Image

നടനം - (കവിത:സുഷമ നെടൂളി )

Published on 13 November, 2020
നടനം -  (കവിത:സുഷമ നെടൂളി )
നൃത്തം, സംഗീതം
എനിക്കൊപ്പം
പിറന്നവർ 

അമ്മയുടെ
ചിന്തക്ക് 
ഗർഭപാത്രത്തിലിരുന്ന്
സന്തോഷത്തിൻ്റെ
കൈകൊട്ടിക്കളി
നടത്തിയവൾ...

അമ്മയുടെ വയറിനു 
മേൽ ചെവി ചേർത്ത് 
നൃത്തം ശ്രവിച്ച്‌ 
ചുംബനത്തിൻ്റെ
വാത്സല്യതാളം
എന്നിലുറപ്പിച്ചവനച്ഛൻ

പല രാഗപാഠങ്ങൾ..
മിക്സിയുടെ,ടിവിയുടെ
അലക്കുകല്ലിൻ്റെ
കഠോരതാളങ്ങളവിടെ

ചുടുകല്ലിൽ ദോശ -
മാവു തീർത്ത
മൊരിയുന്ന താളം.
ചൂലും തറയും പറഞ്ഞ 
കിന്നാരങ്ങളുടെ
വൃത്തിയുള്ള താളം...

ഓഫീസിലെത്താനുള്ള 
ഓട്ടത്തിൻ  ശ്രുതി -
ചേരാത്തൊരീണം...
ഊണിടവേളകളിൽ
പൊടിപ്പും തൊങ്ങലും
വച്ച,നെറ്റി ചുളിഞ്ഞ,
പുളിച്ചു തികട്ടിയ ഈണം..

അച്ഛനുമമ്മയും
ഒരുമിച്ചു നുണഞ്ഞ
മസാലദോശയുടെ
സ്നേഹതാളം..
ഐസ്ക്രീം  ചുണ്ടിൽ 
കുളിർ പടർന്നൊരീണം

ഒടുവിലാ 
കാത്തിരിപ്പിൻ
ഹൃദയതാളത്തിൻ
മുനയൊടിച്ചൊരി 
 കുഞ്ഞു ചിലങ്കയുടെ 
അലറിക്കരച്ചിലിൻ
ശുദ്ധ സംഗീതം...

പിറവി തൊട്ട് 
കൈകാലുകൾ 
മുദ്രകളെ കോരി 
കുടിക്കുമ്പോൾ 
 കണ്ട് നിന്ന 
പ്രിയരിൽ 
ആനന്ദരാഗം

നവരസം വിടരും വഴിയിൽ  നടനവിസ്മയങ്ങളും
രാഗമാലികകളും
ചമച്ചൊന്നാമതാകു _
മെന്നകമേ നിനച്ചൂ....

വിപരീതങ്ങളാൽ 
അർത്ഥം നഷ്ടപ്പെട്ട
മുദ്രകൾ പറന്നകലവേ
ചിലത്  ഞാനെൻ
മനച്ചെപ്പിൽ
അമർത്തി ഒളിപ്പിച്ചു വച്ചൂ...

യവനികയുയർന്നൂ
തൊട്ടു തൊഴുത ഞാൻ
പക്കമേളമില്ലാതെ
പകച്ചുപോയീ....

സദസ്യരുടെ മിഴി _
കളെൻ നേർക്കു
നീളവേ....
സ്വയം മെനഞ്ഞ
മുദ്രകൾക്ക്
നിലയ്ക്കാതെ
പെയ്തൊരു 
മഴ ഈണമൊരുക്കേ
ഞാനെന്നെ മറന്നാടി...
ലാസ്യനടനത്തിനിടെ
രൗദ്രം കലരാതെ
ചുവടു പിഴയ്ക്കാതെ
ആടേണമെന്നൊരു
നിഷ്ഠയേ വച്ചൂ...

ഇനിയൊരു
ശമനതാളം
ആടുവാനുണ്ട്
അതിനൊപ്പം
മംഗളം ചൊല്ലി
പിരിയുമ്പോൾ
അണിയറയിൽ
പുതു നർത്തകി
ചിലങ്ക ചാർത്തട്ടെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക