Image

പാമ്പും കോണിയും: നിർമ്മല - നോവൽ - 17

Published on 24 October, 2020
പാമ്പും കോണിയും: നിർമ്മല - നോവൽ - 17
അപ്പൻ മരിച്ചു കഴിഞ്ഞ് അമ്മച്ചി ചോദിച്ച ചോദ്യം ജോയിയുടെ ങ്കിൽ കിടന്നു പെടയ്ക്കുന്നുണ്ട്.
- കാശു വേണ്ടായോ ?
പിന്നെ ജോയി അമ്മച്ചിയോട് ആവശ്യങ്ങളൊന്നും പറഞ്ഞിട്ടില്ല.  കാശു വേണം. കാശു വേണം മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നതേയുള്ളൂ.
ഒരു മുണ്ട് ധാരാളം. രണ്ടു ഷർട്ട് അധികം. ഭക്ഷണം അത്യാവശ്യത്തിനു മാത്രം.
- ജിമ്മിയുടെ വിചാരം ഞാനൊരു പണക്കൊതിയനാന്നാ അമ്മച്ചീ.
ജോയി സങ്കടത്തോടെ പറഞ്ഞു.
- നമ്മളു കഷ്ടപ്പെട്ടതൊന്നും അവനോർക്കുന്നില്ല.
- അവൻ കഷ്ടപ്പെട്ടില്ലെടാ, നീയല്ലേ കഷ്ടപ്പെട്ടതു മുഴുവൻ.

കാനഡ മരത്തിൽ
ഡോളർ പറിക്കാൻ പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു.
              .....          ......


ജോയിക്ക് പന്ത്രണ്ടാമത്തെ വയസ്സിൽ തുടങ്ങിയ പെടപ്പാണു ചങ്കിൽ. എങ്ങനെ കുറെ കാശുണ്ടാക്കും ? അപ്പൻ മരിച്ചു കഴിഞ്ഞ് അമ്മച്ചി ചോദിച്ച ചോദ്യം ജോയിയുടെ   ങ്കിൽ കിടന്നു പെടയ്ക്കുന്നുണ്ട്.
- കാശു വേണ്ടായോ ?
പിന്നെ ജോയി അമ്മച്ചിയോട് ആവശ്യങ്ങളൊന്നും പറഞ്ഞിട്ടില്ല. കാശു വേണം. കാശു വേണം മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നതേയുള്ളൂ.
ഒരു മുണ്ട് ധാരാളം. രണ്ടു ഷർട്ട് അധികം. ഭക്ഷണം അത്യാവശ്യത്തിനു മാത്രം.
- ജിമ്മിയുടെ വിചാരം ഞാനൊരു പണക്കൊതിയനാന്നാ അമ്മച്ചീ.
ജോയി സങ്കടത്തോടെ പറഞ്ഞു.
- നമ്മളു കഷ്ടപ്പെട്ടതൊന്നും അവനോർക്കുന്നില്ല.
- അവൻ കഷ്ടപ്പെട്ടില്ലെടാ, നീയല്ലേ കഷ്ടപ്പെട്ടതു മുഴുവൻ.
അമ്മച്ചിയുടെ ഉത്തരം ജോയിയെ ആശ്വസിപ്പിച്ചു ശരിയാണ്. ജിമ്മി കോളജിൽ പഠിക്കുമ്പോൾ കൃത്യമായി പണം അയച്ചു കൊടുക്കുമാരുന്നു. കാനഡയിൽ വന്നു കഴിഞ്ഞ് അവന് ആവശ്യമുള്ളതിലധികം അയച്ചു കൊടുത്തു.
- ജോയിച്ചായന് ഇട്ടുമൂടാൻ കാശുണ്ട് എന്നാലും പിശുക്കു കളയില്ല. ഓരോരോ ശീലങ്ങൾ !
കെ - മാർട്ട് , ബൈ വേ , ബോണി മാർട്ട്, വൂൾ വർത്ത് - സാധനങ്ങൾക്കു വിലക്കുറവുള്ള കടകളിൽ മാത്രം ജോയി ഷോപ്പിങ്ങിനു പോയി. അവിടെ അവർ മറ്റു മലയാളികളെ കണ്ടു.. ഏതിനൊക്കെ സെയിലുണ്ടെന്ന് അവർ പരസ്പരം പറഞ്ഞു. റിഡക്ഷൻ സെയിലിലുള്ള സാധനങ്ങൾ മാത്രം വാങ്ങി.
- കടം , ഉയ്യോ കടം വാങ്ങിച്ചാ വീട്ടാൻ പറ്റിയില്ലേലെന്നാ ചെയ്യും ?
മോർട്ട് ഗേജ് എന്ന പുതിയ വാക്കിനു മുന്നിൽ മലയാളികൾ പകച്ചു നിന്നു.മേരിക്കൻ പോലീസ് വിലങ്ങ് വെക്കുന്നതും വീടു ജപ്തി ചെയ്യുന്നതും മനക്കണ്ണിൽ കണ്ട് അവർ നിർത്താതെ ജോലി ചെയ്തു. ഹീറ്റിങ് ബില്ല് കുറയ്ക്കാനായി വീടിനകത്തു ചൂട് കുറച്ചുവെച്ചു. ഉറങ്ങുമ്പോൾ അതിലും കുറച്ച്. തണുത്തുവിറച്ച് കടത്തിണ്ണയിൽ ഉറങ്ങുന്ന കേരളത്തിലെ പാവങ്ങളെപ്പോലെ രണ്ടു നില വീടിനുള്ളിൽ അവരുറങ്ങി. ഏറ്റവും വില കുറഞ്ഞ ഇറച്ചിയും പച്ചക്കറിയും തുണിത്തരങ്ങളും തിരഞ്ഞുപിടിച്ചു കണ്ടെത്തി.
കെ - മാർട്ടിൽ അഞ്ചു ഡോളറിനു ഷർട്ട് കിട്ടുമ്പോൾ എന്തിനാണു ബേ സ്‌റ്റോറിൽനിന്നും ഇരുപത്തിയഞ്ചു ഡോളറിനു ഷർട്ട് വാങ്ങുന്നത് ? ഭക്ഷണസാധനങ്ങൾക്കും സെയിൽ വരും. ചിക്കൻ സെയിലു വരുമ്പോൾ കൂമ്പാരം കൂട്ടി വാങ്ങണം. ഫ്രീസറിൽ വിലകൂടാതെ മരവിച്ചു കോഴിക്കാലുകൾ ഊഴം കാത്തിരുന്നു. 
വിളവെടുപ്പു സമയത്ത് ചാക്കിൽ ബീൻസും ഉള്ളിയും ഉരുളക്കിഴങ്ങും വാങ്ങി. ബീൻസ് അരിഞ്ഞ് ചെറുതായൊന്നു വേവിച്ച് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി ഫ്രീസറിൽ  നിറച്ചു. മെഴുക്കുപുരട്ടിക്കും തോരനുമുള്ളത്. ഉള്ളി ബെയ്സ്മെന്റിലെ തണുപ്പുറയിൽ കേടാകാതെ ഇരുന്നു. ഒരു പൗണ്ട് ഉള്ളിക്ക് വെറും പത്തു സെന്റ്. പത്ത് പൗണ്ട് ഉള്ളിയുടെ ഒരു ഡോളർ വിലയുള്ള ചാക്കുകൾ അവരുടെ ബെയ്സ്മെന്റിൽ നിറഞ്ഞു. ഒക്ടോബറിൽ വാങ്ങുന്ന ഉളളി കുറച്ചു ചീഞ്ഞു പോയി. കുറെ , മാർച്ചു മാസം ആയപ്പോഴേക്കും മുളച്ചു പോയി. എന്നാലും സാധാരണ വിലയേക്കാൾ ലാഭം.
ഏറ്റവും കുറഞ്ഞ വിലയിൽ ഉള്ളി വാങ്ങിയ മലയാളി കൂട്ടത്തിൽ സമർത്ഥനായി.
- ഉയ്യോ അറിഞ്ഞില്ലയോ, ഹോഗേഴ്സ് വില്ലിലെ ഫാമിൽ ബീൻസിന് എട്ടു സെന്റേ ഉള്ളാരുന്നു.
- ഞങ്ങളറിഞ്ഞില്ലല്ലോ.
പത്തു സെന്റിന് ബീൻസു വാങ്ങിയ ജോർജി വിഡ്ഢിയായിട്ടിരുന്നു. തിരികെ വീട്ടിലേക്കു ഡ്രൈവു ചെയ്യുമ്പോൾ ജോർജി ഷൈലയോടു പറഞ്ഞു.
- അവൻ അറിഞ്ഞോണ്ടു നമ്മളോടു പറയാഞ്ഞതാ! ഞാൻ രണ്ടു പ്രാവശ്യം പറഞ്ഞതാ നമ്മളു ബീൻസു മേടിക്കാൻ പോന്നെന്ന് .
- നിങ്ങളെന്നാത്തിനാ പറഞ്ഞതു പത്തു സെന്റിനാ വാങ്ങിച്ചതെന്ന് ? ആ അച്ചാമ്മ എട്ടു പ്രാവശ്യം അതു കുത്തിക്കുത്തി വിളിച്ചു പറഞ്ഞു.
ഷൈല ഭർത്താവിന്റെ പിടിച്ചുകേട് എടുത്തുകാട്ടി.
                                    തുടരും..
പാമ്പും കോണിയും: നിർമ്മല - നോവൽ - 17
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക