Image

മോഡേണ വാക്സിൻ മുന്ന് മാസം ഫലപ്രദമെന്ന് ഉറപ്പ്; വാക്സിൻ കിട്ടിയവർ രോഗം പടർത്തുമോ എന്ന് ഉറപ്പില്ലെന്നും ഫൈസർ

Published on 05 December, 2020
മോഡേണ വാക്സിൻ മുന്ന് മാസം ഫലപ്രദമെന്ന് ഉറപ്പ്;  വാക്സിൻ കിട്ടിയവർ രോഗം പടർത്തുമോ എന്ന്  ഉറപ്പില്ലെന്നും ഫൈസർ
കൊറോണ  വൈറസിനെതിരെ കുറഞ്ഞത് മൂന്ന് മാസത്തെ പ്രതിരോധശേഷി സൃഷ്ടിക്കാൻ മോഡേണ വാക്സിൻ കൊണ്ട് സാധിക്കുമെന്ന് ബയോ ടെക് കമ്പനി അറിയിച്ചു.

ആരോഗ്യമുള്ള മുതിർന്ന 34 പേർക്ക് മോഡേണയുടെ വാക്സിൻ രണ്ടു ഡോസുകൾ നൽകിയപ്പോൾ, 90 ദിവസങ്ങൾ വരെ ആന്റിബോഡികൾ ശരീരത്ത് കണ്ടതായി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു.

ആദ്യ ഡോസ് ഉയർന്ന തോതിൽ  ആന്റിബോഡികളെ ബന്ധിപ്പിക്കുകയും നിർവീര്യമാക്കുകയും ചെയ്‌തെങ്കിലും പ്രതീക്ഷിച്ചത്ര നേരമത് നീണ്ടുനിന്നില്ല.  എന്നാൽ, ബൂസ്റ്റർ വാക്സിനേഷന് ശേഷം മൂന്ന് മാസം വരെ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടു.  ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങൾക്ക് ശേഷമായിരുന്നു അടുത്ത ഡോസ് നൽകിയത്. 

94 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കാണിച്ച്  കഴിഞ്ഞ ആഴ്ച  എഫ് ഡി എ യിൽ നിന്ന് വാക്സിന്റെ അടിയന്തര ഉപയോഗാനുമതിക്ക് മോഡേണ  അപേക്ഷിച്ചിരുന്നു. മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി,  500 മില്യൺ വാക്സിൻ ഡോസുകൾ 2021 ൽ വിതരണം ചെയ്യാൻ കഴിയുമെന്ന്  ഉറപ്പ് നൽകി.

ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മറ്റുള്ളവരിലേക്ക് കൊറോണ വൈറസ് പടര്‍ത്തുമോ ഇല്ലയോ എന്നകാര്യത്തില്‍ വ്യക്തതയില്ലെന്ന് ഫൈസര്‍ ചെയര്‍മാന്‍. വാക്‌സിനേഷന്‍ ലഭിച്ച ഒരാള്‍ക്ക് കൊറോണ വൈറസ് പടര്‍ത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. 

വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് വൈറസ് പടര്‍ത്താന്‍ സാധിക്കുമോ എന്ന എന്‍ബിസി അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ട ഒന്നാണെന്നും നമുക്കറിയാവുന്ന കാര്യങ്ങള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിനായി യുകെയും ബഹ്റൈനും അംഗീകരിച്ചിരുന്നു. 

കമ്പനിയുടെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വൈറസ് പടരുന്നതിനെ എങ്ങനെ ബാധിക്കുന്നുവെന്ന കാര്യത്തില്‍ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഉയര്‍ത്തുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക