Image

ബൈഡനു ഇലക്ടറൽ വോട്ട് തികഞ്ഞു; സ്റ്റിമുലസ് ബില്ലിൽ തൊഴിൽ രഹിതർക്ക് 300 ഡോളർ

Published on 05 December, 2020
ബൈഡനു ഇലക്ടറൽ വോട്ട് തികഞ്ഞു; സ്റ്റിമുലസ് ബില്ലിൽ തൊഴിൽ രഹിതർക്ക്  300 ഡോളർ
കാലിഫോർണിയ: ജോ ബൈഡന് വിജയിക്കാനുള്ള  ഇലക്ടറൽ കോളജ്  ഭൂരിപക്ഷം കാലിഫോർണിയ ഉറപ്പുനൽകി. 55  വോട്ടുകൾ ഇവിടെനിന്ന് ബൈഡന് ലഭിക്കും. സ്റ്റേറ്റ് സെക്രട്ടറി അലക്സ് പാഡില കാലിഫോർണിയയിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് ബൈഡനു   279  വോട്ട് ഉറപ്പായത്.  വിജയിക്കാൻ 270 വോട്ടുകൾ മതി . 

തിരഞ്ഞെടുപ്പിലെ ഇത്തരം ഘട്ടങ്ങൾ സാധാരണയായി ഔപചാരികമായി ശ്രദ്ധിക്കാറില്ല.  ബൈഡന്റെ വിജയം പ്രസിഡന്റ് ട്രംപ് സമ്മതിച്ചുതരാതെ നിയമപരമായ തന്ത്രങ്ങൾ പയറ്റുന്നതുകൊണ്ടാണ്   ഈ വര്‍ഷം സൂക്ഷ്മപരിശോധന നടത്തുന്നത്. 

'ഈ വിജയം നിയമപരമായ നാഴികക്കല്ലാണ്, ബൈഡൻ  പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നതിന്റെയും-  ഒഹയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എഡ്‌വേഡ്‌ ബി. ഫോളി വിലയിരുത്തി. പ്രായോഗികമായി ജനുവരി 20 ന് ബൈഡൻ പ്രസിഡന്റ് സ്ഥാനത്തെത്തും എന്നത് നമുക്കേവർക്കും അറിയാവുന്ന ഒന്നാണ്-  ഫോളി കൂട്ടിച്ചേർത്തു.

ബൈഡന് ഏതെങ്കിലും ഇലക്ടർ വോട്ട് നല്കാതിരിക്കുമെന്ന് കേൾക്കുന്നില്ല.  ഇലക്ട്‌റൽ കോളജ് ഫലങ്ങൾക്ക്  ജനുവരി 6 ന്  കോൺഗ്രസ്സ് അനുമതി നൽകും.  

തർക്കങ്ങൾ ഉരുത്തിരിഞ്ഞാൽ, പരിഹാരത്തിന് ഡെമോക്രാറ്റിക്‌ ‌ നിയന്ത്രണമുള്ള  ഹൗസിന്റെയും റിപ്പബ്ലിക്കൻ നിയന്ത്രണമുള്ള സെനറ്റിന്റെയും വോട്ടുകൾ തേടും. 

ബൈഡന് വോട്ട് ലഭിക്കുന്നതിനെതിരെ പെൻസിൽവാനിയയിൽ 75 റിപ്പബ്ലിക്കൻ ലെജിസ്ളേറ്റീവ് അംഗങ്ങൾ   പ്രസ്താവന ഒപ്പിട്ടു നൽകിയിട്ടുണ്ട്. 

മെയിൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ ബൈഡന്റെ വിജയം ഉറപ്പായതാണ്. നവംബർ അവസാനത്തോടെ സ്വിങ്  സ്റ്റേറ്റുകളിൽ വിജയം സാക്ഷ്യപ്പെടുത്തിയതോടെ അതിന്റെ ആക്കം കൂടി. കൊളറാഡോ, ഹവായ്, ന്യൂ ജേഴ്‌സി എന്നിങ്ങനെ ബൈഡൻ വിജയിച്ച സ്ഥലങ്ങൾ  ഫലങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടില്ല. അവയും കൂടി ലഭ്യമായാൽ, ബൈഡന് 307 ഇലക്റ്ററൽ വോട്ടുകളാകും. ട്രംപിന്റേത് 232.

അൻപതോളം കേസുകളാണ് നിയമപരമായി ട്രംപും കൂട്ടാളികളും തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കുന്നതിന് ശ്രമമായി ബൈഡനെതിരെ  കൊടുത്തിട്ടുള്ളത്. 

സ്റ്റിമുലസ് ബിൽ പാസാക്കാതെ കോൺഗ്രസിന് അവധിയില്ല 

കൊറോണ വൈറസ് ദുരിതാശ്വാസ  സഹായത്തിനു  കരാറിലെത്തുന്നത് വരെ  ക്രിസ്മസ് അവധിയിലേക്ക് കോൺഗ്രസ്സ് പ്രവേശിക്കില്ലെന്ന് സ്പീക്കർ നാൻസി പെലോസി ഉറപ്പ് നൽകി.
എല്ലാ ആഴ്ചയും പതിവുള്ള വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങളോട് പെലോസി ഇക്കാര്യം അറിയിച്ചത്. 

 ഇത് സംബന്ധിച്ച് വ്യാഴാഴ്ച സെനറ്റിലെ മജോറിറ്റി ലീഡർ മിച്ച് മക്കോനലുമായി സംസാരിച്ചതായും അവർ പറഞ്ഞു.  ഡെമോക്രറ്റുകളും ജി ഒ പി യും തമ്മിൽ ആലോചനകൾ നടത്തുന്നുന്നുണ്ടെന്നും ഏറ്റവും ഗുണകരമായ കരാറിനായുള്ള ശ്രമത്തിലാണെന്നും പെലോസി വ്യക്തമാക്കി.

"നമ്മൾ പുരോഗതിയിലാണ്.  വേണ്ടത് ചെയ്യാൻ കുറച്ച് സാവകാശം എടുക്കും." പെലോസി പറഞ്ഞു.
 നടപടിയുടെ അഭാവത്തിൽ നിരാശരായ നിയമനിർമാതാക്കൾ തിങ്കളാഴ്ച  മുന്നോട്ടുവച്ച 908 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി ഉത്തേജക നിർദ്ദേശത്തിന് പെലോസി അംഗീകാരം നൽകി. തൊഴിൽരഹിതർക്ക് ഓരോ ആഴ്ചയും 300 ഡോളർ വീതം സഹായം ലഭ്യമാകും. 600 ഡോളർ എന്നതിന്റെ  കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചു.ചെറുകിട കച്ചവടക്കാരുടെ വായ്പാ കുടിശിക എഴുതിത്തള്ളാൻ പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാമിന് 288 ബില്യൺ ഡോളർ വകയിരുത്തും.

ഗവണ്മെന്റിന്റെ ഭാഗീകമായി അടച്ചുപൂട്ടൽ ഒഴിവാക്കുന്നതിന്  ഡിസംബർ 11 നു മുൻപായി  ബിൽ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക