Image

ഭാര്യയെ വെട്ടിക്കൊന്നശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

Published on 05 December, 2020
ഭാര്യയെ വെട്ടിക്കൊന്നശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി
കാട്ടാക്കട:കലഹത്തിനിടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ നേരിട്ട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കുറ്റിച്ചല്‍ എരുമക്കുഴി താന്നിമൂട് അജിത് ഭവനില്‍ പദ്മാക്ഷിയാണ് (53) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗോപാലകൃഷ്ണനാണ് (67) കീഴടങ്ങിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു കൊലപാതകം. ചോരപുരണ്ട വസ്ത്രംപോലും മാറാതെ ഗോപാലകൃഷ്ണന്‍ സ്വന്തം ബൈക്കില്‍ നേരെ കാട്ടാക്കട പൊലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഗോപാലകൃഷ്ണന്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയും പദ്മാക്ഷി തൊഴിലുറപ്പ് തൊഴിലാളിയുമാണ്.

ഉച്ചയ്ക്ക് മഴതുടങ്ങിയ സമയത്ത് അലര്‍ച്ച കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ഒരു മണിയോടെ ഗോപാലകൃഷ്ണന്‍ രക്തം പുരണ്ട വസ്ത്രം ധരിച്ച് ബൈക്കില്‍ പോകുന്നത് സമീപവാസികള്‍ കണ്ടു. അയല്‍വാസി ഫോണില്‍ മകനെ വിവരം അറിയിച്ചു. ഭാര്യയെയും കൂട്ടി അവരുടെ വീട്ടില്‍ പോയിരുന്ന മകന്‍ എത്തി വീടുതുറന്നപ്പോഴാണ് അടുക്കളയില്‍ രക്തം വാര്‍ന്ന് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. കഴുത്തില്‍ മൂന്നു വെട്ടുകള്‍ ഏറ്റ മുറിവുണ്ട്. വലതുകൈയില്‍ മുറിവേറ്റ നിലയിലാണ് ഗോപാലകൃഷ്ണന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതിയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും സ്ഥലത്തെത്തിയ നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക