Image

ബിനീഷ് കോടിയേരിയെ 'അമ്മ'യില്‍നിന്ന് പുറത്താക്കണമെന്ന് അംഗങ്ങള്‍: എതിര്‍ത്ത് മുകേഷും ഗണേഷും

Published on 20 November, 2020
ബിനീഷ് കോടിയേരിയെ 'അമ്മ'യില്‍നിന്ന് പുറത്താക്കണമെന്ന് അംഗങ്ങള്‍: എതിര്‍ത്ത് മുകേഷും ഗണേഷും

കൊച്ചി: ബംഗളൂരു ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണ കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യം.


 പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത കൊച്ചിയില്‍ ചേര്‍ന്ന 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യമുയര്‍ന്നത്.

എന്നാല്‍ ഈ ആവശ്യത്തെ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു.


സംഘടനയില്‍ രണ്ട് നീതി പാടില്ലെന്ന് നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്ന് ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.



സംഘടനയിലെ രണ്ട് അംഗങ്ങള്‍ക്ക് രണ്ടുനീതിയെന്ന രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്ന് ദിലീപിനെ പുറത്താക്കിയത് ചൂണ്ടിക്കാട്ടി അംഗങ്ങള്‍ പറഞ്ഞു.


എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നടപടിയെടുക്കണമെന്നും പലരും ആവശ്യപ്പെട്ടു. 2009 മുതല്‍ ബിനീഷ് കോടിയേരിക്ക് 'അമ്മ'യില്‍ ആജീവനാന്ത അംഗത്വമുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാനുള്ള അധികാരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക