Image

കൊവ്വല്ല് മുതൽ കൊവ്വല്ല് വരെ ( കഥ: ജലജ രാജീവ്)

Published on 13 December, 2020
കൊവ്വല്ല് മുതൽ കൊവ്വല്ല് വരെ ( കഥ: ജലജ രാജീവ്)
പാമ്പ് ഇണ ചേരുന്നത് നോക്കി നിന്നാല് അത് പക വെച്ച് കടിക്കും.... ഒറപ്പാ.... സുരേഷിന്റെ താത്വികാവലോകനം ചെറിയ നടുക്കത്തോടെയാ കേട്ടത്. പാമ്പ് ചുറ്റിപ്പിണഞ്ഞത് നോക്കി നിന്നെന്നുള്ള പരസ്യമൊഴി വാസ്തവത്തിൽ സത്യത്തിന് നിരക്കാത്തതാണ്. ഒപ്പിച്ച് വെച്ച വക നോക്കുകയാണെങ്കിൽ പാമ്പുകടിയെക്കൂടാതെ മൂർദ്ധാവിൽ തന്നെ കൊത്താൻ പാകത്തിലുള്ളതായിരുന്നു. ചുറ്റിപ്പിണഞ്ഞ പാമ്പുകളെ കല്ലെടുത്തെറിയുകയും വടിയെടുത്ത് ചിള്ളുകയും അവസാനം ആ പാവത്തുങ്ങളെ ഓടിച്ച് വിട്ട് സ്കൂളിലെത്തുമ്പോൾ മണി പതിനൊന്ന്!
   വാസുദേവന്മാഷുടെ ഒന്നാമത്തെ പിരീഡ് കഴിഞ്ഞിരുന്നു. ഏത് വിഷയമാണ് പഠിപ്പിക്കുന്നതെന്ന് മാഷ് ക്കോ, നമ്മക്കോ അറിയില്ല. പ്രധാന ഇനം പെൻസിൽ ചെത്തിത്തരല് മുതൽ പുസ്തകത്തിന് പൊതിയിട്ട് തരല് വരെ......
     ഒരു പത്തു മുപ്പത്തഞ്ച് കൊല്ലം മുമ്പിലത്തെ കഥയാണ്.കഥയെന്ന് പറയാൻ പറ്റില്ല. എന്തിനും പോന്ന ഞങ്ങളഞ്ചെട്ട് പിള്ളേരുടെ വീര സാഹസിക കൃത്യങ്ങൾ.... സ്കൂൾ വിട്ട് വന്നാല് വൈന്നേരം കോട്ടിക്കളി മുതൽ നട്ടിക്ക് വെള്ളോയ്ക്കല് വരെ..( വിനോദവും തൊഴിലും അടിസ്ഥാനമാക്കി) ശീലമാക്കിയവർ. സൂര്യനൊപ്പം ഉണർന്ന് നട്ടിക്ക് കൈവളം കൊടുക്കുന്നതു മുതൽ പന്തല് കെട്ടുന്നത് വരെ(കൃഷീവലകൾ)
     അഞ്ചാം ക്ലാസ്സ് കഴിഞ്ഞ് കേളോത്തു സ്കൂളിൽ ചേർന്നതോടെ ഞങ്ങളുടെ ലോകം കുറച്ചൂടി വിശാലമായി. അമ്പലും, കൊവ്വലൂം, മുച്ചിലോട്ടും വിട്ട് തീവണ്ടിയാപ്പീസും,ളോറപ്പുഴയും മിന്നുന്ന തട്ടൂട്ട ഉമ്മച്ചിപ്പിള്ളേരും. അതൊക്കെ ഏതോ വിദേശ രാജ്യത്തെത്തിയ പോലെയാ അന്ന് തോന്നിച്ചെ...... ഉമ്മച്ചിക്കുട്ടികൾ അവരുടെ ബാപ്പ ദുബായ് ന്ന " കൊണ്ടര്ന്ന അത്തറ്, പഞ്ഞില് മുക്കി ചെവിക്കുള്ളിൽ വെച്ച് കാണാണ്ട് കൊണ്ട് ത്തര്ന്നെയ്ന്റെ മണം മൂക്കീന്ന് ഇന്നും പോയിറ്റ......
     നിവർത്താനും, ചുരുട്ടാനും പറ്റുന്ന സ്കെയിലും ,ആപ്പിളാകൃതിയിലുള്ള റബ്ബറും,....... എത്ര കൊതിച്ചിട്ടുണ്ട്. കണ്ണിമാങ്ങയെയും, വാളൻപുളിയേയും, നെല്ലിക്കയേയുമൊക്കെപകരക്കാരികളാക്കി സ്വന്തമാക്കാൻ പല വിഫല ശ്രമങ്ങളും നടത്തിട്ട്ണ്ട്.
      കേളോത്തു സ്കൂൾ വിരിച്ച വിശാല കാൻവാസിലെ കടുംനിറങ്ങളിലൊന്ന് കവ്വായിലുള്ള ബദരിയ സോമില്ലായിരുന്നു. വലിയ മരത്തടി പല കകളാക്കി ഊർന്ന് വെക്കുന്നത് വലിയ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.....
      മരക്കമ്പനിയിൽ നിന്ന് ഈർച്ചപ്പൊടി വാങ്ങൽ എന്ന വലിയ സംരഭത്തിലേക്ക് പെട്ടെന്ന് ചുവടു മാറ്റി.സ്കൂൾ വിട്ട് വന്നാല് കൃത്യം മിറ്റത്ത് നിന്ന് പുസ്തകസഞ്ചി ആമ്പാത്തിനെ ഉന്നം വെച്ച് ഒറ്റേറാ..... പിറ്റേന്ന് രാവിലെ വരെ അതവിടെ ഭദ്രം' ചന്തു മാഷുടെ സൾഫ്യൂരിക്കാ സിഡും, കുഞ്ഞമ്പു മാഷുടെ ഈസ്റ്റിൻ ഡ്യാ കമ്പനിയും ഉറങ്ങാതെ കാവലിരിക്കും ബാഗിനുള്ളിൽ.....
    ഏറ്റവും തിരക്ക് തൊടങ്ങുന്നത് ആരാധന തൊടങ്ങിയാലാണ്. വിഷൂന് കിട്ടിയ കൈനീട്ടം മുതൽ അമ്പുവേട്ടന് അണ്ടിവിറ്റ് കിട്ടിയ കാശു വരെ സൂക്ഷിച്ച് വെച്ചിട്ടുണ്ടാവും.(രണ്ടാഴ്ചത്തെ ഗംഭീര പർച്ചേസ് .മുഴുവനും ഭക്ഷിപ്പ് തന്നെ) കോലപ്പം, പൊരി,കോലൈസ്, ഉപ്പിലിട്ട നെല്ലിക്ക എന്നിവയാണ് പ്രധാന ആകർഷകങ്ങൾ. ഏതെല്ലാം സ്ഥലത്ത് വിലക്കുറവും അളവു കൂടുതലുമെന്ന് രണ്ട് ദിവസത്തിനുള്ളിൽ സമർത്ഥമായി മനസ്സിലാക്കി വെച്ചിട്ടുണ്ടാ വും.
    അമ്പലത്തിനുള്ളിലെ പ്രധാന പരിപാടി കൊത്തം കല്ല്, സോഡികളി, മുതലായ സ്പോർട്സ് ഐറ്റംസാ.. അഞ്ചു മണിയാവുമ്പഴേ പട്ടത്തി പിള്ളേര് വന്നിട്ടുണ്ടാവും.അവര് സുന്ദരികളും, പണക്കാരികളും വലിയപഠിപ്പിസ്റ്റും ഒക്കെ ആണെന്നുള്ള വിചാരം അവരെപ്പോലെത്തന്നെ വെറ് തേ നമ്മക്കുണ്ട്.കൂടുതൽ പ്രബലർ അവരായതുകൊണ്ട് തന്നെ രണ്ടാം സ്ഥാനത്തിനായിരുന്നു ആദ്യമേ നമ്മളമത്സരം.
    അങ്ങനെയിരിക്കെ വലിയൊരു സംഭവമുണ്ടായി.
 പട്ടത്തി സീത പറഞ്ഞു
  പെരുമാളും പട്ട രാ....
   നമ്മളെപ്പോലെ തമിഴ്നാട്ട് ന്ന് വന്നത്....
   ശരിയായ വീട് പഴനിയിലാ.. നമ്മളാള്... ഈ അമ്പലും നമ്മളതാ.... വല്ലാത്തൊരു നടുക്കത്തോടെയാ നമ്മളത് കേട്ടത്.. സത്യാവല്ലേ ന്ന പ്രാർത്ഥനയോടെ.. സങ്കടം കൊണ്ട് ഒച്ചയിടറി ഗീത പറഞ്ഞു
 പെരുമാള് എല്ലാരതവാന്ന്.. നിങ്ങളത് മാത്രോന്നു വല്ല...
 :പെരുമാൾക്ക് പുണൂല്ണ്ട് .. നമക്കൂ ണ്ട്... പെരുമാക്ക് മലയാളൂം അറീല്ല... തമിഴ് മാത്രേ അറിയൂ... അതോണ്ടല്ലേ ങ്ങക്ക് പരിക്ഷക്ക് എപ്പും മാർക്ക് കിട്ടാത്തത്. ജ്യോതി അവസാനായി പറഞ്ഞു...
   പെരുമാള നമ്മളീന്ന് തട്ടിപ്പറിക്കാൻ വന്നവര്...പട്ടന്മാരെ മൊത്തം പ്രാകി.. ഏതോ തമിഴ് നാട്ടീന്ന് വന്നിട്ട്, അങ്ങോട്ടന്നെ പോയാ മതിയാര്ന്നും
      അമ്പലം തെണ്ടൽ ഏഴു മണിക്കവസാനിപ്പിക്കണം. പിന്നെ ഒന്നോ രണ്ടോ ദിവസം ശീവേലി    കം പരിപാടി കാണാൻ വന്നാലായി. ഇന്നത്തെപ്പോലെ  ക ര ണ്ടും ലൈറ്റും ഒന്നൂല്ല   ചിമ്മിണി വെളക്കിറ്റെ പുകയിലൊടുങ്ങി കരുവാളിച്ച ജീവിതങ്ങൾ.... പിന്നെങ്ങനെ മാർക്ക് കിട്ടും.. പ്രാർത്ഥിക്കാൻ തമിഴും അറീല്ല....
  പെരുമാള പൂണൂല്ല് പര തല് ഒരു കീറാമുട്ടി തന്നെയായി. 12  ആരാധനക്ക് നോക്കാന്ന് വെച്ചാല് നാടകം കാണാൻ സ്ഥലം കിട്ടൂല. എട്ടു മണിക്ക് മുന്നിൽ സ്ഥലം പിടിക്കണം... പിന്നൊരു നാല് മണിക്കൂര് ആടക്കെടന്നൊറങ്ങാം നാടകം  ഭക്തകുചേലൻ... കുചേലന്റെ ദാരിദ്യം നമ്മളിലുണ്ടാക്കിയ സങ്കടത്തേക്കാൾ നെഞ്ഞിൽക്കണ്ട പൂണൂല് വല്ലാത്തൊരു സന്തോഷം തന്നു. ഇത്രയും ദരിദ്രനായ കുചേലനും ഒരു പട്ടരാണല്ലോ..... പട്ടത്തികളടുത്ത് രണ്ട് ദിവസം പിടിച്ച് നിക്കാൻ ഇത് ധാരാളം...
      അങ്ങനെ കാത്തിരുന്ന അവസാന ദിവസമെത്തി... ശീവേലി മുഴുവനും കാണാം.... കഥകളി  .: ബാലിവധം: കാണാൻ പത്തോ, പന്ത്രണ്ടോ ആളുണ്ടെങ്കിലായി.... ഞങ്ങൾ എല്ലാരും ജാഗരൂകരായി..... പൂണൂൽ ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കാൻ ' തമിഴി റ യാത്ത സങ്കടം.. ഒടുവിൽ.. ചെക്കി മാലയുടേയും, തുളസിമാലയുടേയും ഇടയിൽ  അതാ  പൂണൂല്.... നമ്മളെ പെരുമാളിൽ നിന്ന ന്യരാക്കിയ   വെറും ചരട്....
      ആരാൻമാരെപ്പോലെ... നമ്മൾ കൊവ്വല്ലേക്ക്.ബാലിവധം കഥകളി തുടങ്ങി.... ബാലിയും സുഗ്രീവനും ഘോര യുദ്ധം... മറഞ്ഞ് നിന്ന ശ്രീരാമന് പട്ടര് ജയരാമന്റെ അതേ ഛായ... ശരിയായിരിക്കും, ദേവന്മാരെല്ലാം പട്ടന്മാരുടെ ബന്ധുക്കളല്ലെ... സാമ്യമുണ്ടാവും. പക്ഷെ  ശ്രീരാമൻ ശരിക്കും ഒരു ഭീരുവായിത്തോന്നി.... മറഞ്ഞ് നിന്ന് കൊല്ലുക.. ഈശ്വരനായാൽ നേരെ നിന്ന് യുദ്ധം ചെയ്ത് കൊന്നാലെന്താ.. ഇതന്നെ ചതിയല്ലേ..?  കുഞ്ഞു മനസ്സിലെ സംശയം  സംശയമായിത്തന്നെ തീർന്നു.
      ആളെ മനസ്സിലാവാതെ,, നിരന്തരം ഇടിയേറ്റ് സുഗ്രീവൻ പിന്തിരിഞ്ഞോടി... ഒടുവിൽ നെഞ്ഞിലതാ ഒരു മാല....... നമ്മളെ പെരുമാളിൽ നിന്നകറ്റിയ അതേ പൂണൂലായിത്തോന്നി.... ലക്ഷ്യം തെറ്റാതെ ശ്രീരാമൻ അമ്പെയ്തു...... നെഞ്ഞിൽ തറച്ച അസത്രവുമായ് പിടഞ്ഞ്    പിടഞ്ഞ് ബാലി വീണു....
        നല്ലോണം യുദ്ധം ചെയ്തത് ബാലിയല്ലേ... പിന്നെന്തിന് വെറുതെ... കൊന്നു... സങ്കടം കൊണ്ട് ഗീത പറഞ്ഞു..
       ചിലപ്പോ  പൂണൂല് സുഗീവനല്ലേ ഉള്ളത്.  അതോണ്ടായിരിക്കും.... അവരെ കൊല്ലുല... നമ്മളപ്പോലുള്ളവരല്ലേ  ചാവേണ്ടത്.      ചത്താലെന്താ.... കൊന്നാലെന്താ........ ഒന്നും മനസ്സിലായില്ലെങ്കിലും ഒന്ന് മനസ്സിലായി...... പൂണൂല്  ഒരു ബലം തന്നെ...........

(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പിക മെങ്കിലും, സ്വാഭാവികമായ് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികവുമാണ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക