Image

എഴുതാപ്പുറങ്ങൾ (കവിത: പുഷ്പമ്മ ചാണ്ടി )

Published on 23 November, 2020
എഴുതാപ്പുറങ്ങൾ (കവിത: പുഷ്പമ്മ ചാണ്ടി )
പറയാതെ പോയതും അറിയാതെ പോയതും 
എഴുതാപ്പുറങ്ങൾ....
വായിക്കാൻ ശ്രമിക്കായ്ക..

പറയാതെ പോയതിൻ 
ഭാരം ചുമന്നേറെ,
കാലവും വേഗം കടന്നു പോയി...

എഴുതാപ്പുറങ്ങൾക്കി-
നിയെന്തു പ്രസക്തി..
ഇരുളിൻ മുറിക്കുളളിൽ 
അടഞ്ഞേ കിടക്കട്ടേ...
 
എഴുതാപ്പുറങ്ങളായ്
മറിഞ്ഞതിൽ  ചിലതെല്ലാം 
സിരകളെ നേർത്ത
പ്രകമ്പനംകൊളളിക്കാം..

എഴുതാതെ താളുകൾ 
മറിഞ്ഞു മറിഞ്ഞുപോയ്
വരയാതെ പോയതാം ജീവിത 
നെടുനീള ചിത്രങ്ങളവയെ 
കോറിവരയ്ക്കാൻ 
കഴിഞ്ഞില്ല...
എഴുതാപ്പുറങ്ങളായ്
നിലനിന്നോട്ടെ...

കഥകൾ
ജീവിതഗന്ധിയാണാരും 
അറിയാത്ത കദനങ്ങളാണ്...
മധുരമാം പദവിന്യാസങ്ങൾ,
കണ്ണുനനയിക്കും,
കരളലിയിക്കും അഭിനയ മുഹൂർത്തങ്ങൾ....
മനസ്സിനെ കീറിമുറിക്കും
ജല്പനങ്ങൾ...
പ്രതീക്ഷയുടെയാഗോള
താപനങ്ങൾ...

കാണാപ്പുറങ്ങളിൽ
എഴുതാപ്പുറങ്ങളിൽ
ഒളിഞ്ഞങ്ങിരിക്കും 
നേരുകൾ, നുണകൾ...
വ്യംഗ്യാർത്ഥ തേടലുകൾ..
നിഘണ്ടുവിലില്ലാത്ത
അന്തരാർത്ഥങ്ങൾ...

കാണില്ല, കാണേണ്ടതൊന്നും
കേൾക്കില്ല, കേൾക്കേണ്ടവയൊന്നും.. വാക്കുകളിൽ മറഞ്ഞുകിടപ്പതു തേടും..
എഴുതാത്ത കഥകൾ വിവരിക്കും..
എഴുതാപ്പുറങ്ങളേ വായിക്കൂ ..
വാക്കിലൊളിഞ്ഞും തെളിഞ്ഞും പരതും..

കൊടും വേനലിൽ പൊള്ളിയടർന്ന ദേഹം
വസന്തം തളിർത്താലും  വേദനിക്കും ...
എഴുതാപ്പുറങ്ങൾ വായിക്കായ്ക..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക