Image

ആനക്കാര്യത്തിനിടയിലും... (കഥ: രമണി അമ്മാൾ)

Published on 21 December, 2020
 ആനക്കാര്യത്തിനിടയിലും... (കഥ: രമണി അമ്മാൾ)
അതൊരു ദേവീക്ഷേത്രമായിരുന്നു.
അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് കറുത്ത പ്രതലത്തിൽ വെളുത്തയക്ഷരങ്ങൾ
മിന്നുന്ന ചെറിയ ബോർഡുമുണ്ട്..

ആനക്കൊട്ടകയുണ്ട്..
അമ്പലത്തിന് ഒരു പിടിയാന 
സ്വന്തമായുമുണ്ട്...
തീരെ കുഞ്ഞിലേ ആരോ നടയ്ക്കുവച്ചതാണതിനെ.
അച്ഛൻകോവിലാറ്റിലെ കോയിക്കൽ കടവിൽ
എല്ലാ ദിവസവും അവൾക്ക് നീരാട്ടുണ്ട്.. 
പാപ്പാനും പിന്നെ, 
സ്കൂളില്ലാത്ത ദിവസങ്ങളിൽ കുറച്ചു പിള്ളേരു സെറ്റും.. 
ഞങ്ങളുടെ വീടിന്റെ മുന്നിലൂടെയാണ് ആറ്റിലേക്കുളള യാത്ര..
കുണുങ്ങിക്കുണുങ്ങിയങ്ങനെഅവൾ നടന്നു നീങ്ങും..ഭയങ്കര കുസൃതിയാണവൾ അടുത്തൂടെ പോകുന്നവരെയൊക്കെ തുമ്പിക്കൈകൊണ്ട് ഒന്നു ഞോണ്ടാതെ വിടില്ല..

അവളടെ വളർച്ച ഞങ്ങളുടെ കൺമുന്നിലൂടെയായിരുന്നു. 
മോഴയാനയുടെ കുഞ്ഞു കൊമ്പുകൾ മാത്രം നീണ്ടില്ല.
അമ്പലപ്പറമ്പിൽ ഞങ്ങളുടെ കൂടെ പന്തുകളിക്കാൻ അവളും കൂടാറുണ്ട്.. മീനാക്ഷിയുടെ ഓമനപ്പേരു. മീനൂച്ചി.....
പിന്നെയും ചുരക്കിയതു മീഞ്ചീ...യെന്നായി...

പോളിയോവന്ന് ഒരുകാലിന്
ഏറ്റക്കുറവും വണ്ണക്കുറവുമുളള വിത്സൻ 
പാതി ഹിന്ദുവും പാതി കൃസ്ത്യാനിയുമാണ്...
പക്ഷേ, അവൻ മാമോദീസ മുങ്ങിയതാ..  അമ്പലക്കുളത്തിലെ 
നീന്തൽക്കുളത്തിൽ 
അവനായിരുന്നു താരം..
മൂന്നു മുഖങ്ങളും, മൂന്നു കടവുകളുമുളള വലിയ
അമ്പലക്കുളം..
ആ കുളത്തിന്റെ നടുവിൽ ഒരുപാട് ആഴമുളള മറ്റൊരു   കുളമുണ്ടെന്നും, അല്ല, എവിടേക്കോ തുറന്നുവിട്ട, എവിടെയോ എത്തിപ്പെടാനുളള രഹസ്യമാർഗ്ഗമുണ്ടെന്നും ഞങ്ങൾ  കേട്ടിട്ടുണ്ട്.. 
കുളത്തിലെ വെളളത്തിന് എപ്പോഴും ഇരുണ്ട  പച്ചനിറമായിരിക്കും. 
.നട്ടുച്ചനേരത്തൊന്നും ആരും തനിച്ചു 
കുളിക്കാനൊന്നു വരാറില്ല..

ഞങ്ങൾ കുട്ടികളെല്ലാം നീന്തിപ്പഠിച്ചത് ആ കുളത്തിലാണ്
പടിക്കെട്ടുകൾ ഓരോന്നോരോന്നായിട്ട് ഇറങ്ങിച്ചെന്ന് അങ്ങോട്ടുമിങ്ങോട്ടും നീന്തും..
പിന്നെ പെട്ടെന്നൊരു എടുത്തു ചാട്ടമാണ്. വെളളത്തിലേക്ക്...
എന്തൊക്കെ അഭ്യാസങ്ങൾ..
കാഴ്ചക്കാരെങ്ങാനുമുണ്ടെങ്കിൽ പറയുകയും വേണ്ട..
വിത്സൻ അമ്പലക്കുളം അശുദ്ധമാക്കുന്നുവെന്ന പരാതിയുണ്ട്, 
ചിലഭക്തശിരോമണികൾക്ക്..
അവൻ പാതി ഹിന്ദുവല്ലേ..
ചിലരങ്ങു കണ്ണടയ്ക്കും..
ഇതൊന്നും വിത്സനെ ബാധിക്കില്ല...
പഠിത്തമില്ലായെങ്കിൽ അവൻ ഏതു നേരവും അമ്പലക്കുളത്തിൽ തന്നെ..
വിത്സൻ ആളൊരു വഴക്കാളിയാണ്.. സ്കൂളിൽ  തല്ലുണ്ടാക്കാനേ നേരമുളളു... അടുത്തിരിക്കുന്നവരെയൊക്ക ഉപദ്രവിക്കും, 
പക്ഷേ പെൺകുട്ടികളോട് അവനിഷ്ടമാണ്..
നല്ല യമണ്ഡൻ തെറികളൊക്കെ അർത്ഥമറിയാതെ ഉച്ചത്തിൽ കൂട്ടൂകാരെ വിളിക്കും..
നിഘണ്ടുവിലില്ലാത്ത ഈ ഭാഷ അവനെവിടുന്നു കേട്ടു പഠിക്കുന്നുവോ...
അവനിളയതായി മൂന്നോ നാലോ വയസ്സുളള ഒരു പെൺകുട്ടിയേയുളളു...
അമ്മയാണെങ്കിൽ വളരെക്കുറച്ചു മാത്രമേ സംസാരിക്കൂ...
അച്ഛൻ വൈകിയെത്തി നേരത്തെയുണർന്നെണീറ്റുജോലിക്കു പോകുന്നയാളും..
.
അവനാണെന്നെ കല്യാണം കഴിക്കാൻ പോകുന്നതെന്ന് വളരെക്കാര്യമായിട്ടു, തീരുമാനിച്ചുറപ്പിച്ചപോലെ പറയുമായിരുന്നു..
"ചട്ടുകാലുംകൊണ്ടിങ്ങോട്ടു വാ കല്യാണം കഴിക്കാൻ.."
അവന്റെ ഭാവം പെട്ടെന്നു മാറും....പിന്നെ ആരോടെന്നില്ലാത്ത കലിയാണ്....കല്ലു വലിച്ചെറിയാൻനോക്കും പക്ഷേ എറിയില്ല...
ഇന്റർവെൽ സമയത്ത് മിന്നായംപോലെ എന്നെക്കാണാൻ ഓടി വരും..കയ്യിൽ എന്തെങ്കിലുമുണ്ടാകും.. ഒരു മിഠായിക്കഷണം..
നെല്ലിക്കയുടെ പാതി..
അവന് ആരെങ്കിലും കൊടുക്കുന്നതിന്റെ ഒരു വീതം ...
സ്കൂൾ കാലഘട്ടം കഴിഞ്ഞു..
അമ്പലക്കുളത്തിലെ
കുളിയും തേവാരവും  നിലച്ചു..."
വല്യ പെൺകുട്യോള് 
നാലാളു കാണെ കുളിയൊന്നും വേണ്ട..
കിണറ്റിൽ നിന്നു വെളളംകോരി മറപ്പുരയ്ക്കുളളിൽ കുളിച്ചാൽ മതി.." അമ്മയുടെ.ഉത്തരവിറങ്ങി...

വിത്സന്റെ അച്ഛന് അങ്ങു വടക്കുളള ഒരു സ്ഥലത്താണ് ഇനിയും ജോലി.....അവരുടെ വീടു വാടകക്കാർക്കു കൊടുത്തിട്ടു കുടുംബത്തോടെ അങ്ങോട്ടു  പോകുന്നു..

സത്യമായിട്ടും..എന്നെ കല്യാണം കഴിക്കണമെന്ന അവന്റെ  പൂതി അടങ്ങീട്ടില്ലാരുന്നു....
"അടുത്ത വർഷം..അല്ലെങ്കിൽ അതിന്റെ അടുത്തവർഷം.. ഞാനിങ്ങു വരും.."
അവനെന്നോടു പറഞ്ഞിട്ടാ പോയത്....
പക്ഷേ,
പിന്നീടിന്നുവരെ അവനെ ഞാൻ കണ്ടിട്ടില്ല...
അവൻ നാട്ടിലേക്ക് വന്നിട്ടില്ല..
അച്ഛൻ മറ്റൊരു സ്ത്രീയേക്കൂടി വീട്ടിൽ കൊണ്ടുവന്നു പൊറുപ്പിക്കാൻ തുടങ്ങിയപ്പോൾ ..
വയനാട്ടിലെവിടെയോ താമസിക്കുന്ന അമ്മയുടെ സഹോദരൻ അവരെ  അങ്ങോട്ടേക്കു കൂട്ടിക്കൊണ്ടുപോയി....

മീനൂച്ചിയാന.....വളർന്നു വലുതായി..
ആനക്കൊട്ടിലിനുളളിൽ അവൾ നിറഞ്ഞു നില്ക്കുന്നതു ദൂരേന്നേ കാണാം.....
എന്നെയൊന്നടുത്തു  കാണുമ്പോൾ ഇന്നും
തുമ്പിക്കൈനീട്ടി തൊടാൻ നോക്കും.....

രമണി അമ്മാൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക