Image

ആരോഗ്യകരമായ ഭക്ഷണശീലം കോവിഡ് വേഗം സുഖപ്പെടാന്‍ സഹായകമെന്നു പഠനം

Published on 13 November, 2020
ആരോഗ്യകരമായ ഭക്ഷണശീലം കോവിഡ് വേഗം സുഖപ്പെടാന്‍ സഹായകമെന്നു പഠനം
ആരോഗ്യകരമായ ഭക്ഷണക്രമം കോവിഡ് വേഗം സുഖപ്പെടാന്‍ സഹായിക്കുമെന്ന് പഠനം.  രോഗപ്രതിരോധ ശേഷി കൂട്ടും വിധം പഴം, പച്ചക്കറി, ധാന്യം എന്നിവ കൃത്യമായ ഇടവേളകളില്‍ കഴിക്കണം. പതിവായി വ്യായാമം ചെയ്യുകയും പുകവലി ഒഴിവാക്കുകയും ചെയ്യുന്നവരില്‍ എളുപ്പം കോവിഡ് മുക്തരാകുന്നെന്നും  പഠനത്തില്‍ പറയുന്നു.

അബുദാബി ആരോഗ്യവിഭാഗം  കോവിഡ് ബാധിച്ച 18നും 60നും ഇടയില്‍ പ്രായമുള്ള 1038 പേരെ നിരീക്ഷിച്ചാണ് കണ്ടെത്തല്‍. കോവിഡ് ബാധിതരുടെ ജീവിത രീതിയും ഭക്ഷണക്രമവും പ്രതിരോധശേഷിയുമാണ് പഠന വിധേയമാക്കിയത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരില്‍ കോവിഡിന്റെ തീവ്രത കുറയുകയും വേഗം സുഖപ്പെട്ട് ആശുപത്രി വിടുന്നതായി അബുദാബി ഹെല്‍ത്ത്‌കെയര്‍ ക്വാളിറ്റി വിഭാഗം മേധാവി സുമയ്യ അല്‍ അമെരി പറഞ്ഞു. പഴം, പച്ചക്കറി, ധാന്യങ്ങള്‍ ചേര്‍ന്ന ഭക്ഷണ ക്രമീകരണവും പതിവായ വ്യായാമവുമാണു ഗുണം ചെയ്തത്.

വ്യക്തിയുടെ ഉയരവും ഭാരവും വ്യായാമവും ജീവിത ശൈലി രോഗങ്ങളും കണക്കിലെടുത്ത് ഹെല്‍ത്ത് ഡയറ്റ് ഓരോരുത്തരിലും വ്യത്യസ്തമാകും. ഇവ ഉള്‍ക്കൊണ്ട് ദൈനംദിന ജീവിതത്തില്‍ സ്വയം ക്രമീകരണം വരുത്തിയാല്‍ പ്രതിരോധ ശേഷി കൂട്ടി കോവിഡിനെ അകറ്റാമെന്ന് മുസഫ അഹല്യ ആശുപത്രിയിലെ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ രാധിക മൊവ്വാര്‍ പറഞ്ഞു.

ദിവസം രണ്ടര ലീറ്റര്‍ വെള്ളം കുടിക്കണം. തിളപ്പിച്ചോ അല്ലാതെയോ കുടിക്കാം. തിളപ്പിച്ചാണെങ്കില്‍ ഒരു നുള്ള് മഞ്ഞള്‍പൊടിയോ ഒരു കഷണം ഇഞ്ചിയോ ഇടുന്നത് നന്ന്.

ആരോഗ്യത്തിന് ദിവസവും ശരിയായ വ്യായാമവും കൃത്യമായ ഉറക്കവും അനിവാര്യം. പുകവലി പോലെ അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കണം.

അവക്കാഡോ, ഓറഞ്ച്, ആപ്പിള്‍ (തൊലിയോടുകൂടി) തുടങ്ങിയ പഴവര്‍ഗങ്ങള്‍, മുട്ട, മത്സ്യം, ചിയ സീഡ്‌സ്, നട്‌സ്, ബ്രൗണ്‍ ബ്രഡ്, ബ്രൗണ്‍ ഖുബ്ബൂസ് തവിടുകളയാത്ത ധാന്യങ്ങള്‍ (ഗോതമ്പ്, ചെറുപയര്‍, മുതിര, പയര്‍, കടല) വിവിധ നിറത്തിലുള്ള കാപ്‌സിക്കം. ചീര, മുരങ്ങയില, പാലക്ക്, ലറ്റിയൂസ്, ഉലുവയില, പച്ചക്കറികള്‍. ഇഞ്ചി, വെളുത്തുള്ളി, െചറുനാരങ്ങ, മഞ്ഞള്‍ എന്നിവ ഭക്ഷണത്തില്‍  കൂടുതലായി ഉള്‍പെടുത്താം.
പഞ്ചസാര, ഉപ്പ്, ബേക്കറി ഉല്‍പന്നങ്ങള്‍, അച്ചാര്‍, ടൊമാറ്റോ സോസ്, വറുത്തത്, ബീഫ്, മട്ടന്‍ എന്നിവ ഒഴിവാക്കണമെന്നും പഠനത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക