Image

വാതിൽക്കൽ ; വീണ്ടും (കഥ: പുഷ്പമ്മ ചാണ്ടി )

Published on 14 December, 2020
വാതിൽക്കൽ ; വീണ്ടും (കഥ: പുഷ്പമ്മ ചാണ്ടി )
മേശപ്പുറത്ത് ഉച്ചയൂണിനുള്ളതെല്ലാം എടുത്തുവെച്ചിട്ടു മീന പോയി. 
" അമ്മേ ഞാൻ നാല് മണിക്ക് വരും.. പാത്രമൊന്നും കഴുകേണ്ട. ആ സിങ്കിൽ ഇട്ടു കുറച്ചു വെള്ളം ഒഴിച്ചിട്ടാൽ മതി കേട്ടോ "
അമ്മച്ചിയുടെ   സഹായി ആണ് മീന, അമ്മച്ചിക്കുള്ളതെല്ലാം ഉണ്ടാക്കി മേശപ്പുറത്ത് വെച്ചിട്ടു അവൾ വീട്ടിൽ പോകും.. വൈകുന്നേരം വീണ്ടും വരും. വൈകിട്ട് കൂട്ടുകിടക്കാൻ അവളുടെ ഇരട്ടപെൺകുട്ടികളേയും അയക്കും..
പുറത്തേക്കുള്ള വാതിൽ അടച്ചിട്ടു മീന പിന്നെയും ഓർമ്മിപ്പിച്ചു 
" ദേ , ഞാൻ ഇന്ന് കുറച്ചു വേഗം വരാം.. പിള്ളേരൊക്കെ വരുന്നതല്ലേ, കാപ്പി ഞാൻ വന്നിട്ട് ഇടാം കേട്ടോ "

ചിരിച്ചുകൊണ്ട്  അവളെ യാത്രയാക്കി ഒന്നുകൂടി മേശമേൽ നോക്കി. 
എല്ലാവർക്കും പ്രിയപ്പെട്ടതൊക്കെ ഉണ്ടാക്കിയിട്ടുണ്ട്.
മോന്, ഇഷ്ടപെട്ട മോര് കാച്ചിയതും,  കടുമാങ്ങയും, മരുമകൾക്ക് കൂർക്ക മെഴുക്കുവരട്ടി,  മൂത്ത ചെറുമകന്,  കോഴി വറുത്തത്,   പിന്നെ കൊച്ചവൾക്കു അമ്മച്ചിയുടെ സ്പെഷ്യൽ മീൻകറിയും..

നമ്മൾ ആർക്കെങ്കിലും വേണ്ടിയൊക്കെ കാത്തിരുന്നാൽ സമയം തീരെ പോകില്ല.. ഇന്നവർ വരുമെന്ന് പറഞ്ഞതു മുതൽ ഊണിലും  ഉറക്കത്തിലും അത് മാത്രം ആയിരുന്നു വിചാരം രാവിലെ വേഗം എഴുന്നേറ്റു.. കൂർക്ക ഒരുക്കാനും  അരിയാനും മറ്റും മീന വേണ്ട എന്ന് പറഞ്ഞിട്ടും കൂടെ കൂടി.. 
എന്തൊക്കെയാണ് ഉണ്ടാക്കേണ്ടതെന്ന് അവളെ കുറെ പ്രാവശ്യം ഓർമ്മിപ്പിച്ചു .

" മക്കൾ വരുമെന്ന് പറഞ്ഞതിൽ പിന്നെ അമ്മച്ചി നിലത്തെങ്ങും അല്ല "
" അത് പിന്നെ, എത്ര നാളായി അവരെ കണ്ടിട്ട്, അതിലും സന്തോഷം എന്താണെന്നറിയുമോ അറിയുമോ "
അവൾ ആകാംക്ഷയോടെ അമ്മച്ചിയെ നോക്കി.
" ഈ ഞായറാഴ്ച ഞങ്ങളുടെ അൻപതാം വിവാഹവാർഷികമാണ് , ഈ തിരക്കിലും അവൻ അത് ഓർത്തല്ലോ, "
അമ്മച്ചിയുടെ ഭർത്താവ് മരിച്ചിട്ടു, പത്തുവർഷമായി.. മകൻ ഇടക്ക് വരും.. താമസിക്കില്ല  , രാവിലെ വന്നിട്ട് വൈകുന്നേരം പോകും , മകൾ അങ്ങു ഡൽഹിയിൽ.. ഭർത്താവുമായി പിരിഞ്ഞതിൽ പിന്നെ അവർ അങ്ങനെ വരാറില്ല.. ചിലപ്പോഴെല്ലാം മകളോട് അമ്മച്ചി പറയും 
" നിന്നെ കണ്ടിട്ട് എത്ര നാളായി, ഒന്ന് വന്നിട്ട്, ഒരാഴ്ച നിന്നിട്ടു പോകാൻ വയ്യേ ?"

മീന വാതിൽ അടച്ചിട്ടു പോയെങ്കിലും,  അമ്മച്ചി അത് തുറന്നുവെച്ചു,  തനിയെ ഈ അടച്ചിട്ട വലിയവീട്ടിൽ ശ്വാസം മുട്ടുന്നത് പോലെയാണ് .
ഈ ഏകാന്തത..., ആദ്യം ഒരു നിസ്സംഗത, അത് പിന്നെ വിഷാദമായി മാറും.. ചിലപ്പോഴൊക്കെ അറിയാതെ കണ്ണുകൾ. നിറഞ്ഞു തൂവും,...   റിട്ടയർമെന്റ് ഹോമിൽ പോകുന്ന കാര്യം പലപ്പോഴായി സൂചിപ്പിച്ചെങ്കിലും , ആരും അനുവദിച്ചില്ല.. വൃദ്ധസദനത്തിന്റെ പരിഷ്കരിച്ച പേരല്ലേ റിട്ടയർമെന്റ്ഹോം എന്നത്...
ഇനി എത്രനാൾ ഈ ഏകാന്തവാസം ? 
എത്ര കുറുക്കിയിട്ടും കണ്ണുനീരിന്റെ,  സങ്കടങ്ങളുടെ കടലിന്റെ ഉപ്പ്.. തീരുന്നില്ല..
പെട്ടെന്നാണ് ഫോൺ മണിയടിച്ചത്... മോനാണ്
." അമ്മേ, ഇന്നിനി വരാൻ പറ്റുമെന്ന് തോന്നുന്നില്ല, ഹോസ്പിറ്റലിൽ ഒരു എമർജൻസി ,
 'അമ്മ ഞങ്ങൾക്കായിട്ടു വെയിറ്റ് ചെയ്യണ്ട, സമയത്തിന് ഊണ് കഴിച്ചോ "
" കാപ്പിക്ക് വരുമോ, ഞാൻ നിനക്കിഷ്ടമുള്ള, സുഖിയനും, പഴംപൊരിയും ഉണ്ടാക്കാൻ എല്ലാം റെഡി ആക്കി "
" സംശയം ആണ്.. അടുത്ത ആഴ്ച്ച ഉറപ്പായിട്ടും വരാൻ നോക്കാം. "
അവൻ ഫോൺ വെച്ചപ്പോൾ, വല്ലാത്ത നെഞ്ചു വേദന തോന്നി, ഹൃദയം നുറുങ്ങിയപോലെ.
മകൻ ഡോക്ടറായപ്പോൾ എത്ര സന്തോഷമായിരിന്നു, പക്ഷെ ഇപ്പോൾ അതാണ് ഏറ്റവും വലിയ തടസ്സവും, ഇങ്ങനെ ഒക്കെ ചിന്തിക്കുന്നതു ശരിയല്ല എന്നറിയാം, എന്നാലും ....
ഒറ്റപ്പെടലിന്റെ മരുഭൂമിയിലേക്ക് വല്ലപ്പോഴും വരുന്ന ചെറുമഴയാണ് കുട്ടികൾ. സമയം ഒന്നര ആയിട്ടും ഒട്ടും വിശപ്പ് തോന്നിയില്ല, 
എന്തോ കഴിച്ചെന്നു വരുത്തി, ബാക്കിയെല്ലാം തുറന്നു വെച്ച്, ഫാൻ ഇട്ടു , മീന വരുമ്പോൾ എല്ലാം തണുക്കും, അവളതു, ഫ്രിഡ്ജിൽ എടുത്തു വെച്ചോളും, ഇനി വരും ദിവസങ്ങളിലേക്കും ഇതൊക്കെ തന്നെ മതിയല്ലോ.. .
ഇനി വാതിൽ തുറന്നു വെയ്ക്കുന്നത് ആർക്കു വേണ്ടിയാണ് ? 
അടച്ചേക്കാം, അപ്പോഴാണ്.. പൂക്കാതിരുന്ന ആ റോസാച്ചെടി കണ്ണിൽ പെട്ടത്, അതിൽ ഒരു വലിയ പൂവ്.. .
മുറ്റത്തേക്ക് ഇറങ്ങി, അതിനെ ഒന്ന് തൊട്ടു തലോടി, പറിക്കാൻ തോന്നിയില്ല, പൂവ് ചെടിയിൽ നിൽക്കുമ്പോഴാണ് അതിനു ഭംഗി ....
പെട്ടെന്നാണ് ഒരു ബോള് മുറ്റത്തേക്ക് വന്നു വീണത് . കുനിഞ്ഞ് അത് എടുത്തപ്പോൾ അടുത്ത വീട്ടിലെ കുട്ടി ഗേറ്റ് തുറന്ന കത്തേക്ക് വന്നു 
" മോന്റെയാണോ പന്ത് ?  ഇന്നാ ...." 
അത് വെച്ചുനീട്ടിയപ്പോൾ
അവൻ്റെ അമ്മയും പിറകെ കയറി  വന്നു .
" ഇവൻ ആന്റിയുടെ ചെടിച്ചട്ടിയൊന്നും പൊട്ടിച്ചില്ലല്ലോ ?"
" ഇല്ല 
നിങ്ങൾ പുതിയതായി ഇവിടെ  താമസിക്കാൻ വന്നതാണോ "
" ഒരാഴ്ച ആയി "
"വണ്ടിയിൽ സാധനങ്ങൾ വരുന്നതു ഞാൻ കണ്ടിരുന്നു ?"
" അകത്തു വരൂ ..."
" പേരെന്താ ...?
എൻ്റെ പേര് ആകാശ്, അമ്മയുടെ പേര് നിർമ്മല..
മകനാണ് ഉത്തരം പറഞ്ഞത് . 

അമ്മച്ചി  അവരെ  അകത്തേക്ക് വിളിച്ചു...
ആ അമ്മയും മകനും അകത്തേക്ക് വന്നു, അവർ വന്നു കയറിയതിനൊപ്പം മീനയും വന്നു...
അമ്മച്ചി മീനയ്ക്ക് അവരെ പരിചയപെടുത്തി ..
" നമ്മുടെ അടുത്ത വീട്ടിൽ വന്ന പുതിയ താമസക്കാരാണ്, നീയൊന്ന് വേഗം കാപ്പിയിടൂ, സുഖിയനും, പഴംപൊരിയും ഉണ്ടാക്കിക്കോ.. "
" സുഖിയനും , പഴംപൊരിയുമോ ? 
എനിക്ക് ഏറ്റവും ഇഷ്ടപ്പട്ട രണ്ടു പലഹാരം ആണ്, 'അമ്മ പോയതിൽ പിന്നെ ഞാൻ ഇതൊന്നും ഉണ്ടാക്കാറില്ല, ഇവൻ കൊതി പറയുമ്പോൾ വാങ്ങി കൊടുക്കും "
" എൻ്റെ മകനും ഇത് രണ്ടും വലിയ ഇഷ്ടമാണ് "
" അവരില്ലേ ഇവിടെ "
" അവരൊക്കെ ജോലി സ്ഥലത്താണ്, ഞാൻ തനിയെ ആണിവിടെ "
" അപ്പോൾ ഞാനോ ? അടുക്കളയിൽ നിന്നും വന്ന മീന ചോദിച്ചു.
അമ്മച്ചി അവളെ നോക്കി വിഷാദം കലർന്ന ഒരു ചിരി സമ്മാനിച്ചു.
അടുക്കളയിൽ പാത്രങ്ങൾ  കണ്ടപ്പോൾ മീനയ്ക്ക് മനസ്സിലായി, പതിവുപോലെ അമ്മച്ചിയുടെ മകനും കുടുംബവും വരാമെന്നു പറഞ്ഞിട്ട് വന്നില്ലാ എന്ന്..
അവൾ പെട്ടെന്ന് കാപ്പിയും, പലഹാരവും തയ്യാറാക്കി.. .
അമ്മച്ചി സന്തോഷത്തോടെ, അവരുടെ കൂടെ കാപ്പി കുടിച്ചു. ആകാശ് എല്ലാം ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി , ഒരു കാപ്പി ആണെങ്കിൽ കൂടി അത് ഇഷ്ടം തോന്നുന്നവരുടെ കൂടെയിരുന്നു കുടിക്കുന്നതിന്റെ  ആനന്ദം    ഹൃദ്യമായ ഒരു അനുഭൂതിയാണ് .
നിർമ്മലയും മോനും ഇറങ്ങിയപ്പോൾ അമ്മച്ചി ചോദിച്ചു 
" ആകാശിന്റെ പപ്പ ?"
" ഞാനും അമ്മച്ചിയേപ്പോലെ തന്നെയാണ് "
പെട്ടെന്നാണ് അമ്മച്ചി രണ്ടുകൈയും നീട്ടി ആ അമ്മയെയും മകനെയും ആശ്ലേഷിച്ചത് ....
അവിടെ ഒരു പുതിയ സ്നേഹബന്ധം ഉടലെടുക്കുകകയായിരുന്നു..
ജീവിതം ചിലപ്പോൾ  അങ്ങനെയാണ് നമ്മൾ  ഉണങ്ങിയെന്നു കരുതുമ്പോൾ ചില ചെടികൾ പെട്ടെന്ന് പൂക്കും, നിറയെ പൂക്കൾ തരും.. കൂടെ പരിചയമില്ലാത്ത സുഗന്ധങ്ങളും,..
 നമ്മുടെയൊക്കെ ജീവിതവും ചിലപ്പോൾ അങ്ങനെയാണ്..  .ഇനി 
എങ്ങോട്ടെന്നില്ലാതെ നിൽക്കുമ്പോൾ കൈ പിടിച്ചു കൊണ്ടുപോകുന്ന ചിലരുണ്ട്.. .ആരും ഇല്ലാത്തവർക്ക്, ദൈവം ഈ ലോകത്തേക്ക് മാലാഖമാരെ അയക്കും  .....ചിറകില്ലാത്ത മാലാഖമാർ .....നമ്മൾ അവരുടെ കൈയും പിടിച്ചങ്ങ് നടന്നു നീങ്ങാൻ തയ്യാറായാൽ മാത്രം മതി.. സ്വന്തം ചിരിയെ സ്നേഹിക്കുക.. അതെപ്പോഴും കൂടെയുണ്ടാകും, 
കൂട്ടിനാളേയും തരും .... അമ്മച്ചി മനസ്സിൽ ഓർത്തു .

ആ അമ്മയും , മോനും ഗേറ്റ് കടന്നു പോയപ്പോൾ , അമ്മച്ചിയുടെ മുഖത്തെ ചിരി മീന ശ്രദ്ധിക്കുകയായിരുന്നു , അത്രമേൽ തെളിഞ്ഞ ഒരു പുഞ്ചിരിയായിരുന്നു അത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക