Image

വാളയാര്‍; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കുട്ടികളുടെ മാതാവ്

Published on 04 December, 2020
വാളയാര്‍; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കുട്ടികളുടെ മാതാവ്


കൊച്ചി: വാളയാര്‍ പീഡനകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന എം ജെ സോജന്‍ ഉള്‍പ്പടെയുള്ളവരെ ക്രിമിനല്‍ കേസെടുത്ത് സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും കോടതിയുടെ മേല്‍നേട്ടത്തില്‍ അന്വേഷണം നടത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും ഹൈാക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മാതാവ് പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണെന്ന് പറഞ്ഞ് കോടതിയില്‍ വക്കീല്‍ സമര്‍പ്പിച്ചത് തുടര്‍ വിചാരണയും പ്രോസിക്യൂട്ടറെ മാറ്റലുമാണ്. മന്ത്രി എ കെ ബാലനും സിബിഐ അന്വേഷം ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചിട്ടുണ്ട്. 

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എസ്ഐടി തലവനായിരുന്ന സോജനെ എസ്പിയാക്കുകയും ജസ്റ്റിസ് ഹനീഫ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എസ്ഐ ചാക്കോയെ സര്‍ക്കിളാക്കുകയും ചെയ്ത് തനിക്ക് സങ്കടമുണ്ടായി എന്നും കത്തില്‍ പറയുന്നു. സിബിഐ അന്വേഷണമോ തുടരന്വേഷണമോ വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാവിന്റെ ആവശ്യം.

വാളയാറില്‍ ലൈംഗികമായി അതിക്രമങ്ങള്‍ക്ക് ഇരയാക്കപെട്ട പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികളെ പോക്സോ കോടതി വിട്ടയച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാരും കുട്ടികളുടെ മാതാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിധി റദ്ധാക്കണമെന്നും തുടരന്വേഷണം വേണമെന്നുമുള്ള അപ്പീലുകളില്‍ വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ് ഹൈക്കോടതി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക