Image

ജാലകം തുറക്കവേ! (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)

Published on 30 November, 2020
ജാലകം  തുറക്കവേ! (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
ഓർമ്മകൾ
 വിളക്കണച്ചിരുന്ന
 സത്രങ്ങളിലേതിലാ-
ണേതിൽ മാഞ്ഞു
കൃഷ്ണപക്ഷമേ നീയും!
ലോകരാശികൾ
 ഗണിച്ചെഴുതാൻ
ദൂരെ സൗര താരകാ
 ദ്വീപിൽ ചെന്ന
പേടകങ്ങളിൽ നിന്ന്
കുതറിത്തെറിച്ചോടി-
പ്പോയൊരു കാലത്തിനെ കുരുക്കിച്ചുരുക്കിയ
മൃത്യുകോശത്തിന്നുള്ളിൽ
നീയേത് നിലാവിൻ്റെ
 ചില്ലകൾ താഴ്ത്തി-
 കണ്ണിലോടിയ  നക്ഷത്രങ്ങൾ കെടുത്തി
 ചിരിക്കുന്നു
ആരെയോ വാതിൽപ്പടി
കാത്തിരിക്കുന്നു പക്ഷെ
ദൂരെയാ താഴ്വാരങ്ങൾ
മരണം പുതയ്ക്കുന്നു
പ്രണയം പകുത്തോരു
പനിനീർദലങ്ങളെ
നിലച്ച പ്രാണൻ മെല്ലെ
ഉറക്കിക്കിടത്തവെ!
രാവിൻ്റെ തൊട്ടിൽ
മെല്ലെ തലോടും
 കാറ്റിൽ നിന്ന്
വേതാളം ചോദിച്ചൊരു
ചോദ്യം പോൽ തീരം നിൽക്കേ
കിഴക്കേ വാനത്തിൽ
വന്നടുക്കുകൊട്ടിപ്പോയ
ചരിത്രം വീണ്ടും
യുദ്ധ ഗന്ധകം
നേദിക്കവെ
ജീവൻ്റെ ഘനശ്രുതി
തെറ്റിയ  മഴക്കാലം
പാഴ് മുളം തണ്ടിൽ
വന്നു  നിറയും
 പ്രതീശ്രുതി
ജാലകം തുറക്കവെ
പുസ്തകതോപ്പിൽ  നിന്ന്
പ്രാണനെയാശ്ലേഷിക്കും
കുഞ്ഞിളം കിളിക്കൂട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക