Image

സനാഥം (കഥ :.ജി രമണി അമ്മാൾ )

Published on 05 December, 2020
  സനാഥം (കഥ :.ജി  രമണി അമ്മാൾ )
പതിനൊന്നു നിലകളുളള ഓഫീസ് സമുച്ഛയമാണ്
ഹെഡ് ഓഫീസ്.. ഒരു  കുഗ്രാമത്തിൽനിന്ന് 
നഗരഹൃദയത്തിലേക്കു 
ചേക്കേറാൻ പോകുന്നു..
തനിച്ചുളള കന്നിയാത്ര..!
വീടുവിട്ട്, അകലേക്ക്, ആദ്യമായി...
ഒരു സ്ഥലംമാറ്റം; എങ്ങോട്ടെങ്കിലും
അത്യാവശ്യമായി തോന്നിയിരുന്നു..
മാറ്റം......എല്ലാവരിൽ നിന്നും..
എല്ലാറ്റിൽ നിന്നും.....
കടമകൾ നിറവേറ്റിക്കഴിയുമ്പോൾ
എവിടെയും അധികപ്പറ്റുതന്നെ....
അതിനു മുന്പ്.....

ഇനിയിവിടെയൊരു കൂടുതേടണം.....രാപ്പാർക്കാൻ....
ആരുമില്ല,  
മുൻപു പരിചയമുളളവർ..

       വെളുപ്പിനെ തന്നെ പുറപ്പെട്ടു..
നാലു മണിക്കൂർകൊണ്ട്
എത്തിച്ചേരുമെന്നുറപ്പുളള
സൂപ്പർഫാസ്റ്റിൽ...

          ഒരാഴ്ചത്തേക്കു വേണ്ട 
ഡ്രസ്സുകളുംമറ്റും  ബാഗിൽ  കരുതിയിട്ടുണ്ട്...

എസ്റ്റാബ്ളിഷ്മെന്റ് സെക്ഷനിൽ രാജേന്ദ്രൻ സാറുണ്ട്....
ഇടയ്ക്കു കുറച്ചുനാൾ ഞങ്ങളൊന്നിച്ച് ഒരേ ഓഫീസിൽ 
വർക്കുചെയ്തിട്ടുളളതാണ്..

"വീട്ടീന്നായാലും ഓഫീസീന്നായാലും തനിക്കൊരു ചെയ്ഞ്ച് ആവശ്യമാണ്...
ഇങ്ങു പോര്....
ഓഫീസിന്റെ  അടുത്തുതന്നെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുണ്ട്..ഏർപ്പാടാക്കാം"

         റിക്വസ്റ്റ് ട്രാൻസ്ഫർ ആണെന്ന് വീട്ടുകാർക്കറിയില്ല...
പറഞ്ഞില്ല...

നേരെ ഇളയവളുടെ
കല്യാണം
കഴിഞ്ഞിട്ടിപ്പോൾ ഒരു മാസമാകുന്നു..
ഒരു ബാദ്ധ്യത ഒഴിച്ചുവിട്ടതിലുളള ആശ്വാസമുണ്ട്.... 
ഇനിയുമുണ്ട് രണ്ടുപേരുകൂടി, 
അവൾക്കും താഴെ....
       അമ്മയുടെ ഡയവോഗ് കടമെടുത്താൽ 
"അതുങ്ങളുടെ കൂടി കാര്യങ്ങൾ നോക്കിയിട്ടേ നീ നിന്റെ സ്വന്തം ജീവിതത്തിനേപ്പറ്റി ചിന്തിക്കാവൂ..
നീയൊരു സർക്കാരുദ്യോഗസ്ഥയാണ്.
പ്രായം, ഇച്ചിര കൂടിയാലും നല്ല
ജോലിയുളള 
പയ്യന്മാരെ കിട്ടും..
അച്ഛനില്ലാത്ത കൂട്ട്യോളാ..അവര്..."

"അപ്പോൾ ഞാനോ....?.എനിക്കോ..?.
 എനിക്കു  പോസ്റ്റിംഗ് കട്ടിയത് വിജിലൻസ് സെക്ഷനിലാണ്.

      ഏഴു ഗുമസ്തൻമാരും, സൂപ്രണ്ടും, പീയൂണും അടങ്ങുന്ന സെക്ഷൻ..
വിജിലൻസ് ആയതുകൊണ്ടാവും  പ്രത്യേക കാബിനിനുളളിൽ പ്രവർത്തിക്കുന്നത്.. 

 "ലേഡീസ് ഹോസ്റ്റൽ വളരെയടുത്തുണ്ട്...
ഉച്ചയ്ക്ക് എലീന കൂടെ വരും.....
ഇന്നു സ്റ്റേ ചെയ്യേണ്ടതല്ലേ....
തല്ക്കാലം ഒരു മാസത്തേക്ക് മതി..
ഗവൺമെന്റ് ഹോസ്റ്റലിൽ
കിട്ടുന്നതുവരെ.."
രാജേന്ദ്രൻ സാറ് പറഞ്ഞു..

    ഹോസ്റ്റലിൽ, വെജിറ്റേറിയൻ ഭക്ഷണമേ കിട്ടൂ...
ഇത്തിരി മീനിന്റെ മണമെങ്കിലുമില്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുളള ഞാൻ എങ്ങനെ അഡ്ജസ്റ്റു ചെയ്യും..!

    അന്തേവാസികൾ മിക്കവരും
നഴ്സുമാരാണെന്ന് 
വാർഡൻ പറഞ്ഞു.. 
പ്രശസ്തമായ മൂന്നു ഹോസ്പിറ്റലുകൾ വളരെ അടുത്തുളളതുകൊണ്ടാവാം..

റൂമ് കാണിച്ചുതന്നു...
ഒരുമുറിയിൽ 
രണ്ടു കട്ടിലുകൾ.....

."മിക്കവാറും 
എല്ലാ ഹോസ്റ്റലുകളിലേയും
ഫുഡു കണക്കായിരിക്കും ലീനാ... 
ഗവൺമെന്റ് ഹോസ്റ്റലിൽ സെപ്പറേറ്റ് റൂമാണ്. അവിടെ
സെൽഫ് കുക്കിംങ്ങും അനുവദിക്കും.
അവിടെ കിട്ടുന്നതുവരെ
മതിയല്ലോ ഇവിടെ

ആഹാരം.., നമ്മുടെ
കാന്റീനിൽ, നല്ല ഭക്ഷണമാണ്....വല്ലപ്പോഴും അവിടുന്നും കഴിക്കാം.."

സെക്ഷനിൽ, ഓരോരുത്തരെയായി
അടുത്തുചെന്നു പരിചയപ്പെടുന്ന ചടങ്ങ്..
വെളളാരം കണ്ണുളള വസന്ത...അറ്റന്റർ, 
പരിചയപ്പെടാൻ താല്പര്യമില്ലാത്തപോലെ.. സൂപ്രണ്ടിന്റെ മേശപ്പുറത്തിരുന്ന ഫയലുകളുമെടുത്ത് പൂറത്തേക്കിറങ്ങി...
ഭർത്താവു സർവ്വീസിലിരിക്കെ മരിച്ചുപോയതിനു പകരം കിട്ടിയ ജോലിയാണവർക്ക്....,
ലാസ്റ്റ് ഗ്രേഡായതുകൊണ്ടും ഒരു വിഡോ ആയതുകൊണ്ടും റിട്ടയർമെന്റു വരെ  ട്രാൻസ്ഫർ ഇല്ല...., 
അവരേപ്പറ്റി ഏലീനാമാഡം പറഞ്ഞു..
അവരു നന്നേ 
ചെറുപ്പമാണെന്നാ കരുതിയത്.....
പക്ഷേ, റിട്ടയർമെന്റ് ആവാറായി പോലും....
അവരുടെ പൂച്ചക്കണ്ണുകൾ, ഒരുനോക്കു കണ്ടതേയുളളു.. എന്തോ പ്രത്യേകത തോന്നിച്ചു..
ഇരയെ
ചുണ്ടുകൾ കൊണ്ടല്ല,
കണ്ണുകൾകൊണ്ട് കൊത്തിവലിക്കുമെന്നു തോന്നിപ്പിക്കും..!

      തുരുതുരെ തലനിവർത്താതെയിരുന്ന് എഴുതിക്കൂട്ടുന്ന രവീന്ദ്രൻ സാർ..
സെക്ഷൻ മുഴുവൻ നിറഞ്ഞിരിക്കുന്ന ആകാരം..
ആജാനുബാഹു.. 
ഏതോ കേസിന്റെ തീർപ്പുകൽപ്പിക്കലിന്റെ തിരക്കിനിടയിലും ചിരിച്ചു....
ഇരുണ്ട മുഖത്ത് വെളിച്ചം വിതറുന്ന പുഞ്ചിരി..

"നല്ല സാറാ..."
സീരിയസ്സ് കാര്യങ്ങൾ കൈകാര്യംചെയ്യുന്നതിനിടയിലും തമാശകൾ പറഞ്ഞുകൊണ്ടിരിക്കുമെന്ന്..

പുതിയ ഓഫീസ് അന്തരീക്ഷം, പുതിയ ആൾക്കാർ..
"വൈകുന്നേരം എന്നോടൊപ്പം വീട്ടിലേക്കു പോരുന്നോ..
ഇന്നവിടെക്കൂടാം.."
എലീനാ മാഡം...
.."എന്നെ
ഹസ്ബന്റ് വിളിക്കാൻ വരും..
വരേണ്ടായെന്നു പറയട്ടേ..."

    ഇത്രയും നേരത്തെ അടുപ്പമേയുളളു...
പരിചയമേയുളളു..
പക്ഷേ ഒരുപാടു നാളത്തെ അടുപ്പമുളളവർ തമ്മിൽ നാളുകൾക്കു ശേഷം കണ്ടു മുട്ടിയതുപോലെ...
സെക്ഷനിലെ വർക്കുകൾ പറഞ്ഞു തരുന്നു.. ക്ഷമയോടെ സംശയങ്ങൾ തീർത്തുതരുന്നു.. 

"ഞാനും വരാം.."

ഓഫീസിന്റെ സൈഡിലൂടെയുളള ഷോർട്ട് കട്ട് വഴി ഇറങ്ങിയാൽ 
ഓട്ടോ കിട്ടാൻ എളുപ്പമാണ്...
പുതിയ വഴികൾ..
പുതിയ റോഡുകൾ,  

ചിത്രാനഗറിലുളള, എലീനാമാഡത്തിന്റെ വീട് ചെറുതെങ്കിലും ഭംഗിയുളളതായിരുന്നു...
ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന സന്തുഷ്ട കുടുംബം...
"ഞാനൊരു അനാഥയായിരുന്നു.. സൈമൺ എന്നെ കണ്ടെത്തി
സനാഥയാക്കുകയായിരുന്നു..ലീനാ..
മഠത്തിലാ വളർന്നതും...
പഠിച്ചതും..
.ജോലികിട്ടിയത്
കെട്ടു കഴിഞ്ഞശേഷമാണ്..
അതൊരു ഭാഗ്യമായി.... ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടെങ്കിൽ തന്നെ ജീവിതം മുഴുവനും കടങ്ങളും ലോണുകളുമായിരിക്കും...

ഒന്നുമില്ലായ്മയിൽനിന്നു വേണ്ടേ, എല്ലാം ഉണ്ടാവേണ്ടത്..

    പളളിയിലെ ക്വയറിലെ മെയിൻ ഗായകനായിരുന്നു സൈമൺ...
പാട്ടിൽ, ഞാനൊരു വെളളത്തിൽ പൂട്ടുകാരിയാണെങ്കിലും ഞാനും പാട്ടു സംഘത്തിലുണ്ടായിരുന്നു..
ഇഷ്ടം തുറന്നു പറഞ്ഞു....
മഠത്തിലറിയിച്ചു..
പക്ഷേ ..സൈമണ്ന്റെ വീട്ടുകാർക്ക്  എന്റെ അനാഥത്വം വലിയ പ്രശ്നമായി ....
മതമേത്, ജാതിയേത്, മാതാപിതാക്കളാര്....ഒന്നും അറിയില്ല...
വല്ല ചെമ്മാളന്റേയും ചെരുപ്പുകുത്തിയുടേയും സന്തതിയാണെങ്കിലോ..
എന്നെ വീടിന്റെ പടി കയറ്റില്ലെന്നവർ പറഞ്ഞു..
പക്ഷേ,  സൈമൺ എന്നെ മുറുകെപ്പിടിച്ചു..
ജീവിതത്തിലേക്കു കൊണ്ടുവന്നു.. ...
ഞങ്ങൾ കിടക്കാടമുണ്ടാക്കി..
അത്യാവശ്യം ജീവിതസൗകര്യങ്ങളൊക്കെ
സ്വരുക്കൂട്ടി..
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയുണ്ട്..
മോൻ മെഡിസിൻ  രണ്ടാം വർഷം..
മോള്.....പത്തിലും...
സൈമണിന്റെ വീട്ടുകാർക്കിപ്പോഴും എന്നോടകൽച്ചയുണ്ട്..."

ഫ്രീസറിലിരുന്ന ചിക്കനും ഫിഷും വറുത്തതും  കറിവച്ചതുമൊക്കെയായി മാറിക്കഴിഞ്ഞു...

എന്നേക്കുറിച്ചൊന്നും എലീനാ മാഡം ചോദിച്ചില്ല...
രാജേന്ദ്രൻ സാറ്  പറഞ്ഞു കാണുമായിരിക്കും..

" എന്നെ കിച്ചനിൽ ഹെൽപ്പു ചെയ്യുന്നതു സൈമണാണ്....
ലീന കിച്ചനിൽ ഉളളതുകൊണ്ടാ..
പുളളിക്കാരൻ ഇങ്ങോട്ടു വരാത്തത്..
മോളു പഠിച്ചോട്ടെന്നു കരുതി അവളെ ഒന്നിനും വിളിക്കാറില്ല, അവളുടെ ചേട്ടനേപ്പോലെ അവൾക്കും ഡോക്ടർ ആവണമെന്നാണ്..
"ഈ പട്ടണത്തിലേക്കു ജോലികട്ടി  വരുന്ന ചെറുപ്പക്കാർ, ആണായാലും പെണ്ണായാലും   
കല്യാണമൊക്കെ കഴിച്ച് ഇവിടെയങ്ങുകൂടും.. 
വന്നുകയറുന്നവരെ തിരികെ വിടാതിരിക്കാനുളള
ഇന്ദ്രജാലം 
ഈ പട്ടണത്തിനുണ്ട്...
ലീനയെ നമുക്ക് ഈ നാട്ടിലേക്കു ദത്തെടുക്കാം സൈമൺ.. 
നമ്മുടെ ഓഫീസിൽത്തന്നെ കല്യാണം കഴിക്കാത്ത പയ്യമ്മാരു കാണും....തിരക്കിപ്പിടിച്ചു വന്നോളും.."

"കല്യാണത്തിനേക്കുറിച്ചൊക്കെ ചിന്തിക്കാൻ സമയമായിട്ടില്ല മാഡം.. 
ഉത്തരവാദിത്വങ്ങളുണ്ട്.."

"അതെല്ലാം നിറവേറ്റിക്കഴിഞ്ഞു ജീവിതം തുടങ്ങാനിരിക്കയാണോ താൻ..
സമയമാവുമ്പോൾ
എല്ലാം നടക്കും..
ആരുമില്ലാതിരുന്ന എനിക്ക്
എല്ലാം തന്ന തമ്പുരാൻ..
ആരേയും ഉപേക്ഷിക്കില്ല.
പ്രാർത്ഥിച്ചിട്ടു കിടന്നോളൂ."


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക