Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 21

Published on 22 November, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ - 21
ക്രിസ്ത്യാനികളുടെ നാടാണ് ഉത്തരയമേരിക്ക എന്നു ലളിതക്കു തോന്നാറുണ്ട്.  ജീസസ്സിനെ എല്ലാവക്കും അറിയാം.  വിഷ്ണുവെന്നു കേൾക്കാത്തവരും കേട്ടാൽ മനസ്സിലാവാത്തവരുമാണ് ലളിതയുടെ ലോകത്തിൽ കൂടുതലും.  മലയാളികൾ കൂടുന്നിടത്തു പള്ളിയും പ്രാർത്ഥനയും പൊതു വിഷയമാണ്.   സാധാരണപ്പെട്ടൊരു കാര്യമാണ്.  പലതരം പള്ളികൾ, പള്ളി വഴക്കുകൾ, ലളിതക്കു മനസ്സിലാവുന്നതലധികം.     
ലളിതയുടെ വീട്ടിൽ കോണിച്ചുവട്ടിലെ ചെറിയയിടം പൂജാമുറിയായത് അവരുടെ അതിഥികൾ കൗതുകത്തോടെ നോക്കിയത് ലളിതയെ അസ്വസ്ഥതപ്പെടുത്തുക തന്നെ ചെയ്തു.
കാനഡ മരത്തിൽ ഡോളർ പറിക്കാൻ പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു.
                   ....      ....    ....
 
ഒരുപറ്റം കാട്ടുതാറാവുകൾ ജനലിന്റെ ആകാശത്തിനു കുറുകെ പറന്നുപോകുന്നത് നോക്കിനിന്നു ലളിത.  പറക്കും താറാവുകളാണ് ലൂണുകൾ.  കാനഡയുടെ അടയാളം തന്നെയാണ് ലൂൺ പക്ഷികൾ.  തണുപ്പെത്തുമ്പോഴേക്കും തെക്കൻ ചൂടിലേക്കു മാറിപ്പാർക്കുന്നവ.  മഞ്ഞെല്ലാം പോയി പൂക്കൾ വിരിയാറാവുമ്പോഴേ അവ മടങ്ങി വരൂ.  
ചൂടിലേക്കും പൂക്കളിലേക്കും മാറിമാറിപ്പറക്കാൻ കഴിയാത്ത കണ്ണാടിയിലെ നാട്ടുതാറാവിനെ അവൾ തുറിച്ചു നോക്കി.    മുഖത്തു പ്രായം പണിത തലയോട്ടിപ്പാടുകൾ.  കണ്ണിന്റെ കുഴി, എഴുന്ന കവിളെല്ലുകൾ...  
- ഇതൊരു രാവണൻ കോട്ടയാണ്.  ഇനിയൊരിക്കലും ഇവിടെനിന്നു രക്ഷപെടില്ല.
ലളിത കണ്ണാടിയോടു മുറുമുറുത്തു.  ലളിതക്കു വല്ലാത്തൊരു ചൂടും വേവലും. ചില സമയത്തു നിനച്ചിരിക്കാതെ ചൂടു പെരുകും.  ലളിതക്കു ചുറ്റും ഇപ്പോൾ ലോകം കത്തിയെരിയുന്നു.  ആ ചൂടിൽ ചിലപ്പോൾ ചുറ്റുമുള്ളവർ പുകഞ്ഞുപോകും.  വിജയൻ പുറത്തേക്കു പോയിരുന്നെങ്കിലെന്നു അവൾ അപ്പോൾ ആത്മാർത്ഥമായി ആഗ്രഹിക്കും.   
ചിലനേരത്തു ലളിതക്കു വീടിൻ്റെ ഒരു കോണിൽ വെറുതെ പുതച്ചിരിക്കാൻ തോന്നും, വെറുമൊരു പൊരുന്നക്കോഴിയായി.  
ക്രിസ്ത്യാനികളുടെ നാടാണ് ഉത്തരയമേരിക്ക എന്നു ലളിതക്കു തോന്നാറുണ്ട്.  ജീസസ്സിനെ എല്ലാവക്കും അറിയാം.  വിഷ്ണുവെന്നു കേൾക്കാത്തവരും കേട്ടാൽ മനസ്സിലാവാത്തവരുമാണ് ലളിതയുടെ ലോകത്തിൽ കൂടുതലും.  മലയാളികൾ കൂടുന്നിടത്തു പള്ളിയും പ്രാർത്ഥനയും പൊതു വിഷയമാണ്.   സാധാരണപ്പെട്ടൊരു കാര്യമാണ്.  പലതരം പള്ളികൾ, പള്ളി വഴക്കുകൾ, ലളിതക്കു മനസ്സിലാവുന്നതലധികം.     
ലളിതയുടെ വീട്ടിൽ കോണിച്ചുവട്ടിലെ ചെറിയയിടം പൂജാമുറിയായത് അവരുടെ അതിഥികൾ കൗതുകത്തോടെ നോക്കിയത് ലളിതയെ അസ്വസ്ഥതപ്പെടുത്തുക തന്നെ ചെയ്തു.   ജോലിസ്ഥലത്തെ അപരിചിതത്വം ഇടപഴകുന്ന സമൂഹത്തിലും ഉണ്ടെന്ന അറിവ് ലളിതയെ ഉലച്ചുകൊണ്ടിരുന്നു.  വിജയൻ അതൊന്നും അറിഞ്ഞതേയില്ല.  അയാൾ ബൈബിളിന്റെ ഒരു കോപ്പി ജോർജിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നു വായിച്ചു വിസ്മയിച്ചത് ലളിതയെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കി.  
- അവരാരും ഗീതയും രാമായണവും വായിക്കുന്നില്ലല്ലോ!
ലളിത വിമ്മിട്ടം വാക്കുകളിൽ ചേർക്കാൻ നോക്കി.
- അവർക്കതൊന്നും അറിയാൻ ആഗ്രഹമില്ലായിരിക്കും.
വിജയൻ നിഷ്കാമനാണ്.   അമേരിക്കയ്ക്കു വരുന്നതിനു മുൻപ് വിജയൻ ചെറുപ്പക്കാരനായ ഒരു കോളേജ് അദ്ധ്യാപകനായിരുന്നു.  ചെറുപ്പക്കാരൻ - എല്ലാവരും ഇഷ്ടപ്പെടുന്ന ചെറുപ്പകാലം.  

വോളീബോൾ ടീമിനെ കോച്ചു ചെയ്തും വിദ്യാർത്ഥികളോടു തമാശകൾ പറഞ്ഞും അയാൾ വിദ്യാർത്ഥികളുടെ പ്രിയനായകനായി.  ഒരുകൂട്ടം യുവാക്കൾ എപ്പോഴും  അയാൾക്ക് ഉപഗ്രഹമായുണ്ടായിരുന്നു.   അവർ രാഷ്ട്രീയവും സിനിമയും സാഹിത്യവും ചർച്ചചെയ്തു.  അതൊക്കെ പഴയ കഥകൾ.  

സുഹൃത്തുക്കളോട് ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്നത് വിജയന്‌ എന്നും ഹരമായിരുന്നു.   മാർഗരറ്റ് താച്ചർ മന്ത്രിയായത് പത്രങ്ങളും ടി.വി.യും ഏറ്റേറ്റു പറഞ്ഞുകൊണ്ടിരുന്നു.  ജോർജിയും വിജയനും ഒന്നിച്ചു കൂടിയപ്പോൾ അതിനെ പുച്‌ഛിച്ചു.  
-ഹോ, ഇവര് വെല്യ മോഡേണാണെന്നൊക്കെ പറഞ്ഞിട്ടു നമ്മുടെ നാട്ടിലല്യോ ആദ്യം വനിതാ പ്രധാനമന്ത്രിയുണ്ടായത്.   

-പിന്നില്ലെ, സിരിമാവോയോ?
അവർ അഭിമാനത്തോടെ സിലോണിനെ ഓർത്തു.  ഇന്ദിരാഗാന്ധിയിൽ അഭിമാനംകൊണ്ടു .  
കാനഡയുടെ ദേശീയഗാനവും അവരുടെ ചർച്ചകളിൽ നിറഞ്ഞു.  
- ഓ കാനഡ പാടിയല്ലേ ഇവരുടെ പരിപാടികൾ തുടങ്ങുന്നത്.  നമ്മളാണെങ്കിൽ ജനഗണമന പാടി അവസാനിപ്പിക്കും.  
-  അത് നാഷണൽ ആന്തം വരുമ്പോഴേക്കും എല്ലാവരും സ്ഥലം വിടാതിരിക്കാനാണ്.  
പത്രങ്ങളിലും വാർത്തകളിലും ഗോഡ് ഫാദറും ഇറ്റാലിയൻ മാർഫിയയും  നിറഞ്ഞു നിന്നപ്പോൾ വിജയൻ ഈപ്പനോടു ഗോഡ് ഫാദറിനെപ്പറ്റി ചർച്ച ചെയ്തു.   
പലക്കും മനസ്സിലായില്ല. ആണുങ്ങൾ ചിലര് കൂടി ഗോഡ് ഫാദർ കാണാൻ തിയറ്ററിൽ പോയി.  എന്നാലും ഇത്രയധികം രൂപ സിനിമ കാണാൻ കൊടുക്കുന്നത് അന്യായമാണെന്നു അവരുടെ ഭാര്യമാർ പരാതി പറഞ്ഞു.
                                      തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ - 21
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക