Image

ജര്‍മനിയില്‍ നിന്നും മലയാളത്തില്‍ ജര്‍മന്‍ ക്ലാസ്

Published on 21 November, 2020
 ജര്‍മനിയില്‍ നിന്നും മലയാളത്തില്‍ ജര്‍മന്‍ ക്ലാസ്


മ്യൂണിച്ച്: ജര്‍മനിയില്‍ വര്‍ധിച്ച ജോലിസാധ്യതയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തേയ്ക്ക് ഉന്നതപഠനത്തിനും ജോലിക്കുമായി കുടിയേറുന്ന മലയാളികളുടെ എണ്ണം പ്രതിവര്‍ഷം കൂടിവരികയാണ്. ഇവിടേയ്ക്കു കുടിയേറാന്‍ ജര്‍മന്‍ ഭാഷാപഠനം ഒരു അവശ്യ ഘടകമായിരിക്കെ ഇക്കാര്യം ഇത്തരക്കാരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യംതന്നെയാണ്.

ജര്‍മന്‍ഭാഷാ പ്രാവീണ്യം ആറ് ഘട്ടങ്ങളായിട്ടാണ് നിര്‍ണയിക്കപ്പെടുന്നത് എ1, എ2, ബി1, ബി2, സി1, സി 2. ഇതില്‍ ബി 2 ലെവല്‍ പാസായാല്‍ മാത്രമാണ് നിലവില്‍ ജര്‍മനിയില്‍ ഒരു ജോലി നേടാന്‍ കഴിയുന്നത്.

ജര്‍മന്‍ ഭാഷ പുതുതായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പുതിയൊരു സന്തോഷവാര്‍ത്തയാണ് ജര്‍മന്‍ ഭാഷ മലയാളത്തില്‍ പഠിക്കുക എന്നുള്ളത്. അതിനായി തുടക്കക്കാര്‍ക്കുവേണ്ടിയുള്ള അടിസ്ഥാന ക്ലാസുകളും നിലവില്‍ ബി1, ബി2, പഠിക്കുന്നവര്‍ക്ക് മാതൃഭാഷയില്‍ത്തന്നെ ജര്‍മന്‍ ഗ്രാമര്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന ക്ലാസുകളും ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്.

കഴിഞ്ഞ 12 വര്‍ത്തോളമായി ജര്‍മനിയിലെ ഔഗ്‌സ്ബുര്‍ഗ് രൂപതയില്‍ സേവനം ചെയ്യുന്ന കണ്ണൂര്‍ കണിച്ചാര്‍ സ്വദേശി ഫാ. റോബിന്‍ ആണ് ക്ലാസുകള്‍ എടുക്കുന്നത്. ചെറുപുഷ്പ സഭയുടെ (ഇടഠ എമവേലെൃ) സെന്റ് തോമസ് പ്രൊവിന്‍സ് അംഗമാണ് ഫാ.റോബിന്‍. ഇതിനായി youtube.com/c/robincst എന്ന യൂട്യൂബ് ചാനലില്‍ അച്ചന്റെ ക്ലാസുകള്‍ ലഭ്യമാണ്.

കൊറോണമൂലം ജര്‍മനിയില്‍ വിശുദ്ധ കുര്‍ബാനകളും മറ്റു കൂദാശകളുമൊക്കെ പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ തന്റെ വിരസമായ ദിവസങ്ങളില്‍നിന്ന് രക്ഷനേടാനും അത് മറ്റുള്ളവര്‍ക്കുകൂടി ഉപകാരമാകുന്ന വിധത്തില്‍ ചെലവഴിക്കാനുമുള്ള ആഗ്രഹത്തില്‍ നിന്നാണ് ഇങ്ങനൊരു ആശയം രൂപപെട്ടതെന്ന് ഫാ. റോബിന്‍ പറഞ്ഞു.

റോബിനച്ചന്റെ ഈ സംരംഭം തങ്ങള്‍ക്ക് ഒത്തിരി സഹായകരമാണെന്നാണ് ജര്‍മന്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൊറോണമൂലം നിലവില്‍ വിദ്യാഭാസ സ്ഥാപനങ്ങളെല്ലാം അടച്ചിരിക്കുന്നതിനാല്‍ വീട്ടില്‍ ഇരുന്നുതന്നെ തങ്ങളുടെ ഭാഷ മെച്ചപ്പെടുത്താനും ജര്‍മന്‍ ഗ്രാമര്‍ മാതൃഭാഷയില്‍ത്തന്നെ മനസിലാക്കാനും ഈ ക്ലാസുകളിലൂടെ ധാരാളം കുട്ടികള്‍ക്ക് കഴിയുന്നുവെന്നും പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക