Image

ആരാധനാലയങ്ങൾക്ക് നിയന്ത്രണം: ഗവർണർ കൊമോക്കെതിരെ സുപ്രീം കോടതി വിധി (കൊറോണ വാർത്തകൾ)

മീട്ടു Published on 26 November, 2020
ആരാധനാലയങ്ങൾക്ക് നിയന്ത്രണം: ഗവർണർ കൊമോക്കെതിരെ സുപ്രീം കോടതി വിധി (കൊറോണ വാർത്തകൾ)
വാഷിംഗ്ടൺ ഡി.സി: ന്യു യോർക്ക് സ്റ്റേറ്റിൽ കൊറോണ ഹോട്  സ്പോട്ടുകളിലെ ആരാധനാലയങ്ങളിൽ എത്രപേർക്ക് ഒത്തുചേരാം എന്നത് സംബന്ധിച്ച് പരിധികൾ നിശ്ചയിക്കുന്നതിൽ  നിന്ന് ഗവർണർ ആൻഡ്രൂ കോമോയെ യു.എസ. സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. 

റെഡ് -ഓറഞ്ച് സോണുകളാക്കി വിവിധ പ്രദേശങ്ങളിൽ സംസ്ഥാനം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ റോമൻ കാത്തോലിക്ക രൂപതയും ഓർത്തഡോൿസ് ജൂത ദേവാലയങ്ങളും രാജ്യത്തെ പരമോന്നത കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് 5-4 ന്റെ  ഭൂരിപക്ഷ തീരുമാനം.

മഹാമാരിയുടെ പശ്ചാത്തലത്തിലായാൽ പോലും, ഭരണഘടന മാറ്റിവയ്ക്കാനോ മറക്കാനോ സാധ്യമല്ല.  മതപരമായ ചടങ്ങുകളിൽ  പങ്കുചേരുന്നതിൽ വിലക്ക് ഏർപ്പെടുത്തുന്നത്,  ഭരണഘടനയിലെ ആദ്യ ഭേദഗതി ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ഹൃദയത്തിലാണ് പ്രഹരമേല്പിക്കുന്നത്- വിധിന്യായത്തിൽ പറയുന്നു.

ഈ വിധി നിലവിൽ കാര്യമായ ചലനം സൃഷ്ടിക്കില്ല. കാരണം, ഹർജി സമർപ്പിച്ചവർക്ക് എണ്ണം സംബന്ധിച്ച നിബന്ധന ബാധകമല്ല.  അവർ നിയന്ത്രണങ്ങൾ കുറഞ്ഞ യെലോ സോണിൽപെട്ടവരാണ്.

കോമോ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ഒക്ടോബർ 6 ന് ആരാധനാലയങ്ങൾ എതിർത്തിരുന്നു.  ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം നിഷേധിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്.   കച്ചവടങ്ങൾക്കും വ്യസായങ്ങൾക്കും മേൽ ഏർപ്പെടുത്തുന്നതിനേക്കാൾ നിയന്ത്രണങ്ങൾ മതങ്ങളുടെ മേൽ ഏർപ്പെടുത്തുന്നതായാണ് ആക്ഷേപം.

പ്രസിഡന്റ് ട്രംപ് കഴിഞ്ഞ മാസം നിയമിച്ച ജസ്റ്റീസ് എമി കോണി ബാരറ്റിന്റെ വോട്ടോടെയാണ് വിധി ഭൂരിപക്ഷം നേടിയത്. അതെ സമയം ചീഫ് ജസ്റ്റീസ് ജോൺ  ജി. റോബർട്ട്, മുന്ന് ലിബറൽ ജഡ്ജിമാരോടൊപ്പം ചേരുകയായിരുന്നു.

നാല്പത് സെക്കൻഡിൽ ഒരു മരണം വീതം

മേയ്  മാസം മുതൽ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ഓരോ നാല്പത് സെക്കന്റുകളിലും ഓരോ അമേരിക്കക്കാരൻ വീതമാണ് കോവിഡ് മൂലം മരണപ്പെട്ടത്. 2,157 അമേരിക്കക്കാരുടെ ജീവനാണ് ചൊവ്വാഴ്ച വൈറസ് കവർന്നെടുത്തത്. മേയ് മാസത്തിനു ശേഷം ഇതാദ്യമായാണ് മരണം 2,000 കടക്കുന്നത്.

ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണസംഖ്യ  ഏപ്രിൽ 14 നായിരുന്നു.2806 പേരാണ് അന്നേദിവസം കോറോണ ബാധിതരായി മരണമടഞ്ഞത്.

അമേരിക്കയിൽ ചൊവ്വാഴ്‌ച 87,000 പേരെയാണ് കോവിഡ് ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 1,70,000 പേരാണ് പുതിയതായി അണുബാധ ഏറ്റവർ. നിലവിലെ സാഹചര്യം താങ്ക്സ്ഗിവിങ്ങിന് തിരിച്ചടിയാകും. 

ആരോഗ്യ വിദഗ്ധരും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും താങ്ക്സ്ഗിവിങ്ങിന്റെ പേരിലുള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിക്കുകയും ചെയ്തതാണ്. ഒത്തുചേരലുകൾ സ്ഥിതിഗതികൾ  സങ്കീർണമാക്കുമെന്ന ആശങ്കകൊണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ആൾക്കൂട്ടങ്ങളും ഒത്തുചേരലുകളും വേണ്ടെന്ന് വയ്ക്കാൻ പകർച്ചവ്യാധി വിദഗ്ധൻ ഡോ. അന്റോണി ഫൗച്ചിയും " ഗുഡ് മോർണിംഗ് അമേരിക്ക" യിലെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാസ്ക് നിർബന്ധമാക്കണമെന്ന കാര്യത്തിനും സാമൂഹിക അകലം പാലിക്കുന്നതിനും  അദ്ദേഹം ഊന്നൽ കൊടുത്തിരുന്നു. അവധിദിവസങ്ങളിൽ ജനങ്ങളോടുള്ള ഒരേയൊരു അഭ്യർത്ഥന ഇതാണെന്നും ഫൗചി കൂട്ടിച്ചേർത്തു.

ടെസ്റ്റ് നടത്താൻ നീണ്ട ക്യൂ 

താങ്ക്സ്ഗിവിങ് അവധിക്കാലത്തിന്‌ മുൻപേ വേഗത്തിൽ ഫലം അറിയുന്ന കോവിഡ് ടെസ്റ്റുകൾ നടത്താൻ വേണ്ടി കൊടുംതണുപ്പിലും നീണ്ട വരികളിൽ ആളുകൾ കാത്തുനിൽക്കുകയാണ്.

വേഗത്തിലുള്ള  ഫലങ്ങൾ അത്ര വിശ്വാസയോഗ്യമല്ല. തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നെഗറ്റീവ് എന്ന് തെറ്റായ ഫലം ലഭിക്കുന്നതിലൂടെ ആളുകൾ അശ്രദ്ധരായാൽ ,  അത് വലിയ അപകടം വരുത്തുമെന്ന ആശങ്ക ആരോഗ്യ വിദഗ്ധർ പങ്കുവച്ചു.

രോഗവ്യാപന തോത് അടിസ്ഥാനപ്പെടുത്തി പ്രദേശങ്ങളെ മൈക്രോക്ലസ്റ്റർ എന്ന് വേർതിരിക്കുകയും അവിടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.  അത്യാവശ്യമല്ലാത്ത ബിസിനസിനും പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും  വിലക്കുണ്ടാകും.

ന്യു യോർക്ക് ലോങ്ങ് ഐലൻഡിലെ അടിയന്തര പരിചരണ കേന്ദ്രത്തിൽ ആളുകൾക്ക് മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് വാങ്ങാൻ സൗകര്യമുണ്ടെന്നാണ് അതിന്റെ ചെയർമാൻ ഡോ. ബോണി സൈമോൺസ് പറയുന്നത്. പ്രിയപ്പെട്ടവർക്ക് തങ്ങളിലൂടെ രോഗം പിടിപ്പെടരുതെന്ന ആഗ്രഹത്തോടെയാണ് ആളുകൾ അവിടെ എത്തുന്നതെന്നും ഫലം നെഗറ്റീവ് ആയിരുന്നാലും മുൻകരുതലുകൾ വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗലക്ഷണങ്ങൾ പ്രകടമായതിന്റെ പേരിലും ആളുകൾ ടെസ്റ്റിന് എത്തുന്നുണ്ട്.  പ്രായമായവരും കാൻസർ പോലെ മറ്റു രോഗങ്ങൾ ഉള്ളവരും  ഇടയ്ക്കിടെ ടെസ്റ്റ് നടത്തി കൊറോണ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുമുണ്ട്.

നീണ്ടനിരയിൽ പരിശോധനയ്ക്കായി നിൽക്കുന്നവരിൽ ഒരാൾ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗിയാണെങ്കിൽ മറ്റുള്ളവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവർണർ ആൻഡ്രൂ കോമോ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പരിശോധന നടത്തുന്നതിനേക്കാൾ ഭേദം നടത്താത്തതാണെന്ന് അദ്ദേഹം തുറന്നടിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക