Image

നൂറ (ചെറുകഥ: ഷാഹിന ഫൈസല്‍)

ഷാഹിന ഫൈസല്‍ Published on 29 October, 2020
നൂറ (ചെറുകഥ: ഷാഹിന ഫൈസല്‍)
ഈ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പഴാണ് അഷ്‌റഫിന്റെ വിളി...

ടാ... നാസറേ.... നീ വെറുതെയിരിക്കല്ലേ...

ന്റെ കൂടെ ഈ ഫുഡ് ഒന്ന് കൊണ്ടു കൊടുക്കാന്‍ പോര്....

അവന്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി ഓടി നടക്കാ...
എങ്ങോട്ടാ ടാ... ഭക്ഷണം...?

മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാ...
കടയൊക്കെ അടഞ്ഞുകിടക്കല്ലേ ...
ഇപ്പോ ഇത് അവര്‍ക്ക് വല്യ സഹായാവും...

ങ്ഹാ... ഞാനും വരാം...

അവനൊപ്പം കാറില്‍ ഇരിക്കുമ്പോ സംസാരിച്ചതത്രയും കൊറോണയെ കുറിച്ചും അതു നമുക്കു ചുറ്റിലും ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുമായിരുന്നു...

ഞങ്ങള്‍ മാത്രമല്ല... പരിചയക്കാരായ മറ്റു ചിലരും ഉണ്ട് മറ്റു വാഹനങ്ങളില്‍ ഭക്ഷണപ്പൊതികളുമായി.

നീയും കുടുംബവും ഏതായാലും ലോക്ക്ഡൗണിന് മുമ്പേ നാട്ടിലെത്തിയത് നന്നായി ...

അവന്‍ ഭക്ഷണം വണ്ടിയില്‍ നിന്നും ഇറക്കുമ്പോള്‍ അതും പറഞ്ഞ് നെടുവീര്‍പ്പിട്ടു..


ഹും... അതും ശരിയാ... ഫെബ്രുവരിയിലാ... ഞാനും ഭാര്യയും മോളും നാട്ടിലെത്തിയത്...

എനിക്ക് തിരികേ പോകാന്‍ സമയമായപ്പോ ലോക്ക് ഡൗണും ആയി.

ഇടക്കിടെ അഷ്‌റഫിനൊപ്പം പുറത്തു പോവുന്നതൊഴിച്ചാല്‍ വീട്ടില്‍ തന്നെയിരിക്കലാണ് ... 

പണ്ടേ... അങ്ങനെ തന്നെയാണ്.

ഇതിപ്പോ... വീട്ടില് ഇരുന്നു വല്ലാതെ മടുത്തിരുന്നു...

ഭാര്യയോട് പറഞ്ഞപ്പോ തന്നെ അവള്‍  വാണിംങ് പോലെ പറഞ്ഞതാണ്

മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കാനും.... സ്വയം സൂക്ഷിക്കാനും... അകലം പാലിക്കാനുമൊക്കെ...


അതുപോലെ തന്നെ എല്ലാരും അകലം പാലിച്ചു കൊണ്ട് ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയപ്പഴാണ്...

ഒരു പോലീസുകാരന്‍ വിളിച്ചു പറഞ്ഞത്...

നിങ്ങള് ആ ക്യാന്‍സര്‍ വാര്‍ഡിന്റെ മുമ്പില് കൊടുത്തോളൂ....

ഞാന്‍ അവിടേക്ക് നടന്നു.
അഷ്‌റു കാര്‍ അങ്ങോട്ടേക്ക് നീക്കിയിട്ടു.

ഞാനും അഷ്‌റുവും കൊടുത്തു കൊണ്ടിരിക്കുമ്പഴാണ് ഡോ.ഖൈസ് അവിടേക്ക് വന്നത്.

അഷ്‌റുന്റെ അനന്തിരവനാണവന്‍...

ഹാ... മാമാ... ഇന്നും ഉണ്ടല്ലേ..?

ഇതങ്ങനെ നിര്‍ത്താന്‍ പറ്റില്ലല്ലോടാ...


എന്നാ നിങ്ങള് വാ... അകത്ത് കിടപ്പു രോഗികളുണ്ട്. അവര്‍ക്ക്  ഭക്ഷണം കിട്ടിക്കാണില്ല...

കൈയ്യില്‍ ധരിക്കാന്‍ ഗൗസും മുഖത്തിടാന്‍ പുതിയ മാസ്‌കും നീട്ടി.

പഴയത് പ്രത്യേകം തയാറാക്കിയ ബിന്നില്‍ നിക്ഷേപിച്ച് സാനിറ്റൈസറും ഉപയോഗിച്ച ശേഷം ഭക്ഷണ കിറ്റുമായി ഞങ്ങള്‍ അകത്തു കയറി.

ഹാളില് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കുറേയാളുകള്‍ നില്‍ക്കുന്നുണ്ട്...

അവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ലാത്രേ...

അവര്‍ക്ക് അകലം പാലിച്ച് തന്നെ കൊടുത്തു കൊണ്ടിരിക്കുമ്പഴാണ്  ആ കരിവള കൈകള്‍ എന്റെ മുമ്പിലേക്ക് നീണ്ടത്...

ആ കൈകളിലേക്ക് ഭക്ഷണം വെച്ചു കൊടുക്കുമ്പോ... എന്തോ ഒരു ഉള്‍പ്രേരണയാല്‍ ആ മുഖത്തേക്ക് ഒന്നു നോക്കി...

മുഖം മാസ്‌കിനാല്‍ മറച്ചുവെങ്കിലും ആ കണ്ണുകള്‍...

ആ കണ്ണുകള്‍ എവിടെയോ ...കണ്ടു മറന്ന പോലെ....

കരിവള കൈകള്‍ എന്റെ കണ്ണില്‍ തെളിഞ്ഞതും...

ആ നാമം എന്റെ വായില്‍ നിന്നും വീണു...

നൂറ....! നൂര്‍ജഹാന്‍...

അവള്‍ പോകുന്ന വഴിയേ മിഴി ഓടിച്ചതും... വായില്‍ നിന്നും  പേര് പുറത്തേക്ക് വന്നില്ല...

 വേഗം എടുത്തു കൊടുക്കെടാ...

അപ്പുറത്ത് നിന്നും അഷ്‌റു വിളിച്ചു പറയുന്നുണ്ട്

അത് നൂറ തന്നെയാണ്... ഒരിക്കല്‍ എന്റെ എല്ലാമായിരുന്നവള്‍...
എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവള്‍

ഹൃദയം എന്തിനെന്നില്ലാതെ വിങ്ങുന്നുണ്ടായിരുന്നു...

എന്റെ നില്പുകണ്ടിട്ടാണ് അഷ്‌റു അടുത്തുവന്നു ചോദിച്ചത്...

എന്താടാ...?
എന്തു പറ്റി നിനക്ക്???


അല്ല... അതിലൊരു പരിചയക്കാര്...

ഹോസ്പിറ്റലല്ലേടാ.. 
അറിയുന്നോരൊക്കെ ഉണ്ടാവും
നീ വായോ...!!

അധികനേരം അവിടെ നില്ക്കാനുള്ള അനുമതി ഇല്ല എന്ന് പറഞ്ഞു അഷ്‌റു തന്നെ  എന്നെ അവിടുന്ന് പിടിച്ചു വലിച്ചുകൊണ്ടുവന്നു.

വീട്ടിലെത്തിയിട്ടും എനിക്കെന്തോ വല്ലാത്ത അസ്വസ്ഥതയായിരുന്നു.

ഈ ഇരിപ്പുകണ്ടിട്ടായിരിക്കും എന്റെ ബീവി സുഹ്‌റ എന്താ പ്രശ്‌നം ന്ന് 
ചോദിച്ചത്...

ഒന്നൂല്ലെടീ ന്നും പറഞ്ഞ് അവിടുന്നൊഴിഞ്ഞു മാറിയപ്പൊഴും എന്റെ മനസ്സില്‍ പഴയ ഓര്‍മകള്‍ വേലിയേറ്റം സൃഷ്ടിക്കയായിരുന്നു. 

ഡിഗ്രി പഠനത്തിന്  വല്യ കോളേജില് അപേക്ഷയും കൊടുത്ത് ചുമ്മാതിരിക്കുന്ന സമയം

മാമായുടെ മോള്‍ടെ കല്ല്യാണത്തിനായി 
 ഉമ്മവീട്ടിലേക്ക് വന്നതായിരുന്നു ഞാനന്ന്....

ഉമ്മ വീട്ടിലേക്ക് വരാന്‍ എനിക്ക് വല്യ ഇഷ്ടമാണ്... മറ്റൊന്നും കൊണ്ടല്ല... പുഴയിലൂടെ ഒരു തോണിയാത്രയുണ്ടവിടെ...

ബസ്സിറങ്ങി ,തോണിയില്‍ കയറിയിട്ട് അക്കരെയെത്തണം... പുഴക്കപ്പുറമാണ് ഉമ്മ വീട്...

ഇരുട്ടു വീണാല്‍ പിന്നെ കടത്തുകാരനും ഉണ്ടാവില്ല...

അന്ന് ഏറെ വൈകിയിട്ടാണ് ഞാന്‍ കടവിലെത്തിയത്...
ഭാഗ്യത്തിന് തോണിപോയിട്ടുണ്ടായില്ല.


ഞാനോടിക്കയറിയപ്പോഴാണ് പിറകില് ഒരു വളകിലുക്കം കേട്ടത്.

കറുത്ത തട്ടം തലയില്‍ ചുറ്റി തല കുമ്പിട്ട് ഓടി വരുന്ന ഒരു പെണ്‍കുട്ടി അവളെന്നെയും മറികടന്ന് അപ്പുറം പോയി ഇരുന്നു.

അവള്‍ കടന്നു പോയപ്പോ കാറ്റിനു വല്ലാത്ത ഒരു സുഗന്ധം...

അവളെ ഇടം കണ്ണിട്ടു നോക്കി. എന്തോ പ്രേരണ പോലെ വീണ്ടും വീണ്ടും നോക്കി...

പുഴയിലെ തണുത്ത കാറ്റിന്റെ താളത്തിനൊത്ത് അവളുടെ തട്ടവും ചലിക്കുന്നുണ്ട്.

ഇടയില്‍ അവളുടെ കണ്ണുകള്‍ എന്റെ കണ്ണുകളുമായി ഉടക്കിയപ്പോ...
ആ കണ്ണ്കളില്‍ ഭയത്തിന്റെ മിന്നലാട്ടം ഞാന്‍ കണ്ടു.

തോണി കരക്കണഞ്ഞപ്പോഴും അവള്‍ ഇറങ്ങി ഓടുകയായിരുന്നു.

ഓട്ടത്തിനിടയില്‍ അവളുടെ കയ്യില്‍ നിന്നും ഒരു പൊതി വീണതു കണ്ടതും
ഞാനതെടുത്തു നോക്കി...

 കരിവളയായിരുന്നു അതില്‍...

പത്തെണ്ണ മുണ്ടെന്നു തോന്നുന്നു.
അതില്‍ കുറച്ചു വീഴ്ചയില്‍ പൊട്ടി പോയിട്ടുമുണ്ട്

ഹേയ്....
 ഞാന്‍ നീട്ടി വിളിച്ചത് കേട്ടപ്പോ പേടിയോടെ ഒന്നു നോക്കിയിട്ട് അവളോടിപ്പോയി.

അത് കയ്യീന്ന് വീണത് അവളറിഞ്ഞിട്ടുണ്ടാവില്ല.

അന്ന് രാത്രി മുഴുവനും അവളുടെ ആ മിഴികളായിരുന്നു മനം നിറയെ...

എത്രയൊക്കെ മായ്ക്കാന്‍ ശ്രമിച്ചിട്ടും അവളുടെ ആ നോട്ടം കണ്ണില്‍ നിന്നും മായുന്നില്ല.

പിറ്റേന്ന് രാവിലെയും വൈകുന്നേരവും കടവിനെ ചുറ്റിപറ്റി നിന്നു അവളെ എങ്ങാനും കണ്ടാലോന്ന് വെച്ച്...

ടൗണില്‍ പോയപ്പോ ആ പൊട്ടിയ വളകള്‍ക്ക് പകരം അതേ അളവില്‍ വളയും വാങ്ങി സൂക്ഷിച്ചിരുന്നു.

അന്നും കണ്ടില്ല... ആരോടും ചോദിക്കാനും വയ്യ... മാത്രല്ല മാമാടെ മോള് ആരിഫാടെ കല്ല്യാണവുമാണ് മറ്റന്നാള്‍...

മാമാടെ വീട്ടില് പന്തല് കെട്ടലും മറ്റുമായി ഞാനും തിരക്കിലായി.

കല്യാണത്തലേന്ന് വൈകുന്നേരം പന്തലിലൂടെ നടക്കുമ്പോഴാണ് വീണ്ടും പഴയ വളക്കിലുക്കം  ഞാന്‍ കേട്ടത്.

എന്തോ ഉത്സാഹത്തോടെ ഞാനടുക്കള ഭാഗത്തേക്ക് എത്തിനോക്കിയപ്പോ ആരിഫയുടെ കൈകള്‍  പിടിച്ചുകുലുക്കി സംസാരിക്കുന്നുണ്ടവള്‍...

ആകണ്ണുകള്‍ക്ക് വല്ലാത്തൊരു തിളക്കമുള്ള പോലെ...


അവര് രണ്ടാളും കൂട്ടുകാരാണെന്ന് തോന്നുന്നു.

അവളെ തനിച്ചു കാണുവാണെങ്കില്‍ ആ കരിവളകള്‍ കൊടുക്കാമെന്ന് വെച്ച് അത് പാന്റിന്റെ പോക്കറ്റില്‍ ഭദ്രമാക്കി വെച്ചു.

അവളോടൊന്നുമിണ്ടാന്‍ ഒരുപാടു ശ്രമിച്ചു നോക്കി.
പക്ഷേ... കഴിഞ്ഞില്ല...

അവളെ തിരഞ്ഞ് അകത്ത് ചുറ്റി തിരിയുമ്പഴാണ് ഒരു മുറിയില്‍ ആരിഫാക്ക്  അവള്‍ മൈലാഞ്ചി ഇട്ടു കൊടുക്കുന്നത് കണ്ടത്.

കുറച്ചു നേരം അവിടെ ചുറ്റിപറ്റി നിന്നിട്ടും ഒരു കാര്യേം ഉണ്ടായില്ല... അവള്‍ടെ പേര് പോലും അറിഞ്ഞില്ല

എന്റെ കാട്ടി കൂട്ടലുകളൊക്കെ ആരിഫ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നത് ഓളെ ചോദ്യം കേട്ടപ്പഴാണ് മനസ്സിലായേ...!

അല്ല....നാസര്‍ ക്കാക്ക് എന്താ വേണ്ടത്...?
കുറേ നേരായല്ലോ... ങ്ങള് നൂറ നെ
നോക്കി വെള്ളമിറക്ക്ണ്...


ചോദ്യത്തിന് മറുപടി കൊടുക്കുന്നതിനെക്കാളും ഞാന്‍ ശ്രദ്ധിച്ചത് അവള്‍ടെ പേരായിരുന്നു.
നൂറ.

ആരിഫയെ മാറ്റി നിര്‍ത്തി ഓളോട് അവളെ കണ്ടത് മുതലുള്ള കാര്യങ്ങള് വിശദീകരിച്ചപ്പോ..,

ഓള്‍ക്ക് ഒരാക്കിയ ചിരി.

ഹ്... മ്മ്... ലൗ അറ്റ് ഫസ്റ്റ് സൈറ്റല്ലേ...?

അങ്ങനെയും പറയാം
ചിരിച്ചു കൊണ്ട് ഞാനത് പറഞ്ഞു പന്തലിനുള്ളിലേക്ക് വലിഞ്ഞു.

നേരം പത്തു പതിനൊന്ന് മണി ആയപ്പോ ആരിഫയെന്നെ  വിളിച്ചു.

നാസര്‍ക്കാക്കോയ്... ഈ ഒരു കയ്യിലും കൂടെ മൈലാഞ്ചി ഇടാനുണ്ട്.

അത് കഴിഞ്ഞാല് ങ്ങള് ഓളെ വീടു വരെ കൊണ്ടാക്കണം...

ഹേ...യ് ഈ പാതിരാത്രി ഓളെ ന്റൊപ്പം വിട്ണത് ശര്യല്ല...

ഹോ... ന്റെ ഇക്കാക്കൂ... ഞാനും വരാ... ങ്ങള്‍ക്കൊപ്പം... 

ഓളെ അല്ലേലും ഒറ്റക്ക് ങ്ങള്‍ക്കൊപ്പം ഞമ്മള് വിടോ...?'

ആക്കി പറഞ്ഞിട്ട് ആരിഫ അകത്തേക്ക് പോയി.

ഏറെ വൈകാതെ തന്നെ ആരിഫയ്ക്ക് ഒപ്പം അവളും മുറ്റത്തേക്കിറങ്ങി... 

അവളുടെ ആ കണ്ണുകളിലേക്ക് ഞാന്‍ നോക്കിയെങ്കിലും അവള്‍ തല കുമ്പിട്ടു തന്നെ നില്പാണ്.

ഇടവഴിയിലൂടെ ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ അവര്‍ രണ്ട് പേരും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

ഒപ്പം അവളുടെ നേരിയ ചിരിയും.

അവളുടെ വീട്ടുപടിക്കല്‍ എത്തിയപ്പോ... ആരിഫ എനിക്കരികില്‍ വന്നു നിന്നിട്ട് പറഞ്ഞു.

ദേ... പറയാനുള്ളതെന്താന്ന് വെച്ചാല്‍ വേഗം പറഞ്ഞോളീ...

ഞാനങ്ങോട്ട് മാറിനില്‍ക്കാ...


ഞാന്‍ ആകെ പരവേശപ്പെട്ട് അവളെ വിളിച്ചു.

നൂറാ...

എന്റെ ആ വിളി കേട്ടിട്ടായിരിക്കണം വഴിയില്‍ നിന്നും മുറ്റത്തേക്ക് കയറാന്‍ നിന്ന അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയത്.

എന്തോ എനിക്കൊന്നും പറയാന്‍ കിട്ടിയില്ല...

പാന്റിന്റെ പോക്കറ്റില്‍ നിന്നും കരിവളപാക്കറ്റ് എടുത്ത് അവളുടെ കൈവെള്ളയില്‍ വെച്ച് കൊടുത്തു...

ഞാന്‍ തിരിഞ്ഞു നടന്നു...


വരുന്ന വഴി ആരിഫ അവളെ പറ്റി മുഴുവന്‍ കാര്യവും പറഞ്ഞു കൊടുത്തു..

അവള്‍ നൂറ...!നൂര്‍ജഹാന്‍...
ഉമ്മായും അവളും മാത്രമുള്ള ഒരു ലോകം. അമ്മാവന്‍മാര്‍ക്കൊപ്പം തറവാട്ടിലാണ് അവളും ഉമ്മയും.

ഉപ്പ ചെറുതിലേ ഇട്ടെറിഞ്ഞു പോയതാണ്...

പാവം വളരേ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്...

അവളുടെ മാമന്മാരുടെ കാരുണ്യത്തിലാണ് കഴിയുന്നത് .

പിന്നീടുള്ള നാളുകള്‍ എന്റെ ഉമ്മ വീട് സന്ദര്‍ശനം അവളെ കാണാനും സംസാരിക്കാനും മാത്രമുള്ളതായി...

ആദ്യമൊക്കെ ഒരു നോട്ടം മാത്രേ അവളില്‍ നിന്നു കിട്ടിയിരുന്നൊള്ളൂ...

പിന്നെ പേടിയോടെ ആണെങ്കിലും ഒരു പുഞ്ചിരിയോ...ഒന്നോ രണ്ടോ വാക്കോ മാത്രം...

പതിയെ ആ പുഴയോരം ഞങ്ങളുടെ മൗനപ്രണയത്തിന് മൂകസാക്ഷിയായി...

എന്റെ അടിക്കടിയുള്ള ഉമ്മ വീട് സന്ദര്‍ശനത്തിന്റെ കാരണം നൂര്‍ജഹാനാണെന്ന് തിരിച്ചറിഞ്ഞ അന്ന് മുതല്‍ ഉമ്മയെന്നെ അവിടേക്ക് വിടാതെയായി...

മാമനും അവജ്ഞയോടെ നോക്കുന്നത് കണ്ടിട്ട് എനിക്ക് എന്തൊക്കെയോ അപകടം മണത്തു.

അല്ലേലും പ്രണയം തന്നെ ഹറാമായി കാണുന്ന ഇവരൊരിക്കലും എന്റെയും നൂറന്റേയും ബന്ധം അംഗീകരിക്കില്ല.

പോരാത്തതിന് കുലമഹിമയും കുടുംബ പാരമ്പര്യവും പറഞ്ഞ് അവരിതില്‍ നിന്നും പിന്തിരിയും.

അന്ന് അവസാനമായി ഉമ്മ എന്നേം കൂട്ടി ഉമ്മ വീട്ടിലേക്ക് കൊണ്ടു പോയത് എന്നെ ഗള്‍ഫിലേക്ക് നാടുകടത്താനുള്ള തീരുമാനവുമായിട്ടായിരുന്നു.


അന്നാണ് ഞാനവളെ അവസാനമായി കാണുന്നതും.

ഞങ്ങള്‍ ഇടക്കിടെ കാണുന്ന സ്ഥലമാണ്

അവള്‍ ആടിനെ തീറ്റിക്കാനായി കൊണ്ടുവരാറുള്ളത് അവിടെയാണ്.

പുറംതിരിഞ്ഞ് നില്‍ക്കുന്ന അവള്‍ക്കരികില്‍ ചെന്നു നിന്നു ഞാന്‍ വിളിച്ചു.

നൂറാ...

പെട്ടെന്ന് കേട്ടതും ഞെട്ടലോടെ അവള്‍ തിരിഞ്ഞു നോക്കി.
പിന്നെ തലതാഴ്ത്തി.
ഞാനറിഞ്ഞു... മാമാ വീട്ടില് വന്നു ഒച്ച വെച്ചതും എന്തൊക്കെയോ വിളിച്ചു പറഞ്ഞതും....

അതിന് ഞാന്‍ ക്ഷമ ചോദിക്കാണ്...

അതൊന്നും വേണ്ട നാസര്‍ ക്കാ...

ഞാന്‍ തെറ്റ് ചെയ്തിട്ടാ അവര് വീട്ടില് വന്ന് ബഹളം വെച്ചത്... അതു സാരല്യ

അര്‍ഹതയില്ലാത്തതൊന്നും ആശിക്കരുതെന്ന്  ഉമ്മ എന്നോടു പറഞ്ഞു.

എന്റെ ഉമ്മാക്ക് ഞാന്‍ വാക്കും കൊടുത്തു. ഞാനായിട്ടിനി ഉമ്മാക്ക് സങ്കടം തരില്ലാന്ന്...

അപ്പോ... നൂറാ നിന്റെ സങ്കടം...
അത് എനിക്ക് കാണാതിരിക്കാനാവില്ലല്ലോ...


എനിക്ക് സങ്കടമൊന്നും ഇല്ല നാസര്‍ ക്കാ...

നിറകണ്ണുകളോടെ അവളതു പറഞ്ഞപ്പഴും അവളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു...


ഇങ്ങനെ ചങ്കുപൊടിഞ്ഞിട്ടും നിനക്കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു നൂറാ..

നഷ്ടങ്ങള്‍ മാത്രം സമ്പാദ്യമായിട്ടുള്ള എനിക്ക്  ഈ പുഞ്ചിരി മാത്രമേ... മറ്റുള്ളോര്‍ക്ക് നല്‍കാനായിട്ടൊള്ളൂ...

അതൊക്കെ പോട്ടേ...

നിങ്ങള് ദുബായിക്കാരനാവാന്‍ പോവാന്ന് കേട്ടല്ലോ...

ഹോ... അപ്പോ നീ എല്ലാം അറിയുന്നുണ്ടല്ലേ...

ഇന്നലെ ആരിഫയെ കണ്ടിരുന്നു.. വഴി ല്‍ വെച്ച്. അവള് പറഞ്ഞ് അറിഞ്ഞതാ...

മ്മ്.... നിന്നെയും എന്നെയും പിരിക്കാന്‍ അവര് കണ്ടെത്തിയ വഴിയാണ്... ഈ പ്രവാസി പട്ടം...

ഞാന്‍ കാരണം ഇക്കാന്റെ പഠനം പോലും മുടങ്ങില്ലേ...

അതിന് നീ മാത്രമല്ലല്ലോ... ഞാനും കാരണക്കാരനല്ലേ...

നൂറാ.. ഞാനൊരു കാര്യം പറയട്ടെ...

ഞാന്‍ ഗള്‍ഫില്‍ പോയി തിരിച്ചെത്തുന്നവരെ നിനക്ക് കാത്തിരിക്കാവോ...?

എന്റെ പെണ്ണായ് കൂടെ കൂട്ടാം ഞാന്‍ ..

അതിനുത്തരം തരാതെ അവള്‍ ആടിനെ അഴിച്ചു നടന്നു...

നൂറാ.. ഞാന്‍ ചോദിച്ചത് നീ കേള്‍ക്കാഞ്ഞിട്ടല്ല...ഈ ഓടി ഒളിക്കല്.... പറ പെണ്ണേ ?

നാസര്‍ ക്കാ.... എനിക്ക് അതിനുത്തരം തരാന്‍ പറ്റില്ല... അമ്മാവന്‍മാരുടെ കനിവിലാ... ഈ ജീവിതം.

അവര്ക്ക് ഞാന്‍ കാരണം പ്രശ്‌നം ഉണ്ടാവരുത്...

പിന്നെ നേരത്തെ പറഞ്ഞ പോലെ അര്‍ഹതയില്ലാത്തത് ആശിക്കരുത്...


നാസര്‍ ക്കാ.... നിങ്ങള് വല്യ ദുബായിക്കാരനായി നല്ല ഒരു മൊഞ്ചത്തീനെ കെട്ടി സുഖായിട്ട് ജീവിക്കണം...

എവിടെന്നെങ്കിലും ഒന്നു കണ്ടാല്‍ ഒരു പുഞ്ചിരി... സുഖാണോ...?
എന്ന ഒരു ചോദ്യം...
അത്രയും മതി എനിക്ക്...


പോട്ടെ... മാമിമാര്‍ എന്നെ കണ്ടില്ലെങ്കില്‍ വഴക്കാവും...

അന്ന് അതും പറഞ്ഞ് എന്റെ സ്വപ്നത്തീന്ന് ഇറങ്ങിപ്പോയവളാ...
ഒപ്പം ആ കരിവള കിലുക്കവും..


പിന്നെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആരിഫയിലൂടെ അറിഞ്ഞു...
അവള്‍ടെ കല്ല്യാണം കഴിഞ്ഞെന്ന്...

എവിടെ ആയാലും സുഖായിട്ടിരിക്കട്ടേ....
എന്ന് മാത്രേ എന്നും പ്രാര്‍ത്ഥിച്ചിരുന്നൊള്ളൂ.


പിറ്റേന്ന് രാവിലെ ഞാന്‍ ക്യാന്‍സര്‍ വാര്‍ഡിനകത്ത് കയറി...

ഇന്നലെ തന്നെ അഷ്‌റുവിനോട് കാര്യം സൂചിപ്പിച്ചിരുന്നു ഞാന്‍...

രാവിലെ തന്നെ ഡോ.ഖൈസ്‌നെ കണ്ട് സംസാരിക്കാനും അവന്‍ പറഞ്ഞിരുന്നു.

ഖൈസ് ന്റെ മുറിയിലിരിക്കുമ്പോ... എന്തോ വല്ലാത്ത വീര്‍പ്പുമുട്ടല്‍ എന്നെ ബാധിച്ചിരുന്നു.

നാസര്‍ ക്കാ.... അവര്... നൂര്‍ജഹാന്‍... 
മൂന്ന് വര്‍ഷമായി ഇവിടെ സ്ഥിരം കാണിക്കാന്‍ വരുന്നതാ... ഇപ്പാേ...പത്തിരുപത് ദിവസമായി ഇവിടെ അഡ്മിറ്റാണ്...

ട്യൂമറാണ്... അതും തലക്കുള്ളില്...

ഇങ്ങോട്ട് എത്തിയപ്പോ തന്നെ സെക്കന്റ് സ്‌റ്റേജ് കഴിഞ്ഞിരുന്നു.

സൈമണ്‍ ഡോക്ടറാണ് അവരെ നോക്കുന്നത്...

കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ നമുക്ക് അദ്ദേഹത്തെ കാണാം...

എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ...
നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചു കൊണ്ടു തന്നെ ഞാന്‍ ഖൈസ്‌നോടൊപ്പം ഡോക്ടര്‍ സൈമണിനരികില്‍ എത്തി.

ഖൈസ്  പറഞ്ഞതൊക്കെ തന്നെയാണ് അദ്ദേഹവും പറഞ്ഞത്.

ഡോക്ടര്‍... എന്തെങ്കിലും ഒരു ഹോപ്പ്...?
ഖൈസ്  വളച്ചുകെട്ടില്ലാതെ അതു ചോദിച്ചപ്പോ...

ഡോക്ടര്‍ തല താഴ്ത്തി....

സോറി... ഐയാം ഹെല്‍പ്പ്‌ലസ്സ്...

ചെയ്യാന്‍ കഴിയുന്നിടത്തോളം അവര്‍ക്കായി ചെയ്തു കഴിഞ്ഞു.

ഇനിയുള്ളത് ദൈവത്തിന്റെ കയ്യിലാണ്....

സീ... മിസ്റ്റര്‍ നാസര്‍.... ഇനി അവര്‍ക്ക് വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രേയൊള്ളൂ...

അത് കഴിയുന്നതും സന്തോഷപ്രദമാക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുക...


ഞാനിങ്ങനെ തന്നെ പറഞ്ഞത്... ഇത്രേം കാലയളവില്‍ അവളുടെ ക്ഷേമമന്യേഷിച്ച് ഒരാള്‍ പോലും വരാത്തത് കൊണ്ടാണ്... കേട്ടോ...
തോളില്‍ തട്ടി അതും പറഞ്ഞ് അദ്ദേഹം നടന്നകന്നു.

എനിക്കെന്തോ... അവളെ കാണാന്‍ അതിയായ തിടുക്കം തോന്നി.


ഖൈസ്‌നോട് പെര്‍മിഷന്‍ വാങ്ങി ഞാനവളുടെ മുറിയിലേക്ക് കടന്നതും എന്നെ സ്വീകരിച്ചത് അവളുടെ കൈവളക്കിലുക്കമാണ്...

ഇരു കൈകളും ജനല്‍ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് നോക്കി നില്‍ക്കാണ് അവള്‍..

ഇന്നലെ കണ്ടതിനേക്കാളും ശോഷിച്ച രൂപമാണെന്ന് അവള്‍ക്കെന്ന്  ഞാന്‍ മനസ്സിലാക്കിയതും എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി

അവളുടെ മുമ്പില്‍ കരയില്ലെന്ന് ഉറപ്പിച്ചിരുന്ന ഞാന്‍ സ്വയം നിയന്ത്രിക്കാന്‍ പാടുപെട്ടു ഒരു നിമിഷം ആ വാതില്‍ക്കല്‍ തന്നെ നിന്നു.

പിന്നെ സ്വയം നിയന്ത്രിച്ച് കൊണ്ട്...
മാസ്‌ക് താഴ്ത്തി ഞാനവളെ വിളിച്ചു..

നൂറാ.., !

എന്റെ വിളി കേട്ടിട്ടാണ്  അവള്‍ ഞെട്ടലോടെയും അത്ഭുതത്തോടെയും എന്റെയരികിലേക്ക് ഓടി വന്നത്..


നാസര്‍ ക്കാ....

നിങ്ങളെ  ഞാനിവിടെ ഒട്ടും പ്രതീക്ഷിച്ചില്ല ട്ടോ...

നിന്നേയും....

അത് കേട്ടപ്പോള്‍ അവള്‍ ഒന്നു ചിരിച്ചു.

അവളുടെ കണ്ണിലെ തിളക്കം പാടെ നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിലും ആ ചുണ്ടിലെ പുഞ്ചിരിക്ക് ഒരു മാറ്റോം ഇല്ല...


ആളാകേ.... മാറിപ്പോയല്ലോ...!
ഇപ്പോ കണ്ടാല്‍ തനി ഗള്‍ഫുകാരന്‍ തന്നെ...

നൂറാ..

എന്താ.... നിനക്ക്... സുഖാണോ..?

തൊണ്ടയിടറി ഞാനത് ചോദിച്ചപ്പഴും അവളെനിക്ക് നല്‍കിയത് പുഞ്ചിരിയായിരുന്നു.

അല്‍ഹംദുലില്ലാഹ്... എനിക്ക് സുഖമാണ്...


എന്നാലും നിന്നെ ഇവിടെയിങ്ങനെ ഈ കോലത്തില് പെട്ടെന്ന് കണ്ടപ്പോ...

എന്നെ പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ അവള് ചിരിച്ചോണ്ട് തന്നെ പറഞ്ഞു.

അതെന്താ നാസര്‍ ക്കാ... രോഗം എല്ലാര്‍ക്കും വരുന്നതല്ലേ...!

എനിക്കത് ക്യാന്‍സറിന്റെ രൂപത്തിലാണെന്ന് മാത്രം.

നാസര്‍ക്കാക്ക് സുഖമാണോ...?


മ്മ്... ഞാനൊരു മൂളലില്‍ എല്ലാം ഒതുക്കി...

ഒരുപാടു നേരം അവളുമായിട്ട് സംസാരിച്ചു...

നാളെ വരാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മുഴുക്കേയും എന്റെ ചിന്ത അവളില്‍ മാത്രമൊതുങ്ങി നിന്നു.

പാവം ഒരുപാട് അനുഭവിച്ചു.

എന്റെയീ ഇരുത്തം കണ്ടിട്ടാണ് ഇന്നും എന്റെ ബീവി അരികില്‍ വന്നിരുന്നത്.

എന്താണിക്കാ... പ്രശ്‌നം...?
ഇന്നലെ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്...

എന്തോ ഒന്ന് ഇക്കാടെ മനസ്സിനെ അലട്ടുന്നുണ്ട്...

എന്തോ അവളോട് മറച്ചുവെക്കാന്‍ കഴിയാത്തോണ്ട് നൂറയെ കണ്ട കാര്യം അവളോട് പറഞ്ഞു.

എന്റെ പ്രണയത്തെ പറ്റി അവള്‍ക്ക് അറിയാമായിരുന്നു.

ഹോ.... അപ്പോ പഴയ കാമുകിയെ കണ്ട ഹാങ്ങോവറാണല്ലേ...?

അതല്ലെടീ.... അവളുടെ അവസ്ഥയറിഞ്ഞപ്പോള്‍... എന്തോ വല്ലാത്ത സങ്കടം....

ജീവിതത്തില്‍ ഒരിക്കല്‍ പോലും സന്തോഷമെന്തെന്നറിയാത്തവളാ...
പാവം...

അതിനു മാത്രമെന്താ... പ്രശ്‌നം ഇക്കാ...?

അന്ന് അവളുടെ മൂന്ന് മാമന്മാരും കൂടി ബാധ്യത തീര്‍ക്കാനെന്ന പേരില്‍ കെട്ടിച്ചയച്ചു.
അതും ഒത്തിരി ദൂരേക്ക്... കല്ല്യാണം കഴിഞ്ഞ് മൂന്നാം മാസമാണ് തന്റെ ഭര്‍ത്താവിന് അവകാശം പറഞ്ഞ് ഒരു പെണ്ണും കുട്ടിയും വീട്ടിലേക്ക് കയറി വന്നത്.

പിന്നെ ആകെ പൊല്ലാപ്പായി കേസായി.... അയാളെ
പോലീസുകൊണ്ടു ശരിക്കൊന്നു ചോദ്യം ചെയ്തപ്പോ... അയാള്‍ എല്ലാം വിളിച്ചു പറഞ്ഞെന്ന്

അയാള്‍ക്ക് വേറേം ഒരുപാട് ബന്ധങ്ങളുണ്ടെന്ന്

അതോടെ അവള്‍ വീട്ടിലേക്ക് തന്നെ തിരിച്ചു പോന്നു.

പിന്നെ ഉമ്മയും അവളും കയ്യിലുണ്ടായിരുന്ന സ്വര്‍ണം വിറ്റ് ഒരു വാടക വീടെടുത്ത് ബാക്കിക്ക് ഒരു തയ്യല്‍ മെഷീനും വാങ്ങിച്ചിട്ടു. 
ഇനി ആരുടേയും ആശ്രയം വേണ്ടെന്ന് വെച്ചിട്ട്... തന്നെ സ്വയം ജീവിക്കാന്‍ തന്നെ തീരുമാനിച്ചുറച്ചു.

പക്ഷേ ഒരാഴ്ച ആയപ്പോഴേക്കും അവള്‍ക്ക് വല്ലാത്ത തളര്‍ച്ച വന്നു.

ഹോസ്പിറ്റലില്‍ ചെന്നപ്പോഴറിഞ്ഞത് അവളൊരു ഉമ്മയാവാനൊരുങ്ങാണെന്ന്... 
അത് അവള്‍ക്ക് ജീവിക്കാനൊരു പ്രേരണയായി...
കഷ്ടപ്പാടുകള്‍ കണ്ണീരിലലിയിച്ച് ഒരു കരക്കെത്താറായതും വിധി അവളെ വീണ്ടും വേട്ടയാടി...

തന്റെ മകള്‍ക്ക് മൂന്ന് വയസ്സായപ്പോ...
അതിന്റെ സന്തോഷം മധുരം കൊണ്ട് ആരംഭിക്കാം എന്ന് പറഞ്ഞ് അവള്‍ടെ ഉമ്മ...
അവര്‍ക്കൊപ്പം കടയില്‍ പോയതായിരുന്നു ... കുഞ്ഞും...
റോഡിനോരം ചേര്‍ന്ന് നടന്നു പോയപ്പോ ഒരു കാറ് തട്ടിത്തെറിപ്പിച്ച് കൊണ്ടു പോയത് ആ കുരുന്നിന്റെ ജീവനായിരുന്നു...

തന്റെ കൈപ്പിടിയില്‍ നിന്നും പേരക്കുട്ടിയെ നഷ്ടമായ സങ്കടം അവളുടെ ഉമ്മയേ തളര്‍ത്തി.

ആ തളര്‍ന്ന ശരീരം പതിയെ മരണത്തിനും കീഴടങ്ങി....

അതു കഴിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കിപ്പുറം അവളൊരു ക്യാന്‍സര്‍ രോഗിയാണെന്നറിയുന്നത്...

ഇപ്പോ... അവളുടെ ആയുസ്സിനും പരിധി നിശ്ചയിച്ചിരിക്കാണ്... റബ്ബ്...

എന്റെ കണ്ണുകളില്‍ ഉരുണ്ടുകൂടിയ കണ്ണീര് കവിളിലേക്ക് ഒലിച്ചിറങ്ങുന്നത് കണ്ടിട്ടാണ് ...
അവളതു തുടച്ചു തന്നത്

എന്നെ ഒന്നു ടെ ചേര്‍ത്തു പിടിച്ച് അവള്‍ പറഞ്ഞു....

ഇക്ക വിഷമിക്കേണ്ട ... 
അവള്‍ക്ക് ഒരു സാന്ത്വനമോ സന്തോഷമോ ന്റെ ഇക്കാക്ക് നല്‍കാന്‍ കഴിയുമെങ്കില്
അതില്‍ പരം പുണ്യം മറ്റെന്തുണ്ട്...

നാളെ ഇക്ക പോവണം ... അവള്‍ക്കൊരു കേള്‍വിക്കാരനായി മാറണം... എനിക്കതില് സന്തോഷമേ ഒള്ളൂ...

പാവം പെണ്ണ്..

യാ...അള്ളാ... ഹ്... എന്തുപരീക്ഷണമാണവള്‍ക്ക് നീ നല്‍കിയത്...?

അവളുടെ സ്ഥാനത്ത് ഞാനായിരുന്നേല്‍ എന്നോ മരണത്തെ കൂട്ടുപിടിക്കുമായിരുന്നു ട്ടോ...

നിനക്കറിയോ സുഹ്‌റാ... എന്നോടിന്ന് ഇതൊക്കെ പറയുമ്പോഴും ഒരിക്കല്‍ പോലും അവള്‍ വിധിയെ പഴിച്ചിരുന്നില്ല...

ഇടക്കിടെ വാക്കുകള്‍ക്ക് ഇടര്‍ച്ച വരികയും കണ്‍തടം നിറയുകയും ചെയ്‌തെങ്കിലും അവളുടെ പുഞ്ചിരി കൊണ്ടതിനെയൊക്കെ മായ്ച്ചു കളഞ്ഞു.
ഒരു പരാതി പോലും അവള്‍ പടച്ചവനോടായി പറഞ്ഞതും കേട്ടില്ല..

ശരിക്കും അവളൊരു വെളിച്ചമാണല്ലേ ഇക്കാ...?

മ്മ്...അവളുടെ പേരു പോലെ തന്നെ
നൂര്‍ജഹാന്‍... ലോകത്തിന് തന്നെ വെളിച്ചം...

പിറ്റേന്ന് കാലത്ത്  നൂറക്ക് കഴിക്കാനുള്ള ഭക്ഷണവും ഒരുക്കി തന്ന് എന്നെ നൂറയുടെ അടുത്തേക്ക് പറഞ്ഞു വിടാന്‍ തിടുക്കം കാട്ടിയത് സുഹ്‌റയായിരുന്നു.

പിന്നേയ് ഇങ്ങളെ നൂറ നെ കാണാന്‍ എനിക്ക് കൊതിയില്ലാഞ്ഞിട്ടല്ല ട്ടോ..

എന്നെ കണ്ടാല്‍ ഒരു പക്ഷേ  അവള്‍ക്ക് അതൊരു  മന: പ്രയാസം ഉണ്ടാക്കും എന്നൊരു തോന്നല്..
ഇക്ക പോയിട്ടു വായോ...


നൂറയുടെ മുറിക്കു മുമ്പിലെത്തിയപ്പോ...

അവളെന്നെ കണ്ടു കിടന്നിടത്തു നിന്നും എണീക്കാനാഞ്ഞു.

ഞാന്‍ വേണ്ടെന്ന് ആംഗ്യം കാണിച്ചതും

അവള്‍ പുഞ്ചിരിയോടെ അവിടെ തന്നെ കിടന്നു '

  ആ കണ്ണുകളിലെ തിളക്കം പറയുന്നുണ്ടായിരുന്നു, എന്നെ പ്രതീക്ഷിച്ചിരിക്കയാണെന്ന്...

ഞാനിപ്പോ ഓര്‍ത്തേയുള്ളു നാസര്‍ ക്കയെ...

എന്താ ഓര്‍ത്തേ...??

ഞാന്‍ കാരണം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്ന്...

ഞാനൂഹിച്ചു നീ അത് തന്നെയായിരിക്കും ചിന്തിക്കാ... ന്ന്

അതിനു മറുപടി ഒരു പുഞ്ചിരിയായിരുന്നു.

നീ ഇരിക്ക് ചായ കഴിക്കാം...

അവള് കഴിക്കുന്നതു നോക്കിയിരിക്കുന്ന നേരമാണ്... അവളൊന്ന് ചുമച്ചത്...

വെള്ളം അവള്‍ക്കായി നീട്ടിയപ്പോഴേക്കും മൂക്കില്‍ നിന്നും രക്തം താഴേക്ക് കിനിഞ്ഞിറങ്ങി.

ഞാന്‍ വെപ്രാളപ്പെട്ട് അവള്‍ക്കരികിലിരുന്നതും

നാസര്‍ ക്കാ പേടിക്കേണ്ട ഇതിടക്കിടെ  ഉണ്ടാവുന്നതാ...

മൂക്ക് തുണികൊണ്ട് അമര്‍ത്തി പിടിച്ച് കൊണ്ടവള്‍ പറഞ്ഞു.

എന്തോ എന്റെ കണ്ണുകളില്‍ വെള്ളം ഉരുണ്ടുകൂടാനൊരുങ്ങി.

അത് കണ്ടിട്ടായിരിക്കും അവള്‍ വിഷയം മാറ്റാനായിട്ട് പറഞ്ഞത് .

ഇന്നലെ ഞാന്‍ നന്നായി ഉറങ്ങീട്ടോ നാസര്‍ ക്കാ...
എന്റെ മനസ്സിലുള്ളതൊക്കെ തുറന്നു പറഞ്ഞപ്പോ എന്തോ വല്ലാത്ത ആശ്വാസമായിരുന്നു.

മരുന്നും കഴിച്ച് കഴിഞ്ഞ് അവള്‍ സന്തോഷത്തോടെ എന്തൊക്കെ പറയുന്നുണ്ടായിരുന്നു'.

എല്ലാം മൂളി കേട്ടു ഞാന്‍ അവള്‍ക്കൊപ്പം തന്നെ നിന്നു.

വൈകുന്നേരം കടയില്‍ പോയപ്പോള്‍ കുറച്ചു കരിവള അവള്‍ക്കായി വാങ്ങി.

അത് അവള്‍ക്കു നേരെ നീട്ടിയപ്പോ... ചിരിയോടെ അത് വാങ്ങി കയ്യിലിട്ടു.

ഈ ശോഷിച്ച കൈകള്‍ക്ക് ഈ വളയും ഒരഭംഗിയാലേ... നാസര്‍ ക്കാ...

ആര് പറഞ്ഞു. ഈ വളകിലുക്കം പോലെ തന്നെയാ നിന്റെ സംസാരവും...

അതങ്ങനെ കിലുങ്ങി കൊണ്ടിരിക്കും മനസ്സില്... മായാതെ...

പഴയ നൂറ പൂര്‍ണമാവുന്നത് ഈ കരിവളകിലുക്കവും കൂടി ചേരുമ്പഴാ...

ഞാന്‍ പറയുന്നതൊക്കെയും മൂളി കേട്ടിട്ട് അവള്‍ പുഞ്ചിരിച്ചു.

നാസര്‍ ക്കാക്ക് ബുദ്ധിമുട്ടില്ലേല്‍ ഞാനൊരു ആഗ്രഹം പറഞ്ഞോട്ടെ...?

പറ പെണ്ണേ...?

എനിക്ക്  ആ വരാന്തയിലൂടെ ഒന്നു നടക്കണം ഇക്കാടെ കൈകള്‍ ചേര്‍ത്തു പിടിച്ചു കൊണ്ട്..'

അവളതു പറഞ്ഞപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

ആദ്യമായി അവളെന്നെ സ്പര്‍ശിക്കുന്നത് ഇന്നാണ്. 
പണ്ട് ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ...
അവളുടെ കൈകള്‍ കോര്‍ത്തു പിടിച്ച് നടക്കുന്നതും മറ്റും..

ഹോസ്പിറ്റല്‍ വരാന്തയിലൂടെ ഏറെ നേരം എന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ചു നടന്നവള്‍...

എന്നിലപ്പോള്‍ എന്തിനെന്നറിയാതെ ഒരു നൊമ്പരം രൂപപ്പെടുകയായിരുന്നു.

തളര്‍ച്ച തോന്നിയപ്പോള്‍ അവളേയും കൊണ്ട് തിരികെ നടന്നു.

മുറിയിലെത്തിയപ്പോള്‍ തന്നെ തളര്‍ച്ച കാരണം അവള്‍ കട്ടിലിലേക്ക് കിടന്നു.

 എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതിന്നാണ്... ട്ടോ... നാസര്‍ ക്കാ...

ചിരിയോടെ കണ്ണുകളടച്ചു കൊണ്ട് തന്നെ അവള്‍ പറഞ്ഞു.

നിനക്ക് വയ്യെങ്കില്‍ കിടന്നോ... ചുമ്മാ സംസാരിക്കണ്ട...

ഞാന്‍ അതു പറഞ്ഞപ്പോ... ചിരിച്ചു കൊണ്ടു തന്നെയവള്‍ പറഞ്ഞു.

ങ്ഹാ... എന്നെ നിയന്ത്രിക്കാന്‍ ആളുണ്ടല്ലേ...

എന്നാലും പറയാനുള്ളതെല്ലാം അപ്പോ തന്നെ പറഞ്ഞു തീര്‍ക്കണം...
അല്ലേലും നീട്ടിവെക്കാനായിട്ട് എന്റെ കയ്യില്‍ സമയമില്ലല്ലോ...
ഈ ആയുസ്സില്ലാത്ത എനിക്ക് ഇനി ആഗ്രഹമായിട്ട് ഒന്നും ഇല്ല.

എന്തോ അവളുടെ വാക്കുകളോരോന്നും എന്നില്‍ മുറിവുണ്ടാക്കുകയായിരുന്നു.

എന്തോ അവളെയോര്‍ത്ത് കണ്ണുകള്‍ നിറയാന്‍ തുടങ്ങിയപ്പോ...
ഞാന്‍ പുറംതിരിഞ്ഞിരുന്നു.

അവളും ക്ഷീണാതിഖ്യം കാരണം ഉറക്കം പിടിച്ചിരുന്നു.

എന്തോ... അവളെ തനിച്ചാക്കി പോവാന്‍ തോന്നാത്തതിനാല്‍ അവിടെ തന്നെയിരുന്നു.

ഖൈസ്  ഇതിനിടയില്‍ വന്ന് മരുന്നും ഇന്‍ജെക്ഷനും എടുത്തു പോയിരുന്നു.

ചെയറിലിരുന്നു നല്ല ഉറക്കമായിരുന്ന ഞാന്‍ എന്തോ... ഞെരക്കം കേട്ട് ഞെട്ടി ഉണര്‍ന്നതും

നൂറ... കട്ടിലില്‍ കിടന്നു പിടയുന്നതാണ് ഞാന്‍ കണ്ടത്...

ഒരു നിമിഷം ശങ്കിച്ചെങ്കിലും... ഞാന്‍ നഴ്‌സിനെ വിളിച്ച് അലറുകയായിരുന്നു.

എല്ലാവരും ഓടിക്കൂടി... ശ്വാസം കിട്ടാതെ പിടയുന്ന അവളുടെ വലംകൈ ഞാന്‍ ചേര്‍ത്തു പിടിച്ചു.
എന്തോ... വല്ലാത്ത തണുപ്പ് ബാധിച്ചിരുന്നു അവക്ക്...

 എന്നെ ഒന്നു നോക്കിയ അവളുടെ മിഴികള്‍ പതിയെ അടഞ്ഞു.
അപ്പോഴും ആ ചുണ്ടില് പുഞ്ചിരി വിരിഞ്ഞു നിന്നിരുന്നു.

എന്റെയുള്ളില്‍ നിന്നും ഒരു തേങ്ങല്‍ തൊണ്ടക്കുഴിയില്‍ തന്നെ തങ്ങി നിന്നു.

അതെ നൂറ പോയിരിക്കുന്നു. റബ്ബിന്റെ വിളിക്കുത്തരം നല്‍കികൊണ്ട്...
ഒപ്പം ആ കരിവളക്കിലുക്കവും നിലച്ചിരിക്കുന്നു.. ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക