തിക്കുന്നു..
താഴെ വലിയ  ഹോട്ടലും.. 
ഞാൻ കാറിൽ നിന്നു  വെളിയിലിറങ്ങുന്നതും..
പടിയിറങ്ങിവരുന്ന അജിത  കൺമുമ്പിൽ പ്രത്യക്ഷപ്പെട്ടതും ഒരുമിച്ചായിരുന്നു..
ആകെ ക്ഷീണിച്ച് കോലംകെട്ടിരിക്കുന്ന രൂപം..
ഉറക്കമിളച്ച
കണ്ണുകളോടെ.. 
പാറിപ്പറന്ന മുടിയിഴകളോടെ...

"അജിത" 
അൽപ്പം ഉറക്കെയായിപ്പോയി... പറഞ്ഞത്....
ഭർത്താവും മക്കളും കേൾക്കാഞ്ഞതു നന്നായി...
ഒരേ നാട്ടുകാരിയാണെന്നോ, 
അറിയാവുന്ന ആളാണെന്നോ
അറിഞ്ഞാൽ നാണക്കേട്..
മക്കൾക്കു, കണ്ടാൽ മറിച്ചൊന്നും തോന്നാനുളള പ്രായമായില്ല..
 പക്ഷേ..ഭർത്താവ്.. 
ഒരു തെരുവുവേശ്യയുടെ എല്ലാ ലക്ഷണങ്ങളും അവളിലുണ്ടായിരുന്നു..

അജിതയുടെ കണ്ണുകൾ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്..
പക്ഷേ..  അറിയാത്ത ഭാവം...
മെയിൻ ഗേറ്റു കടന്ന്, ഒരു
ഓട്ടോറിക്ഷയ്ക്കു കൈകാണിച്ചു നിർത്തി, അതിൽ
കയറിപ്പോകുന്ന അജിത..

വർഷങ്ങളങ്ങനെ  കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.. 
അജിത ഇപ്പോഴും ജീവിതത്തിനു പിടികൊടുക്കാതെയുളള പാച്ചിലിലാവുമോ...
ആകെയുണ്ടായിരുന്ന അമ്മയും മരിച്ചുകാണും...
കുടുംബം, കുട്ടികൾ,...
ഏതൊരു പെണ്ണും 
ആഗ്രഹിക്കുന്നത്..
.അവൾക്ക് കിട്ടിയിട്ടുണ്ടാവുമോ..
ഒരു പുതിയ ജീവിതം...
എല്ലാം 
മറന്ന്, മായ്ച്ചുകളഞ്ഞ്, എല്ലാം അറിഞ്ഞുകൊണ്ട് ആരെങ്കിലും ഒരു ജീവിതം...
വച്ചുനീട്ടിയിട്ടുണ്ടാവുമോ?..
ഭർത്താവിനും കുട്ടികളോടുമൊപ്പം സന്തുഷ്ടമായി ജീവിക്കുന്ന അജിത അപ്രതീക്ഷിതമായി
ഒരു ദിവസം എന്റെ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക