Image

സൗഹൃദം ( കവിത: അഞ്ജലി വയലറ്റ്)

Published on 19 December, 2020
സൗഹൃദം ( കവിത: അഞ്ജലി വയലറ്റ്)
നമുക്കിടയിൽ
സൗഹൃദം മാത്രമാണോ
ഉണ്ടായിരുന്നത് !
എത്ര ജന്മങ്ങളായി നമ്മൾ
ഇങ്ങനെ പ്രണയിച്ചു
കൊണ്ടേയിരിക്കുന്നു...
എത്ര പാതിരാക്കാറ്റുകൾ
നമ്മെ തഴുകി
കടന്നു പോയി..
നീയും ഞാനും
ഓരോ ജന്മങ്ങളിലും,  
ഒരു കൈ അകലത്തിൽ
നീക്കി നിർത്തപ്പെടുന്നു.. !
അരികിൽ നിൽക്കുമ്പോഴും
നീ എനിക്ക് അന്യനാകുന്നു!
നീ എത്ര അകന്നാലും
എന്റെയുള്ളിൽ നീ
നിറഞ്ഞു കവിയുന്നു...
ഓരോ മഴക്കാലവും
നമ്മളെ ഒന്നിപ്പിക്കാൻ
ആവേശം കാണിക്കുന്നു..
പക്ഷെ, നമ്മളോ..?
മൗനം വാരിപ്പുതച്ചു
ഉമ്മറത്തിണ്ണയിൽ
കാൽനീട്ടിയിരുന്ന്
ഇഴപിരിഞ്ഞ കിനാക്കളുടെ
കെട്ടുകൾ അഴിക്കുന്നു!!
അകലുന്തോറും അടുക്കുകയും,
അടുക്കുന്തോറും അകലുകയും
ചെയ്യുന്ന വല്ലാത്തൊരു
പ്രതിഭാസം ഇത് !!!
എന്നിട്ടും നമ്മൾ
ഇപ്പോഴും, ഇത് സൗഹൃദം
എന്ന് മുദ്ര കുത്തുന്നു..
പരസ്പരം കണ്ണുകെട്ടികളിക്കുന്നു!

ചിത്രം കടപ്പാട് :വൈശാഖ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക