Image

സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)

Published on 25 October, 2020
സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)
സ്വർണം കണ്ടെത്താൻ വയനാടൻ മലകൾ ദീർഘനാൾ തുരന്നു നോക്കിയവരാണ് ബ്രിട്ടീഷ്കാർ. അവരുടെ പര്യവേക്ഷണ കാലത്ത് സ്വർണം ക്രയവിക്രയം ചെയ്യാൻ വയനാട്ടിലെ തരിയോട് ഇമ്പീരിയൽ ബാങ്കിന്റെ ശാഖയും തുറന്നു.

വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് സുഗന്ധ വ്യഞ്ജനങ്ങളും മംഗലാപുരം ലൈനിനു വേണ്ട റെയിൽവേ സ്ലീപ്പറുകളും എത്തിക്കാൻ അവർ താമരശ്ശേരി-ലക്കിടി ചുരം റോഡ് വീതികൂട്ടി വെട്ടിയുണ്ടാക്കിയതു നൂറ്റമ്പതു വർഷം മുമ്പ്.

ടിപ്പുവിനെ തോൽപ്പിച്ച് ശ്രീരംഗം ഉടമ്പടി ഉണ്ടാക്കിയതോടെയാണ് വയനാട് ബ്രിട്ടീഷ്കാർക്ക് സ്വന്തമായത്. അതോടെ വയനാട്ടിൽ അവരുടെ തേയില, കാപ്പി, ഏലം തോട്ടങ്ങൾക്കു തുടക്കമായി. ഉത്പന്നങ്ങൾ കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ ചുരം റോഡ് വെട്ടിത്തുറക്കണമെന്നു അവർ മദ്രാസ് ഗവർണർക്കു നിവേദനം നൽകി.
 
ബ്രിട്ടീഷ് സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗത്തിൽ പെട്ട കണ്ണൂരിലെ സാപ്പേഴ്‌സ് ആൻഡ് മൈനേഴ്സ് അരനൂറ്റാണ്ട് കൊണ്ടു പടിപടിയായാണ് കാളവണ്ടി പാത പൂർത്തിയാക്കിയത്. ക്യാപ്റ്റൻ റിച്ചാർഡ്സൺ ആദ്യകാലത്ത് നേതൃത്വം നൽകി. 1870ൽ മദ്രാസ് ഗവർണർ ഗ്രാൻഡെഫ് പാത ഉദ്ഘാടനം ചെയ്തു.

ലണ്ടനിൽ നിന്ന് ഇംഗ്ലീഷ് ചാനലിന്‌ അടിയിലൂടെ 38 കി.മീ. തുരങ്ക റെയിൽപാത നിർമ്മിച്ച് യൂറോസ്റ്റാർ ട്രെയിൻ ഓടിക്കുന്നവരാണ് ബ്രിട്ടിഷുകാർ. നോർവേയിലെ 24.5 കി.മീ. ലാർഡാൻ ടണൽ ആണ് ലോകത്തിലെ ഏറ്റവും നീണ്ട റോഡ് തുരങ്കം.  ഇന്ത്യയിലെ ഏറ്റവും നീണ്ട റോഡ് തുരങ്കം ഈയിടെ ഹിമാചലിലെ റോത്താങ്ങിൽ ഉദ്ഘാടനം ചെയ്ത 9.02  കിമീ. അതൽ തുരങ്കവും. 
  
താമരശ്ശേരി ചുരം തുറന്നു അരനൂറ്റാണ്ടിനു ശേഷം 1920കളിൽ ആരംഭിച്ച മലബാർ കുടിയേറ്റത്തിൽ ആയിരക്കണക്കിന് തിരുവിതാംകൂർക്കു വയനാട്ടിൽ എത്തിച്ചേരാൻ  ആ പാത അനിവാര്യമായിത്തീർന്നു എന്നത് ചരിത്ര സത്യം. വയനാട്ടിൽ പോയി പണം സമ്പാദിച്ചവരുടെ കഥകൾ തിരുവിതാംകൂറിൽ അങ്ങാടിപ്പാട്ടായി. 

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരങ്ങളിൽ കുടിയേറിയ കഷകർ തലയ്ക്കു മുകളിലുള്ള വയനാട്ടിലെ ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ താമരശ്ശേരിയിലെത്തി അടിവാരം ലക്കിടി വഴി ഒമ്പതു ഹെയർപിൻ വളവുകൾ ഉള്ള പതിമൂന്നു കി.മീ. ചുരം താണ്ടേണ്ടി വരുന്നു.

താഴ്‌വാരത്തുള്ള കൂടരഞ്ഞി സെന്റ് സെബാസ്ട്യൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ മാത്‍സ് അദ്ധ്യാപകനായ കെകെ ജെയിംസിനെ ലക്കിടിയിൽ നടന്ന "മഴനടത്ത"ത്തിനിടെ പരിചയപെട്ടപ്പോഴാണ് ഇതിന്റെ ഗൗരവം എനിക്ക് ബോദ്ധ്യമായത്. പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളെ ചുരം റോഡിലൂടെ കാൽനടയായി അടിവാരത്തെത്തിക്കുന്ന പരിപാടിയാണ് മഴനടത്തം. അതിന്റെ പതതാം വാർഷികത്തിൽ ഒപ്പം നടന്ന ആളാണ് ഞാൻ.

ചുരംവഴി നടന്നിറങ്ങുമ്പോൾ ഇടത്ത് നോക്കെത്താ ദൂരം പടർന്നു പന്തലിച്ചു കിടക്കുന്ന കുടിയേറ്റ മേഖലകൾ. കോടമഞ്ഞിനുള്ളിൽ തിരുവമ്പാടി, പുല്ലൂരാംപാറ, കൂടരഞ്ഞി, ആനക്കാംപൊയിൽ, കോടഞ്ചേരി, മുക്കം, ഓമശ്ശേരി എന്നിങ്ങനെ. ഇടയ്ക്കിടെ പള്ളികളുടെ മണിഗോപുരങ്ങൾ ഉയർന്നു കാണാം.

വയനാടൻ മലകളാണ് രണ്ടു ജനങ്ങളെയും വേർതിരിക്കുന്നത്. വനത്തിലെ നടപ്പാതയുടെ ഓരം പിടിച്ച് വഴി വെട്ടിത്തുറന്നാൽ ഒന്നര മണിക്കൂറിനു പകരം അരമണിക്കൂർ കൊണ്ട് മേപ്പാടിയിലോ കല്പറ്റയി അവിടെ നിന്ന് മാനന്തവാടിയിലോ സുൽത്താൻ ബത്തേരിയിലോ എത്തിച്ചേരാനാവും. മേപ്പാടിയിൽ നിന്നു വടുവഞ്ചാൽ വഴി നേരെ ഊട്ടിക്കും എളുപ്പം.   

നാൽപത്തഞ്ചു വർഷം മുമ്പ് 1975ൽ  താഴ്വാരത്തെ കുടിയേറ്റമേഖലകളിലെ പള്ളികളിൽ സേവനം ചെയ്ത പാലാക്കടുത്ത് കുറിഞ്ഞി സ്വദേശി  കുഞ്ഞാഗസ്തി അച്ചൻ അങ്ങിനെയൊരു നിർദേശം മുന്നോട്ടു വച്ചപ്പോൾ താഴ്‍വാരക്കാരുടെ സ്വപ്‌നങ്ങൾക്കു ചിറകു മുളച്ചു.
 
കുടിയേറ്റക്കാർക്കു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റത്തിന്റേതെന്നു ഇപ്പോൾ ആനക്കാംപൊയിൽ സെന്റ് മേരിസ് പള്ളി വികാരി മറ്റൊരു ആഗസ്തി --കൂടരഞ്ഞി സ്വദേശി ഫാ. അഗസ്റ്റിൻ ആലുങ്കൽ--പറഞ്ഞു. പുല്ലൂരാംപാറ നിന്ന് ആനക്കാംപൊയിൽ വരെ വഴിയുണ്ടാക്കിയതും കെഎസ്ആർടിസി സർവീസ് കൊണ്ടുവന്നതും അച്ചനാണ്. ആദ്യകാലത്ത് ബസ് ജീവനക്കാർക്ക് രാത്രി തങ്ങാൻ പള്ളിമേടയിൽ മുറി കൊടുത്തു..ഇന്ന് പാലാ, തലശ്ശേരി, കട്ടപ്പന മൂലമറ്റം എരുമേലി, ബത്തേരിക്കു നേരിട്ട് സർവീസ് ഉണ്ട്. 

ആനക്കാംപൊയിൽ വികാരി ആയിരിക്കുമ്പോൾ ഫാ. മണക്കാട്ടുമറ്റം ഈ വനങ്ങളിലൂടെ പലവുരു സഞ്ചരിച്ചു. പത്രങ്ങളിൽ റിപ്പോർട് കൊടുത്തു. അധികൃതർക്കു നിവേദനങ്ങളും നൽകി.
 
കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളജിൽ മൂന്നാം വർഷം പഠിച്ചിരുന്ന ആറു വിദ്യാർഥികൾ ഇത് ഏറ്റുപിടിച്ചു. നാട്ടുകാരനായ ടി കെ അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ അവർ രാവിലെ ഏഴരക്ക് പുല്ലൂരാംപാറയിൽ ബസ് ഇറങ്ങി ഫോർവീൽ ജീപ്പ് പിടിച്ച് അച്ചനെ കാണാനെത്തി. ആകെ കയ്യിലുണ്ടായിരുന്നതു കുറെ രൂപയും ഒരു ഡസൻ വാഴപ്പഴവും രണ്ടു കത്തിയും ഒരു അഗ്ഫാ ക്ലിക് ത്രീ കാമറയും.

അച്ചൻ അവരെ ഒമ്പതു മണിയോടെ യാത്രയാക്കി. ജോസഫ് കുളങ്ങര, മകൻ ജോർജ്, പൂളക്കുഴി ദിവാകരൻ എന്നിവരെ കൂട്ടിനു വിട്ടു.  മുത്തപ്പൻപുഴ, മറിപ്പുഴ, കുണ്ടൻതോട്, സ്വർഗംകുന്നു, ചൂരൽമല വഴി ആന കൂത്താടുന്ന  വനങ്ങൾ താണ്ടി തേയിലത്തോട്ടങ്ങൾ നിരന്ന കള്ളാടിയിലെത്താൻ ഒൻപതു മണിക്കൂർ എടുത്തു.

താഴവാരത്തെ ആലിംഗനം ചെയ്‌ത് മഴക്കാലത്ത് കരകവിഞ്ഞൊഴുകി കണ്ണീർക്കയങ്ങൾ സൃഷ്ടിക്കുന്ന ഇരവഞ്ഞിപ്പുഴയുടെ ഉൽഭവം ഈ മലകളിലാണ്. പുഴയുടെ കൈവഴികൾനീന്തികടന്നായിരുന്നു യാത്ര. മലഞ്ചെരിവുകളിൽ കാൽവഴുതി വീണു. ശരീരമാകെ ലീച്ചസ് (അട്ട) കടിച്ചു തൂങ്ങിയ ചോരപ്പാടുകൾ.

സ്വർഗം കുന്നിലെ പുല്ലുമേഞ്ഞ കുടിലിൽ ആദ്യകാല കുടിയേറ്റക്കാരൻ അപ്പച്ചൻ എന്ന തോമസ് ചെമ്പകശ്ശേരി അവർക്കു കപ്പയും മീനും കട്ടൻ കാപ്പിയും നൽകി. കള്ളാടിയിൽ ചോര വാർന്ന ശരീരവുമായി കണ്ട സംഘത്തെ നക്സലൈറ്റുകളെന്നു ധരിച്ചു പോലിസ് പിടികൂടി. കോളജ് ഐഡി കാർഡ് കാണിച്ച് രക്ഷപ്പെട്ടു.

സ്വന്തം വാഹനത്തിൽ ലിഫ്റ്റ് കൊടുത്തു ഭക്ഷണം വാങ്ങികൊടുത്ത ശേഷമാണ് പോലീസ് പോയത്. രാത്രി വൈത്തിരിക്കടുത്ത് ചുണ്ടേൽ ജംക്ഷണത്തിൽ  ഒരു ലോഡ്ജിൽ കിടന്നുറങ്ങി രാവിലെ ആനക്കാംപൊയിൽ വഴി മടങ്ങി. കാനനപാത സാധ്യമാണെന്ന് കാണിച്ച് വിദ്യാർതഥികളുടെ സാക്ഷ്യപത്രവും പത്രത്തിൽ വന്നു. "ചുരം കയറാതെ വയനാട്ടിൽ എത്താം" എന്ന ശീർഷകത്തിൽ 1975 സെപ്റ്റംബർ 15നു മനോരമയിൽ റിപ്പോർട് വന്നു. 
 
അന്നത്തെ പൊതുമരാമത്ത് മന്ത്രി കെ. പങ്കജാക്ഷൻ റിപ്പോർട്ട് തേടി. വനപാതക്കു ആറുലക്ഷം രൂപയുടെ ഭരണാനുമതിയും സർവേക്കായി 25,000 രൂപയും അനുവദിച്ചു. പണത്തിനു കാത്തു നിൽക്കാതെ നാട്ടുകാർ സംഘടിച്ച് ഒൻപതു ദിവസത്തെ സർവേ നടത്തി. പക്ഷെ പണം തീർന്നപ്പോൾ സർവ്വേനിലച്ചു. 

വയനാട് എംഎൽഎ പി. സിറിയക് ജോണും പിഡബ്ലിയു ഉദ്യോഗസ്ഥരും മേപ്പടിയിൽ നിന്ന് വനംവഴി ആനക്കാംപൊയിലിലേക്കു നടന്നിറങ്ങിയ സംഭവമാണ് അടുത്തത്. ഇസ്ഹാക്  കുരിക്കൾ എംഎൽഎ യുടെ നേതൃത്വത്തിൽ വനപാതക്കുവേണ്ടി വീണ്ടും ശ്രമം നടത്തി. തിരുവാമ്പാടിയിലെ ഫാ. ജേക്കബ് പുത്തൻപുര നയിച്ച റോഡ് കമ്മിറ്റിയും പ്രവർത്തിച്ചു. എല്ലാം വെറുതെ.

ഈ പാശ്ചാത്തലത്തിലാണ് അരനൂറ്റാണ്ടിന് ശേഷം പ്രകൃതിക്കു ഭംഗം വരാതെ 7.2 കി.മീ. തുരങ്കം ഉൾപ്പെടെ 9..2 കിമീ. നീളമുള്ള കോഴിക്കോട് വയനാട് തുരങ്ക പാതയുടെ നിർമ്മാണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.  "ഇത് കുടിയേറ്റജനതയുടെ ദീർഘകാലത്തെ സ്വപ്നസാക്ഷാത്കാരമാണ്," മുഖ്യമന്ത്രി പറഞ്ഞു. കൊങ്കൺ റെയിൽവേ കോർപറേഷൻ മൂന്നു വർഷം കൊണ്ട് സർവേയും നിർമ്മാണവും നടത്തും. 900 കോടി മതിപ്പു ചെലവ്. 

"പദ്ധതി നടപ്പായാൽ രണ്ടു ജില്ലകളിലും പന്തലിച്ചുകിടക്കുന്ന കുടിയേറ്റ കുടുംബങ്ങളെ കൂട്ടിയോജിപ്പിക്കുകയാവും ചെയ്യുക," താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടന യോഗത്തിൽ പറഞ്ഞു. ഫാ. മണക്കാട്ടുമറ്റത്തെപോലുള്ളവരുടെ ദീർഘവീക്ഷണത്തെ അദ്ദേഹം പ്രകീർത്തിച്ചു.

പദ്ധതി നടക്കുമോ എന്ന് ജനം സന്ദേഹിക്കുന്നതു അരനൂറ്റാണ്ട് നീണ്ട ചരിത്രം ഓർമ്മിക്കുന്നതു കൊണ്ടാണ്. മില്യൺ വർഷങ്ങളായി നിലകൊള്ളുന്ന പശ്ചിമ ഘട്ടത്തിലെ പക്ഷിലതാതികൾക്കു കോട്ടം തട്ടുമെന്നു എൻ ബാദുഷയും വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഭാരവാഹി അരുൾ ബാദുഷയും  പ്രസ്താവന ഇറക്കിക്കഴിഞ്ഞു. എന്നാൽ തിടുക്കം കൂട്ടി പ്രതികരിക്കാനില്ലെന്നാണ് 15 വർഷമായി വയനാട് ചുരത്തിൽ മഴനടത്തം സംഘടിപ്പിക്കുന്ന കേരള പ്രകൃതി സംരക്ഷണ  ഏകോപന സമിതി കോഓർഡിനേറ്റർ പ്രൊഫ. ശോഭീന്ദ്രൻ പറയുന്നത്.

"വനവും വനസംരക്ഷണവും മനുഷ്യരാശിയുടെ അതിജീവനത്തിനു വേണ്ടിയുള്ളതാണ്. തലമുറകളോളം അത് നിലനിക്കണം. വനപാലകർ വികസനത്തെ തുരങ്കം വെക്കുന്നവരാണെന്ന പ്രചാരണം ശരിയല്ല," കേരള വനം കുപ്പിന്റെ പരമാധികാരിയായി റിട്ടയർ ചെയ്ത കോഴിക്കോട്ടു ജനിച്ചു വളർന്ന ഗോപിനാഥ് വള്ളിൽ ഐഎഫ്എസ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഹെഡ് ഓഫ് ഫോറസ്ററ് ഫോഴ്സ് ആയിരുന്നു അദ്ദേഹം. 

വനയാത്ര ചെയ്ത 1975ലെ ആർഇസി സംഘത്തിൽ അംഗമായിരുന്നു ഗോപിനാഥ്. "അന്നത്തെ സാഹസ യാത്രയിൽ നിന്നാണോ സിവിൽ സർവീസ് പരീക്ഷ എഴുതാൻ പ്രചോദനം കിട്ടിയത്?"
 
"എന്നു പറഞ്ഞുകൂട.. ധാരാളംവായിക്കുമായിരുന്നു. ബിഭൂതിഭൂഷൺ ബന്ദോപാധ്യയുടെ നോവൽ 'ആരണ്യകം' വലിയ പ്രേരക ശക്തി ആയി. ഡെറാഡൂണിലെ വിശ്രുതമായ ഫോറസ്ററ് റിസേർച് ഇൻസ്റ്റിറ്റിയൂട്ടിൽ ആയിരുന്നു രണ്ടു വർഷത്തെ ട്രെയിനിങ്. മസൂറിയിൽ മൂന്ന് മാസം.  സർവീസിൽ ഇരിക്കെ ലോകത്തിന്റെ പല ഭാഗങ്ങളിലും പഠനപര്യടനങ്ങൾ നടത്തി. കിളിമഞ്ചാറോ കൊടുമുടിക്കു താഴെ മസായിമാര മേഖല വരെ.

"വനങ്ങളും വന്യജീവജാലങ്ങളും മനുഷ്യന്റെ നിലനിൽപ്പിനു അനിവാര്യമാണെന്നു എല്ലാ പഠന യാത്രകളും ബോധ്യപ്പെടുത്തി. വനത്തിലൂടെയോ വനത്തിനടിയിൽ തുരങ്കമുണ്ടാക്കിയോ സൃഷ്ട്ടിക്കുന്ന വഴികൾ വനസംരക്ഷണത്തിന്റെ പരിധിയിൽ വരുന്നതാണ്. വനം സംരക്ഷിച്ചുകൊണ്ടു വഴി എങ്ങനെ  നടപ്പാക്കാം എന്നതിനെക്കുറിച്ച് ചർച്ച നടത്തണം," ഗോപിനാഥ് പറഞ്ഞു.   

ആർഇസി യാത്രാസംഘത്തിലെ ആറുപേരിൽ ഒരാൾ ഒഴികെ അഞ്ചു പേരെയും കണ്ടെത്താൻ കഴിഞ്ഞതായി  ടീം  ലീഡർ ടികെ അബ്ദുൽ ലത്തീഫ് അറിയിച്ചു. കോഴിക്കോട്ടെ അറിയപ്പെടുന്ന ബിസിനസ്കാരനും കർഷകനുമാണ്. വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും മുകളിൽ ഹെഡ് ഓഫ് ഫോറെസ്റ് ഫോഴ്‌സ് പദവിയിൽ റിട്ടയർ ചെയ്തു ഗോപിനാഥ്. 

അശോക് കുമാർ സൈനിക സേവനത്തിൽ നിന്ന് വിടവാങ്ങി. കല്യാൺ റാം ലാഴ്സൺ ആൻഡ് ടൂബ്രോ അസിസ്റ്റന്റ് ജനറൽമാനേജർ ആയി. മോഹൻദാസ് ആണ് മറ്റൊരാൾ. ആറാമത്തെയാൾ ബാലകൃഷ്‌ണനെയാണ് കണ്ടുപിടിക്കാൻ കഴിയാത്തത്. ലത്തീഫിന്റെ പിതാവ് ടികെ പരീകുട്ടി ഹാജി അദ്ധ്യക്ഷനായിരുന്ന കേരള ഓർഫനേജു കൺട്രോൾ ബോർഡിന്റെ കീഴിലെ സ്ഥാപനങ്ങളിൽ തെരഞ്ഞു. 

വനത്തോടുള്ള അഭിനിവേശം കൊണ്ട് സ്വർഗം കുന്നിന്റെ താഴ്വരയിൽ അവിടവിടെയായി കുറെ ഭൂമി വാങ്ങി ലത്തീഫ്. മറിപ്പുഴയിലെ തണുത്തവെള്ളത്തിൽ മുങ്ങിക്കുളിച്ചാൽ അത് "സൽ സബീൽ" തന്നെ--സ്വർഗ്ഗത്തിലെ നീരുറവ. കൊച്ചുമക്കളോടൊത്ത് ഉറങ്ങാൻ അവിടെ ഒരു ഏറുമാടവും നിർമ്മിച്ചിട്ടുണ്ട്. പുഴക്ക് കുറുകെ നാട്ടുകാരോടൊത്തു ചേർന്ന് ഒരു തൂക്കുപാലവും.

എഴുത്തുകാരായ എംഎൻ കാരശേരിയും സലാം കാരശ്ശേരിയും ലത്തീഫിന്റെ അമ്മാവന്മാരാണ്. ഉമ്മ ഉണ്ണിപ്പാത്തുമ്മ വഴി.  ലത്തീഫും  കഥകളും ലേഖനങ്ങളും എഴുതും.  ആർഇസിയിൽ പഠിക്കുന്ന കാലത്ത് കഥയെഴുത്തിനു സമ്മാനം കിട്ടിയിട്ടുണ്ട്. കോളേജിന്റെ രാഗം എന്ന കലാസാംസ്കാരിക സമിതിയുടെ  മേളകളിലെ സ്ഥിരം സാന്നിധ്യമാണ്. കോളജിന്റെ ആർട്സ് സെക്രട്ടറി ആയിരുന്നു പിന്നീട്  പോലീസ് ഉരുട്ടിക്കൊന്ന രാജൻ.

ലത്തീഫ് നന്നായി എഴുതുന്ന ആളാണെന്നു പറഞ്ഞല്ലോ. 113ആം വയസിൽ അന്തരിച്ച വല്യാപ്പ (ഗ്രാൻപാ)  കൊടുവള്ളി ടികെ അമ്മദ്‌കുട്ടി ഹാജിയെക്കുറിച്ച് പുസ്തകം എഴുതുന്നു. ബ്രിട്ടിഷ് കാലത്ത് വയനാട്ടിൽ 6000 ഏക്കർ ഭൂമിയുണ്ടായിരുന്ന ആളാണ്. കോളനിക്കാലത്തെ സ്വർണ്ണഖനനം സംബന്ധ്ധിച്ചു മറ്റൊരു പുസ്തകവും പണിപ്പുരയിലാണ്. കോഴിക്കോട് നഗരഹൃദയത്തിലുള്ള വീടിനോടു ചേർന്നു സുബൈദ നടത്തുന്ന ആടുവളർത്തൽ പ്രശസ്തമാണ്. 
 
അന്ന് വയനാട്ടിലും കള്ളാടികാട്ടിലും ഒക്കെ സ്വർണ ഖനനം നടത്തിയിരുന്നു. അതിനു  വേണ്ടി ഭൂ ഗർഭത്തിൽ നിക്ഷേപിച്ച മൈനുകളാകാം പേമാരിക്കാലത്തെ മേഘവിസ്പോടനത്തിനു കാരണമെന്ന്  ലത്തീഫ് കരുതുന്നു. ശാസ്ത്രീയമായി പരിശോധിക്കപ്പെടണം.

തുരങ്കപ്പാത അന്വേഷിച്ച് എത്തുമ്പോൾ മറക്കാനാവാത്ത ചില കഥാപാത്രങ്ങളെ കണ്ടു മുട്ടും. ഒരാൾ ആർഇസി ടീമിൽ കൂടെപ്പോയ ജോർജ് കുളങ്ങര. പിതാവ് ജോസഫും അക്കൂടെ ഉണ്ടായിരുന്നു. അദ്ദേഹം അന്തരിച്ചു. വിശ്രുത പക്ഷി ഗവേഷകരായ സലിം അലി, കെകെ നീലകണ്ഠൻ എന്ന ഇന്ദുചൂഡൻ, ആർഇസി പ്രഫസറും പരിതസ്ഥിതി പ്രവർത്തകനുമായ ഡോ. എ  അച്യുതൻ തുടങ്ങിയവരെ കൊടുങ്കാടിനുള്ളിലെ വെള്ളരിമല വെള്ളച്ചാട്ടം കാട്ടാൻ വഴി കാണിച്ച ആളാണ്.

ജോർജ് ഫോറസ്റ്ററായി 33 വർഷം സേവനം ചെയ്തു. ചെറുപ്പം  മുതലേ പരിസ്ഥിതി സംരക്ഷണം തലയിലേറ്റി നടക്കുന്നു. വനപാത സംബന്ധിച്ച്‌ തിരുവമ്പാടി എംഎൽഎ ജോർജ് തോമസ് വിളിച്ച പല ആലോചനാ യോഗങ്ങളിലും പങ്കെടുത്തു.  ഇരവഞ്ഞിപ്പുഴ സംരക്ഷണസമിതി ഭാരവാഹിയാണ്.   ഇരവഞ്ഞിപ്പുഴയിൽ നിർമാണം നടന്നു വരുന്ന മിനി ഹൈഡൽ പ്രോജക്ടിന് വേണ്ടി തുടക്കം മുതലേ പ്രവർത്തിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്ട്യൻസ് എച്എസ്എസ് മുൻ അധ്യാപികഎൽസിയുമൊത്ത് കൂടരഞ്ഞിയിൽ താമസം.

പുല്ലൂരാംപാറയിൽ താമസിക്കുന്ന സാജു പൊട്ടനാനി അദ്ധ്വാനിയായ ഒരു കർഷകനാണ്. ഇരുപത്തഞ്ചു വർഷം മുമ്പ് ഇരുപതാം വയസിൽ പിതാവുമൊത്ത് തൊടുപുഴ ഏഴന്നൂരിൽ നിന്നെത്തി സ്വർഗംകുന്നിന്റെ താഴ്വാരത്ത് ഒരുലക്ഷത്തിനു പത്തേക്കർ സ്ഥലം വാങ്ങി. നാലായിരം കവുങ്ങു വച്ചു പക്ഷെ മഹാളിരോഗം പിടിച്ചു നശിച്ചു. പിന്നീട് ഏത്തവാഴ വച്ചു, മുരിക്കുപിടിപ്പിച്ച് കൊടിയിട്ടു. 

രാവിലെ പശുക്കറവ കഴിഞ്ഞു സ്‌കൂട്ടിയിൽ എട്ടു കി.മീ. അകലെയുള്ള തോട്ടത്തിലേക്ക് പോകും. മുത്തപ്പൻ പുഴയിൽ വണ്ടി വച്ചിട്ടു തൂക്കുപാലം കടന്നു നടക്കും. അരമണിക്കൂർ നടക്കാനുണ്ട്. പണിക്കാരിൽ ഒരാൾ മലമുത്തപ്പൻ എന്ന ആദിവാസി വിഭാഗത്തിൽ പെട്ടയാളാണ്. ഒരാൾക്കു 900 രൂപ കൂലി. ഭക്ഷണം പുറമെ. വെള്ളത്തിനുപഞ്ഞമില്ല. മലയിൽ നിന്ന് ഹോസ് ഇട്ടു എടുക്കും. തോട്ടത്തോട്ടിൽ ഓടിട്ട  വീടു വച്ച് അവിടെയായിരുന്നു ആദ്യകാലത്ത് താമസം. 

ആനശല്യം മൂത്തപ്പോൾ അവിടം വിട്ടു പുല്ലൂരാംപാറയിൽ വീടോടു കൂടി സ്ഥലം വാങ്ങി. തൊടുപുഴ കൊടുവേലി കുന്നുംപുറത്ത് റെജിയാണ് ഭാര്യ. കറവയുള്ള രണ്ടു എച്എഫ്, എലൈറ് പശുക്കൾ ഉണ്ട്. ശരാശരി 30 ലിറ്റർ പാൽ കിട്ടും. മക്കൾ രണ്ടും മംഗലാപുരത്ത് പഠിക്കുന്നു. ജോസ്‌കുട്ടി ഹോട്ടൽ മാനേജ്‌മെന്റിനും ആൻ മരിയ നഴ്‌സിംഗിനും.

നാൽപത്തഞ്ചു വർഷം മുമ്പ് ലത്തീഫിനും കൂട്ടുകാർക്കും വനത്തോട് ചേർന്ന സ്വർഗംകുന്നിൽ കപ്പയും മീനും കട്ടനും നൽകിയ അപ്പച്ചൻ എന്ന തോമസ് ചെമ്പകശ്ശേരി (പാലാക്കടുത്ത് ചെങ്ങളം) ഇപ്പോൾ കുന്നിറങ്ങി മുത്തപ്പൻപുഴയിൽ താമസിക്കുന്നു. ഒപ്പമുണ്ടായിരുന്ന കൃഷിക്കാരെല്ലാം ഒഴിഞ്ഞു പോയി. അവരുടെ കുടിലുകൾ ആനചവിട്ടി നിരപ്പാക്കി. സ്വർഗം കുന്നിൽ ഇനി രണ്ടുമൂന്നേക്കർ ബാക്കിയുണ്ട്. ഒരേക്കറിനെ പട്ടയം ഉള്ളു. 

അപ്പച്ചനു 84 വയസായി. ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ഭാര്യ മേരിക്ക് 82. 1500 രൂപ വീതമുള്ള വാർധക്യ പെൻഷനാണ് ആശ്രയം. കൂടെയുള്ള ഇളയമകൻ ആന്റോച്ചനു കോഴിക്കോട്ടുകാരൻ ഒരു ഡോക്ടറുടെ റിസോർട്ടിൽ ജോലിയുണ്ട്. തുരങ്ക പാതയെപ്പറ്റി കേട്ട പാതി റിസോർട്ടും ഒന്നര ഏക്കർ സ്ഥലവും വിൽപനക്ക് വച്ചിരിക്കുന്നു. കോടികളാണത്രെ ചോദിക്കുന്നത്. 

കോഴിക്കോടിൻറെ ഹൈറേഞ്ചിൽ 1940 ആദ്യം കുടിയേറ്റം തുടങ്ങിയ പ്രദേശമാണ് കോടഞ്ചേരി. "ഇവിടെ ലോകം അവസാനിക്കുന്നു. അതുകഴിഞ്ഞാൽ വനമാണ്," എന്നാണ് 1940ൽ പണിത സെന്റ് മേരിസ് ഫോറേനേ പള്ളിയുടെ  വികാരി ഫാ. തോമസ് നാഗപറമ്പിൽ  പറയുന്നത്. 1945ൽ പള്ളിക്കായി പണിത ഓലഷെഡിൽ ആരംഭിച്ച ഒറ്റയാൾ വിദ്യാലയം ഇന്ന് സെന്റ് ജോസഫ്സ്  ഹയർ സെക്കണ്ടറി സ്‌കൂൾ ആണ്. രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ. 75 അദ്ധ്യാപകർ.

കോട്ടയം ജില്ലയിൽ തോട്ടക്കാട് ജനിച്ച ഫാ. നാഗപറമ്പിൽ. താമരശ്ശേരി രൂപതയിൽ സെമിനാരി റെക്ടർ, വികാരി ജനറൽ, കത്തീഡ്രൽ വികാരി തുടങ്ങിയ നിലകളിൽ സേവനം ചെയ്തു. 37 വർഷം  മുമ്പ് അസിസ്റ്റന്റ് വികാരിയായി ആദ്യ നിയമനം കിട്ടുന്നതും കോടഞ്ചേരിയിലാണ്.

കോടഞ്ചേരിയിൽ നിന്ന് പത്തു കി.മീ ദൂരമേയുള്ളൂ കോഴിക്കോട്ടു ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമുള്ള ജീരകപ്പാറക്ക്. കോഴിക്കോട് കളക്ടർ ആയിരുന്ന കെ. ജയകുമാർ ജീരകപ്പാറക്കു പുതിയ പേരു നൽകി--തുഷാരഗിരി. ഇന്ന് വനം വകുപ്പിന് കീഴിലുള്ള എക്കോടൂറിസം കേന്ദ്രമാണ്.

തുഷാരഗിരിയിൽ ചാലിപ്പുഴക്കു മലയിടുക്കിനു മുകളിൽ മനോഹരമായ ഒരു ആർച് പാലവും അടുത്തകാലത്തു പണിതീർന്നിട്ടുണ്ട്. അത് കടന്നാൽ വയനാട് ചുരം പാതയുടെ ഒന്നും രണ്ടും വളവിനു നടുവിൽ ചെന്ന് കയറാമെന്നു കോടഞ്ചേരിയിലെ പത്രപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ബെനിറ്റോ ചാക്കോ പറയുന്നു.

വനത്തിലൂടെ മേപ്പാടിക്കും വെള്ളരിമലക്കും സാഹസികയാത്രികരെ പലവുരു ട്രെക്കിങ്ങിനു കൊണ്ടുപോയി. തുഷാരഗിരി ആസ്ഥാനമാക്കി ചാലിപ്പുഴയിലും ഇരവഞ്ഞിപ്പുഴയിലും വൈറ്റ് വാട്ടർ കയാക്കിങിന് നേതൃത്വം നൽകുന്നു. ഏഴുവർഷമായി നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ സംഘാടനത്തിലും പങ്കുണ്ട്. എപ്പോഴും കാനൻ ഇഒഎസ് റിബൽ ടി5 കാമറയും ലെൻസുകളും കൂടെയുണ്ടാവും.

മെയിൻസ്ട്രീം പത്രപ്രവർത്തകൺ പി ദാമോദരനും പലവുരു ഈ മലകളിൽ കയറി ഇറങ്ങിയിട്ടുണ്ട്. മനോരമയിൽ അമ്പത് വർഷത്തെ സേവന ചരിത്രം. മേപ്പാടി വനപാതയെ ക്കുറിച്ച് ആധികാരിക ലേഖനങ്ങൾ എഴുതിയ ദാമോദരനോടൊപ്പം പ്രശസ്തരായ മാത്യു മണിമലയും ഫോട്ടോഗ്രാഫർമാർ എൽ ശങ്കറും കെ. അരവിന്ദാക്ഷനും ഉണ്ടായിരുന്നു. കാലുതെറ്റി വീണെങ്കിലും രക്ഷപെട്ട ഒരു ഗർത്തത്തിന് ദാമോദരൻ കൊല്ലി  എന്നു ആരോ പേരിട്ടത്രേ. അത് ഇരിപ്പതായി.

കുടിയേറ്റ മേഖലയിലെ ആദ്യവിദ്യാലയം കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ ആണ്. 1945ൽ പള്ളിമുറിയിൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി. . ഇന്ന് രണ്ടായിരം കുട്ടികൾ 75 അധ്യാപകർ. സ്‌കൂൾ നടത്തുന്ന സെന്റ് മേരിസ് ഫൊറെനേ പള്ളി വികാരി ഫാ. തോമസ് നാഗപറമ്പിൽ ആണ് മാനേജർ. ഷിവിച്ചൻ മാത്യു  പ്രിൻസിപ്പൽ. മുക്കാൽ നൂറ്റാണ്ടിനുള്ളിൽ ആദ്യം പ്രിൻസിപ്പൽ ആയ വനിത പിസി സാലിയും തുടർന്നു വന്ന സിസിലി പോളും ജോയിസ് ജോസഫും റിട്ടയർ ചെയ്തു.
 
രണ്ടു മെത്രാമാരെ സൃഷ്ടിച്ച ഇടവകയും സ്‌കൂളുമാണ്. ഒരേവീട്ടിലെ മൂന്നു തലമുറകൾ സേവനം ചെയ്ത ചരിത്രവുമുണ്ട്. മാർ ജോർജ് വലിയമറ്റവും മാർ ജോസഫ് കുന്നത്തുമാണ് മെത്രാന്മാർ. എസ്എസ്എൽസി രണ്ടാം ബാച്ചിൽ കുന്നത്ത് പിതാവിനോടൊപ്പം പഠിച്ച തെങ്ങുംതോട്ടത്തിൽ ടിഡി ദേവസ്യ സ്‌കൂളിൽ സേവനം ചെയ്തു. മകൻ ടിഡി ജോൺസൺ ഇപ്പോൾ സ്റ്റാഫിലുണ്ട്. ജോൺസന്റെ മകൾ സ്റ്റെനി ജോൺസൻ അദ്ധ്യാപികയും. അദ്ധ്യാപകൻ ആയിരമ്മല സെബിൻ ഫ്രാൻസിസുമായുള്ള സ്റ്റെനിയുടെ വിവാഹം തിങ്കളാഴ്ച്ച ഘോഷിക്കും. ഗ്രാൻപാ ദേവസ്യയുടെ 89ആം പിറന്നാൾ 30നും.

കോടഞ്ചേരിയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സഥാപനം നാലപ്പതു വർഷം മുമ്പ് തുടങ്ങിയ ഗവ. കോളേജ് ആണ്. തെങ്ങും തോട്ടത്തിൽ ദേവസ്യയുടെ മകൻ ടിടി മാർട്ടിൻ അവിടെ ഫിസിക്കൽ എഡ്യൂക്കേഷൻ പ്രൊഫസർ ആണ്. .   
സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)സ്വർണത്തിനു വേണ്ടി ഖനനം, ഒന്നര നൂറ്റാണ്ടിനു ശേഷം മനുഷ്യർക്കായി തുരങ്കം (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക