Image

ദിനരാത്രങ്ങളങ്ങനെ - കഥ - രമണി അമ്മാൾ

Published on 09 November, 2020
ദിനരാത്രങ്ങളങ്ങനെ - കഥ -  രമണി അമ്മാൾ
അഞ്ചിന്, അലാറം  അടിക്കുമ്പോൾതന്നെ
എഴുന്നേൽക്കണം.. 
രണ്ടു മണിക്കൃറുകൾക്കൊണ്ട് അന്നേ ദിവസത്തെ മുഴുവൻ പണിയും തീരണം...!
,
 അച്ഛനും മകളും പൂണ്ടയുറക്കത്തിലാണ്.
അലാറമടിയിലൊന്നും അവരുണരില്ല..
ഡിസംബറിലെ  മഞ്ഞുപൊഴിയുന്ന വെളുപ്പാംകാലം..
മൂടിപ്പുതച്ചങ്ങനെ കിടക്കാൻ
തോന്നും.. 
7.30നു ട്രെയിൻ മൂവുചെയ്യാൻ തുടങ്ങും..
വീട്ടീന്നു പത്തുമിനിട്ടെടുക്കും സ്റ്റേഷനിലേക്ക്... 
സ്ക്കൂട്ടറിൽ, കൊണ്ടുവിടണം....
എത്രവട്ടം വിളിച്ചാലാണ് ഒന്നെഴുന്നേറ്റുവരുന്നത്?
"നിനക്ക് വീടിനടുത്തോട്ടൊന്നും ട്രാൻസ്ഫർ കിട്ടറായില്ലേ..
മനുഷ്യനു സമാധാനമായിട്ടൊന്നു കിടന്നുറങ്ങാൻ പോലും സമ്മതിക്കാതെ... "
പിറുപിറുത്തുംകൊണ്ടാണ് എഴുന്നേറ്റുവരുന്നത്...
ട്രെയിൻ  വിട്ടുപോയാൽ ബസ്സു തന്നെ ശരണം....
ചിലപ്പോഴെല്ലാം അങ്ങനെ സംഭവിച്ചിട്ടുമുണ്ട്..
അത്രയും ദൂരം ബസ്സിൽ, ആകെ മടുക്കും...
ഇരുന്നിരുന്നു മുഷിയും...
ഓഫിസിലെത്തുമ്പോൾ ഒരു ഫ്റഷ്നസ്സും തോന്നില്ല.. വൈകുന്നേരം 
ജോലികഴിഞ്ഞിറങ്ങുമ്പോഴുളള അതേ ക്ഷീണം...
രാത്രിയിൽത്തന്നെ 
കറിക്കരിഞ്ഞും, 
തേങ്ങ ചിരകിയുമൊക്കെ വയ്ക്കും.. . 
രാവിലെ എഴുന്നേറ്റുവന്നാൽ ആദ്യം ചെയ്യുന്നത് ഫ്രിഡ്ജിൽ നിന്ന് അതെല്ലാമെടുത്തു പുറത്തു വയ്ക്കുകയെന്നതാണ്..
കുക്കറിൽ അരിയുമിട്ട് കുളിമുറിയിലേക്കോടും...
യന്ത്രം കണക്കെ ഒരു നിമിഷംപോലും വെറുതെ കളയാതെ പ്രവർത്തിച്ചെങ്കിൽ മാത്രമേ
എല്ലാവരുടേയും എല്ലാക്കാര്യവും വലിയ പരാതികൾക്കിടംകൊടുക്കാതെ പരിഹരിക്കാനാവൂ....
വയസ്സായ അമ്മായിയപ്പന്റേതടക്കം...
പുറത്ത് വെട്ടം വീഴാൻ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു....
അടുക്കള വശത്തെ മതിലിൽ സ്ഥിരമായി ഈ സമയത്തു പറന്നു വന്നിരിക്കാറുളള നാലഞ്ചു കാക്കകളുണ്ട്..  വാതിൽ തുക്കാനുളള കാ കാ വിളിയും അലാറം പോലെയാണ്. 
വാതിൽ തുറക്കുന്നതുവരെ അതു തുടരും..
മോളുടെ സ്നാക്സ് 
ബോക്സിൽ  മിച്ചംവന്നിട്ടുളളത്
അവർക്കുളളതാണ്.. അവർക്കതറിയാം.. 
നിലത്തേക്കെറിഞ്ഞു കൊടുക്കുന്നതു മുഴുവനും കൊത്തിപ്പെറുക്കിത്തിന്നു 
കഴിഞ്ഞാലുടനെ സ്ഥലം വിടും.. 
അടുത്ത ദിവസം വെളളകീറുമ്പോൾ കിറുകൃത്യമായി വീണ്ടും  മതിലിൽ വന്നിരുന്നു കാ..കാ..
വിളിക്കാൻ...
കാക്കകൾ ഇണങ്ങില്ലെന്നാരാ
പറഞ്ഞത്...? 
മോൾക്കുളള ടിഫിനും സാനാക്സുമൊക്കെ പാത്രത്തിലാക്കി.
യൂണിഫോം ഇസ്തിരിയിടലും, അവളെ കുളിപ്പിച്ചൊ രുക്കലുമോക്കെ അച്ഛൻ ചെയ്തോളും..
സ്കൂൾ അടുത്തുതന്നെയായതു ഭാഗ്യം..
റോഡോരം ചേർന്ന്, അഞ്ചുമിനിറ്റുകൊണ്ടു നടന്നെത്താം..
കാളിംഗ് ബെൽ  അടിക്കുന്നു... 
ആരാണാവോ..
ഇത്രരാവിലെ... അതിരാവിലെയും, 
രാത്രി ഏറെ വൈകിയുമുളള  ഫോൺബെല്ലും
കാളിംഗ്ബെല്ലും 
അശുഭവാർത്തകേൾക്കാനാവരുതേ എന്ന പ്രാർത്ഥനയോടെയാണ്
അറ്റന്റ് ചെയ്യുന്നത്..
ആരും കേട്ടലക്ഷണമില്ല..
വീണ്ടും ബെല്ലടി...
തലയിൽ ചുറ്റിക്കെട്ടിയ നനഞ്ഞ  തോർത്തഴിച്ചുമാറ്റിക്കൊണ്ട് വാതിൽ തുറന്നു..
ഹൗസോണർ...!, ഇത്ര രാവിലെ
പതിവില്ലാതെയാണല്ലോ...!
ഈ വീടു നില്ക്കുന്ന കോമ്പൗണ്ടിലെ നാലുവീടുകളിൽ ഒന്നിലാണ് അദ്ദേഹത്തിന്റെ കുടുബസമേതമുളള  താമസം...
ബാക്കി മൂന്നു വീടുകളിലും ഞങ്ങളുൾപ്പെടുന്ന വാടകക്കാരും.. 
സെക്രട്ടേറിയറ്റിലെ 
ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തു. 
പെൻഷനും വാടക വരുമാനവും കൊണ്ടു ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്ന സംതൃപ്തൻ...
"വീട്ടുകാരനുണർന്നില്ലേ...?"
"ഇല്ല സർ, വിളിക്കാം
കയറിയിരിക്കൂ സാർ"
"ഇപ്പോൾ വന്നെങ്കിലല്ലേ നിങ്ങളെ രണ്ടുപേരേം ഒരുമിച്ചു കാണാൻ പറ്റൂ.....
ഇയാൾക്കുളള ട്രെയിൻ ഏഴരക്കല്ലേ..?
തിരിച്ച് ട്രാൻസ്ഫർ കിട്ടാറായില്ലേ..?"

"റിക്വസ്റ്റ് ചെയ്തിട്ടുണ്ടു സർ..
ജനറൽ ട്രാൻസ്ഫറിന് കിട്ടിയേക്കും"..

മോളുടെ അച്ഛൻ മുഴുവനാകാത്ത ഉറക്കം ഉണർന്നു വന്നു.....
ഇന്നലെ പാതിരാവരെയും കുത്തിയിരുന്നെഴുത്തായിരുന്നു. 
എപ്പോഴാണു വന്നു കിടന്നതെന്നുപോലും ഞാൻ  അറിഞ്ഞില്ല...

ഓഫീസിൽ, എന്റെ സെക്ഷനിൽ  മലമറിക്കുന്ന പണിയൊന്നുമില്ലെങ്കിലും..
യാത്രയും അലച്ചിലും ഉറക്കക്കുറവും...
കിടക്ക കാണുമ്പോഴേ 
ഞാനങ്ങുറങ്ങിപ്പോവും....

മാധവൻ തമ്പിയെന്നാണ് ഹൗസോണറിന്റെ മുഴുവൻ പേരെങ്കിലും, 
"തമ്പിസാറേ" ഏന്നാണ് അദ്ധേഹത്തെ എല്ലാവരും വിളിക്കാറ് ..
അല്പം കോങ്കണ്ണുണ്ട്..
മുഖത്തുനോക്കി സംസാരിച്ചാലും അദ്ധഹത്തിന്റെ കണ്ണ് മറ്റെവിടെയോ ആണെന്നു തോന്നിപ്പോവും..
ഭാര്യ, രാധച്ചേച്ചി അതിസുന്ദരിയാണ്..
മകൾ, പക്ഷേ അച്ഛന്റെ തനിരൂപം..തരക്കേടില്ല...
"പെട്ടെന്നു കാര്യം പറയാം....കൊച്ചിനു പോവേണ്ടതല്ലേ...
നിങ്ങളു താമസിക്കുന്ന ഈ വീടങ്ങു വിറ്റാലോയെന്നു വിചാരിക്കുവാ.. പെങ്കൊച്ചിനൊരാലോചന...
പയ്യൻ വന്നു കണ്ടിട്ടുപോയി. തരക്കേടില്ല.. അതങ്ങുറപ്പിക്കാനാ...
നിങ്ങൾക്ക് വേണമെങ്കിൽ ഇതു വാങ്ങാം..
അല്പം വിലയാച്ചൊക്കെ ഞാൻ തരാം....
നിങ്ങളു വർഷങ്ങളായി ഇവിടെ  താമസിക്കുന്നവരല്ലേ..
ആലോചിക്കാൻ അധികം സമയമില്ല. 
നിങ്ങൾക്ക് വേണ്ടെന്നു പറഞ്ഞാലേ  മറ്റൊരു കക്ഷിക്കു കൊടുക്കൂ......
ഇന്നു വൈകുന്നേരം തന്നെ വേണോ, വേണ്ടേ, എന്നുളള വിവരം പറയണം.."
അന്ന്, ആ  നിമിഷം വരെ
സ്വന്തമായൊരു വീട് സ്വപ്നത്തിൽപോലും  സ്വന്തമാക്കിയിട്ടില്ല....!
മാധവൻ സാർ 
അതിരാവിലെ  
ഒരു ഫലിതം പറഞ്ഞിട്ടുപോയതുപോലെയാണ് അന്നേരം തോന്നിയത്..
.അടുക്കളയിൽ
പൂർത്തിയാവാത്ത പണിത്തിരക്കിൽ മുഴുകുമ്പോഴും..
വൈകുന്നേരം, 
വേണോ... വേണ്ടയോ.. 
എന്ന മറുപടി കൊടുക്കേണമല്ലോ, 
എന്ന ചിന്തയെ..
വിടാനുളള ഭാവമില്ലാത്ത മനസ്സ്...
 "വേണ്ടാ...," എന്നുപറഞ്ഞാൽ ഉടനെ മറ്റൊരു വാടകവീട് അന്വേഷിക്കേണ്ടി വരും.....
ഇത്ര സൗകര്യത്തിന് എവിടെയൊരു ചെറിയ വീടു കിട്ടാൻ .. 
അല്ലെങ്കിലും ഒന്നുമല്ലാത്ത ഈ സമയത്ത്.. സാധാരണ 
സ്കൂൾ വെക്കേഷൻ സമയത്താണ്
വാടകക്കാർ ഒഴിയുന്നതും പുതിയ വാടകക്കാർ വരുന്നതും...
ചെറുതാണെങ്കിലും അത്യാവശ്യം സൗകര്യങ്ങളൊക്കെയുളള വീടായിരുന്നു...ഏതു പാതിരയ്ക്കും എവിടെനിന്നും എത്തിപ്പെടുവാനുളള 
വഴി സൗകര്യവും....
സ്വന്തമെന്ന തോന്നലുളവാക്കുന്ന വീട്..
കല്യാണം കഴിഞ്ഞ്, ജീവിതം തുടങ്ങിവച്ച വീട്.. 
ഒരിഞ്ചു സ്ഥലംപോലും വെറുതേ കളയാതെ കണക്കുകൂട്ടലുകളോടെ വച്ച വീടാണ്..
മുറ്റത്തു കൈകൊണ്ട് അടത്തിയെടുക്കാൻ പാകത്തിന് നിറയെ 
കായ്ച്ചു നില്ക്കുന്ന  രണ്ടു  തൈത്തെങ്ങുകൾ.. 
ഈ നാലുസെന്റനകത്ത് 
ഇല്ലാത്തതായൊന്നുമില്ല.. പൂക്കാൻ തുടങ്ങിയ മാവ്, ചെറിയ പ്ളാവ്,  മുരിങ്ങ, പേര, സപ്പോട്ട, ലൗലോലി.. മതിലിനോടുചേർന്ന് പലയിനം വാഴകൾ.. ചട്ടികളിലും അല്ലാതെയും പലയിനം, പച്ചക്കറികൾ, പൂച്ചെടികൾ..
ഞങ്ങളിവിടെ താമസക്കാരുണ്ടെങ്കിലും  ചുറ്റിലും നടന്ന് വെളളമൊഴിക്കുന്നത് തമ്പിസാറാണ്..
അവധിദിവസങ്ങളിലേ , വീടിന്റെ പരിസരം കാണാറുളളല്ലോ..
അപ്പോഴെല്ലാം
"നല്ല ഭംഗിയുളള, വൃത്തിയുളള, ഒതുങ്ങിയ വീട്" 
മനസ്സു പറയും..
വാഴക്കുല പഴുക്കുമ്പോൾ ഒരു ചെറിയ പടല ഞങ്ങൾക്കുറപ്പാണ്..
"എങ്ങനാടേ..?
നമ്മളു കൂട്ടിയാൽ ഇപ്പോൾ കൂടില്ല.. ..
ഉളള കരുതലുകളെല്ലാമെടുത്തും, കടവും വാങ്ങിയാണ്
സുജീടെ കല്യാണം നടത്തിയത്..." 
എന്റെ അനിയത്തിയാണ് സുജി..
"സിറ്റിക്കു നടുവിൽ നാലു സെന്റ്...
കശുണ്ടാവുന്ന സമയത്ത് തേടിനടന്നാൽ കിട്ടില്ല...
അതും കൂടി ഓർക്കണം"..
"നീ പറഞ്ഞതു ശരിയാണ്.."
"എവിടുന്നെങ്കിലും കുറച്ചു ലോൺ സങ്കടിപ്പിക്കാമെന്നുവച്ചാൽ
മാസാമാസം കൃത്യമായിട്ടടയ്ക്കണം..
നിന്റെ  പി. എഫിൽ എത്രയുണ്ടാകും, എടുക്കാൻ പറ്റുന്നത്?"
ഇതിനോടകം കാശിന്റെ പല ആവശ്യങ്ങൾ വന്നിരുന്നുവെങ്കിലും
പി.എഫിൽ നിന്നും ലോണെടുക്കാതെ പിടിച്ചുനിൽക്കുകയായിരുന്നു.കുറച്ചു കരുതൽ ധനം.
"രണ്ടുമൂന്നു ലക്ഷം കണ്ടേക്കും.."
"അപ്പോൾ... അത്രയുമായി....ഇന്നുതന്നെ അപേക്ഷ കൊടുത്തേക്ക്.."
രാവിലത്തെ തിരക്കിനിടയിലും ബാക്കി  തുക എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്ത
രണ്ടുപേരുടേയും തലച്ചോറിനെ പുകച്ചുകൊണ്ടിരുന്നു..
കണക്കുകൂട്ടലുകൾ..
കിഴിക്കലുകുൾ..
തുടർന്നു..
കയ്യിലുളള സ്വർണ്ണം മുഴുവനും വിറ്റേക്കാം..
കിടപ്പാടത്തിനല്ലേ. ..
അതിന്റേയും കണക്കെടുത്തു കഴിഞ്ഞു..
സിറ്റിയുടെ കേന്ദ്ര ബിന്ദുവിൽ ഒരുതുണ്ടു  ഭൂമി.. വാങ്ങണം....ഉറപ്പിച്ചു.....
ട്രെയിനിൽ പതിവുളള സൗഹൃദ സംഭാഷണങ്ങളിലോ
അന്താക്ഷരിയിലോ കൂടാൻ തോന്നിയില്ല.. കണ്ണടച്ചിരുന്നുളള ആലോചനകൾ പലവഴികളിലൂടെയും പാഞ്ഞു നടന്നു..
വൈകുന്നേരം തമ്പി സാറിനോട് "ഓക്കെ" പറയണം.
ഒരുമാസത്തെ സാവകാശം എന്തായാലും സാറു തരും..
സഹപ്രവർത്തകരോട്, അടുപ്പമുളളവരോട്, അവരുടെ പിഎഫ് കൂടിയൊന്ന് എടുത്തു തരമോന്നു, ചോദിക്കണം..
ഞങ്ങൾ,  പരസ്പരം കണ്ടറിഞ്ഞു സഹായിക്കുന്നവരാണ്..
എന്റെ കല്യാണം തന്നെ  സഹപ്രവർത്തകർ ഇടപെട്ട് അവരുടെ നേതൃത്വത്തിൽ നടത്തിത്തരുകയായിരുന്നു...
റഷീദ് സാറിന്റെ ഭാര്യ  ജമീലച്ചേച്ചി..
സ്വന്തം കൂടപ്പിറപ്പിനേപ്പോലെയാണെന്നെ കാണുന്നത്.....
 റഷീദ് സാറും അതുപോലെ..
രണ്ടു പേരും ഒരേ ഓഫീസിൽ.. 
ട്രാൻസ്ഫർ ആവുമ്പോഴും ഒന്നിച്ചൊരിടത്തേക്കേ പോകൂ....  
എന്റെ കല്യാണത്തിന്, മുല്ലപ്പൂമാലയും
മുടിയിൽ തിരുകി, നെറ്റിയിൽ മെറൂൺ കളർ വട്ടപ്പൊട്ടുമൊട്ടിച്ച്, ജമീലച്ചേച്ചി  കൂട്ടത്തിൽ വന്നുനിന്നു ഫോട്ടോയ്ക്ക് പോസുചെയ്തത്.. കല്യാണാൽബത്തിലുണ്ട്..
എല്ലാ മതാചാരങ്ങളേയും
മാനിക്കുന്ന ഭാര്യയും ഭർത്താവും...
തീർച്ചയായും സഹായിക്കും..
ധാരണതെറ്റിയില്ല....
നേരിട്ടു കാണാതെ വിവരങ്ങൾ ഫോണിലൂടെ
ധരിപ്പിക്കുകയായിരുന്നു.. 
സൊസൈറ്റിയിൽ 
മെമ്പർഷിപ്പെടുപ്പിച്ചു..
ലോൺ കിട്ടുവാൻ വേണ്ട നടപടിക്രമങ്ങളെല്ലാം വേഗത്തിലാക്കി..
ജാമ്യക്കാരേയും ഒപ്പിച്ചു തന്നു..
അടുത്തകമ്മറ്റിയിൽ ലോൺ 
പാസ്സാകും..!
"എടേ....വൈകിട്ട് സാറിനോട് നമുക്കീ വീടും സ്ഥലവും വേണമെന്നങ്ങുറപ്പു പറയാം.. 
ഞാനും ഒന്നുരണ്ടു ഫ്രണ്ട്സിനോടു സൂചിപ്പിച്ചു.. ഒരു കാരണവശാലും വിട്ടുകളയരുതെന്നവരു
പറഞ്ഞു..
മുത്തേടൻ മുരളി കുറച്ചു  കാശു മറിച്ചു തരാമെന്നുമേറ്റിട്ടുണ്ട്" 
ഉച്ചയ്ക്ക് ഫോൺചെയ്തു..
"കയ്യിലുളള സ്വർണ്ണവും കൂടി തല്ക്കാലമങ്ങു വില്ക്കാം"
ഞാൻ പറഞ്ഞു.
സ്വർണ്ണം വില്ക്കുന്നതിനേപ്പറ്റി എന്നോടെങ്ങനെ പറയുമെന്നു കരുതിയിരിക്കവേ ഞാൻ തന്നെ അങ്ങോട്ടു പറഞ്ഞപ്പോൾ സന്തോഷമായിട്ടുണ്ടാവും..
എടുപിടീന്നു കാര്യങ്ങൾ നടന്നു.
.ഒരുമാസം പോലും വേണ്ടിവന്നില്ല...
കാശുതികഞ്ഞുകിട്ടിയ മൂന്നാംനാൾ 
സിറ്റിയുടെ നടുക്ക് നാലുസെന്റിന്റെ അവകാശികൾ ഞങ്ങളായി..
നാട്ടിൽ, റബ്ബറും, നെല്ലും പറങ്കിമാവും, വാഴയും, ഇഞ്ചിയുമെല്ലാം കൃഷിചെയ്യാൻ പറമ്പുണ്ട്..
ആർക്കും വീതംവച്ചു കൊടുത്തിട്ടില്ലാത്ത കുടുംബസ്വത്ത്..
പക്ഷേ സ്വന്തമായി ഒരു തുണ്ടു ഭൂമി കൈവന്നപ്പോഴുളള നിർവൃതി...പറഞ്ഞറിയിക്കാൻ കഴിയുന്നില്ല
ദാമ്പ്യത്യ ജീവിതം ചേക്കേറിയ കൂട്...പതിച്ചു വാങ്ങിക്കഴിഞ്ഞു..
    .....      .....       .....



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക