Image

അസ്തിത്വപുരാണം (കവിത: വേണുനമ്പ്യാർ)

Published on 07 December, 2020
അസ്തിത്വപുരാണം   (കവിത: വേണുനമ്പ്യാർ)
1

പ്രേമിച്ചു  താലി   ചാർത്തി
രക്തസമ്മർദ്ദം   പ്രമേഹത്തെ!    
ഫസ്റ്റ്  നൈറ്റ്  ഹണിമൂൺ  എന്നീ  
മാമൂലുകൾക്കു  ശേഷം,  എന്നാൽ
ഒന്നാം  വിവാഹവാർഷികത്തിനു  മുമ്പ്,    
ആ  വേളിയിലൊരു  ഉണ്ണി  പിറന്നു.
ഇരുപത്തെട്ടിന്  മിൽമ  കൊടുത്തു
പൊൻചരട്  കെട്ടി  
ഫസ്റ്റ് ക്ലാസ്സ് പേരിട്ടു  :
കൊളസ്‌ട്രോൾ!
ഒറ്റപ്പുത്രന്  ഒരു  കളിക്കൂട്ട്   വേണം    
പപ്പയ്ക്കും  മമ്മയ്ക്കും  മാത്രമല്ല
പപ്പയുടെ പപ്പയ്ക്കും
മമ്മയുടെ മമ്മയ്ക്കും വലിയ  നിർബന്ധം.
അങ്ങനെ  രണ്ടാം  വിവാഹവാർഷികത്തിനു  അഞ്ചു നാൾ മുന്നേ ജനിച്ചു   രണ്ടാം സന്തതി!
ഇരുപത്തെട്ടിന്  മിൽമ  കൊടുത്തു
പൊൻചരട്  കെട്ടി  
ഫസ്റ്റ് ക്ലാസ്സ്  പേരിട്ടു  :  
കൊറോണറി  ത്രോംബോസിസ്!

2

ഇമ്പത്തോടെ കൂടുമ്പോൾ  കൂടുതൽ  രോഗങ്ങൾ  പിടി  പെടാൻ  
സാധ്യതയുള്ള  ഒരു  സ്ഥാപനമാണോ  കുടുംബം?  അത് കൊണ്ടാണോ   
 ബുദ്ധൻ  അർദ്ധരാത്രിയിൽ അതുപേക്ഷിച്ചുംകൊണ്ടു
ഒരു കള്ളനെപ്പോലെ കടന്നു കളഞ്ഞത്?

3

പരിധിക്കപ്പുറം  മരണം  പതുങ്ങിയിരിപ്പുണ്ട്
ഏതു  നിമിഷവും  റേഞ്ചിൽ  വന്നേക്കാം  ആ  കോമാളി
അതൊരു  രോഗമായിരുന്നെങ്കിൽ  മൾട്ടിനാഷണൽ  മരുന്ന്
കമ്പനികൾ  അതിനും  ഒരു  ക്യാപ്സൂൾ   കണ്ടുപിടിച്ചേനെ.

നിയമത്തിനു അപവാദമായി  ചില  വിദ്വാന്മാർ  മരണത്തിനും
ചികിത്സ  കണ്ടെത്തിയിട്ടുണ്ട് :    

ആത്മഹത്യ!

മേപ്പടി   പ്രയോഗം  തെറ്റാണെന്നു  മറുകന്മാർ   ശഠിക്കുന്നു
ആത്മാവും  പ്രേതവും  ഒന്നും  ഇല്ലാത്ത  സ്ഥിതിക്ക്
ശരിയായ  മലയാളശൈലി  ദേഹഹത്യ  എന്നാക്കണം.
ആക്കിയില്ലെങ്കിൽ ഭാഷയുടെ നട്ടെല്ലൂരിയെടുത്ത് ബയോപ്സിക്കായി
കോവൂർക്കയക്കുമത്രേ!

ദേഹം  തന്നെ  ഇല്ലാത്ത  സ്ഥിതിക്ക്  ആര്  ആരെ  ഹനിക്കാൻ?
ന  ഹന്യതേ  ന  ഹന്യമാനെ  ശരീരേ  എന്ന  ശ്ലോകവുമായി  
ആസ്തിക്യവാദികൾ  മറുവശത്ത് !  അവർ വേറെയും ചില വൈരാഗ്യവാദം  പറയാറുണ്ട്;  
കിടക്കപ്പുണ്ണുമായി നരകിച്ചു പത്തു ദിവസം വൈകി ചാകുന്നതിനേക്കാൾ   ഭേദം   
പത്തു മാസം മുമ്പേ വെളിവോടെ    ഇഹലോകം വെടിയുന്നതാണത്രേ!

4

ആദിയിൽ  ആധിയാണ്  
വ്യാധിയെ  ഉണ്ടാക്കിയത്  
അനന്തരം വ്യാധിമൂലം  
എണ്ണിയാൽ  തീരാത്ത  ആധിയുമുണ്ടായി
ആധിക്കും  വ്യാധിക്കും  ഇടയിലെ  ഈ
നരകവാരിധിയിലാണ്   തൽക്കാലം  നമ്മുടെ  ആറ്റുവഞ്ചി!

ഈ  ആറ്റുവഞ്ചിയിൽ     അവസാനത്തെ
ഓട്ടയുണ്ടായിക്കാണാൻ   കിണയുന്നതാരാണ്?

ഡൊണാൾഡ് ട്രംപോ
ഷി ചിൻ   പിംങ്ങോ
അതൊ    
മോന്തപ്പട്ട   ബ്രാണ്ടാക്കിയ
അണുമൂർത്തിക്കൊറോണയോ?


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക