Image

കുഞ്ഞൂട്ടിസാറും, പഞ്ചായത്തു തിരഞ്ഞെടുപ്പും- (രാജു മൈലപ്രാ)

Published on 05 December, 2020
കുഞ്ഞൂട്ടിസാറും, പഞ്ചായത്തു തിരഞ്ഞെടുപ്പും- (രാജു മൈലപ്രാ)
കേരളത്തില്‍ ഇപ്പോള്‍ പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ  ബഹളമാണ്. ഡിസംബര്‍ എട്ടു മുതല്‍ മൂന്നുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. പതിനാറാം തീയതി വോട്ടെണ്ണല്‍- പിന്നെ തോറ്റാലും ജയിച്ചാലും അതിനെ ന്യായീകരിച്ചു കൊണ്ടുള്ള വിശകലനങ്ങള്‍.
എവിടെയും സിനിമാപോസ്റ്ററുകളെ വെല്ലുന്ന ഫ്‌ളെക്‌സുകള്‍. ഉച്ചഭാഷിണി ഘടിപ്പിച്ചിട്ടുള്ള അനൗണ്‍സ്‌മെന്റുകളും സിനിമാഗാനങ്ങളുടെ ട്യൂണിലുള്ള പാട്ടുകളുമാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.' O 'വട്ടത്തിലുള്ള ഈ മൈലപ്രാ പഞ്ചായത്തില്‍ പതിമൂന്നു വാര്‍ഡുകളാണുള്ളത്. യു.ഡി.എഫ്, എല്‍ഡി.എഫ്, ബി.ജെ.പി- തുടങ്ങഇയ മേജര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കൂടാതെ സ്വതന്ത്രരും ഉള്‍പ്പെടെ കുറഞ്ഞത് ഒരു അന്‍പതു സ്ഥാനാര്‍ത്ഥികളെങ്കിലും കാണും. അവരുടെ പ്രചാരണ വാഹനങ്ങള്‍ കുന്നും കുഴിയും താണ്ടി രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെ നാട്ടുകാരെ ആരോചകപ്പെടുത്തിക്കൊണ്ടു തേരാപാരാ ഓടുകയാണ്.
എന്റെ ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന മൈലപ്രാ പഞ്ചായത്തു തിരഞ്ഞെടുപ്പാണ്.

അന്നു ചുമരെഴുത്തില്ല കാരണം എഴുതുവാന്‍ ചുമരുകളില്ലായിരുന്നു. സോഷ്യല്‍ മീഡിയാ എന്താണെന്ന് സ്വപ്‌നത്തില്‍ പോലും കടന്നു വന്നിട്ടില്ല. കണ്ണഞ്ചിക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡിനു പകരം റോഡിനു കുറുമെ വലിച്ചു കെട്ടിയ ഒന്നോ രണ്ടോ ബാനറുകള്‍. പിന്നെ പത്തനംതിട്ട ഗോള്‍ഡന്‍ പ്രസിലും, അജാന്ത പ്രസിലുമായി പ്രിന്റു ചെയ്ത കുറച്ചു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററുകള്‍. 'ഗോപിസൗണ്ട്‌സില്‍' നിന്നും വാടകക്കെടുത്ത മൈക്ക് സെറ്റിലൂടെ ഒന്നോ രണ്ടോ ദിവസത്തെ അനൗണ്‍സുമെന്റുകള്‍- തീര്‍ന്നു- പ്രചരണ പരിപാടി.

 ഞങ്ങളുടെ നാലാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി നിന്നത് കുടുംബസുഹൃത്തും, അയല്‍വാസിയുമായ തയ്യിലെ അച്ചനാണ്. അ്ന്നു അച്ചന്‍ കൊച്ചച്ചനായിരുന്നു. ഇന്നു വല്യച്ചനായി വിശ്രമജീവിതം നയിക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഒരു മാന്യവ്യക്തിയായിരുന്നു. അദ്ദേഹവും കുടുംബസുഹൃത്തു തന്നെ. അല്ലെങ്കില്‍ത്തന്നെ ആ കാലത്ത് മൈലപ്രാ പോലുള്ള ഒരു കൊച്ചുഗ്രാമത്തില്‍പ്പെട്ട എല്ലാവരും തന്നെ ഹിന്ദുവെന്നോ, മുസല്‍മാനെന്നോ, ക്രിസ്ത്യാനിയെന്നോ വേര്‍തിരിവില്ലാതെ ഒരു കുടുംബം പോലെയാണു കഴിഞ്ഞു പോന്നത്.
തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നതില്‍ കുട്ടികളായ ഞങ്ങള്‍ക്കു ഒരു പങ്കുമുണ്ടായിരുന്നില്ല. അത്തരം ഭാരിച്ച ചുമതലകളൊക്കെ തയ്യിലെ ജോര്‍ജുകുട്ടിച്ചായന്‍, പര്‍ത്തലപ്പാടി ജോര്‍ജച്ചായന്‍, മനോരമ ബേബിച്ചായന്‍, പുളിക്കല ഉണ്ണിച്ചായന്‍ തുടങ്ങിയ അക്കാലത്തെ ചെറുപ്പക്കാര്‍ക്കായിരുന്നു. ഉണ്ണിച്ചായന്റെ കാപ്പിക്കടയായിരുന്നു ഇലക്ഷന്‍ പ്രചാരണ ഓഫീസ്.

രണ്ടു സ്ഥാനാര്‍ത്ഥികളുടെയും ജാഥയില്‍ പങ്കെടുത്ത് മുദ്രാവാക്യങ്ങള്‍ വിളിക്കുക, മീറ്റിംഗു സ്ഥലത്തു മുന്‍നിരയില്‍ തറയില്‍ കുത്തിയിരുന്നു മനസിലാകാത്ത പ്രസംഗങ്ങള്‍ കേള്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങള്‍ കുട്ടികള്‍ ആവേശപൂര്‍വ്വം ചെയ്തു പോന്നു.

'ഏഴാം വാര്‍ഡില്‍ വേണ്ടാത്തവനെ, നാലാം വാര്‍ഡില്‍ വേണ്ടേ, വേണ്ടാ'  എന്ന മുദ്രാവാക്യമായിരുന്നു ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമത്-പുളിക്കലെ ഉണ്ണിച്ചായനായിരുന്നു മുദ്രാവാക്യങ്ങള്‍ വിളിച്ചു തന്നിരുന്നത്. മൈലപ്രാ മുക്കില്‍ നിന്നും തുടങ്ങി, മണ്ണാരക്കുളഞ്ഞി ചന്ത 'ടച്ചു' ചെയ്ത് മേക്കൊഴൂര്‍ വഴി തിരിച്ചു മൈലപ്രായിലെത്തി, വമ്പിച്ച തിരഞ്ഞെടുപ്പു സമാപന സമ്മേളനം നടത്തുവാനായിരുന്നു പരിപാടി. എതിര്‍സ്ഥാനാര്‍ത്ഥിയുടെ മേക്കൊഴുരുള്ള റബര്‍ തോട്ടത്തിലൂടെയായിരുന്നു ജാഥ നീങ്ങിക്കൊണ്ടിരുന്നത്. തോട്ടത്തിലെത്തിയപ്പോള്‍ ഉണ്ണിച്ചായനു സ്പരിറ്റു മൂത്തു. റവ.ഫാദര്‍.ടി.എം. സാമുവേല്‍ കീീ... എന്നു ഉച്ചത്തില്‍ നീട്ടി വിളിച്ചു തന്നപ്പോള്‍, 'ടി' യിക്കു കുറച്ചു ഫോഴ്‌സു കൂടിപ്പോയതിനാല്‍, ഉണ്ണിച്ചായന്റെ' വെപ്പുപല്ല് വായില്‍നിന്നും തെറിച്ചു കരിയിലക്കിടയില്‍ ഒളിച്ചു. അദ്ദേഹത്തിന്റെ പല്ല്, ഡ്യൂപ്ലിക്കേറ്റാണെന്നറിഞ്ഞ അനുയായികള്‍ ആര്‍ത്തു ചിരിക്കുന്നതു കണ്ടപ്പോള്‍, ഉണ്ണിച്ചായന്റെ വീര്യവും ശൗര്യവും ചോര്‍ന്നു പോയി. പല്ലില്ലാതെ വിഷണ്ണനായി നില്‍ക്കുന്ന ഉണ്ണിച്ചായന്റെ മ്‌ളാനാ മുഖമാണ്, ഇന്‍ഡ്യന്‍ ജനാധിപത്യ ചരിത്രത്തില്‍ എന്റെ മനസ്സില്‍ ഏറ്റവും തെളിഞ്ഞുനില്‍ക്കുന്ന ചിത്രം.

രണ്ടില ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച അച്ചന്‍ പതിനഞ്ചിലേറെ വര്‍ഷം, മൈലപ്രാ പഞ്ചായത്തു പ്രസിഡന്റായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു.
ഈയൊരു കാലഘട്ടത്തിനു ശേഷമാണു 'കുഞ്ഞൂട്ടിസാറിന്റെ'  സജീവരാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കുഞ്ഞൂട്ടി സത്യത്തില്‍ ഒരു വ്യക്തിയല്ല, മറിച്ചൊരു പ്രസ്ഥാനമാണ്. മൗനമാണ് കുഞ്ഞൂട്ടിയുടെ മുഖമുദ്ര. അതായത് ആരോടും ആവശ്യമില്ലാതെ അധികം സംസാരിക്കാത്ത ഒരു മനുഷ്യന്‍. അങ്ങിങ്ങായി ചെറിയ തുളകള്‍ വീണ ഒരു ബനിയന്‍, ശംഖുമാര്‍ക്ക് കൈലി, തോളിലൊരു തോര്‍ത്ത്, കക്ഷത്തിലൊരു 'എവറെഡി' ടോര്‍ച്ച്, കാലില്‍, തേഞ്ഞു തുടങ്ങിയ വള്ളിച്ചെരിപ്പ്- ഇതാണു വേഷം.

അന്നു സി.എസ്.നായരുടെ ഉടമസ്ഥതയിലുള്ള ശ്രീകുമാര്‍ സ്റ്റോഴ്‌സായിരുന്നു മൈലപ്രായിലെ സൂപ്പര്‍ മാര്‍ക്കറ്റ്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ലഭിക്കുന്ന ഏക സ്ഥാപനം-'ഫാക്ട്' വളം, ശങ്കര്‍ സിമിന്റ്‌സ് തുടങ്ങിയവയുടെ ഡീലര്‍ഷിപ്പുള്ള അവിടെ, ചരക്കു വണ്ടിവരുമ്പോള്‍, ലോഡിംഗ് നടത്തുന്നതായിരുന്നു കുഞ്ഞൂട്ടിയുടെ വരുമാന മാര്‍ഗ്ഗം.

കഴിഞ്ഞ ഒരു അവധിക്കാലത്ത്, ഞാന്‍ നാട്ടിലെത്തിയപ്പോള്‍ കുഞ്ഞൂട്ടി എന്നെ കാണുവാന്‍ വന്നിരുന്നു. വന്നയുടനെ ചാടിക്കയറി കസേരയില്‍ ഇരുന്നില്ല. തന്റെ സാന്നിദ്ധ്യം  അറിയിക്കുവാന്‍ വേണ്ടി ചുമച്ചിട്ട് മുറ്റത്തു നിന്നതേയുള്ളൂ.
ഞാന്‍ ക്ഷണിച്ചപ്പോള്‍ മാത്രമാണ് സിറ്റൗട്ടിലേക്ക് കയറിയത്- ചെരിപ്പു പുറത്തൂരിയിട്ട്, മടക്കിക്കുത്തിയിരുന്ന കൈലി അഴിച്ചിട്ട്, തോര്‍ത്തുകൊണ്ടു മുഖം തുവര്‍ത്തി, ഇരിക്കുവാനുള്ള അനുവാദം കിട്ടിയ ശേഷം മാത്രമേ, കുഞ്ഞൂട്ടി അല്പം അകലെ കിടന്നിരുന്ന ഒരു കസേരയില്‍ ഇരുന്നുള്ളൂ. തമ്മില്‍ നല്ല പരിചയമുണ്ടെങ്കിലും, ഏതോ ഒരു പരിചയക്കുറവിന്റെ അകല്‍ച്ച. മൗനത്തിന്റെ മതിലുപൊളിച്ചു കൊണ്ട്, 'എന്തുണ്ട് കുഞ്ഞൂട്ടി വിശേഷങ്ങള്‍?' എന്ന് എങ്ങും തൊടാത്ത ഒരു ചോദ്യം കൊണ്ട് ഞാന്‍ സംഭാഷണം ഉല്‍ഘാടനം ചെയ്തു.

ഓ-എന്നാ പറയനാ.... ഒരു നെടുവീര്‍പ്പിന്റെ അകമ്പടിയോടു കൂടി വന്ന ആ മറുപടിയിലുള്‍ക്കൊണ്ടിരുന്ന വികാരം വേര്‍തിരിച്ചെടുക്കുവാന്‍ എനിക്കു കഴിഞ്ഞില്ല.
'എന്താ-മുഖത്തൊരു ഗൗരവം?'
'നമ്മുടെ ഈ പഞ്ചായത്ത് ഒരിക്കലും ഗുണം പിടിക്കില്ല-' ദീര്‍ഘ വീക്ഷണമുള്ള ഒരു രാഷ്ട്രീയ ചിന്തകനേപ്പോലെ കുഞ്ഞൂട്ടി തറപ്പിച്ചു പറഞ്ഞു.
പെട്ടെന്നു പഞ്ചായത്തു വിഷയം അവതരിപ്പിച്ചത് എന്തിനാണെന്നു പിടി കിട്ടിയില്ലെങ്കിലും, കിട്ടിയ കച്ചിതുരുമ്പിൽ പിടിച്ചു ഞാന്‍ കയറി.

'അതെന്താ അങ്ങിനെ പറേന്നത് ?' ആകാംക്ഷ നടിച്ചു കൊണ്ടു ഞാന്‍ ആരാഞ്ഞു.
കഷ്ടകാലത്തിന് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ഈ പഞ്ചായത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചുമതല എന്നെയാണു ഏല്‍പ്പിച്ചത്. രാവിലെ കമ്മറ്റിക്കാര്‍ വന്നു ഒരു കാറില്‍ കയറ്റി ഒരു രഹസ്യ സങ്കേതത്തിലേക്കു കൊണ്ടുപോകും. അവിടെയിരുന്നാണു ചര്‍ച്ച. ഒരേ വാര്‍ഡിലേക്കു മത്സരിക്കുവാന്‍ മൂന്നും നാലും പേരു കാണും. ഒരാളെ മാത്രമല്ലേ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുവാന്‍ പറ്റുകയുള്ളൂ- ഞാന്‍ ഒരാളെ തിരഞ്ഞെടുക്കും. ആരും എതിര്‍പ്പൊന്നും പറയുകയില്ല- പക്ഷേ സീറ്റു കിട്ടാത്തവര്‍ പിന്നീട് എന്നെ കണ്ടാല്‍ മിണ്ടില്ല.'

തേരാ പാരാ തെക്കുവടക്കു നടക്കുന്ന കുഞ്ഞൂട്ടി, സ്ഥലത്തെ 'പ്രധാന പയ്യന്‍സായി' രൂപാന്തരം പ്രാപിച്ചതോര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹമാണത്രെ   ഞങ്ങളുടെ പഞ്ചായത്തിലെ കിംഗ്  മേക്കര്‍.

ഞാന്‍ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോള്‍ കുഞ്ഞൂട്ടി അടുത്ത വെടി പൊട്ടിച്ചു.

'കഴിഞ്ഞാഴ്ച കുഞ്ഞൂഞ്ഞു വിളിച്ചിരുന്നു.'
'ഏതു കുഞ്ഞൂഞ്ഞ്?'
ഓ-നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി- ഞാന്‍ കുറേയങ്ങു പറഞ്ഞു. ആ കരുണാകരനേം മോനേം നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ കസേര തെറിക്കുമെന്നു ഞാന്‍ പറഞ്ഞു. എന്നോടു കുഞ്ഞൂഞ്ഞ് കുറേ സങ്കടം പറഞ്ഞു. വായില്‍ തോന്നിയതൊക്കെ ഞാനും വിളിച്ചു പറഞ്ഞു. എന്റെ കുഞ്ഞൂട്ടി, നിന്നോടു വര്‍ത്തമാനം പറഞ്ഞു കഴിയുമ്പോഴാ മനസ്സിനൊരു സമാധാനം കിട്ടുന്നതെന്നും പറഞ്ഞ് കുറേ നേരം എങ്ങലടിച്ചു കരഞ്ഞു. സത്യം പറഞ്ഞാല്‍ എനിക്കും കരച്ചിലു വന്നു. ആളൊരു പാവമാണേലും വെറും പൊട്ടനാ-'
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി തനിക്കുള്ള ബന്ധത്തെ അയാള്‍ അടിവരയിട്ടു ബോധിപ്പിച്ചു.
കസേര കുറച്ചുകൂടി അടുപ്പിച്ചിട്ടിട്ട്, കുഞ്ഞൂട്ടി അടുത്ത രഹസ്യം പൊട്ടിച്ചു.
'ഇന്നലെ തങ്കച്ചന്‍ ഡല്‍ഹിയില്‍ നിന്നും വിളിച്ചിരുന്നു-'
'ഏതു തങ്കച്ചന്‍?'
'നമ്മുടെ ഏ.കെ.ആന്റണി- തിരിച്ചു കേരളത്തിലേക്കു വരരുതോ എന്നു ഞാന്‍ ചോദിച്ചു. എന്റെ പൊന്നു കുഞ്ഞൂട്ടി ഇനി ഞാന്‍ അങ്ങോട്ടില്ല. കൂടെ നടക്കുന്നവര്‍ തന്നെയാണു തോളിലിരുന്നു ചെവികടിക്കുന്നത്. ആ കുഞ്ഞൂഞ്ഞും കൂട്ടരും ആരാന്നാ വിചാരം. അവന്മാരല്ലിയോ എ്‌ന്നെ ഡല്‍ഹിക്കു പറപ്പിച്ചത്.'

നാടിന്റെ നീറുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന, അധികാര ഇടനാഴികളില്‍, അധികാരത്തോടെ കയറിചെല്ലുവാന്‍ തക്ക പിടിപാടുള്ള അയാളുടെ വീട് ഒരു മലമുകളിലാണ്. കുടിവെള്ളത്തിന് കുന്നിന്റെ  താഴ് വരയിലെത്തണം.'
വലിയ വലിയ ആള്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്നു സ്ഥാനത്തും, അസ്ഥാനത്തും വിളമ്പി, ഞെളിഞ്ഞു നടക്കുന്ന കുഞ്ഞൂട്ടിമാര്‍ ഇവിടെയും അവിടെയും ധാരാളമുണ്ട്.
ഇത്തവണത്തെ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുഞ്ഞൂട്ടി ചിത്രത്തിലില്ല. ചുമട്ട് എടുക്കുവാനുള്ള ആരോഗ്യമൊന്നുമില്ല- 'ശ്രീകുമാര്‍ സ്‌റ്റോഴ്‌സ്' പൊളിച്ചു മാറ്റി, അവിടെ വലിയ ബില്‍ഡിംഗു പണിയുകയാണ്.
ഇത്തവണയും കുഞ്ഞൂട്ടി കാണാന്‍ വന്നു. ഉപയോഗിച്ചു പഴകിയ ഒരു മാസ്‌ക്ക് ധരിച്ചിട്ടുണ്ട്.

എന്തുണ്ട് കുഞ്ഞൂട്ടി വിശേഷങ്ങള്‍?'
കുഞ്ഞൂട്ടി മറുപടിയൊന്നും പറഞ്ഞില്ല- കണ്ണുകളില്‍ നിഴലിച്ചു നില്‍ക്കുന്ന നിരാശ- അടര്‍ന്നു വീണ ഒരു കണ്ണുനീര്‍ത്തുള്ളിയെ ഞാന്‍ കാണാതെ തുടച്ചുകളയുവാന്‍ ഒരു വിഫലശ്രമം നടത്തി.
*******
പതിനാറാം തീയതിയാണു കുരുവിപ്പെട്ടിയും കടുവാപ്പെട്ടിയും പൊട്ടിച്ച് വോട്ടെണ്ണെല്‍. സ്ഥാനാര്‍ത്ഥികളുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ, പഞ്ചായത്ത് ഒരു പറുദീസയാകുമോ, തോട്ടിന്‍കര വിമാനമിറങ്ങാന്‍ താവളമുണ്ടാക്കുമോ എന്നും മറ്റും കാത്തിരുന്നു കാണാം.

കുഞ്ഞൂട്ടിസാറും, പഞ്ചായത്തു തിരഞ്ഞെടുപ്പും- (രാജു മൈലപ്രാ)
Join WhatsApp News
Varughese 2020-12-05 11:47:20
സമയോചിതം, സന്ദർഭോചിതം... രസകരം..
Nice 2020-12-05 13:25:27
Very Very nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക