ഒന്നര ലക്ഷത്തിലേറെ കുട്ടികളിൽ കോവിഡ്; വീടുകളിലും മാസ്ക് വേണമെന്ന് സി.ഡി.സി; രോഗബാധയിൽ റെക്കോർഡ്
AMERICA
05-Dec-2020
മീട്ടു
AMERICA
05-Dec-2020
മീട്ടു

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ കണക്കിൽ ഇതിനകം 1,54,000 കുട്ടികളിൽ പുതിയതായി കോവിഡ് കേസുകൾ കണ്ടെത്തി. മാർച്ച് മുതലുള്ള പ്രതിവാര രോഗനിരക്ക് നോക്കുമ്പോൾ, ഇത് ഏറ്റവും ഉയർന്ന നിര ക്കാണ്.
എന്നാൽ, ഡോക്ടർമാരിൽ വൈറസ് ബാധിതരായ കുട്ടികളെ ചികിത്സിച്ച് ഭേദമാക്കാമെന്ന ആത്മവിശ്വാസം പ്രകടമാണ്. രോഗതീവ്രത കൂടുതൽ കാണപ്പെട്ട കുട്ടികളെ വെന്റിലേറ്ററുകളിൽ പ്രവേശിപ്പിക്കുന്നതിനു പകരം സ്റ്റിറോയിഡുകൾ കൊടുക്കുകയാണ് ചെയ്തുവരുന്നത്. ലക്ഷണങ്ങൾ ഇല്ലാത്തതോ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോ ആയ കുട്ടികളുടെ കോവിഡ് ഫലം പോസിറ്റീവ് ആകുന്ന പക്ഷം, അവരെ എങ്ങനെ നിരീക്ഷിക്കാമെന്നത് സംബന്ധിച്ച് മെച്ചപ്പെട്ട രീതികളെക്കുറിച്ചുള്ള അറിവുമുണ്ട്.

എല്ലാവർക്കും അവബോധം ഉള്ളതുകൊണ്ടുതന്നെ വളരെ വേഗത്തിൽ രോഗബാധിതർ തിരിച്ചറിയാൻ കഴിയുന്നത് വലിയൊരു കാര്യമായി കരുതുന്നു. തക്കസമയത്ത് പരിശോധന സാധ്യമാകുന്നത് ഏറെ ഗുണം ചെയ്തു-പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ ചീഫ് ആയ ഡോ.ജെയിംസ് ഷ്നെയ്‌ഡർ അഭിപ്രായപ്പെട്ടു.
കുട്ടികളിൽ കോവിഡിന്റെ ഭീകരമായൊരു അവസ്ഥ അത്രകണ്ട് ഇല്ലെങ്കിൽപോലും അവരെ രോഗം മാനസികവും ശാരീരികവും വൈകാരികവുമായി എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണെന്ന് അക്കാദമി വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കുട്ടികളിലൂടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് കൊറോണ പിടിപെടാനുള്ള സാധ്യതയും ഗൗരവത്തോടെ കണക്കിലെടുക്കണം.
മുതിർന്ന വ്യക്തികളിൽ നിന്നുള്ളതുപോലെ തന്നെ 12 -18 വയസ്സുകാരിൽ നിന്നും വൈറസ് പടരാം- പി എം പീഡിയാട്രിക്സിന്റെ മുതിർന്ന മെഡിക്കൽ ഉപദേശക ക്രിസ്റ്റിന ജോൺസ് പറഞ്ഞു.
ന്യൂയോർക്കിലെ പി എം അർജന്റ് കെയർ സെന്ററുകളിൽ പരിശോധന നടത്തി പോസിറ്റീവ് ഫലം ലഭിച്ച പ്രായം കുറഞ്ഞ രോഗികളുടെ നിരക്ക് ഒക്ടോബറിൽ 1.7 ശതമാനം ആയിരുന്നത് നവംബറിൽ 5.3 ശതമാനമായി ഉയർന്നെന്ന് ജോൺസ് ചൂണ്ടിക്കാട്ടി.
വീടുകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ നീക്കം
കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രീവൻഷൻ(സി ഡി സി) വെള്ളിയാഴ്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മാസ്കിന്റെ ഉപയോഗം സാർവത്രികമാക്കുകയാണ് ഇതിൽ പ്രധാനം. വീടുകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ നിർദ്ദേശമുണ്ട്.
മഹാമാരിയുടെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിലാണ് മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിയത്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും അനുദിനം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
ഇതാദ്യമായാണ് വീടുകളിലും മാസ്ക് നിർബന്ധമാക്കാൻ സി ഡി സി ശുപാർശ ചെയ്യുന്നതെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
രോഗബാധയും മരണനിരക്കും ഗണ്യമായി വർധിച്ചതിനാൽ കടുത്ത നിയന്ത്രങ്ങൾ കൈക്കൊള്ളാതിരുന്നാൽ വ്യാപനം ഉയരുമെന്ന് സി ഡി സി മുന്നറിയിപ്പ് നൽകി. കൈ കഴുകുന്നത് ശീലമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വീടുകൾക്കുള്ളിൽ തന്നെ ആവശ്യമില്ലാത്ത മുറികളിൽ കയറിയിറങ്ങാതെയും പുറത്ത് ആൾക്കൂട്ടങ്ങളിൽ പെടാതെയും ശ്രദ്ധിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. വൈറസിനെതിരെ പോരാടുന്നതിന്റെ ഭാഗമായി വീടുകൾക്കുള്ളിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നതിന് വീഴ്ച വരരുതെന്ന് സി ഡി സി പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
കോവിഡ് ബാധയിൽ വീണ്ടും റെക്കോർഡ്
ഇന്നലെ റെക്കോർഡ് തിരുത്തി 225,201 പേർക്ക് കോവിഡ് ബാധ കണ്ടെത്തി. മരണം 2506 . ഇപ്പോൾ ഒരു ലക്ഷത്തിൽ പരം ആളുകൾ ആശുപതിയിലുണ്ട്.
പതിന്നാലു മില്യണിലേറെ പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മരണ സംഘ്‌ഖ്യ 278 ,000 കടന്നു. രണ്ടും ലോകത്ത് ഏറ്റവും കൂടുതലാണ്
ന്യു യോർക്ക് സ്റ്റേറ്റിൽ 10000 പേർക്ക് ഇന്നലെ രോഗബാധ കണ്ട്. 5 .41 ശതമാനം. സ്റ്റേറ്റിൽ 4200 പേരാണ് ഹോസ്പിറ്റലിൽ. 800 പേര് ഐ.സി.യുവിൽ. 400 പേര് വെന്റിലേറ്ററിൽ. 60 പേര് മരിച്ചതായും ഗവർണർ ആൻഡ്രു കോമോ അറിയിച്ചു.
അതെ സമയത്തെ ന്യു യോർക്ക് സ്റ്റേറ്റിൽ 20 മില്യൺ പേർക്ക് കോവിഡ് ടെസ്റ്റ് നടത്തിയതും റെക്കോർഡാണ്. വാക്സിൻ എത്തുമ്പോൾ അത് കുത്തിവയ്ക്കാൻ ഫെഡറൽ അധികൃതർക്ക് തന്നെ അധികാരം നൽകുമെന്ന് കോമോ പറഞ്ഞു. ന്യൂയോർക്കിലെ നഴ്സിംഗ് ഹോം അന്തേവാസികൾക്കും സ്റ്റാഫിനും അത് നൽകുന്ന പ്രോഗ്രാം ഒപ്പുവയ്ക്കാൻ ഒരുങ്ങുകയാണെന്ന് ഗവർണർ ആൻഡ്രൂ കോമോ പറഞ്ഞു.
ഫൈസർ കോവിഡ് വാക്സിൻ വിതരണം പകുതി മാത്രം
ഫൈസർ കോവിഡ് വാക്സിൻ വിതരണം പ്രതീക്ഷിച്ചിരുന്നതിന്റെ പകുതി മാത്രമേ പ്രാരംഭഘട്ടത്തിൽ സാധ്യമാകൂ എന്ന് റിപ്പോർട്ട്. ഫൈസർ കമ്പനി മുൻപ് വ്യക്തമാക്കിയിരുന്ന പദ്ധതി പ്രകാരം 100 മില്യൺ വാക്സിൻ ഡോസുകൾ ലോകമെമ്പാടും വിതരണം ചെയ്യാനാകുമെന്നാണ് കരുതിയിരുന്നതെങ്കിലും അത് 50 ദശലക്ഷമായി കുറയുമെന്ന് വോൾ സ്ട്രീറ്റ് ജേർണലിൽ പറയുന്നു.
അസംസ്കൃത വസ്തുക്കൾ എത്തുന്നതിനു കൂടുതൽ സമയമെടുത്തതാണ് ഇതിന് കാരണമെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി. എന്നിരുന്നാലും, നിലവിലെ പ്രതിസന്ധി പരിഹരിച്ചുകൊണ്ട് 2021 ൽ ലോകമെമ്പാടും ബില്യൺ ഡോസുകളിൽ കൂടുതൽ എത്തിക്കാൻ സജ്ജമാണെന്ന് കമ്പനി പറയുന്നു.
നിലവിലെ വെല്ലുവിളി യു എസിനെ എപ്രകാരം ബാധിക്കുമെന്ന് വ്യക്തമല്ല. അനുമതി ലഭിച്ചാൽ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫൈസർ വാക്സിൻ 6.4 ദശലക്ഷം ഡോസുകൾ വിതരണം ചെയ്യുകയും , ആകെ 40 ദശലക്ഷം ഫൈസർ വാക്സിൻ ഡോസുകളും മറ്റു നിർമാതാക്കളായ മോഡർണയുടെ വാക്സിനും വർഷാവസാനത്തോടെ വിതരണം നടത്തുമെന്നും ആയിരുന്നു പ്രതീക്ഷ.
" ഞങ്ങൾ മുൻപും ആവർത്തിച്ച് പങ്കുവച്ചിരുന്ന വിവരം 50 ദശലക്ഷം ഡോസുകൾ വിതരണം ചെയ്യാനാകുമെന്നാണ്. അത് നവംബറിലെ രണ്ടാം ആഴ്ചയാണ് ഇന്നത്തേതിന് മുൻപ് പരസ്യപ്പെടുത്തിയിരുന്നത്. " ഫൈസർ വക്താവ് ജെസീക്ക പിറ്റ്‌സ് വിശദീകരിച്ചു.
വൈറ്റ് ഹൗസും യു എസ് ആരോഗ്യ വകുപ്പും ഇതിനോട് ഉടനടി പ്രതികരിച്ചിട്ടില്ല.
തടസങ്ങൾ എന്താണെന്നുള്ള വ്യക്തമായ വിവരങ്ങൾ ഫൈസർ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, വാക്സിൻ നിർമ്മാണത്തിലെ ഒരു ഘടകം നിഷ്കർഷിച്ചിരുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് കാരണമെന്ന് അറിയുന്നു.
" ഞങ്ങൾ വൈകിപ്പോയി. ആദ്യ ബാച്ചിലെ അസംസ്കൃത വസ്തുക്കൾ നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടു. ഞങ്ങൾ അതിന് പരിഹാരം കണ്ടെങ്കിലും ഉദ്ദേശിച്ച സമയത്ത് കാര്യങ്ങൾ നടത്താൻ സാധിക്കാതെ വന്നു ." ഇതാണ് പത്രമാധ്യമങ്ങൾക്ക് ലഭിച്ച വിവരം.
വാക്സിന്റെ നിർമാണ ഘട്ടത്തോടൊപ്പം മാർച്ച് മാസം തന്നെ വിതരണ ശൃംഖലയും കമ്പനി വികസിപ്പിച്ചിരുന്നു. ഇങ്ങനൊരു ഉദ്യമം ഇതാദ്യമായാണ്.
യു കെയിൽ വാക്സിന് അടിയന്തരാനുമതി ലഭ്യമായതോടെയാണ് കയറ്റുമതി സംബന്ധമായി തടസ്സങ്ങൾ ഉരുത്തിരിഞ്ഞത്.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ ) ഇപ്പോഴും കമ്പനിയുടെ വാക്സിനെപ്പറ്റി അവലോകനം നടത്തിവരികയാണ്. തീരുമാനം ഈ മാസം അവസാനത്തോടെയേ പ്രഖ്യാപിക്കൂ.
വാക്സിൻ ബ്രിട്ടൻ അംഗീകരിച്ചതുമായി ബന്ധപ്പെട്ട് ഫൈസർ മുൻപ് നടത്തിയ പ്രസ്താവനയിൽ , 40 ദശലക്ഷം ഡോസുകൾ യു കെ യിൽ വിതരണം ചെയ്യാൻ പദ്ധതിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 2020 ലും 2021 ലും ഘട്ടംഘട്ടമായി കരാർ പ്രകാരം തന്നെ വാക്സിനുകൾ എല്ലാപ്രദേശത്തും തുല്യമായി വിതരണം ചെയ്യുമെന്നും അറിയിച്ചിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments