Image

വിരുന്നുകാർ (കവിത: ജിസപ്രമോദ്)

Published on 22 December, 2020
വിരുന്നുകാർ (കവിത: ജിസപ്രമോദ്)
ഘടികാര ശബ്‌ദമുണർത്തും മുമ്പേ
അന്നവളുണർന്നു
മുടിവാരികെട്ടി അടുക്കളയിലേക്കോടി
വിഭവസമൃദമായൊരു സദ്യയ്ക്ക് വട്ടം കൂട്ടി
വെട്ടം പരക്കും മുമ്പേ
ഒക്കെയും കാലമാക്കി
തൂത്തു തുടയ്ക്കാനിറങ്ങി
പൊടിപിടിച്ചു കിടന്ന ജാലകവിരികൾ മാറ്റി
മാറാല തൂത്ത്
പുതിയവ വിരിച്ചിട്ടു
വാരിവലിച്ചിട്ടിരുന്ന തുണികൾ
മടക്കിയടുക്കി അലമാരയിൽ വച്ചു
അടുക്കളയലമാരിയിൽ
അടുക്കി വച്ച സ്ഫടികപാത്രങ്ങളെടുത്ത്
കഴുകി തുടച്ചു വച്ചു
അടുക്കും ചിട്ടയോടും കിടക്കുന്ന വീട് നോക്കി
സ്വയം തൃപ്തിപ്പെട്ടു.
മക്കളെ വിളിച്ചുണർത്തി
ഒരു സ്റ്റഡി ക്ലാസ്സെടുത്തു
ഇന്ന് വിരുന്നുകാരുള്ളതാ
അടങ്ങിയൊതുങ്ങി നിന്നോണം
വാരിവലിച്ചു തിന്നേക്കരുത്
മക്കളത് കേട്ടു തലയാട്ടി
ഉറക്കമുണർന്നു വന്ന കെട്ട്യോനോട്
ഇന്നു ഞായറല്ലേ ഇച്ചിരി എറച്ചി കൂടി
വാങ്ങിച്ചോണ്ട് വായോ യെന്ന് ചട്ടം കെട്ടി
അച്ചായിക്ക് എറച്ചി വരട്ടീത്
ഒത്തിരിയിഷ്ടമാണെന്നൊരാത്മഗതോം
വിശേഷാവസരങ്ങളിൽ മാത്രം
പുറത്തെടുക്കുന്ന സ്ഫടികപാത്രങ്ങൾ
തൊട്ടു നോക്കി കുട്ടികൾ
അത്ഭുതം കൂറി
വിരുന്നുകാർ വരുമ്പോൾ മാത്രം കാണാറുള്ള അവളുടെയീ അത്യുത്സാഹം
കണ്ടൂറിചിരിച്ചുകൊണ്ടവളുടെ കേട്ട്യോൻ
എറച്ചി വാങ്ങാൻ വണ്ടിയുമെടുത്തിറങ്ങി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക