Image

ഖത്തറില്‍ യെമന്‍ സ്വദേശിയുടെ കൊലപാതകം: നാല് മലയാളികള്‍ക്ക് വധശിക്ഷ

Published on 29 October, 2020
ഖത്തറില്‍ യെമന്‍ സ്വദേശിയുടെ കൊലപാതകം: നാല് മലയാളികള്‍ക്ക് വധശിക്ഷ
ദോഹ: സ്വര്‍ണവും പണവും കവര്‍ച്ച നടത്താനായി വ്യാപാരിയായ യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികള്‍ക്കാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി അഷ്ഫീര്‍ കെ, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയില്‍, നാലാം പ്രതി ടി. ശമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതിപട്ടികയിലുള്ള 27 പ്രതികളും മലയാളികളാണ്. 

കേസില്‍ നാല് പേര്‍ക്ക് വധശിക്ഷയും മറ്റ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം, രണ്ടു വര്‍ഷം, ആറ് മാസം എന്നിങ്ങനെ തടവുശിക്ഷയുമാണ് വിധിച്ചത്. ഏതാനും പ്രതികളെ വെറുതെവിടുകയും ചെയ്തു. 27 പേരില്‍ പ്രധാന പ്രതികളായ മൂന്നു പേര്‍ നേരത്തെ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കേസില്‍ ബുധനാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്. വിധി പ്രഖ്യാപനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 

2019 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുര്‍റയിലെ ഫ്‌ളാറ്റിലാണ് കൊലപാതകം നടന്നത്. ദോഹയില്‍ വിവിധയിടങ്ങളില്‍ ജ്വല്ലറികള്‍ നടത്തിയിരുന്ന ആളായിരുന്നു യെമന്‍ സ്വദേശി. കവര്‍ച്ചക്ക് ശേഷം പണം വിവിധ മാര്‍ഗങ്ങളിലൂടെ പ്രതികള്‍ സ്വദേശത്തേക്ക് അയക്കുകയും ചെയ്തു. 

ചില പ്രതികള്‍ ഖത്തറില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവര്‍ ഒരു വര്‍ഷത്തിലേറെയായി ഖത്തര്‍ ജയിലിലാണ്. നിരവധി മലയാളികള്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ചിലര്‍ക്ക് സൗജന്യ നിയമസഹായം നല്‍കിയത് സാമൂഹ്യ പ്രവര്‍ത്തകനും നിയമജ്ഞനുമായ അഡ്വ. നിസാര്‍ കോച്ചേരി ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക