Image

കെസിആർഎം നോർത് അമേരിക്കയുടെ മുപ്പത്തിമൂന്നാമത് സൂം മീറ്റിംഗ് റിപ്പോർട്ട് (ചാക്കോ കളരിക്കൽ)

Published on 28 November, 2020
കെസിആർഎം നോർത് അമേരിക്കയുടെ മുപ്പത്തിമൂന്നാമത്  സൂം  മീറ്റിംഗ് റിപ്പോർട്ട്  (ചാക്കോ കളരിക്കൽ)
കെസിആർഎം നോർത് അമേരിക്ക,നവംബർ 11, 2020ബുധനാഴ്ച്ച സംഘടിപ്പിച്ച മുപ്പത്തിമൂന്നാമത് സൂം മീറ്റിംഗ് റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. മോഡറേറ്റർ ശ്രീ എ സി ജോർജിൻറെആമുഖത്തിനുശേഷംമുഖ്യപ്രഭാഷകൻഡോ. പോൾ വെളിയത്തിൽ 'മത രഹിത ആത്മീയത' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. തനിക്ക് ഏറ്റം ഇഷ്ടപ്പെട്ട വ്യക്തിപരമായ ഒരു വിഷയമാണ് മതരഹിത ആത്മീയതഎന്ന പരസ്യപ്രസ്താവനയോടെയാണ് അദ്ദേഹം തൻറെവിഷയാവതരണം ആരംഭിച്ചത്.

മതരഹിത ആത്മീയതയെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ചില സംജ്ഞകളെ (terms) നിർവചിക്കേണ്ടതായിട്ടുണ്ട്. 'ഞാൻ ആത്മീയനാണ്, പക്ഷേ ഞാൻ മതവിശ്വാസിയല്ല' എന്ന പ്രയോഗം മനുഷ്യരുടെ സാധാരണ സംഭാഷണത്തിൽ കേൾക്കാറുള്ളതാണ്. ഒരാൾ മതവിശ്വാസിയാണ് എന്നു പറഞ്ഞാൽ എന്താണ്? ആത്മീയനാണ് എന്നു പറഞ്ഞാൽ എന്താണ്? ഒരാൾക്ക് ഒരേസമയം മതവിശ്വാസിയും ആത്മീയനുമാകാമോ? മതവിശ്വാസിയാകാതെ ആത്മീയനാകാമോ? യേശു ആത്മീയനായിരുന്നോ? ഇപ്രകാരമുള്ള പല ചോദ്യങ്ങളും ഉണ്ടാകാം. ഒരാൾ ആത്മീയത ഉള്ളവനാണ് എന്ന് സാധാരണ പറഞ്ഞാൽ അയാൾ ഒരു സംഘടിത മതത്തിലെ അംഗമാണ് എന്നാണ് മനസ്സിലാക്കുക. ഒരു കത്തോലിക്കനാണെങ്കിൽ ഞായറാഴ്ചകളിൽ പള്ളിയിൽ പോകുക; ആണ്ടിലൊരിക്കൽ കുമ്പസാരിക്കുക; പത്തുകല്പനകൾ പാലിക്കുക, ആചാരങ്ങൾ അനുഷ്ഠിക്കുക തുടങ്ങിയ സഭയുടെ നിബന്ധനകൾ അനുസരിച്ച് ജീവിക്കുന്നു.എന്നാൽ ഒരു ആത്മീയ മനുഷ്യൻ അത്യാവശ്യമായിട്ടും സംഘടിത മതത്തിലെ വിശ്വാസി ആയിരിക്കണമെന്നില്ല.

ആത്മീയതയെപ്പറ്റി പറയുമ്പോൾ മതബന്ധിത ആത്മീയത, മതേതര ആത്മീയത, മതരഹിത ആത്മീയത എന്നിങ്ങനെ മൂന്നുതരം ആത്മീയത ഉള്ളതായി കാണാം. മതബന്ധിത ആത്മീയതയുള്ള ഒരാളാണെങ്കിൽ അയാളുടെ മതത്തിലെ പാരമ്പര്യങ്ങളും ആചാരങ്ങളുംഅനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്നവനായിരിക്കും.അയാൾ മതനിയമങ്ങളെയോ മതശ്രേണിയെയോ ഒന്നും ചോദ്യം ചെയ്യുകയില്ല. ബഹുഭൂരിപക്ഷം വിശ്വാസികളും അത്തരക്കാരാണ്.താൻ പിന്തുടരുന്ന മതത്തിലെ ഇഷ്ടപ്പെടാത്ത നിയമങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും തള്ളിക്കളയുകയും ചിലപ്പോഴൊക്കെ അതിനെ വിമർശിക്കുകയും മതം എതിർക്കുന്ന ചില കാര്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന രണ്ടാമതൊരുകൂട്ടർ ഉണ്ട്. ജനനനിയന്ത്രണത്തെ എതിർക്കുകയും വിവാഹിത പൗരോഹിത്യത്തെയും സ്ത്രീ പൗരോഹിത്യത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു കത്തോലിക്ക വിശ്വാസി രണ്ടാമത്തെ കൂട്ടത്തിൽ പെട്ട വ്യക്തിയാണ്. അത്തരക്കാരെയാണ് 'കഫറ്റേരിയ കാത്തോലിക്' എന്ന പേരിൽ പൊതുവിൽ അറിയപ്പെടുന്നത്. മൂന്നാമത്തെ കൂട്ടരാണ് മതരഹിത ആത്മീയതക്കാർ. അവർ മതമില്ലാതെ ആത്മീയരായി ജീവിക്കുന്നു. അവർക്ക് സംഘടിത മതത്തിൽ അംഗത്വമുണ്ടാകില്ല. അവർ മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കില്ല. മതത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ പരസ്യമായി വിമർശിക്കാൻ ധൈര്യം ഉള്ളവരാണ്, അവർ.

ചുരുക്കം ചില വ്യക്തികളെങ്കിലും മതാധിഷ്ഠിതവും മതാതീതവും മതരഹിതവുമായ ആത്മീയതകളിൽകൂടി കടന്നു പോയിട്ടുള്ളവരാണ്. വിഷയാവതാരകനായ ഡോ പോൾ വെളിയത്തിൽ ആ വഴിയെ സഞ്ചരിക്കാൻ ഇടയായ ഒരു വ്യക്തിയാണെന്ന് തുറന്നു പറയുന്നുണ്ട്. അദ്ദേഹം ഒരു കത്തോലിക്ക പുരോഹിതനായിരുന്നപ്പോൾ മതബന്ധിത ആത്മീയതയിലാണ് ജീവിച്ചത്. സഭ പഠിപ്പിച്ചിരുന്ന ഒന്നിനെയും ചോദ്യം ചെയ്യാതെ സഭാശ്രേണിയുടെ കല്പനകളെ അനുസരിച്ച് സഭയ്ക്കുള്ളിൽ എല്ലാം വിശ്വസിച്ച്  ജീവിച്ചു. ഇടപ്പള്ളി പള്ളിയിൽ അസ്സിസ്തേന്തി അച്ചൻ ആയിരിക്കുമ്പോൾ ആ പള്ളിയിലെ ചില ആചാരങ്ങളിലെ കഴമ്പില്ലായ്മ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് ഉപരിപഠനകാലത്തോടെ സ്വതന്ത്രമായി ചിന്തിക്കാൻ ആരംഭിച്ചു. ലോകപ്രസിദ്ധ ട്രാപ്പിസ്റ്റ് സന്യാസി തോമസ് മെർട്ടൻറെ പുസ്തകങ്ങളും ഭഗവത് ഗീതയും തമ്മിലുള്ള ഒരു താരതമ്യ പഠനമായിരുന്നു അദ്ദേഹത്തിൻറെ ഡോക്ടറേറ്റ് പഠനത്തിൻറെ കാതൽ.   അതോടെ സ്വാതന്ത്രചിന്തയ്ക്ക് ആക്കം ഏറി. പഠനശേഷം കേരളത്തിൽ തിരിച്ചെത്തി വൈദികവൃത്തി തുടർന്നപ്പോൾ അറിവിൻറെ മണ്ഡലവും പ്രായോഗികജീവിതവും തമ്മിൽ പൊരുത്തപ്പെടാതെയായി. മനസ്സിൻറെ ആ വിയോജിപ്പ് (വൈജ്ഞാനിക വിവേകം-cognitive discernment) സഭയുടെ സത്യസന്ധനായ ഒരു ഇടനിലക്കാരനാകാൻ സാധിക്കാത്ത സ്ഥിതിയിലെത്തിക്കുകയും അവസാനം പൗരോഹിത്യം ഉപേക്ഷിക്കുകയും ചെയ്തു. അപ്രകാരം മതബന്ധിത ആത്മീയതയുടെയും മതാതീത ആത്മീയതയുടെയും മതരഹിത ആത്മീയതയുടെയും വ്യക്തമായ പരിണാമം ഡോ. വെളിയത്തിലിൻറെ ജീവിതത്തിൽ അനുഭവിച്ചറിയാൻ സാധിച്ചു.
മതരഹിത ആത്മീയത വളരെ വിമോചനപരമായ, കൂടുതൽ ജീവൻ നൽകുന്ന, ആനന്ദദായകമായ, ആധികാരികമായ ഒരനുഭവമായിരിക്കും നൽകുന്നത്. കാരണം, മത സിദ്ധാന്തങ്ങളിൽനിന്നും മത മേധാവികളുടെ കല്പനകളിൽനിന്നുമെല്ലാം മോചനം ലഭിച്ച് സ്വതന്ത്രനാകുന്നു. "വളരെ വിലപിടിച്ച ഒരു മുത്ത് കണ്ടെത്തിയപ്പോൾ അയാൾ പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി" (മത്താ. 13: 46) എന്ന സുവിശേഷഭാഗം ഇവിടെ കൂട്ടിവായിക്കാവുന്നതാണ്.ആ അതുല്യപരിണാമത്തിന് ആദ്യമായി ബൗദ്ധിക അന്ധകാരത്തിൽനിന്നും മനുഷ്യർ ഉണരണം. എന്നുവെച്ചാൽ, സാമൂഹിക-മത ഹിപ്നോസിസിൽനിന്നും പുറത്തുവരണം. അതിന് ജീവിതത്തിൽ അറിയാതെ പിഠിച്ചവയെ വീണ്ടും ബോധപൂർവം പഠിച്ച് മനസ്സിലാക്കണം. മനുഷ്യരാശി ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുമ്പോഴും ദൈവങ്ങളെപറ്റിയോ മതങ്ങളെ സംബന്ധിച്ചോ മതങ്ങൾ അടിച്ചേൽപ്പിക്കുന്ന വിശ്വാസങ്ങളെപ്പറ്റിയോ ബോധപൂർവമായ ഒരു പഠനം നടക്കുന്നില്ല; ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല; നിർണായകമായ വിശകലനം ചെയ്യപ്പെടുന്നില്ല. 'ഞാൻ ആര്?' എന്ന ചോദ്യത്തിന് സ്വയം തിരിച്ചറിയൽ സംഭവിക്കുന്നില്ല. മനുഷ്യർ ആദ്യം ആത്മീയരാണ്. രണ്ടാമതാണ് മനുഷ്യൻ. മത്സ്യം വെള്ളത്തിലെന്നതുപോലെ മനുഷ്യർ ദിവസത്തെ ഇരുപത്തിനാല് മണിക്കൂറും ആത്മീയരാണ്. മനുഷ്യന് ആത്മീയരല്ലാതെ ജീവിക്കാൻ സാധിക്കുകയില്ല. ആത്മീയവും ആത്മീയതയും രണ്ടാണ്. ആദ്യത്തെ ശ്വാസാം മുതൽ അന്ത്യാശ്വാസം വരെ ഒരു വ്യക്തി ആത്മീയമായി ജീവിക്കുന്നു. അത് പരമമായ ഒരു സത്യമാണ്.

മതരഹിത ആത്മീയതയിലെത്തുക അത്ര എളുപ്പമല്ല. കാരണം മതത്തിൻറെ ഭാണ്ഡക്കെട്ടുകളെ വലിച്ചെറിയുക അത്ര എളുപ്പമല്ല. എന്നാൽ മതമില്ലാതെ ആത്മീയമായി ജീവിക്കുന്നത് വിലതീരാത്ത മുത്ത് കൈവരിച്ചതുപോലെ സന്തോഷകരവും സംതൃപ്തിദായകവുമാണ്. മതരഹിത ആത്മീയത അനുദിനം വർദ്ധിച്ചുവരുന്നതായിട്ടാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.
വിഷയാവതരണത്തിനുശേഷം സജീവവും സുദീർഘവുമായ ചോദ്യോത്തരങ്ങളും ചർച്ചയും നടക്കുകയുണ്ടായി.ഡോ. വെളിയത്തിലിൻറെ ഈ വിഷയത്തിലുള്ള ആഴമായ അറിവ് വിഷയാവതരണത്തിൽ വളരെ പ്രകടമായിരുന്നു.ചർച്ചയിൽ സംബന്ധിച്ച എല്ലാവരുംതന്നെ അദ്ദേഹത്തെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച്ഡോ. വെളിയത്തിലിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.
അടുത്ത ടെലികോൺഫെറൻസ് ഡിസംബർ 09, 2020 ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് റവ. ഡോ. തോമസ് കളം, സി എം ഐ (Rev Dr Thomas Kalam, CMI)ആയിരിക്കും. വിഷയം: ‘രക്ഷ: ദൈവകോപംശമിപ്പിച്ചുകൊണ്ടോ, ദൈവത്തിൻറെസാദൃശ്യത്തിൽആയിക്കൊണ്ടോ? (Salvation: Through Atonement or Deification?)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക