Image

കയറ്റുമതി പ്രതിസന്ധിയില്‍; ചരക്കുവിമാന സര്‍വീസിന് അനുമതി തേടി എംപിമാര്‍

Published on 29 October, 2020
കയറ്റുമതി പ്രതിസന്ധിയില്‍; ചരക്കുവിമാന സര്‍വീസിന് അനുമതി തേടി എംപിമാര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ചരക്കുവിമാന സര്‍വീസിന് കേന്ദ്രത്തിനോട് അനുമതി തേടി എംപിമാര്‍. വിദേശ ചരക്കു വിമാനങ്ങള്‍ക്കു കേരളത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംസ്ഥാനത്തെ എംപിമാരും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചു.


 വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച മുരളീധരന്‍, കൊച്ചിയില്‍നിന്ന് സര്‍വീസിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു.


എന്നാല്‍ ചരക്കു വിമാനങ്ങള്‍ക്കുള്ള വിലക്കു മൂലം കേരളത്തില്‍നിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലായെന്നും സര്‍വീസിന് അടിയന്തരമായി അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് എംപിമാരായ കെ. മുരളീധരന്‍, ശശി തരൂര്‍, ഹൈബി ഈഡന്‍ എന്നിവര്‍ പുരിക്കു കത്തയച്ചു. സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറികള്‍ കയറ്റുമതിക്കായി റോഡ് മാര്‍ഗം ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലെത്തിക്കേണ്ട അവസ്ഥയാണെന്നും ഇതു കച്ചവടക്കാര്‍ക്കു വന്‍ നഷ്ടമുണ്ടാക്കുമെന്നും എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 


വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അഡ്ഹോക്, നോണ്‍ ഷെഡ്യൂള്‍ഡ് ചാര്‍ട്ടര്‍‌ വിമാനങ്ങള്‍ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസ് നടത്തിയാല്‍ മതിയെന്നു ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 15നാണു വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയത്.


 ഇന്ത്യയില്‍ നിന്നുള്ള ചരക്കു വിമാന സര്‍വീസുകള്‍ക്കും തുല്യ അവസരം ലഭ്യമാക്കാനെന്ന പേരിലായിരുന്നു ഇത്.

അതേസമയം ഇന്ത്യന്‍ ചരക്കു വിമാനങ്ങള്‍ക്കു കേരളത്തില്‍ നിന്നടക്കം രാജ്യത്തെവിടെനിന്നും സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെന്നാണു മന്ത്രാലയത്തിന്റെ വാദം. 


എന്നാല്‍, കേരളത്തില്‍നിന്ന് ഇന്ത്യന്‍ ചരക്കു വിമാനങ്ങളില്ലാത്തതിനാല്‍ കയറ്റുമതി പൂര്‍ണമായി നിലച്ച സ്ഥിതിയാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക