Image

കര്‍ഷകരോഷം കത്തുന്നു; ചൊവ്വാഴ്ച ഭാരത് ബന്ദ്

Published on 04 December, 2020
കര്‍ഷകരോഷം കത്തുന്നു;  ചൊവ്വാഴ്ച ഭാരത് ബന്ദ്

ന്യുഡല്‍ഹി: കര്‍ഷകദ്രോഹനിയമങ്ങള്‍ക്കെതിരേ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. പ്രക്ഷോഭത്തിനുള്ള ബഹുജനപിന്തുണ ഏറുകയാണ്.


അതേ സമയം ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നുനിയമങ്ങളും പിന്‍വലിക്കണം.
ഇതേ ആവശ്യത്തില്‍ നാളെ രാജ്യത്തെങ്ങും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.


സമരത്തിന് പിന്തുണയുമായി നിരവധി നേതാക്കളാണ് ഡല്‍ഹി അതിര്‍ത്തികളിലെ സമരപ്പന്തലുകളിലേക്ക് എത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രയന്‍ വിവിധ സമരപ്പന്തലുകളില്‍ എത്തി സമരനേതാക്കളെ കണ്ടു. സിംഗൂരില്‍ 2006-ല്‍ നടന്ന ഭൂസമരത്തിന്റെ വലിയ രൂപമാണ് ദില്ലിയില്‍ കാണുന്നതെന്ന് പറഞ്ഞ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കര്‍ഷകസമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. വിവാദനിയമഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ പശ്ചിമബംഗാളിലും സമരം തുടങ്ങുമെന്നും മമത വ്യക്തമാക്കി.


അതിര്‍ത്തികള്‍ അടച്ചാണ് അധികൃതര്‍ സമരത്തെ തോല്‍പ്പിക്കുന്നത്. ഉത്തര്‍പ്രദേശ് -ദില്ലി അതിര്‍ത്തിയായ ഗാസിപൂരിലെ എന്‍എച്ച്‌ 24 പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. അപ്‌സര/ ഭോപ്‌ര/ ഡിഎന്‍ഡി ഫ്‌ലൈ ഓവറുകള്‍ ഉപയോഗിച്ച്‌ മാത്രമേ ഇപ്പോള്‍ ദില്ലിയിലേക്ക് കടക്കാനാകുന്നുള്ളൂ. അവിടെ കടുത്ത ഗതാഗതസ്തംഭനമാണ്. 


സിംഖു, ലാംപൂര്‍, ഔചാണ്ഡി, സഫിയബാദ്, പിയാവോ മനിയാരി, സബോലി എന്നീ അതിര്‍ത്തിറോഡുകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. ടിക്‌രി, ഝരോഡ ബോര്‍ഡറും അടച്ചിട്ടിരിക്കുകയാണ്.


എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതെങ്കില്‍ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. നിയമഭേദഗതി പിന്‍വലിക്കുന്നതില്‍ക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓള്‍ ഇന്ത്യാ കിസാന്‍ സഭയുള്‍പ്പടെയുള്ള കര്‍ഷകസംഘടനകള്‍.
നിയമഭേദഗതി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ നാളത്തെ ചര്‍ച്ച കൊണ്ടും കാര്യമില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക