Image

യുക്മ കേരളപിറവി ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് സുരാജ് വെഞ്ഞാറമൂട്

Published on 07 November, 2020
 യുക്മ കേരളപിറവി ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് സുരാജ് വെഞ്ഞാറമൂട്


ലണ്ടന്‍: യുക്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം യുക്മയുടെ ചരിത്രത്താളുകളില്‍ സുവര്‍ണ ലിപികളില്‍ പുതിയൊരധ്യായം കൂടി എഴുതിച്ചേര്‍ത്തു. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി അഭിനയ ജീവിതത്തില്‍ കൂടുതല്‍ ഉയരങളിലേക്കെത്തുന്ന മലയാളികളുടെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂട്, യുക്മ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഇവന്റ് കോ ഓര്‍ഡിനേറ്ററും ലൈവ് ഷോ ഹോസ്റ്റുമായിരുന്ന ദീപ നായരുമായി നടത്തിയ ടെലിഫോണ്‍ ഇന്റര്‍വ്യൂ ഏറെ ആസ്വാദ്യകരമായിരുന്നു.

മിമിക്രിയിലൂടെ കലാ ജീവിതം ആരംഭിച്ച് ടെലിവിഷന്‍ ഷോകളിലൂടെ വെള്ളിത്തിരയിലെത്തിയ സുരാജ്, നൂറ് കണക്കിന് ഹാസ്യ കഥാ പാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറി. 2013 ലെ നല്ല നടനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹമായ 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലെ പേരില്ലാത്ത നായക കഥാപാത്രം മുന്‍സിപ്പാലിറ്റി തൂപ്പുകാരന്റെ വേഷത്തിലൂടെ തന്റെ അഭിനയ മികവ് പുറത്തെടുത്തു. ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രസാദ് എന്നീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സ്വഭാവ നടനായും മാറി. ഹാസ്യ വേഷങ്ങളോടൊപ്പം ശക്തമായ കാരക്ടര്‍ റോളുകളും ചെയ്ത് മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സുരാജ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2019 ലെ നല്ല നടനുള്ള അവാര്‍ഡും കരസ്ഥമാക്കി മുന്നേറുകയാണ്.

മുന്‍ വൈസ് ചാന്‍സലറും ഉജ്ജ്വല വാഗ്മിയുമായ ഡോ. സിറിയക് തോമസ്, മലയാളത്തിന്റെ പ്രിയ കവി പ്രഫ. മധുസൂദനന്‍ നായര്‍, ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ് മിനിസ്റ്റര്‍ മന്‍മീത് സിംഗ് നാരംഗ് ഐപിഎസ്, മലയാളികളുടെ ഇഷ്ട താരം സുരാജ് വെഞ്ഞാറമൂട് എന്നീ വിശിഷ്ടാതിഥികളോടൊപ്പം ഗായകരും നര്‍ത്തകരും അഞ്ചംഗ കാവ്യകേളി ടീമും ഉള്‍പ്പടെ 20 കലാപ്രതിഭകളും പങ്കെടുത്ത മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന യുക്മ കേരളപിറവി ലൈവ് ഷോ അത്യന്തം ഹൃദയഹാരിയായിരുന്നു. മലയാള ഭാഷയ്ക്കും കേരളത്തിനും പ്രാമുഖ്യം നല്‍കി നമ്മുടെ കലാപ്രതിഭകള്‍ അവതരിപ്പിച്ച കലാ പ്രകടനങ്ങള്‍ പ്രേക്ഷകരുടെ മനം നിറഞ്ഞ പ്രശംസകള്‍ ഏറ്റു വാങ്ങി.

യുക്മ കേരളപിറവി ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന സുരാജ് വെഞ്ഞാറമൂടുമായി ദീപ നായര്‍ നടത്തിയ ടെലിഫോണ്‍ അഭിമുഖം വീഡിയോ രൂപത്തില്‍ തയാറാക്കിയത് ഈ വാര്‍ത്തയോടൊപ്പം യുക്മ ന്യൂസ് പുറത്ത് വിടുകയാണ്. യുകെയിലെ പ്രമുഖ ഗ്രാഫിക്‌സ് ഡിസൈനറായ ബാസില്‍ഡണിലെ സിജോ ജോര്‍ജാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്. 2019 ല്‍ മാഞ്ചസ്റ്ററില്‍ നടന്ന പത്താമത് യുക്മ ദേശീയ കലാമേള ലോഗോ രൂപ കല്‍പ്പന ചെയ്ത് സമ്മാനാര്‍ഹനായ സിജോ, യുക്മ സാംസ്‌കാരിക വേദി ദേശീയ തലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ സീനിയര്‍ വിഭാഗം ഒന്നാം സമ്മാനാര്‍ഹനായിരുന്നു.

യുക്മ കേരളപ്പിറവി ആഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് സുരാജ് വെഞ്ഞാറമൂടുമായി ദീപാ നായര്‍ നടത്തിയ അഭിമുഖം കാണുവാന്‍ www.www.facebook.com/518269248217945/posts/3665571573487681എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക