Image

പെയ്തൊഴിയാതെ ( അംബിക ചന്തുവാരത്ത്)

Published on 22 October, 2020
പെയ്തൊഴിയാതെ ( അംബിക ചന്തുവാരത്ത്)
എനിക്കൊരു കൂട്ടുവേണം..,
കണ്ണടച്ചും വിശ്വസിക്കാവുന്ന,
ഏത് പാതിരാത്രിയിലും
കൂടെ പോകാവുന്ന ഒരു സുഹൃത്ത്.
പുഴയോരത്ത് ആ ചുമലിൽ
തല ചായ്ച്ച് മണിക്കൂറുകളോളം
മൗനമായ് ഇരിക്കണം.
ഇടക്ക് ഓരോ പൊട്ടിച്ചിരികൾ...,
ഇsക്ക് ഓരോ വിതുമ്പലും.
എല്ലാ സന്തോഷങ്ങളും
സങ്കടങ്ങളും പങ്കുവെയ്ക്കണം,
എന്നിട്ട് ഒരു അപ്പൂപ്പൻ താടിപോലെ
പറന്നു നടക്കണം.
കൊച്ചു കുട്ടികൾ കൈകോർത്തുപിടിച്ച്
വട്ടം ചുറ്റിക്കളിക്കുന്നതു പോലെ
വട്ടംചുറ്റണം.
ഒരു ചെറുതോണിയിൽ കയറി
ദൂരെ കായലിൽ ഏറെ ദൂരം
യാത്ര ചെയ്യണം.
കടൽത്തീരത്തിലൂടെ കൈകോർത്തു
പിടിച്ച് ശ്വാസം മുട്ടുന്ന വരേക്കും ഓടണം.
കടൽക്കരയിൽ മണ്ണു കൊണ്ടൊരു
കളിവീട് കെട്ടണം.
കൂടെ നീണ്ടൊരു യാത്ര പോകണം...,
തീവണ്ടിയിൽ.
തോളിൽ തലചായ്ച്ചിരുന്ന്,
കൈകൊണ്ട് മറുകയ്യിനെ ചേർത്ത് പിടിച്ച്,
ജനലിലൂടെ മരങ്ങളും,
മാളികകളും, വയലുകളും ഓടിയകലുന്നത്
നോക്കിയിരിക്കണം.
വാക്കുകൾക്കവിടെ പ്രസക്തിയില്ല...,
ഒരുവിശ്വാസം,
ഒരു സുരക്ഷിതത്വം മാത്രം..!
അങ്ങിനെ ഒരു നീണ്ട യാത്ര...!
യാത്രയുടെ അവസാനം ആ മടിയിൽ
തലവെച്ചു കിടന്ന് ഉറങ്ങണം....,
നീണ്ട ഉറക്കം.
മൃദുവായ കൈകൾ നെറ്റിയിൽ മെല്ലെ
തലോടിക്കൊണ്ടിരിക്കുമ്പോൾ
ഒരാത്മസംതൃപ്തിയിൽ
ഞാനില്ലാതാകണം...!
എല്ലാം മറന്നുള്ള ഉറക്കം...!
ഒരിക്കലും ഉണരാത്ത ഉറക്കം...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക