Image

ഹരിതവിപ്ലവത്തിന്റെ നാട്ടില്‍ നിന്നും മറ്റൊരു ദേശീയ കാര്‍ഷിക വിപ്ലവം (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 05 December, 2020
 ഹരിതവിപ്ലവത്തിന്റെ നാട്ടില്‍ നിന്നും മറ്റൊരു ദേശീയ കാര്‍ഷിക വിപ്ലവം  (ദല്‍ഹികത്ത് : പി.വി.തോമസ്)
ഹരിതവിപ്ലവത്തിന്റെ നാട്ടില്‍ നിന്നും മറ്റൊരു ദേശീയ കാര്‍ഷിക വിപ്ലവം
ഇന്‍ഡ്യയിലെ കര്‍ഷകര്‍ പ്രക്ഷുബ്ദര്‍ ആണ്. കേന്ദ്രഗവണ്‍മെന്റ് സെപ്തംബറില്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ആണ് വ്യാപകമായ ഈ കര്‍ഷക പ്രക്ഷോഭണത്തിന് കാരണം. സെപ്തംബറില്‍ ആരംഭിച്ച കര്‍ഷകസമരം നവംബറില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതുവരെ കേന്ദ്രഗവണ്‍മെന്റ് അതിന്റെ സഹജമായ സ്വേച്ഛാധിപത്യ നിലപാട് തുടര്‍ന്നു. നിയമങ്ങള്‍ കര്‍ഷകരെ ഭീമന്‍കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്നതാണെന്നും അവ നിരുപാധികം പിന്‍വലിക്കണമെന്നും പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും അതുപോലെ തന്നെ ഇന്‍ഡ്യയിലെ ഇതര സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ ആവശ്യപ്പെട്ടു കേന്ദ്ര ഗവണ്‍മെന്റ് അത് തെല്ലും വകവച്ചില്ല. പഞ്ചാബിലെ കര്‍ഷകര്‍ 'ദല്‍ഹി ചലോ' മുദ്രാവാക്യത്തോടെ തലസ്ഥാന നഗരിയിലേക്ക് മാര്‍ച്ച് ചെയ്തു.  അവരെ ബി.ജെ.പി.യുടെ ഹരിയാന ഗവണ്‍മെന്റ് തടഞ്ഞു. പക്ഷേ, ഹരിയാനയിലെ കര്‍ഷകരും അവരുടെ കൂടെ ചേര്‍ന്നതോടെ സമരവും മാര്‍ച്ചും കൂടുതല്‍ ശക്തമായി. കേന്ദ്രം കര്‍ഷകരുമായി സംഭാഷണത്തിന് തയ്യാറായില്ല. ഇതിനിടെ പഞ്ചാബും കേരളവും തുടങ്ങി പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാന നിയമസഭകള്‍ ഫെഡറല്‍ വിഷയത്തില്‍പ്പെട്ട ഈ കര്‍ഷകവിരുദ്ധ നിയമങ്ങളെ നിരാകരിച്ചു. ബി.ജെ.പി.യുടെ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏറ്റവും പഴയകക്ഷിയായ (24-വര്‍ഷം) ശിരോമണി അകാലിദള്‍ അതിന്റെ കേന്ദ്രമന്ത്രിയെ പിന്‍വലിച്ചു പ്രതിഷേധ സൂചകമായി. എന്നിട്ടും കേന്ദ്രഗവണ്‍മെന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും കുലുങ്ങിയില്ല. അവര്‍ നിയമത്തെ ന്യായീകരിച്ചുകൊണ്ടേയിരുന്നു. മോദി അദ്ദേഹത്തിന്റെ 'മന്‍കിബാത്തി'ലും വാരണാസിയിലെ ഒരു ചടങ്ങില്‍ വച്ചും ഈ മൂന്നു കാര്‍ഷികനിയമങ്ങള്‍ ചരിത്രമുഹൂര്‍ത്തം ആണെന്നും അവ ഗംഗാജലം പോലെ പരിശുദ്ധം ആണെന്നും പ്രസ്താവിച്ചു. ഗംഗാജലത്തിന്റെ പരിശുദ്ധി ഇന്ന് ഒരു കെട്ടുകഥപോലെയാണ്. ഈ നിയമങ്ങളും അതുപോലെ തന്നെയാണ് കര്‍ഷകര്‍ വിശ്വസിച്ചു. ഇതിനിടെ കൂടുതല്‍ എന്‍.ഡി.എ. ഘടകകക്ഷികള്‍ നിയമങ്ങളെ എതിര്‍ത്തു സഖ്യത്തിന് വെളിയില്‍ വന്നു. ഹരിയാനയിലെ ഭരണഘടക കക്ഷിയായ ജെ.ജെ.പി.യാണ് സഖ്യം വിട്ടത്. 
എന്‍.ഡി.എ.യുടെ മുന്‍ ഘടകകക്ഷിയും സംഘപരിവാര്‍ അംഗവുമായ ശിവസേനയും കാര്‍ഷികനിയമങ്ങളെ എതിര്‍ത്തു. എന്നിട്ടും കേന്ദ്രഗവണ്‍മെന്റിന് ചലനം ഉണ്ടായില്ല.
തടസങ്ങളെ തരണം ചെയ്ത് കര്‍ഷകര്‍ ദല്‍ഹിയുടെ അതിര്‍ത്തിപ്രദേശങ്ങളിലെത്തി. ദല്‍ഹിപോലീസ് അവരെ തലസ്ഥാന നഗരിയിലേക്ക് പ്രവേശിപ്പിച്ചില്ല. അവര്‍ അതിര്‍ത്തിയില്‍ ദിനരാത്രങ്ങള്‍ ചെലവഴിച്ചു. ഊണും ഉറക്കവും വഴിയിലായി. 1988-ല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ ഇന്‍ഡ്യഗെയ്റ്റ് മൈതാനത്ത് തമ്പടിച്ച് താമസിപ്പിച്ച മഹേന്ദ്രസിംങ്ങ് തിക്കായത്തിന്റെ കര്‍ഷകസമരത്തെക്കാള്‍ തീവ്രതയും വ്യാപ്തിയും ഈ സമരത്തില്‍ പ്രകടം ആയിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി കര്‍ഷകസമരക്കാരോടും തിക്കയത്തിനോടും അവരുടെ പ്രശ്‌നങ്ങളോടും സഹാനുഭൂതിയുള്ള ഭരണാധികാരി ആയിരുന്നു. ഒടുവില്‍ തിക്കയത്തിന്റെ ശക്തിപ്രകടനത്തിന് ശേഷം സമരം ഒത്തുതീര്‍പ്പായി.

ദല്‍ഹി അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ക്ക്, ദേശവ്യാപകമായ പിന്തുണ ലഭിച്ചു. ഒളിമ്പിയന്‍ കായികതാരങ്ങള്‍ അവരുടെ മെഡലുകള്‍ തിരിച്ചു നല്‍കി. കല-സാംസ്‌കാരിക-സിനിമരംഗത്തും ഇവര്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അകാലിദളിന്റെ നേതാവും അഞ്ച് പ്രാവശ്യം പഞ്ചാബിന്റെ മുഖ്യമന്ത്രിയും ആയിരുന്ന പ്രകാശ് സിംങ്ങ് ബാദല്‍ അദ്ദേഹത്തിന് ലഭിച്ച പത്മ വിഭൂഷണ്‍ അവാര്‍ഡ് പ്രതിഷേധ സൂചകമായി തിരിച്ച് നല്‍കി. പത്മവിഭൂഷണ്‍ ഭാരതരത്‌നം കഴിഞ്ഞാല്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡ് ആണ്. അദ്ദേഹത്തോടൊപ്പം മുന്‍കേന്ദ്രമന്ത്രി സുഖ്‌ദേവ്‌സിംങ്ങ്ദിന്ത്ഷ അദ്ദേഹത്തിന് ലഭിച്ച പത്മഭൂഷണ്‍ അവാര്‍ഡും തിരിച്ചുനല്‍കി. പത്മഭൂഷണ്‍ ഇന്‍ഡ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡ് ആണ്. ഹരിയാന-പഞ്ചാബ് ഹൈക്കോടതിയിലെ മൂന്ന് മുന്‍ ജഡ്ജിമാര്‍-ജസ്റ്റീസുമാരായ എം.എസ്. ഗില്‍, രജ്ജിത് സിംങ്ങ്, നവാബ് സിംങ്ങ്- കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവരുടെ അഭിപ്രായത്തില്‍ ഈ നിയമങ്ങള്‍ കരിനിയമങ്ങള്‍ ആണ്. ഇതിനെതിരെ പ്രതിഷേധിച്ച കര്‍ഷകരോട് കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ച നയവും നടപടിയും തികച്ചും പ്രതിഷേധാര്‍ഹം ആണ്. എന്തിന് അവരെ ലാത്തിചാര്‍ജ് ചെയ്തു? എന്തിനവര്‍ക്കെതിരെ ജലപീരങ്കി ഉപയോഗിച്ചു ഈ അതിശൈത്യത്തില്‍ ജസ്റ്റീസുമാര്‍ ആരാഞ്ഞു. രാജ്യം കോവിഡുമായിട്ടുള്ള അടിയന്തിര യുദ്ധത്തിലേര്‍പ്പെട്ടിരിക്കവെ ഈ നിയമം കൊണ്ടുവന്ന ശീഘ്രതയും അത് പാര്‍ലിമെന്റില്‍ പാസാക്കിയെടുത്തരീതിയും അംഗീകരിക്കുവാനോ അഭിനന്ദിക്കുവാനോ സാധിക്കുകയില്ലെന്നും മുന്‍ ജസ്റ്റീസുമാര്‍ പ്രസ്താവിച്ചു.
അതിര്‍ത്തിയില്‍ കര്‍ഷകരുടെ നില പരിതാപകരവും ഗുരുതരവും ആയി. തണുപ്പ് മൂലവും ശാരീരികാലസ്യം മൂലവും മൂന്നോളം കര്‍ഷകര്‍ മരിച്ചു. പലരും രോഗാതുരരായി. പക്ഷേ, സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ റോഡില്‍നിന്നും അറ്റന്റ് ചെയ്തു. അവര്‍ക്കുള്ള കമ്പ്യൂട്ടറുകളും മറ്റും വ്യാപാരികള്‍ സൗജന്യമായി എത്തിച്ചു കൊടുത്തു. ഭക്ഷണം സമീപത്തുള്ള കുടുംബങ്ങള്‍ നല്‍കി. സമരരംഗത്തേക്ക് പുതിയതായി എത്തിച്ചേരുന്നവര്‍ മാസങ്ങളോളം കഴിയുവാനുള്ള ആട്ടയും അരിയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും കൊണ്ടുവന്നു. പഞ്ചാബില്‍നിന്നും ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും നൂറുകണക്കിന് കര്‍ഷകര്‍ ദല്‍ഹി വളഞ്ഞു. അവരില്‍ കുട്ടികളും യുവതീയുവാക്കളും വയോവൃദ്ധരും ഉണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പ്രവാഹം ആരംഭിച്ചു.

ഒടുവില്‍ കര്‍ഷകരുടെ പ്രയാണം അണമുറിയാതെ ആയപ്പോള്‍ കേന്ദ്രഗവണ്‍മെന്റ് ഒന്ന് ചലിച്ചു. നിബന്ധനയോടെ ചര്‍ച്ച ആകാമെന്ന് പറഞ്ഞു. നിബന്ധന ഒന്ന് കര്‍ഷകര്‍ റോഡുകളില്‍ നിന്നും ബുരാരി എന്ന സ്ഥലത്തേക്ക് മാറണം. രണ്ട് , യാതൊരു കാരണവശാലും നിയമങ്ങള്‍ പിന്‍വലിക്കുകയില്ല പൂര്‍ണ്ണമായും. കര്‍ഷകര്‍ ഇത് രണ്ടും നിരാകരിച്ചു.

അവസാനം ഗത്യന്തരം ഇല്ലാതെ നിബന്ധനകളും ഇല്ലാതെ ചര്‍ച്ചക്ക് ഗവണ്‍മെന്റ് തയ്യാറായി. ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷകപ്രതിനിധികള്‍ സര്‍ക്കാര്‍ നല്‍കിയ ഉച്ചഭക്ഷണം പോലും കഴിക്കാതെ തോട്ടടുത്തുള്ള ഗുരുദ്വാരയില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം ആണ് കഴിച്ചത്. ചര്‍ച്ചകള്‍ അന്തമില്ലാതെ തുടര്‍ന്നു. ഇത് എഴുതുന്ന സമയം വരെ ചര്‍ച്ചകള്‍ ഫലവത്തായിട്ടും ഇല്ല. ചര്‍ച്ചകള്‍ ഫലവത്തായേക്കും. അതിന് സര്‍ക്കാരിന് അതിന്റെ കടുംപിടുത്തം മാറ്റേണ്ടതായിവരും. നിയമത്തിലെ  ചില കാതലായ ഭാഗങ്ങള്‍ പിന്‍വലിക്കേണ്ടതായി വരും. കഴിഞ്ഞ വര്‍ഷം ശീതകാലത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്ത ഷാഹിന്‍ ബാഗിലെ  പ്രക്ഷോഭകരെ രാജ്യദ്രോഹികളായി മുദ്രകുത്തി വിരട്ടുവാന്‍ ശ്രമിച്ച അതേ നയം ഇവിടെയും പ്രയോഗിച്ച് പരാജയപ്പെട്ടു. സ്വാതന്ത്ര്യസമരത്തിലും അതിനുശേഷം ഭാരതസേനയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിയ പഞ്ചാബിലെ സിക്കുകാരെയും ഹരിയാനയിലെ ജാട്ടുമാരെയും ദേശദ്രോഹികളും ഖാല്യസ്താനികളും ആയി മുദ്രകുത്തുകയോ? അത് പാളിപ്പോയി.
ഏതാനും മാസങ്ങള്‍ക്ക്  സെപ്തംബറില്‍ ഈ പംക്തിയില്‍ ലേഖകന്‍ എഴുതിയ  ഒരു ആര്‍ട്ടിക്കിളിന്റെ ശീര്‍ഷകത്തില്‍ രേഖപ്പെടുത്തിയതുപോലെ 'കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍' ആണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ആര്‍ക്ക് വേണ്ടി ആണ് ഇത് ? കര്‍ഷകര്‍ക്ക് വേണ്ടിയോ അതോ ഗവണ്‍മെന്റിന്റെ ചങ്ങാതികളായ ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയോ? കച്ചവടം എ്‌നത് ദീനദയാലുത്വം അല്ല.

ഇതാണ് പരിശോധിക്കേണ്ടത്. ഇവ ആദ്യമായി ഓര്‍ഡിനന്‍സ് രൂപത്തിലാണ് കൊണ്ടുവന്നത്. പാര്‍ലിമെന്റിന്റെ അതായത് ജനാധിപത്യവ്യവസ്ഥയുടെ പിന്നിലൂടെ. ഇത് ഇപ്പോള്‍ ഒരു ഫാഷനും ആണല്ലോ- ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുക എന്നത്. ജൂണ്‍ അഞ്ചാം തീയതി ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഈ മൂന്ന് ഓര്‍ഡിനന്‍സിനെതിരെ അന്നേ പ്രതിഷേധം ഉണ്ടായിരുന്നു. പഞ്ചാബിലും ഹരിയാനയിലും സംഘര്‍ഷവും വ്യാപകമായിരുന്നു. 2020 ജൂണ്‍ അഞ്ചിന് പുറപ്പെടുവിച്ച ബില്ലിന് ഡിസംബര്‍ വരെ ആയുസ് ഉണ്ട്. പക്ഷേ ഗവണ്‍മെന്റ് ഈ പ്രക്ഷോഭണത്തിന്റെ പശ്ചാത്തലത്തില്‍ ഈ ബില്ലുകള്‍ സെപ്തംബറില്‍ പാര്‍ലിമെന്റില്‍ കൊണ്ടുവന്നു. സെപ്റ്റംബര്‍ 27 ന് പാര്‍ലിമെന്റിലെ ഇരുസഭകളും കാര്യമായ ചര്‍ച്ചയോ ഡിബേറ്റോ ഒന്നും ഇല്ലാതെ ഈ ബില്ലുകള്‍ പാസാക്കി- The Farmers(Empowerment and protection) agreement on price assurance and farm servicex act-2020 തുടങ്ങിയവ). എന്തായിരുന്നു ഈ ഓര്‍ഡിനന്‍സുകളും ബില്ലുകളും നിയമം ആക്കി നടപ്പിലാക്കുവാനുള്ള ഗവണ്‍മെന്റിന്റെ ശീഘ്ര വ്യഗ്രതക്ക് പിന്നില്‍? ഇതാണ് പഞ്ചാബ്-ഹരിയാന മുന്‍ ജസ്റ്റീസര്‍മാരും ചോദിച്ചത്.
2017 മുതല്‍ മേദിയുടെ ചങ്ങാത്ത മുതലാളിമാര്‍ക്ക് കൃഷിമേഖലയില്‍ കണ്ണ് ഉണ്ടായിരുന്നു. മുകേഷ് അംബാനി അപ്പോഴെ പ്രഖ്യാപിച്ചതാണ് അദ്ദേഹത്തിന് കാര്‍ഷികമേഖലയിലുള്ള നിക്ഷേപ താല്‍പര്യം. അഡാനി ഗ്രൂപ്പും അഗ്രി-അടിസ്ഥാന സൗകര്യ മേഖലയില്‍ കൗതുകം കാണിച്ചിരുന്നു. ഇതിന്റെയൊക്കെ ചരിത്രം പരിശോധിച്ചാല്‍ അത് വളരെ ആഴത്തിലുള്ളതാണ്. അതാണ് അക്ഷരാഭ്യാസം ഇല്ലെന്ന് തോന്നിക്കുന്ന കര്‍ഷകര്‍ അവരുടെ ജീവിതാനുഭവത്തിന്റെ ദീര്‍ഘവീക്ഷണത്തിലൂടെ കണ്ടെത്തി പ്രതികരിച്ചത്. അവര്‍ക്ക് അറിയാം കച്ചവടം ഔദാര്യം അല്ലെന്ന്. അവര്‍ക്കറിയാം വിലപേശലില്‍ ദുര്‍ബ്ബലന് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കീഴടങ്ങേണ്ടിവരും എന്ന്. ഇതൊക്കെ ആണോ മോദിയും ഷായും കര്‍ഷകരെ പഠിപ്പിക്കുന്നത്? താങ്ങുംവിലങ്ങും അപ്പുറം ഇവിടെ പ്രശ്‌നം ഉണ്ട്.

കര്‍ഷകര്‍ക്ക് ഈ നിയമങ്ങളില്‍ വിശ്വാസം ഇല്ല. അതുകൊണ്ടാണ് അവര്‍ തെരുവില്‍ പ്രതിഷേധിക്കുന്നതും, ആഹാരം കഴിക്കുന്നതും, ഉറങ്ങുന്നതും. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഈ നിയമങ്ങള്‍ എതിരാണ്. എട്ട് ചോദ്യങ്ങള്‍ അവര്‍ ഉന്നയിച്ചിട്ടുണ്ട്. അതൊന്നും ഇവിടെ വിശദീകരിക്കുന്നില്ല.

എന്താണ് ഈ മൂന്നു കാര്‍ഷികനിയമങ്ങള്‍ക്ക് പിന്നിലുള്ള കേന്ദ്രഗവണ്‍മെന്റിന്റെ 'ഹ്ിഡന്‍ അജണ്ട'? അതാണഅ പ്രായോഗിബുദ്ധിയുള്ള കര്‍ഷകര്‍ കണ്ടറിഞ്ഞത്.

 ഹരിതവിപ്ലവത്തിന്റെ നാട്ടില്‍ നിന്നും മറ്റൊരു ദേശീയ കാര്‍ഷിക വിപ്ലവം  (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക