Image

പ്രയാസങ്ങളുടെ കൊടുമുടികള്‍ കയറിയിറങ്ങി 6 വര്‍ഷത്തിനുശേഷം നസിബുദ്ദീന്‍ നാടണഞ്ഞു

Published on 21 October, 2020
പ്രയാസങ്ങളുടെ കൊടുമുടികള്‍ കയറിയിറങ്ങി 6 വര്‍ഷത്തിനുശേഷം നസിബുദ്ദീന്‍ നാടണഞ്ഞു

ജിദ്ദ: ആറുവര്‍ഷത്തിലേറെ നീണ്ട ദുരിത പര്‍വ്വതത്തിനു വിടനല്കി മലപ്പുറം പോത്തുകല്‍ സ്വദേശി നസീബുദ്ദീന്‍, ജിദ്ദ ഒ ഐ സി സി യുടെ സഹായത്തോടെ നാടണഞ്ഞു. 14 വര്‍ഷം മുന്‍പ് പ്രവാസ ജീവിതം ആരംഭിക്കുവാന്‍ ഹൗസ് ഡ്രൈവര്‍ വീസയില്‍ ജിദ്ദയില്‍ എത്തിയ നസീബുദ്ദീന്‍, പിന്നിട് പ്രയാസങ്ങളുടെ കൊടുമുടികളാണ് കയറിയത്. 2011 ല്‍ ആദ്യ വീസ ഒരു കമ്പനിയിലേയ്ക്ക് മാറ്റി, ജോലിക്കായി അവര്‍ ഒരു വാഹനം നല്കുകയും മൂന്നു വര്‍ഷത്തോളം അതില്‍ തുടരുവാനും സാധിച്ചു. എന്നാല്‍ ആ ടാക്‌സി കമ്പനി പല നിബന്ധനങ്ങള്‍ കൊണ്ടുവരുകയും പല രേഖകളില്‍ ഒപ്പിട്ടു കൊടുക്കേണ്ടിയും വന്നു. ഇതിനിടയില്‍ കമ്പനിക്ക് ലഭിച്ച എയര്‍പോര്‍ട്ട് ടാക്‌സി സര്‍വീസില്‍ ജോലി ചെയ്യുവാന്‍ ആവശ്യപെടുകയും, അത് പ്രതീക്ഷിച്ച പോലെ മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കാതെ വന്നു, അതിന്റെ പേരില്‍ കമ്പനി ഹുറാബാക്കുകയും ചെയ്തു. എന്നാല്‍ ലേബര്‍ കോടതിയില്‍ നിന്നും അനുകൂല വിധിയിലൂടെ ഹുറൂബ് നീക്കി താല്‍ക്കാലികമായി ജോലി ചെയ്യുന്നതിനുള്ള രേഖ ലഭ്യമാക്കി. ഈ സമയം ഉപയോഗിച്ചിരുന്ന കാര്‍ തിരിച്ചു വാങ്ങുകയും മുന്‍പ് നല്‍കിയ രേഖകള്‍ ഉപയോഗിച്ച് സാമ്പത്തിക തിരിമറികള്‍ കാണിച്ച് നസിബുദ്ദീനെതിരെ കേസ് കൊടുക്കുകയും യാത്രാ വിലക്ക് വരുത്തുകയും ചെയ്തു.

ഈ സമയത്താണ് ഒഐസിസി ജിദ്ദ - പോത്തുകല്‍ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞാലിയും ഉസ്മാനും വിഷയത്തില്‍ ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ നല്കിവരികയും, ജിദ്ദ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീറിനെ അറിയിക്കുകയും ചെയ്തത്. കോടതിയിലെ രണ്ടു വര്‍ഷത്തെ നീണ്ട വ്യവഹാരങ്ങള്‍ക്ക് ഒടുവില്‍ കണക്കുകള്‍ നോക്കി കമ്പനിയിലേക്ക് വാഹന സംബന്ധമായി യാതെന്നും കൊടുക്കുവാനില്ലെന്നും, അതെ സമയം അനുകുല്യങ്ങള്‍ക്ക് വേണ്ടി മറ്റൊരു കേസ് നല്‍കേണ്ടിവരുമെന്നും അല്ലാത്ത പക്ഷം എക്‌സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് അയക്കണമെനും വിധി കല്‍പ്പിച്ചു.

ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ കുടുംബത്തിനടുത്തേയ്ക്കു എങ്ങിനെങ്കിലും എത്തുക എന്ന ആഗ്രഹം കാരണം എല്ലാം ഉപേക്ഷിച്ചു പോകുവാന്‍ നസീബുദ്ദീന്‍ തീരുമാനിക്കുകയായിരുന്നു. ജിദ്ദയിലെ നിരവധി കോടതികളില്‍ പല തവണ കയറിയിറങ്ങിയാണ് മടക്ക യാത്രക്കുള്ള അവകാശം ലഭിച്ചത്. കലാവധി കഴിഞ്ഞ ഇക്കാമയായതിനാല്‍ എക്‌സിറ്റ് കിട്ടാന്‍ വലിയ പ്രതിബന്ധങ്ങള്‍ വീണ്ടും നേരിടേണ്ടിവന്നു. അതിനിടയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ശ്രമ ഫലമായി തറഹീല്‍ മുഖാന്തരം പോകുവാനും ശ്രമം നടത്തി. എന്നാല്‍ വിധിയുടെ നിയോഗം പോലെ, കോവിഡ് മഹാമാരിയിലെ പ്രതിസന്ധി മടക്ക യാത്രയ്ക്ക് തടസമായി. ഈ സമയങ്ങളില്‍ അതുവരെ ലഭിച്ചിരുന്ന ചെറു വരുമാനം പോലും നിലച്ചു, റീജണല്‍ കമ്മിറ്റി യുടെ ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കി സഹായിച്ചു.

മൂന്നു തവണ സുമൈഷിയിലെ തറഹീലില്‍ പോയിട്ടും കാര്യം നടന്നില്ല, പിന്നിട് ജവാസത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലം എക്‌സിറ്റ് ലഭ്യമായി. അങ്ങനെ ക്ഷമയുടെ ആള്‍ രൂപമായി പ്രതിസന്ധികളില്‍ തളരാതെ ആത്മ വിശ്വാസത്തോടെ മുന്നോട്ടു നീങ്ങിയ നസീബുദ്ദീന്‍, കഴിഞ്ഞ ദിവസമുള്ള കോഴിക്കോട് വിമാനത്തില്‍ ജിദ്ദ ഒ ഐ സി സി നല്‍കിയ ടിക്കറ്റില്‍ യാത്രയായി . ആറുമാസം പ്രായമായപ്പോള്‍ കണ്ണ് കുളിര്‍ക്കെ കാണുവാന്‍ പോലും സാധിക്കാതെ വാര്‍ഷിക അവധി പൂര്‍ത്തിയാക്കി തിരികെ പോയ പിതാവിനെ, ആറാം വയസിലാണ് മകന്‍ മുഹമ്മദ് ഷഹീന്‍ കാണുക. എന്നാല്‍ ആ കാഴ്ച പോലും വലിയ സ്‌നേഹ പ്രകടനത്തിന് കോവിഡ് കാലം അനുവദിക്കാത്ത ദുഃഖത്തിലാണ്, സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിലും നസീബുദ്ദീന്‍.

റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ നസീബിന് വിമാന യാത്ര ടിക്കറ്റ് കൈമാറുന്‌പോള്‍ സാക്കീര്‍ ഹുസൈന്‍ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂര്‍, അലി തേക്കുതോട്, നാസിമുദ്ദീന്‍ മണനാക്, മുജീബ് മൂത്തേടം, സമീര്‍ നദവി കുറ്റിച്ചല്‍, ടി.കെ. അഷറഫ്, ഉസ്മാന്‍ പോത്തുകല്‍ തുടങ്ങിയവരും സന്നിദ്ധരായിരുന്നു. പ്രവാസ ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളിലും, സഹപ്രവര്‍ത്തകരും നാട്ടുകാരുടെ കൂട്ടായ്മയും ഒ ഐ സി സി യും കാണിക്കുന്ന സ്‌നേഹത്തിന് വാക്കുകള്‍ കൊണ്ട് നന്ദി പറയാന്‍ കഴിയുകയില്ലെന്നും സന്തോഷത്തിന്റെയോ നിരാശയുടേതോ എന്ന അറിയാത്ത കണ്ണുനീര്‍ തുടച്ചു കൊണ്ട് നാസിബുദ്ദീന്‍ പറഞ്ഞു. 14 വര്‍ഷം മുന്‍പ് പ്രവാസ ജീവിതത്തിന്റെ ആരംഭത്തില്‍ സ്വപ്നം കണ്ടിരുന്ന വീടിനു തറയൊരുക്കുവാന്‍ മാത്രമാണ് സാധിച്ചത്, അത് എങ്ങിനെയെങ്കിലും പൂര്‍ത്തിയാക്കി വാടകവീട്ടില്‍ നിന്നും മാറണം. ഒപ്പം ഇവിടെ ചെറു ജോലിയുമായി കഴിയുന്ന സഹോദരന്റെ മകളുടെ വിവാഹം നടത്തണം ഇതെല്ലാം സര്‍വ്വശക്തന്‍ നടത്തിത്തരും എന്ന് തന്നെയാണ് വിശ്വാസമെന്നും തുടര്‍ന്ന് പറഞ്ഞു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക