Image

മിലന്‍ വാര്‍ഷികവും സാഹിത്യ സംഗമവും ഡിസംബര്‍ 12-ന്

Published on 06 December, 2020
മിലന്‍ വാര്‍ഷികവും സാഹിത്യ സംഗമവും ഡിസംബര്‍ 12-ന്
മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് വെബ്‌നാറിലൂടെ സാഹിത്യ സംഗമം സംഘടിപ്പിക്കുന്നു. മാതൃഭാഷയുടെയും മലയാള സാഹിത്യത്തിന്റെയും പരിപോഷണത്തിനായി രണ്ടു പതിറ്റാണ്ടായി മിഷിഗനില്‍ വിവിധങ്ങളായ പരിപാടികള്‍ നടത്തി ഭാഷാസ്‌നേഹികളുടെ ആദരവ് പിടിച്ചുപറ്റിയ ഒരു സഹൃയദ കൂട്ടായ്മയാണ് മിലന്‍.

മലയാളത്തിന്റെ പ്രവാസ എഴുത്തുവഴികളില്‍ ശ്രദ്ധേയനായ അബ്ദുല്‍ പുന്നിയുര്‍ക്കുളം, ജനനി മാസികയുടെ താളുകളില്‍ ഗൃഹാതുരത്വമുയര്‍ത്തിയ എഴുത്തുകാരന്‍ ഡോ: കൊടക്കാട് സുരേന്ദ്രന്‍ നായര്‍, ബിന്ദു പണിക്കര്‍, അലന്‍ ചെന്നിത്തല,രാജീവ് കാട്ടില്‍, ശബരി സുരേന്ദ്രന്‍, സാംജീവ്, അനില്‍ ഫിലിപ്പ്, പവിത്ര കൃഷ്ണന്‍ തുടങ്ങി ഒരുപിടി എഴുത്തുകാരെ വളര്‍ത്തിയെടുത്ത മിലന്‍ നല്ലൊരു ആസ്വാദകവൃന്ദത്തെയും വളര്‍ത്തിയെടുത്തിട്ടുണ്ട്.
 
കേരളത്തിന്റെ സര്‍ഗ്ഗ സായാഹ്നങ്ങളില്‍ വളരെക്കാലം ചിരിയും ചിന്തയും വാരിവിതറിയ നര്‍മ്മ കൈരളി എന്ന കൂട്ടായ്മയിലെ മൂവര്‍സംഘമായ വേളൂര്‍ കൃഷ്ണന്‍ കുട്ടി, ചെമ്മനം ചാക്കോ, കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 1999 അവസാനം ഡെട്രോയിറ്റില്‍ മിലന്‍ ജന്മംകൊണ്ടു. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി മലയാളത്തിലെ ഇരുപത്തഞ്ചോളം മുന്‍നിര സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് അനേകം സാഹിത്യ സംവാദങ്ങളും ചര്‍ച്ചകളും പഠന ക്യാമ്പുകളും മിലന്‍ നടത്തിയിട്ടുണ്ട്.

ലോകസാഹിത്യത്തിലേയും മലയാള സാഹിത്യ ഭൂമികയിലെയും മാറിവരുന്ന പ്രവണതകള്‍ അടുത്തറിയുന്നതിനുവേണ്ടി കൂടിയാണ് മിലന്‍ വാര്‍ഷികം ഒരു സാഹിത്യ സംവാദമായി മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്. വാര്‍ഷിക പരിപാടികള്‍ കേരള സാഹിത്യ അക്കാദമി ചെയര്‍മാനും ജനപക്ഷ എഴുത്തുകാരനുമായ വൈശാഖന്‍ ഉത്ഘാടനം ചെയ്യും. പ്രാക്തനമായ ഭാരതീയ സംസ്കൃതി സംരക്ഷിക്കുന്നതില്‍ ഭാഷാസാഹിത്യം നല്‍കുന്ന സംഭാവനകള്‍ എന്ന വിഷയത്തെ അധികരിച്ചു പ്രമുഖ നോവലിസ്റ്റ് കെ. വി. മോഹന്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. നിരവധി വനിതാ എഴുത്തുകാരും ഭാഷാസ്‌നേഹികളുമുള്ള ഈ പ്രവാസ ഭൂമിയില്‍ ആംഗലേയ സാഹിത്യവഴികളില്‍ സ്ത്രീ എഴുത്തുകാര്‍ പതിപ്പിച്ചിട്ടുള്ള ഉറച്ച കാല്‍പ്പാടുകളെ എങ്ങനെ മാതൃകയാക്കാമെന്നു വിശദീകരിക്കാന്‍ സാഹിത്യ അക്കാദമി മുന്‍അംഗവും മുന്‍ വനിതാ കമ്മീഷന്‍ അംഗവുമായ ഡോ: പ്രമീളാ ദേവി പ്രസംഗികയായി പങ്കെടുക്കുന്നു. യു. എന്‍. ദുരന്തനിവാരണ സമിതി അംഗവും പ്രഭാഷകനുമായ ഡോ: മുരളി തുമ്മാരുകുടി പരിസ്ഥിതിയും സാഹിത്യവും സമന്വയിക്കുന്ന വഴികള്‍ അനാവരണം ചെയ്തു നടത്തുന്ന പ്രഭാഷണംസമ്മേളനത്തിലെ  മറ്റൊരു മുതല്‍ക്കൂട്ടാണ്.

അന്തരിച്ച മഹാകവി അക്കിത്തത്തിനു സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് തുടങ്ങുന്ന ചടങ്ങുകളില്‍ മഹാകവി വള്ളത്തോള്‍, ഓ. എന്‍. വി. കുറുപ്പ് എന്നിവര്‍ക്ക് കാവ്യാഞ്ജലി അര്‍പ്പിക്കുകയും, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പവിത്രന്‍ തീക്കുനി എന്നീ ആധുനിക കവികള്‍ക്ക് ആശംസയര്‍പ്പിക്കുകയും ചെയ്യുന്നു.

മിലന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചു ലാന പ്രസിഡന്റ് ജോസന്‍ ജോര്‍ജ്, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഡി.എം.എ. പ്രസിഡന്റ് രാജേഷ് കുട്ടി, കേരള ക്ലബ് പ്രസിഡന്റ് അജയ് അലക്‌സ് എന്നിവരും സംസാരിക്കുന്നു.

ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളുടെയും സാന്നിധ്യവും പ്രോത്സാഹനവും അഭ്യര്ഥിക്കുന്നതായി മിലന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, വൈ:പ്രസിഡന്റ് തോമസ് കര്‍ത്താനാള്‍, സെക്രട്ടറി അബ്ദുള്‍ പുന്നിയുര്‍ക്കുളം, ചെയര്‍മാന്‍ മാത്യു ചെരുവില്‍, ട്രഷറര്‍ മനോജ് കൃഷ്ണന്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക