Image

ഭീകരാക്രമണത്തെ നീതീകരിക്കാനാകില്ല; സാമുവല്‍ പാറ്റിയുടെ കൊലപാതകത്തെ അപലപിക്കുന്നു; ഫ്രാന്‍സിന് പിന്തുണയുമായി ഇന്ത്യ

Published on 29 October, 2020
ഭീകരാക്രമണത്തെ നീതീകരിക്കാനാകില്ല; സാമുവല്‍ പാറ്റിയുടെ കൊലപാതകത്തെ അപലപിക്കുന്നു; ഫ്രാന്‍സിന് പിന്തുണയുമായി ഇന്ത്യ

ദില്ലി:പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയ തലയറുത്തു കൊന്ന സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.


 ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് ഇന്ത്യ രംഗത്തെത്തിയത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെ തുര്‍ക്കി നേതാവ് ത്വയ്യിബ് ഏര്‍ദോഗാന്‍ നടത്തിയ വിമര്‍ശനങ്ങളെ ഇന്ത്യ അപലപിക്കുകയും ചെയ്തു.


അന്താരാഷ്ട്ര ക്രമത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ലോകത്തെ ഞെട്ടിച്ച ഒരു അധ്യാപകന്റെ ജീവനെടുത്ത ക്രൂരമായ ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു.

 

അദ്ദേഹത്തിന്റെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങളോടും ഞങ്ങള്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.


ഒരു കാരണവശാലും ഒരു സാഹചര്യത്തിലും തീവ്രവാദത്തിന് ഒരു ന്യായീകരണവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി


വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്രിംഗ്‌ലയുടെ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 4 വരെയുള്ള ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിംഗ്ഡം സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്ബാണ് ഇന്ത്യ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മറ്റൊരു രാജ്യത്ത് മത വിഷയങ്ങളില്‍ ഇന്ത്യ അഭിപ്രായം പ്രകടിപ്പിക്കുന്നത് അസാധാരണമാണ്.


അധ്യാപകനായ സാമുവല്‍ പാറ്റിയുടെ കൊലപാതകം 'ഇസ്ലാമിക ഭീകരാക്രമണം' ആണെന്നും ഇസ്ലാം ഭീകരത രാജ്യത്തിന്റെ 'ഭാവി' യെ മോശകരമായി ബാധിക്കുന്നുവെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കുറ്റപ്പെടുത്തിയിരുന്നു.


 ഐക്യവും ഉറച്ച നിലപാടിലൂടെയുമാണ് ഇതിന് ഉത്തരം നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാക്രോണിനെതിരെ വിമര്‍ശനവുമായി അറബ് രാഷ്ട്ര തലവന്‍മാര്‍ രംഗത്തെത്തിയത്.


മാക്രോണ്‍ മാനസികരോഗിയാണെന്നും ചികിത്സ ആവശ്യമുണ്ടെന്ന വിമര്‍ശനവുമായിരുന്നു തുര്‍ക്കി ഭരണാധികാരി എര്‍ദോഗാന്‍ നടത്തിയത്. അതിനിടെ മാക്രോണിനെതിരെ വിമര്‍ശനവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക