Image

യശോദയുടെ ദുഃഖം (കവിത-ഡോ.എസ്.രമ)

യശോദയുടെ ദുഃഖം Published on 08 December, 2020
യശോദയുടെ  ദുഃഖം (കവിത-ഡോ.എസ്.രമ)
കണ്ണന്‍  പോയി
ദിനങ്ങളേഴു പിന്നിട്ടു.
മധുരയില്‍
മല്ലയുദ്ധത്തില്‍
കംസന്‍ വധിക്കപ്പെട്ടു.
ദൂതന്മാര്‍  പറഞ്ഞറിഞ്ഞു.

ആമ്പാടിയിലെ  ദുഃഖം
ഘനീഭവിച്ചിരിക്കുന്നു.
ഗോപികമാരുടെ  തേങ്ങലുകള്‍
കേള്‍ക്കുന്നുണ്ട്..
പൈക്കള്‍ പുല്ല് തിന്നുന്നേയില്ല.
ഗോപബാലന്‍മാര്‍  നിശ്ചലരായിരിക്കുന്നു.
ഓടക്കുഴല്‍ നാദത്തിന് കാതോര്‍ക്കുകയാണവര്‍.
വിതുമ്പലുകള്‍ തേങ്ങലിന്
വഴി മാറുന്നു.
 
തന്റെ പൊന്നോമനപുത്രന്‍.
ഉണ്ണിക്കണ്ണന്‍.
ദേവകിയുടെ മകനാണെന്നറിഞ്ഞ
ആ  നിമിഷം.
തമോഗര്‍ത്തത്തില്‍  പതിച്ച  
പ്രതീതിയിലും
കോരിച്ചൊരിയുന്ന മഴയുള്ളോരു
രാത്രിയിലെ പേറ്റുനോവ്  മാത്രം
മനസ്സിലോര്‍ത്തു.

പിറ്റേദിവസം ഉണര്‍വിലരികില്‍  
ഓമനപുത്രന്‍.
തനിക്കൊരു പുത്രിയാണ്
ജനിച്ചത്  പോലും,
അവിശ്വസനീയം.
ആരുമറിയാതെ ഒരു കള്ളനെ പോലെ
വസുദേവനവളെ അപഹരിച്ചു

കംസനവളെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍
പിടിവിട്ടു പോയെന്നും
പിന്നീടാരും കണ്ടിട്ടില്ലെന്നും.
ഒന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല.

പ്രവചനങ്ങളെ കംസന്‍ ഭയപ്പെട്ടു...
അതുകൊണ്ടല്ലേ പിഞ്ചുപൈതങ്ങളെ
ഇത്ര ക്രൂരമായി.
ഓര്‍ക്കാന്‍ വയ്യാ.

ഇരുകൈകള്‍ കൊണ്ടും
തൈര് കടയുന്ന തന്റെ മടിയിലിരുന്ന്
കയ്യിലും മുഖത്തും
പറ്റിപിടിച്ച വെണ്ണയോടെ
അമ്മിഞ്ഞപാല്‍  കുടിക്കുന്ന
ഓമനകണ്ണന്റെ മുഖം.
മായില്ലൊരിക്കലും.

ചുരുണ്ട വാര്‍മുടി മുത്തുമാല കൊണ്ട്
ചുറ്റികെട്ടി മയില്‍പീലി ചൂടിച്ചു
പൊന്നോമനയെ ഒക്കത്ത്
കൊണ്ടുനടന്നപ്പോഴുള്ള
നിര്‍വൃതി.

ആ രാക്ഷസി പൂതന വന്നു.
വിഷലിപ്തമായ സ്തനങ്ങള്‍  കൊണ്ട്
കണ്ണനെ പാലൂട്ടിയത്.
ദുഷ്ടയായ അവള്‍  സ്വയം മരിച്ചു വീണു.

കണ്ണന്റെ വികൃതികള്‍
ഗോപസ്ത്രീകളുടെ പരാതിയായെന്നും.
പൈക്കളെ അഴിച്ചു വിട്ടു.
വെണ്ണ മോഷ്ടിച്ചു.
തൈര്‍ കലം ഉടച്ചു.
പരാതിപട്ടിക അങ്ങനെ നീണ്ടു.

കുസൃതികുടുക്കയെ
ഉരലില്‍ ബന്ധിച്ചപ്പോള്‍ ഉള്ളം
വിങ്ങി.
പക്ഷെ,  കണ്ടു;
ഉരല്‍ വലിച്ചു കൊണ്ട്
രണ്ടു മരങ്ങളുടെ ഇടക്ക്
തങ്ങിയ ഉരലും.
കടപുഴകി മരങ്ങളും.

മണ്ണ് തിന്നതിന്റെ  
ശകാരത്തിനൊടുവിലാണ്
കണ്ണന്‍ വായ തുറന്നു
കാട്ടിയത്.
പ്രപഞ്ചം മുഴുവന്‍ താനതില്‍
കണ്ടത്.
സ്വപ്നമായിരുന്നോ?

തന്റെ പുത്രനില്‍ എന്തൊക്കെയോ
പ്രത്യേകതകള്‍  ഉണ്ടായിരുന്നു.
വധിക്കാനുള്ള കംസന്റെ എല്ലാ
ഉദ്യമങ്ങളെയും പരാജയപ്പെടുത്തിയ
പൊന്നോമന.

വണ്ടിചക്രമായും ചുഴലികാറ്റായും
മൃഗങ്ങളായും പെരുമ്പാമ്പായും
ഖഗങ്ങളായും തന്റെ
നേര്‍ക്കടുത്ത മരണത്തെ
പുഞ്ചിരിയോടെ നേരിട്ടു.

വൃന്ദാവനത്തില്‍ വച്ച്
കാളിയന്റെ പിടിയില്‍
അവന്‍ അകപ്പെട്ടത്
ഗോപബാലന്‍മാര്‍ ഓടികിതച്ചു വന്നു
പറഞ്ഞപ്പോള്‍
ബോധരഹിതയായി വീണത്
മാത്രം ഓര്‍മയുണ്ട്.

ബോധം വീണപ്പോളറിഞ്ഞു
കാളിയന്റെ നിറുകയില്‍ ചവിട്ടി
കണ്ണന്‍ നൃത്തമാടിയത്
അവന്റെ പ്രഹരങ്ങള്‍
കാളിയനെ നിശ്ചലനാക്കിയത്.

വന്‍ പേമാരിയില്‍ ഗോവര്‍ധനത്തിന്  താഴെ
യാദവരെ സംരക്ഷിച്ചു നിര്‍ത്തിയത്.
ആരോ പറഞ്ഞറിഞ്ഞു.
അവന്‍ തന്റെ ചൂണ്ടു വിരലില്‍
ഗോവര്‍ധനത്തെ ഉയര്‍ത്തിയെന്ന്.

രാധയോടുള്ള  പ്രണയം തന്നെ
ദേഷ്യം പിടിപ്പിച്ചിരുന്നു.
കണ്ണനെക്കാള്‍ മൂത്ത പെണ്‍കുട്ടി
അവനുണ്ടായപ്പോള്‍  അമ്മയുടെ
കയ്യില്‍ തൂങ്ങി കാണാന്‍ വന്നവള്‍.

അറിയുന്നു.
നിഷ്‌കളങ്കപ്രണയത്തിന്
തടസ്സങ്ങളില്ലെന്ന്.
മരവിച്ച പ്രതിമ പോലെയിരിക്കുന്ന
രാധ.
കാലത്തിന്റെ
നിശ്ചയങ്ങളെ അവളും
അംഗീകരിക്കുകയാണ്..
 
മനസ്സിന്റെ  ഈ മുറിവും
പതിയെ ഉണങ്ങും.
അതു വരെ പ്രാണനില്‍
പടരുന്ന ഈ വേദന
ഒരമ്മയുടെ  വേദന.


യശോദയുടെ  ദുഃഖം (കവിത-ഡോ.എസ്.രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക