Image

നിങ്ങളെന്നെ വെറുക്കുന്നു (കവിത:അർച്ചന ഇന്ദിര ശങ്കർ)

Published on 10 November, 2020
നിങ്ങളെന്നെ വെറുക്കുന്നു (കവിത:അർച്ചന ഇന്ദിര ശങ്കർ)
നിങ്ങൾക്കെന്നോട് വെറുപ്പാണ്
എന്തെന്നാൽ
ഞാനൊരു സാമൂഹ്യദ്രോഹിയാണ്.
എടുത്തുപറയാനൊരു വകുപ്പ്
കിട്ടിയില്ലെന്നതിനാൽ മാത്രം
അകത്തു കിടക്കാത്തവൾ.
നിങ്ങൾ പോറ്റുന്ന സംസ്കാരത്തോടെനിക്ക്
നിത്യകലഹമാണ്.
നിങ്ങളുടെ തോക്കുമുന മുന്നിൽ
ഞാൻ പേന കൊണ്ടിറങ്ങുമ്പോൾ നിങ്ങൾ
യുദ്ധത്തിൽ നിന്ന് പിന്മാറി മടങ്ങുന്നു.
തെരുവിലൊരുത്തിയെ പിച്ചിക്കീറുമ്പോൾ
നോക്കുകുത്തിവേഷമണിയുന്ന നിങ്ങൾ
അതേ തെരുവിൽ
നൃത്തം വയ്ക്കുകയോ
സ്നേഹപ്രകടനം നടത്തുകയോ
ചെയ്താൽ എന്നെ
അഴിഞ്ഞാട്ടക്കാരിയെന്നു വിളിക്കുന്നു.
നിങ്ങൾ നെയ്ത ചങ്ങല പൊട്ടിക്കുമ്പോൾ
ഞാൻ ഭ്രാന്തിയാവുന്നു.
നിങ്ങളുടെ നീതി ചോദ്യം ചെയ്താലോ
നിങ്ങൾ നിഷേധിച്ചത് തിന്നാലോ ഉടുത്താലോ
ഞാൻ ദേശദ്രോഹിയുമാവുന്നു.
യുക്തി പറഞ്ഞാൽ ഒരുമ്പെട്ടവൾ,
തൊലി കറുത്താൽ അശ്രീകരം
തുടകൾക്കിടയിലൂടെ രക്തമൊഴുകിയാൽ
അയിത്തക്കാരി.
എന്റെ കാടും എന്റെ മലയും
കയ്യേറി നിങ്ങളെൻ സഹോദരരെ
നിസ്സാരമായ് കൊല്ലും,
കാരണം നിങ്ങൾ മാന്യരല്ലോ,
ഞങ്ങളുടെ കുറ്റം വിശപ്പും.
നിങ്ങളുടെയാചാരം എന്റെ
ചിന്തയ്‌ക്കെതിരെങ്കിൽ
ഞാൻ കുലദ്രോഹി,
നിങ്ങൾക്കെന്നെ വെറുക്കാനനേകമുണ്ട്
കാരണങ്ങൾ,
എങ്കിലും ഞാൻ സന്തോഷിക്കുന്നു
നിങ്ങളുടെ പ്രതിപക്ഷം ചേർന്ന്
വെറുപ്പേറ്റു വാങ്ങുന്നതിൽ
അഭിമാനിക്കുന്നു.



 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക