Image

ജയിലില്‍ ഇരുന്ന് കരഞ്ഞു; 'മയക്കുമരുന്ന് കേസില്‍' ചതിക്കപ്പെട്ട കഥ പറഞ്ഞ് അശോകന്‍

Published on 17 December, 2020
ജയിലില്‍ ഇരുന്ന് കരഞ്ഞു; 'മയക്കുമരുന്ന് കേസില്‍' ചതിക്കപ്പെട്ട കഥ പറഞ്ഞ് അശോകന്‍

ഖത്തര്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് മലയാളത്തിലെ പ്രിയപ്പെട്ട നടന്‍ അശോകന്‍. മയക്കു മരുന്ന് കേസില്‍ ബന്ധമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടാണ് തന്നെ ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് അശോകന്‍ പറയുന്നത്. 1988ലാണ് സംഭവം നടന്നതെന്ന് തന്റെ യൂട്യൂബ് ചാനലായ ആക്ടര്‍ അശോകന്‍ എന്ന ചാനലിലെ വിഡിയോയിലൂടെയായിരുന്നു ആശോകന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
'' ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് ഞാന്‍ അന്ന് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല. അപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു. ഞങ്ങള്‍ വല്ലാതെ ഭയന്നു പോയി. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. പിന്നീടാണ് മനസ്സിലായത് അവര്‍ ഡിറ്റക്ടീവുകളായിരുന്നു.
പിന്നീട് അവര്‍ എന്നെ നേരേ കൂട്ടിക്കൊണ്ടു പോയത് ഖത്തറിലെ പോലീസ് സ്റ്റേഷനിലേക്കാണ്. അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ എന്നെ ഹാജരാക്കി. അവര്‍ പരസ്പരം എന്തൊക്കെയോ അറബിയില്‍ പറയുന്നത് കേട്ടു. എന്റെ സുഹൃത്തിനെ അതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടു പോയി. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖമെല്ലാം വല്ലാതെ ചുവന്നിരിക്കുന്നു. അയാളെ അവര്‍ അടിച്ചുവെന്നാണ് പറഞ്ഞത്. അതിന് ശേഷം ഞങ്ങളെ ഒരു ജയിലില്‍ കൊണ്ടു പോയി ഞങ്ങളെ വെവ്വേറെ സെല്ലില്‍ പൂട്ടി. എനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത്. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ കരഞ്ഞു. എന്നാല്‍ എനിക്കൊപ്പം ഉണ്ടായിരുന്ന തടവുകാര്‍ എന്നെ ആശ്വസിപ്പിച്ചു.'' അശോകന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക