Image

മിസലേനി (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 15 December, 2020
 മിസലേനി  (കവിത: വേണുനമ്പ്യാര്‍)

കൊറോണ


വഴിയോരത്തെ തൊട്ടാവാടി പുഷ്പിച്ചിരിക്കുന്നു
ഋതുമതീ,   നിന്നെ ഞാന്‍ തൊടാന്‍ വരില്ല
നിന്റെ പൂക്കളില്‍ ഞാന്‍ കൊറോണയുടെ വിത്തുകള്‍ കാണുന്നു.


വാഷ് ബേസിന്‍


ഈ ലോകമൊരു   ബേസിന്‍;  
അസ്ഥികളും  തലയോട്ടികളും നിറഞ്ഞ
ഒരു  ഭീമന്‍ സ്റ്റീല്‍ വാഷ് ബേസിന്‍ !
അതില്‍ അബദ്ധത്തില്‍ വീണു പോയ ഒരു പല്ലിക്കുട്ടി   ഞാന്‍!
ചിലപ്പോള്‍    ഒരു  കൊടില്‍   എന്റെ നേര്‍ക്ക് നീളും
കൊടിലില്‍ കുടുങ്ങാതെ ഞാന്‍ ബേസിനില്‍ പരക്കം പായും
മിനുസത്തിന്റെ വഴുക്കില്‍ ഉരുണ്ടു പിരണ്ട് വീഴും  
ചിലപ്പോള്‍   ഒരു തലയോട്ടിയിലെ കണ്ണുണ്ടായിരുന്ന
ഗുഹയിലെ ഇരുട്ടില്‍ ഞാന്‍     ഒളിസങ്കേതം കണ്ടെത്തും
രക്ഷകന്റെ  പഴുപ്പിച്ച  കൊടിലിനു ജീവിതം  വിട്ടു കൊടുക്കാന്‍
എനിക്കെന്തോ ഒരു മനഃപ്രയാസം
ഒരു വേള     ബേസിനിലെ   ഊട്ടിന്  ക്ഷണിക്കയാകാം    
ഞാന്‍    എന്റെ ചാര്‍ച്ചക്കാരനല്ലാത്ത    മരണത്തെ!    


ചുറ്റമ്പലം    
 

ഒരിക്കല്‍  ഒരു വാകമരക്കവരത്തില്‍
രണ്ട്  ഏകാന്തതകള്‍    കൂടു കെട്ടി    
കൂട്ടിലെ   മുട്ടകള്‍ വിരിഞ്ഞപ്പോള്‍  
വേറെ മൂന്ന് എകാന്തതകള്‍   കൊക്ക് പിളര്‍ത്തി  
അങ്ങനെ  കൂട്ടില്‍ എകാന്തതകളുടെ മേളപ്പെരുക്കമായി
ഏകാന്തതയെ പ്രണയിക്കുന്നവര്‍ക്ക്
ആ വാകമരം ഒരു ചുറ്റമ്പലമായി.    


സൂകരപ്രസവം
 

പെണ്ണ് മാത്രമല്ല ആണും മുട്ടയിടും
ഇവിടെ  മുട്ട  അണ്ഡമല്ല, ബീജം
സിസേറിയന്‍  ആവശ്യമില്ല
സുഖകരമായ സൂകരപ്രസവം  
രതിമൂര്‍ച്ഛയുടെ ഉച്ചിയില്‍ അവന്‍  പേറ്റുനോവ്   അറിയുന്നു
അവന്റെ വയര്‍ വീര്‍ത്തു  ഉന്തിനില്‍ക്കില്ല
അവന് വിളര്‍പ്പും  ക്ഷീണവുമില്ല      
രാവിലെ ചന്ദ്രനോടൊപ്പം അവന്‍  ഈറ്റില്ലം വിടുന്നത്
വൈകീട്ട് രജസ്വലനായ് മടങ്ങാന്‍  വേണ്ടി മാത്രം!


തിരിച്ചറിയാന്‍


ക്യൂബിസ്റ്റല്ല
ഫ്യൂച്ചറിസ്റ്റല്ല  
ഇമേജിസ്റ്റല്ല
മുനിസിപ്പാലിറ്റിയില്‍ പുതുതായി തുടങ്ങിയ ക്രിമറ്റോറിയത്തിലെ റിസെപ്ഷനിസ്റ്റ്  ആണ് ഞാന്‍!  
അതിഥിപ്രേതങ്ങള്‍    ഇല്ലാത്ത  നേരത്തെ മടുപ്പൊഴിവാക്കാന്‍   എന്തൊക്കെയോ  അസംബന്ധങ്ങള്‍  കുത്തിക്കുറിക്കുന്നു :
ഒരു പക്ഷെ അന്ത്യയാത്രയ്ക്കിടെ  പെരുവഴിയില്‍  തള്ളപ്പെടുന്ന  
അനാഥപ്രേതമാകാം  എന്റെ  കവിത!

 മിസലേനി  (കവിത: വേണുനമ്പ്യാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക