Image

കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; പഞ്ചാബിലെ മൂന്ന് ബോക്സിംഗ് താരങ്ങള്‍ അവാര്‍ഡുകള്‍ മടക്കിനല്‍കും

Published on 04 December, 2020
കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; പഞ്ചാബിലെ മൂന്ന് ബോക്സിംഗ് താരങ്ങള്‍ അവാര്‍ഡുകള്‍ മടക്കിനല്‍കും

ന്യുഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പഞ്ചാബിലെ മൂന്ന് ബോക്സിംഗ് ഇതിഹാസങ്ങള്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു. 

1982 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് കൗര്‍സിങ്, അഞ്ച് ഒളിമ്പിക്സുകളിലെ മുഖ്യ പരിശീലകനായ ഗുര്‍ബക്ഷ് സിംഗ് സന്ധു, 1986 ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ജയ്പാല്‍ സിംഗ് എന്നിവര്‍ പത്മശ്രീ, ദ്രോണാചാര്യ, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചു. സ്വന്തം ക്ഷേമത്തിന് പരിഗണന നല്‍കാതെ കടുത്ത തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് ഗുര്‍ബക്ഷ് സിംഗ് സന്ധു പറഞ്ഞു.

'മനോവീര്യം നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നു. ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. അതിനാല്‍ അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണ്. ഇപ്പോല്‍ നടക്കുന്ന ചര്‍ച്ചകള്‍ തൃപ്തികരമല്ലങ്കില്‍ ഞാന്‍ അവാര്‍ഡ് തിരികെ ഏല്‍പ്പിക്കും'  എന്ന് ഗുര്‍ബക്ഷ് സിംഗ് സന്ധു പറയുന്നു.

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യപിച്ചുകൊണ്ട് നിരവധി കലാ-കായിക താരങ്ങള്‍ രംഗത്തെത്തിയിരുന്നു. കൂടാതെ മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ഇന്ത്യന്‍ കാപ്റ്റന്‍ പര്‍ഗത് സിംഗ് പത്മശ്രീ അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ചിരുന്നു. രണ്ടു തവണ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പര്‍ഗത് ജലന്ധറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൂടിയാണ്.

എന്നാല്‍ കര്‍ഷക സമരം ചര്‍ച്ചകളിലുടെ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രം. രണ്ടു തവണ കര്‍ഷക പ്രതിനിധികളുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഡിസംബര്‍ 8 ന് കര്‍ഷകയൂണിയനുകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക