Image

ബലിയാട് (കവിത : സിസിലി )

Published on 12 December, 2020
 ബലിയാട് (കവിത : സിസിലി )
സ്നേഹത്തിന്റെ നിറകുടമായിരുന്നവൾ
ബന്ധങ്ങൾക്ക് മൂല്യം
കല്പിച്ചപ്പോൾ,വെറുപ്പിന്റെ
മുൾകിരീടം അണിയിക്കപ്പെട്ടു.

കാപട്യത്തിന്റെ മുഖാവരണം ധരിച്ചവർ
ഒരേ സമയം പുകഴ്ത്തിയും, ഇകഴ്ത്തിയും കടന്നുപോയി.

സ്നേഹമെന്ന വാക്കിനെ
വ്യഭിചരിച്ചവർ
സദാചാരത്തിന്റെ വേഷ പകർച്ചയിൽ അരങ്ങ് നിറഞ്ഞാടി.
ശകാരിക്കാനും, കുറ്റപ്പെടുത്താനും 
കാരണങ്ങൾ കണ്ടെത്താൻ മത്സരിച്ചവരുടെ കണ്ണിൽ 
അവൾ ഒരു ബലിയാട്

സ്വന്തമായി തീരുമാനം
ഇല്ലാത്തവൾ 
മറ്റുള്ളവരുടെ കോപത്തിന്
പാത്രമാകേണ്ടവൾ

കരഞ്ഞാൽ ശകുനപിഴ
ചിരിച്ചാൽ അഹങ്കാരി
നയം വ്യക്തമാക്കിയാൽ
അധിക പ്രസംഗി.
മൗനം ആചരിച്ചാൽ
മഹാപരാധി.
 
യജമാനന്റെ ആജ്ഞാനുവർത്തി
ഉപകാര സ്മരണകൾ
അവൾക്ക് വേണ്ടി ജനിക്കുന്നു...
വികാര വിക്ഷോഭങ്ങളാൽ
ജ്വലിക്കുന്നവർക്ക്  മുന്നിൽ ഇരയാകേണ്ടവൾ

തളർച്ചയിലും ഉയർത്തെഴുന്നേൽക്കേണ്ടവൾ..
അനുകമ്പ കാംശിക്കാൻ
പാടില്ലാത്തവൾ...

ഇഷ്ട്ടാനിഷ്ട്ടങ്ങളെ   കടിഞ്ഞാൺ അണിയിച്ചവൾ
നന്ദിയെന്ന വാക്കിനെ
ജീവിതത്തിൽ ഉടനീളം
അനശ്വരമാക്കേണ്ടവൾ

അങ്ങനെ അവൾ സഹനത്തിന്റെ അവസാന
വാക്കായ ഭൂമിദേവിയുടെ
പിൻഗാമിയായി മാറികൊണ്ടിരുന്നു.
അഥവാ അനുഭവങ്ങൾ ഏൽപ്പിച്ച ആഘാതമാകാം
പരിണാമ ഹേതു.

സഹനത്തിന്റെ അഗ്നിയിൽ
കുരുത്തവളെ
വേദനയുടെ വേനലിന്
വ്രണപ്പെടുത്താൻ  ആവുമോ .. ?
       
           
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക